Uncategorized

A Morning Prayer in Malayalam

പ്രഭാത പ്രാർത്ഥന

“കര്‍ത്താവ് പുകഴ്ത്തപ്പെടുന്നു; അവിടുന്ന് ഉന്നതത്തില്‍ വസിക്കുന്നു; അവിടുന്ന് സീയോനെ നീതിയും ധര്‍മനിഷ്ഠയും കൊണ്ടു നിറയ്ക്കും. അവിടുന്നാണ് നിന്റെ ആയുസ്‌സിന്റെ ഉറപ്പ്. രക്ഷയുടെയും ജ്ഞാനത്തിന്റെയും അറിവിന്റെയും സമൃദ്ധി അവിടുന്ന് തന്നെ. അവിടുന്ന് നല്‍കുന്ന സമ്പത്ത് ദൈവഭക്തിയാണ്.(ഏശയ്യാ,33:5-6)”സ്നേഹ സ്വരൂപനായ കർത്താവേ, ഈ പ്രഭാതത്തിൽ അങ്ങയുടെ സന്നിധിയിൽ ആയിരിക്കുവാൻ വലിയ കൃപ നൽകിയതിനെ ഓർത്തു അവിടുത്തെ ഞങ്ങൾ സ്തുതിക്കുന്നു. നല്ല ദൈവമേ, ഇന്നലെ രാത്രിയിൽ അവിടുന്ന് ശാന്തമായ ഉറക്കം നൽകി. ഇന്നലെ ഞങ്ങൾക്ക് ഒപ്പം ഉറങ്ങിയവരിൽ പലരും ഇന്ന് ഉണർന്നില്ല എന്ന് അറിയുമ്പോൾ അവിടുന്ന് ഞങ്ങളുടെ മേൽ ചൊരിഞ്ഞ അഗാധമായ കരുണയെ ഓർത്തു അവിടുത്തേക്ക് നന്ദി അർപ്പിക്കുന്നു. ആയുസിന്റെ പുസ്തകത്തിൽ അവിടുന്ന് നീട്ടി തന്ന ഈ ഒരു ദിനത്തെ അവിടുത്തെ ഹിത പ്രകാരം ഉപയോഗപ്പെടുത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. മനുഷ്യ സഹജമായ പ്രലോഭനങ്ങളും, വേദനകളും ഞങ്ങളെ വേട്ടയാടുമ്പോൾ ഈശോയോട് കൂടുതൽ ചേർന്ന് നിൽക്കുവാൻ കൃപ നൽകണമേ. ഞങ്ങളുടെ ദേശത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വൈദികരെയും സന്യസ്തരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാ സന്യാസ സമൂഹങ്ങളെയും സമർപ്പിക്കുന്നു. നല്ല നാഥാ, ഓരോ സന്യാസ സഭയിലെയും സ്ഥാപക പിതാക്കന്മാർ കണ്ട സ്വപ്നങ്ങൾ നിറവേറ്റുവാൻ അതിലെ അംഗങ്ങൾക്ക് കഴിയട്ടെ. തിരുസഭയെ കല്ലെറിയുന്ന മക്കളെ ഓർത്തു പ്രാർത്ഥിക്കുന്നു. യഥാർത്ഥമായ തിരിച്ചറിവിൽ സഭയെ സ്നേഹിക്കുവാനും, സഭയോട് ഒപ്പം നിൽക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. കാരണങ്ങൾ ഇല്ലാതെ വിമർശിക്കപ്പെടുന്ന എല്ലാ അഭിഷ്ക്കതരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ചില വ്യക്തി വൈരാഗ്യങ്ങളുടെ പേരിൽ, ഇടവകകളിൽ ഗ്രൂപ്പ് ഉണ്ടാക്കുകയും, സ്ഥിരമായി കലഹിക്കുകയും ചെയ്യുന്ന മക്കളെ ഓർക്കുന്നു. കർത്താവെ അവരെ യഥാർത്ഥ ദൈവ അനുഭവത്തിലേക്ക് നയിക്കണമേ. സഭാ പിതാക്കന്മാരെയും, മാർപ്പാപ്പയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പരിശുദ്ധ ആത്മാവിന്റെ ശക്തമായ അഭിഷേകം അവരുടെ മേൽ ഉണ്ടായിരിക്കട്ടെ. വലിയ നന്മകളാൽ അവരുടെ വിശ്വാസ ജീവിതം സമൃദ്ധമായി തീരട്ടെ. നാഥാ ഇന്നേ ദിനത്തിലെ ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും അനുഗ്രഹിക്കണമേ. അവിടുത്തെ കൃപയാൽ സന്തോഷം നിറഞ്ഞ ഒരു ദിനം ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുവാൻ അനുഗ്രഹിക്കണമേ. ആമേൻ

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.