Uncategorized

അകവും കൂടി നോക്കണം

എനിക്കാ കുട്ടിയെ വിവാഹം കഴിക്കണ്ട അമ്മേ. എനിക്ക് ആദ്യം കണ്ട ശാലിനിയെ മതി? അടുക്കളയിൽ ദോശ ചുടുമ്പോൾ മനുമോൻ സ്വകാര്യം പോലെ അമ്മയോട് പറഞ്ഞു.

ചട്ണിക്ക് തേങ്ങാ ചിരകികൊണ്ടിരുന്ന അമ്മ ആകാംഷയോടെ ചോദിച്ചു?

അതെന്താടാ മോനെ, രണ്ടാമത് കണ്ട കുട്ടിക്ക് കുഴപ്പം? അവൾക്ക് നല്ല വിദ്യാഭ്യാസമുണ്ട്, മാസ്റ്റർ ഡിഗ്രിയും എം എഡും. അത് പോലെ നല്ല സാമ്പത്തികവും, അവളുടെ വീട്ടിലെ എല്ലാവരും തന്നെ വലിയ വിദ്യാഭ്യാസവുമുള്ളവർ. അത് മാത്രമോ ആദ്യം കണ്ട ശാലിനിയെക്കാൾ സൗന്ദര്യവും അവൾക്ക് തന്നെ. എല്ലാം കൊണ്ട് നമുക്ക് യോജിച്ചതാ മോനെ ആ ബന്ധം.

അമ്മ പറഞ്ഞതൊക്കെ ശരി തന്നെ. അവർ നല്ല വീട്ടുകാർ തന്നെ, ഞാൻ അംഗീകരിക്കുന്നു. എന്നിരുന്നാലും എനിക്ക് ആദ്യം കണ്ട കുട്ടിയെ മതി.

എന്ത് വട്ടാ മോനെ നീ പറയുന്നത്. ആദ്യം കണ്ട കുട്ടീടെ പഴയ ഓടിട്ട വീടല്ലേ, അവളുടെ അച്ഛന് കൃഷിയല്ലിയോ, ഇടത്തരം കുടുംബമാണ്. അത്രക്ക് സാമ്പത്തികവും ഇല്ല. അമ്മയാണെങ്കിൽ വയ്യാതെ കിടക്കുന്നു. അവൾക്ക് താഴെ ഒരു അനിയത്തിയുമുണ്ട്. അതൊരു ബാധ്യതയാകും, അത് മാത്രമല്ല ആ പെൺകുട്ടിക്ക് ഡിഗ്രി മാത്രമേ ഉള്ളു. എന്തിനാടാ നല്ലത് കിടക്കുമ്പോൾ നിനക്കത് തന്നെ വേണമെന്ന് വാശിപിടിക്കുന്നത്.

ഗവേഷണ വിദ്യാർത്ഥിയായ നിനക്ക് ഈ ബന്ധം ചേരില്ല മോനെ.

അമ്മേ ഇവിടെയാണ് അമ്മയെപോലുള്ളവരുടെ പാരമ്പര്യ കാഴ്ച്ചപ്പാടുകൾ മാറേണ്ടത്. അമ്മ നോക്കിയത് ബാഹ്യമായ കാര്യം മാത്രം. അമ്മ എന്ത് കൊണ്ട് മറ്റ് കാര്യങ്ങൾ ശ്രദ്ധിച്ചില്ല?

അമ്മേ രണ്ടാമത് കണ്ട കുട്ടി. എല്ലാം ഉണ്ട്. എന്നാൽ ഒരു പെൺകുട്ടിക്ക് ഉണ്ടാവേണ്ട ചില ഗുണങ്ങൾ ആ കുട്ടിക്ക് ഇല്ലമ്മേ.

അതെന്ത് ഗുണമാടാ നീ ചിക്കി ചിരകി ഇല്ലാന്ന് കണ്ടു പിടിച്ചത് ?

അമ്മ ഇത് കേൾക്ക്. പെണ്ണുകാണൽ ചടങ്ങിന് ശേഷം , ഞങ്ങൾ പരസ്പ്പരം സംസാരിച്ചപ്പോൾ, ഞാൻ ചിലത് ചോദിച്ചു, അവളും ചിലതിങ്ങോട്ട് പറഞ്ഞു.

ഒന്ന്, അവൾക്കൊരു കട്ടൻ ചായ സ്വയം ഉണ്ടാക്കിക്കുടിക്കാനറിയില്ലെന്നും, എല്ലാതും അവളുടെ അമ്മ മാത്രമാണ് ചെയ്യുന്നതെന്നും. അവൾക്ക് ഉന്നത വിദ്യാഭ്യാസം കിട്ടാൻ വേണ്ടി അടുക്കളയിൽ അമ്മ കയറ്റിയിട്ടില്ലെന്നും, അത് മാത്രമല്ല പാചകം അവൾക്കൊട്ടും ചെയ്യാനും പറ്റില്ലെന്നും,

കല്യാണം കഴിഞ്ഞാൽ വീട്ടിൽ വേലക്കാരിയെ വെക്കണമെന്നും, വീട്ടിൽ ആരെങ്കിലും വന്നാൽ അതിഥി സൽക്കാരം ചെയ്യാൻ പറ്റില്ലെന്നും, അതൊന്നും അറിയില്ലെന്നും തുടങ്ങിയ കാര്യങ്ങൾ വളരെ അഭിമാനത്തോടെയാണവൾ പറഞ്ഞത്.

പിന്നെ വീട്ടിൽ ബഹളം പാടില്ല , മുത്തശ്ശനും മുത്തശ്ശിയും ഉണ്ടാവാൻ പാടില്ല. അവരൊക്കെ ഉണ്ടെങ്കിൽ സമാധാനമുണ്ടാവില്ല എന്നൊക്കെ പിന്നീടുള്ള സംസാരത്തിൽ വളഞ്ഞ വഴിയിൽ അവൾ പറഞ്ഞപ്പോൾ ഞാൻ തീർച്ചപ്പെടുത്തി. ഇവൾ ശരിയാവില്ലെന്ന്. സ്നേഹം, ആഹാരം, പാചകം ഇതൊക്കെ കുടുംബ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത കാര്യമല്ലേ അമ്മേ?

അത് മാത്രമോ, അവളുടെ അമ്മയും പറഞ്ഞു, എന്റെ പൊന്നുമോളെ ഒരു പണിയും ചെയ്യിപ്പിക്കാതെയാ വളർത്തിയതെന്നും, പഠിപ്പിച്ചതെന്നും, അത് കൊണ്ട് അങ്ങനെ തന്നെ മോൻ അവളെ നോക്കണമെന്നും കൂടി പറഞ്ഞപ്പോൾ ആ സ്ത്രീയോടുള്ള ബഹുമാനവും പോയി. അമ്മയാണ് പോലും അമ്മ.

എന്റെ അമ്മ നോക്ക് ഈ വീട്ടിലെ സകല അടുക്കളപ്പണിയും ഞാൻ ചെയ്യും. അമ്മക്കതറിയാലോ. അത് കൊണ്ട് ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിനും അൽപ സ്വൽപ്പം പാചകം അറിഞ്ഞിരിക്കണമെന്നെനിക്ക് നിർബന്ധമുണ്ട്. അവളെ പാചകക്കാരിയാക്കി തളച്ചിടാനല്ല. ആ ഗുണം അവൾക്ക് വേണം.

ഒരു കുടുംബത്തിൽ ഒരുമിച്ച് താമസിക്കുമ്പോൾ കുറേ സർട്ടിഫിക്കറ്റും, കടിച്ചാൽ പൊട്ടാത്ത അക്ഷരങ്ങളും ചവച്ച് തിന്നാൽ വിദ്യാഭ്യാസം എന്ന ലേബൽ ആവില്ലമ്മേ.

കുടുംബത്തിൽ താമസിക്കുമ്പോൾ ഒരു ഒരു കുടുംബം നോക്കാനും അവനവന്റെ നില നിൽപ്പിനെങ്കിലും ഉതകുന്ന അടുക്കള പരിചയവും മറ്റു കുടുംബ ജോലികളും എല്ലാവരും അറിഞ്ഞിരിക്കണം.

അമ്മക്ക് അറിയാലോ ആണായ ഞാൻ പാത്രം കഴുകും , നിലം അടിച്ച് വാരും, തുടയ്ക്കും. അത്യാവശ്യം തുണിയലക്കും. മിക്ക പാചകവും ചെയ്യും.

എന്റെ അമ്മക്കാണതിന്റെ ക്രെഡിറ്റ്. എന്റെ അമ്മ എനിക്ക് വിദ്യാഭ്യാസം തരുന്നതിനോടൊപ്പം, ചെറുപ്പം മുതലേ എന്നെ കൊണ്ട് എനിക്ക് ചെയ്യാൻ പറ്റാവുന്ന ജോലികളും തന്നു. എന്നെ വിദ്യാഭ്യാസം കൊണ്ടും, കുടുംബ ജീവിതം കൊണ്ടും സ്വയം പര്യാപ്തനാക്കി.

വീടിന് പുറത്തെ കാര്യങ്ങൾക്ക് അപ്പച്ചനും എന്നെ സ്വന്തം കാലിൽ നില്ക്കാൻ പഠിപ്പിച്ചു.

എന്റെ ചേച്ചി ഡബ്ബിൾ മാസ്റ്റർ ബിരുദം എടുത്ത ആളല്ലേ . എന്റെ അമ്മ തന്നെയല്ലേ അവളെ പഠിപ്പിച്ചത്. അവളെ കെട്ടിച്ച് വിടുമ്പോൾ അവൾക്ക് അറിയാത്ത എന്തെങ്കിലും വീട്ടു പണി ഉണ്ടായിരുന്നോ? അവൾക്കും വിദ്യാഭ്യാസത്തോടപ്പം അമ്മ കുടുംബ വിദ്യാഭ്യാസവും കൊടുത്തു. വീട്ടിലെ എല്ലാ പണിയും എടുത്തിട്ടും അവളും ഞാനും ഉയർന്ന മാർക്കോടെ അല്ലെ അമ്മേ പാസ്സായത്. അപ്പോൾ അടുക്കള പണി അക്ഷര വിദ്യാഭ്യാസത്തെ ബാധിക്കില്ല എന്നുറപ്പല്ലേ?

എന്റെ അമ്മ എല്ലാവർക്കും ഒരു മാതൃകയാണ്. മക്കളെ അത്യാവശ്യം വീട്ടു ജോലികളും മറ്റും പഠിപ്പിക്കുന്ന അമ്മമാരോട് എനിക്ക് സ്നേഹവും ബഹുമാനവും ഉണ്ടമ്മേ.

സർട്ടിഫിക്കറ്റു കുറഞ്ഞാലും പണം കുറഞ്ഞാലും, സ്വഭാവത്തിലും ഗുണത്തിലും, അത് പോലെ വളർത്തിയ ഒരു പെൺകുട്ടിയെ ആണെനിക്കാവശ്യം അമ്മേ. ആ ഗുണങ്ങൾ നോക്കിയാൽ എന്ത് കൊണ്ടും ആദ്യം കണ്ട ഡിഗ്രിക്കാരി പെണ്ണ് യോഗ്യയാണ്.

അവളുടെ വീടും പരിസരവും എന്ത് വൃത്തിയാണ്. അവളെ പെണ്ണ് കാണാൻ പോയപ്പോൾ കുടിച്ച ചായ അവൾ സ്വയം ഉണ്ടാക്കിയതാണ് . ചായക്കൊപ്പം തന്ന അപ്പവും കടലക്കറിയും അവൾ സ്വയം ഉണ്ടാക്കിയതാണ്. എന്തൊരു രുചിയായിരുന്നു ആ ചായക്കും അപ്പത്തിനും കടലക്കറിക്കും.

അത് മാത്രമല്ല, തളർന്ന് കിടക്കുന്ന അമ്മയുടെ സഹായമില്ലാതെ അവളൊറ്റക്ക് ആ വീട് നോക്കി നടത്തുന്നതിനേക്കാൾ വലിയ ഒരു വിദ്യാഭ്യാസവും സ്നേഹവും വേറെ എവിടേ കിട്ടും അമ്മേ?

അവളുടെ അനിയത്തി അതൊരു ബാധ്യതയല്ല ഒരു ഉത്തരവാദിത്വമാണ്. അതൊക്കെയല്ലേ ഒരു സന്തോഷം അമ്മേ?

അന്ന് അവളോട് സംസാരിച്ചപ്പോൾ അത്യാവശ്യം ലോകവിവരവും, സാമാന്യ ബോധവുമുണ്ട്.

അവളുടെ താഴ്മയും ധീരതയുമുള്ള മറുപടികൾ എന്തൊരു രസമായിരുന്നമ്മേ. അതിനാൽ ഞാൻ ഗവേഷണ (Phd) വിദ്യാർത്ഥിയാണെകിൽ എന്റെ ഭാര്യക്ക് അത്ര തന്നെ സർട്ടിഫിക്കറ്റ് വിദ്യാഭ്യാസം ഉണ്ടാവണമെന്ന് എനിക്ക് നിർബന്ധമില്ല.

ഇപ്പോൾ കണ്ട രണ്ടു പെൺകുട്ടികളിൽ ആദ്യം കണ്ട കുട്ടി രണ്ടാമത് കണ്ട എം എഡ് കാരിയെക്കാൾ എന്ത് കൊണ്ടും യോഗ്യതയും സ്നേഹവും ഉള്ളവൾ. അമ്മക്കെന്നോട് സ്നേഹം ഉണ്ടെങ്കിൽ ആ ആലോചന നടത്തി ഞങ്ങളെ വിവാഹം കഴിക്കാൻ സമ്മതിക്കണം.

മകന്റെ വീക്ഷണവും സമർപ്പണവും കാഴ്ചപ്പാടും കണ്ട് അമ്മ ഒന്നും നോക്കിയില്ല. ആ പെൺകുട്ടിയുമായുള്ള വിവാഹം നടത്തി കൊടുത്തു. അമ്മയും അന്ന് മുതൽ കാഴ്ചപ്പാട് മാറ്റി. പുറമെ മാത്രമല്ല കുറച്ചകവും കൂടി നോക്കണം എന്ന സത്യം.

അതെ കുടുംബമാണ് മക്കളുടെ ഭാവി നിശ്ചയിക്കുന്നത് . അമ്മയും അപ്പനും സമർപ്പണത്തോടെ നില്കുന്നുവെങ്കിൽ മക്കള ഏതു കാട്ടിൽ കൊണ്ടോയിയിട്ടാലും സ്വന്തം കാലിൽ നിന്ന് അതി ജീവിക്കും. അല്ലാതെ പുസ്തകപ്പുഴുക്കളായി വളർത്തിയാൽ, ജീവിതത്തിൽ വലിയൊരു ദുരന്തമാണ് സംഭവിക്കുക.

പതിനേഴ് വയസ്സായിട്ടും പെണ്മക്കളെ കൊണ്ടും ആൺമക്കളെ കൊണ്ടും ഒരു കട്ടൻ ചായ പോലും ഉണ്ടാക്കാൻ പഠിപ്പിക്കാത്ത അമ്മമാരോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. ഒന്നും രണ്ടുമല്ല ഇഷ്ടം പോലെ അമ്മമാരേ എനിക്കറിയാം.

ഇനിയെങ്കിലും അത്യാവശ്യം കുടുംബ ജോലികളും പഠിപ്പിക്കാൻ, മക്കളെ പുസ്തകം കൊടുത്ത് മത്സരിപ്പിക്കുന്ന അമ്മയും അപ്പനും ശ്രദ്ധിക്കുമല്ലോ .
………………..
This msg is worthy to share…👌👍😊🙂

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.