Uncategorized

ജോണ്‍ ഹൂപ്പര്‍

ജോണ്‍ ഹൂപ്പര്‍ പ്രശസ്തനായ ഒരു എഴുത്തുകാരനായിരുന്നു… അദ്ദേഹത്തിന്‍റെ വാര്‍ദ്ധക്യ കാലത്ത് ശാരീരിക രോഗത്താലും, വിഷാദത്താലും അടിമപ്പെട്ട് മരിക്കണമെന്ന ചിന്തയാല്‍ പരിചാരകനെയും കൂട്ടി സിറ്റ്സ്വര്‍ലന്‍റിലേക്ക് യാത്രയായി… സിറ്റ്സ്വര്‍ലന്‍റിലും നോർവേയിലും നിയമത്തിന്‍റെ ചില ആനുകൂല്യങ്ങളൊക്കെയുണ്ട്…

അവിടെ ചെന്നാ‍ല്‍‍ നിയമവിധേയമായി മരണം വരിക്കാം… ദയാവധം (യൂത്തനേസിയ) എന്ന ഓമനപ്പേരില്‍ നാമതിനെ വിളിക്കാറുണ്ട്… തക്കതായ കാരണമുണ്ടാകണം… അഥവാ അങ്ങനെയൊരു കാരണമില്ലെങ്കിലും പണം നിയമത്തെ മറച്ചോളും… കടുത്ത വിഷാദം ജോണിനെ ഉറച്ച നിലപാടിലെത്തിച്ചു..
ലോകത്തില്‍ പ്രശസ്ഥനായി,ആഗ്രഹിച്ചതെല്ലാം നേടി, സര്‍വ്വ സുഖങ്ങളും അനുഭവിച്ചു… ഇനിയെന്ത്? വാര്‍ദ്ധക്യവും അതിന്‍റെ രോഗങ്ങളും താന്‍ വിട്ടോടുകയാണ്…

ജീവിതത്തില്‍ ആരോടും അതിരറ്റ സ്നേഹം തോന്നിയിട്ടില്ല.വിവാഹത്തില്‍ താന്‍ വിശ്വസിച്ചില്ല.ലിവിംഗ് ടുഗതര്‍ ആയിരുന്നു..വാര്‍ദ്ധക്യകാലമായപ്പോള്‍ ആ ഇണ തന്നോടിണങ്ങാതെ മറ്റാരെയോ തേടി പോയി..

ജോണ്‍ പരിചാരകനോട് പറഞ്ഞു… ”നിയമനടപടികള്‍ പൂര്‍ത്തിയായി… നാളെയാണ് എന്‍റെ മരണദിനം… ഈ രാത്രി മട്ടുപ്പാവില്‍ നീയൊരു വിരുന്നൊരുക്കുക..നക്ഷത്രങ്ങള്‍ മാത്രം സാക്ഷി,ഞാന്‍ കരുതുന്നു ആ നക്ഷത്രങ്ങള്‍ക്കിടയില്‍ ഞാനുമുണ്ടാകുമെന്ന്… ആ നേരം എന്‍റെ സര്‍വ്വ സമ്പാദ്യവും ഞാന്‍ നിനക്കായി എഴുതിവയ്ക്കും… എന്നെ വിശ്വസ്ഥതയോടെ പരിചരിച്ചതിന് നിനക്കുള്ള എന്‍റെ സമ്മാനമാണത്…
പരിചാരകന്‍ ഒന്നും ഉരിയാടാതെ എല്ലാംകേട്ടുനിന്നു..”

സന്ധ്യയായപ്പോള്‍ പരിചാരകന്‍ നല്ലൊരു വിരുന്നൊരുക്കി.ഒരു മെഴുകുതിരി വെട്ടത്തില്‍ ജോണിന് ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം ഒരുക്കിവച്ചു… ജോണ്‍ പതിയെ ആ മട്ടുപ്പാവിലേക്ക് കടന്നുവന്നു..

വന്നപാടെ കുറച്ചു കടലാസ്സുകള്‍ അയാള്‍ പരിചാരകനെ ഏല്‍പ്പിച്ചു..
”എന്‍റെ സകല സമ്പത്തിന്‍റെയും ഉടമ ഇനി നീയാണ്..’;

പരിചാരകന്‍ ഒന്നുമുരിയാടാതെ ആ കടലാസ്സുകള്‍ വാങ്ങി..ആദര പൂര്‍വ്വം യജമാനനെ മേശയ്ക്കരുകിലേക്ക് ആനയിച്ചു… ജോണിന്‍റെ പാത്രത്തിലേക്ക് വിശിഷ്ടമായ ആഹാരങ്ങള്‍ വിളമ്പി..ജോണ്‍ കഴിക്കുന്നത് നോക്കി പരിചാരകന്‍ കുറേനേരം കൈകെട്ടി നിന്നു… പൊടുന്നനെ ആ പരിചാരകന്‍ ജോണിന്‍റെ മുന്‍പിലുള്ള മെഴുകുതിരി ഊതിയണച്ചു…

ജോണിന് കോപം വന്നു.അയാള്‍ ഇരുട്ടില്‍ തപ്പി..”നിങ്ങളെന്താ ഈ കാണിച്ചത്… ”പരിചാരകന്‍ വീണ്ടും ആ മെഴുകുതിരി തെളിയിച്ചു… ജോണ്‍ നോക്കിയപ്പോള്‍ പരിചാരകന്‍റെ പുഞ്ചിരിക്കുന്ന മുഖം കണ്ടു… അയാള്‍ക്ക് കോപമടക്കാനായില്ല..ആഹാരം മതിയാക്കി അയാള്‍ എണീറ്റു..

പരിചാരകന്‍ മൃദുവായ സ്വരത്തില്‍ പറഞ്ഞു..”സാര്‍,ക്ഷമിക്കണം..ദയവായി ഇരുന്നാലും..അല്‍പ്പനേരത്തെ ഇരുട്ട് അവിടുത്തേക്ക് ഇത്രത്തോളം പ്രയാസമുണ്ടാക്കിയെങ്കില്‍, ആ മരണത്തിനു ശേഷമുള്ള തിരിച്ചുവരാന്‍ കഴിയാത്ത കൂരിരുട്ടില്‍ താങ്കള്‍ എത്രത്തോളം അലോസരപ്പെടും..”

ജോണില്‍ ആ ചോദ്യം ഞെട്ടലുണ്ടാക്കി..ഇതുവരെ താന്‍ ചിന്തിച്ച നക്ഷത്രലോകം മാഞ്ഞുപോകുന്നതുപോലെ..അയാള്‍ പരിചാരകനോട് ചോദിച്ചു ”കൂരിരുട്ടോ”..
”അതെ കൂരിരുട്ടു തന്നെ… അത് നരകമാണ്… മാനസാന്തരപ്പെടാത്ത പാപികളുടെ യാത്രകളെല്ലാം അങ്ങോട്ടേക്ക് തന്നെ… സ്വന്തം ബുദ്ധിയില്‍ കണക്കുകൂട്ടിവച്ചിരിക്കുന്ന പലതും മരണത്തിനപ്പുറം തെറ്റാണെന്നറിയുവാന്‍ പോകുന്നു..”

ജോണിന് പരിചാരകന്‍റെ വാക്കുകളിലെ ആത്മാര്‍ത്ഥത മനസ്സിലായി… അയാള്‍ ആകാംഷയോടെ പരിചാരകന്‍റെ മുഖത്തേക്ക് നോക്കി..

” ‘ലോകത്തിന് ആത്മഹത്യാ ക്ളിനിക്കുകള്‍ ഇനിയും കൂടുതല്‍ തുടങ്ങനാവും… പക്ഷേ പുതു ജീവന്‍ നല്‍കുന്ന ഒരു പുതു ജീവിതം നല്‍കുന്ന ക്ളിനിക് എനിക്ക് പരിചയമുണ്ട്… ഈ ലോകത്തിന്‍റെ പകിട്ടിന് അത് തരാനുമാകില്ല..”

എന്താണത് ജോണിന് ആകാംഷയായി..

” ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു. ”പരിചാരകന്‍ സ്ഫുടതയോടെ ബൈബിള്‍ വചനങ്ങള്‍ ഉരുവിട്ടു..

ജോണ്‍ തന്‍റെ കഴിഞ്ഞകാല ജീവിതത്തിലേക്കൊന്നു നോക്കി..ക്രിസ്ത്യാനി എന്ന പേരുമാത്രമേ തനിക്കുള്ളൂ… ജീവിതസുഖങ്ങളുടെ പിറകേ ഓടിയതുകൊണ്ട് ബൈബിളുപോലും വായിക്കാന്‍ തോന്നിയിട്ടില്ല… ലോകം തന്നെ വാനോളം ഉയര്‍ത്തിയപ്പോള്‍ ഇതാണ് സ്വര്‍ഗ്ഗമെന്നൊക്കെ ധരിച്ചു… പക്ഷേ ക്രിസ്തുവുമായി ബന്ധമുണ്ടാകേണ്ടവനാണ് ക്രിസ്ത്യാനി എന്ന തിരിച്ചറിവാണ്ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്….

“യേശുവേ” എന്ന് ഇടറിയ സ്വരത്തില്‍ ജോണ്‍ വിളിച്ചു… അങ്ങനെ വിളിച്ചപ്പോള്‍ ഒരു ഉറവപൊട്ടി ഒഴുകുന്നതുപോലെ കണ്ണീര്‍കണങ്ങള്‍ കവിളിലൂടെ താഴേക്കൊഴുകുന്നത് പരിചാരകന്‍ ശ്രദ്ധിച്ചു..

”കണ്ണീര്‍ യഥാര്‍ത്ഥ മാനസാന്തരത്തിന്‍റെ പ്രതീകമാണ്.. സാര്‍.. ഇനി നിങ്ങള്‍ക്ക് മരിക്കാന്‍ തോന്നില്ല… ജീവന്‍ നല്‍കുന്നവൻ, ജീവിതം നല്‍കുന്നവന്‍ താങ്കളുടെ ഹൃദയത്തിലേക്ക് ഇതാ കടന്നു വന്നിട്ടുണ്ട്..”

ജോണ്‍ മുട്ടിന്‍മേലിരുന്ന് കൈകള്‍ സ്വർഗോന്മുഖമായി വിശാലമായി തുറന്ന് അഗ്‌ത്മഗതമായി എന്തൊക്കെയോ പറഞ്ഞു… ഒരു സ്വര്‍ഗ്ഗീയ സമാധാനം ജോണിനെ നിറയുന്നുണ്ടായിരുന്നു..

ജോണ്‍ കണ്ണുകളടച്ച് എത്രനേരം അങ്ങനെ ഇരുന്നെന്നറിയില്ല..കണ്ണു തുറന്നപ്പോള്‍ ജോണിന്‍റെ മുന്‍പില്‍ നുറുക്കികളഞ്ഞ ചില കടലാസു കഷണങ്ങള്‍ കണ്ടു.. താന്‍ തന്റെ സേവകനു തന്റെ സർവ സമ്പത്തും ഇഷ്ടദാനം ചെയ്തതിന്‍റെ രേഖകളാണ്…

പുഞ്ചിരിയോടെ തന്‍റെയടുത്തുനില്‍ക്കുന്ന പരിചാരകനെ നോക്കി തെല്ലൊരത്ഭുതത്തോടെ ജോണ്‍ ചോദിച്ചു… ”ഇൗ കടലാസെന്തിനാ കീറി കളഞ്ഞത്… നിങ്ങള്‍ക്ക് വേണേല്‍ എനിക്ക് ക്രിസ്തുവിനെപറ്റി പറഞ്ഞുതരാതിരിക്കാമായിരുന്നു… അങ്ങനെ ഞാന്‍ മരണത്തിലേക്കു പോകുമായിരുന്നു..നിങ്ങള്‍ സമ്പന്നനാവുകയും ചെയ്തേനേ…”

ആത്മാര്‍ത്ഥമായ ഒരു പുഞ്ചിരിയോടെ പരിചാരകന്‍ പറഞ്ഞു..”ഈലോകത്തെക്കാള്‍,അതിന്‍റെ സമ്പത്തിനേക്കാളൊക്കെ വലുതാണ് ഒരാത്മാവിന്‍റെ വില”..

പ്രീയപ്പെട്ടവരേ…

ബുദ്ധികൊണ്ടളക്കാതെ നിഷ്കളങ്കമായ വിശ്വസിച്ച ജോണും, നന്‍മ ചൂണ്ടിക്കാട്ടുന്ന പരിചാരകരും ഇന്നും നമ്മുടെ ഇടയിലുണ്ട്, നമുക്കിതൊരു മാതൃകയാണ്…

Advertisements

Categories: Uncategorized

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.