ദുഃഖവെള്ളി സന്ദേശം

ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

ദുഃഖവെള്ളിയെക്കുറിച്ച് ചിന്തിക്കാൻ സഹായിക്കുന്ന രണ്ടു തിരുവചനങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ ലേഖന ലക്ഷ്യം. ഒന്നാമത്തേത് മത്താ: 27: 19 “ആ നീതിമാന്‍റെ കാര്യത്തിൽ ഇടപെടരുത്: അവൻ മൂലം സ്വപ്നത്തിൽ ഇന്നു ഞാൻ വളരെയേറെ വിഷമിച്ചു”. ഇത് ഒരു സ്ത്രീയുടെ ശബ്ദമാണ്. ക്ളാവ്ദിയ പ്രോക്ലിസ് (Claudia Procles) എന്നു ചരിത്രം ഇവളുടെ പേരു തിട്ടപ്പെടുത്തിയിരിക്കുന്നു.

വിധിവാചകം പറയാൻ ന്യായപീഠത്തിൽ ഇരിക്കുന്ന ഭർത്താവിനോട് ഈശോയുടെ സത്യസന്ധതയും നിഷ്കളങ്കതയും പങ്കുവയ്ക്കുകയാണു ലക്ഷ്യം. “അവൻ ന്യായാസനത്തിൽ ഉപവിഷ്ഠനായിരിക്കുന്പോൾ അവന്‍റെ ഭാര്യ അവന്‍റെ അടുത്തേക്ക് ആളയച്ച് അറിയിച്ചു”. പൗലോസിന്‍റെ സഹപ്രവർത്തകരിൽ ഒരാളായ ക്ളാവ്ദിയ ഈ സ്ത്രീതന്നെയാണെന്നും കണക്കാക്കപ്പെടുന്നു. (2 തിമോ 4:21)

1. സ്ത്രീകളുടെ ശബ്ദം ശ്രദ്ധിക്കപ്പെടണം

ഈശോയുടെ വിചാരണവേളയിൽ ഈശോക്കുവേണ്ടി ശബ്ദമുയർത്തിയ ഏക സ്ത്രീ ഇവളാണ്. തന്മൂലം ഏറെ പ്രാധാന്യമർഹിക്കുന്ന വ്യക്തിയാണ് ക്ളാവ്ദിയ. ഒരു യഹൂദ വനിതയാണ് ഇവൾ എന്നു കരുതപ്പെടുന്നു. പെസഹായുടെ തലേദിവസം വൈകിട്ട്, നിസാൻ മാസം 13 ന് വീട് പൂർണമായും കഴുകി വൃത്തിയാക്കും. പുളിപ്പുള്ള അപ്പത്തിന്‍റെ ഒരു തരിപോലും ആ വീട്ടിൽ അവശേഷിക്കരുത്. കാരണം, പൂർണമായും പുളിപ്പില്ലാത്ത അപ്പംകൊണ്ടുവേണം പെസഹാ ഭക്ഷിക്കാൻ. പുളിപ്പ് അഴിമതിയാണ്, ചീയലാണ്, ദോഷകരമായ ജീവിതമാണ്.

വിശുദ്ധ പൗലോസ് പറയുന്നു: “നിങ്ങൾ പുളിപ്പില്ലാത്ത പുതിയ മാവ് ആകുന്നതിന് പഴയ പുളിപ്പ് നീക്കിക്കളയുവിൻ. നിങ്ങൾ പുളിപ്പില്ലാത്തവർ ആകേണ്ടവരാണല്ലോ” (1 കോറി 5:7-8). നമ്മൾ നമ്മുടെ ആന്തരഭവനങ്ങൾ, ഹൃദയങ്ങൾ കഴുകി വൃത്തിയാക്കാനുള്ള സമയമാണ് പെസഹായും ദുഃഖവെള്ളിയും. ഒരു New lump (പുതിയ പിണ്ഡം) ആകേണ്ടതിനാണിത്.

പീലാത്തോസിന്‍റെ ഹൃദയം കഴുകി വെടിപ്പാക്കാൻ ഭാര്യ പരിശ്രമിച്ചു. ഈശോയെ മരണത്തിനു വിധിക്കാതിരിക്കാൻ ഭർത്താവിനെ പ്രേരിപ്പിച്ചു. ഈ സ്ത്രീ ഹൃദയത്തിൽ ഈശോയെ സ്വീകരിച്ചു തെരഞ്ഞെടുത്തിരുന്നു. സത്യവാനും നിഷ്കളങ്കനുമാണെന്നു ബോധ്യപ്പെട്ടിരുന്നു. പക്ഷേ പീലാത്തോസ് തെരഞ്ഞെടുത്തത് സാത്താനെയാണ്. ഈശോയെ വധിക്കരുത് എന്നതു ക്ളാവ്ദിയായുടെ സ്വരമായിരുന്നു. ക്രിസ്തീയതയുടെ ആരംഭകാലം മുതൽ ഈശോയുടെ സ്വരം കേൾപ്പിച്ചത് ഒരുപറ്റം സ്ത്രീകളാണ്. എല്ലാ വിശുദ്ധ സ്ത്രീകളും രക്തസാക്ഷികളും ഏകസ്തരും ഒട്ടനവധി വീട്ടമ്മമാരും ഈ സ്വരമാണ് കേൾപ്പിക്കുന്നത്.

വീട്ടിൽ നിന്ന് ഈശോയെ ഇറക്കിവിടരുത് എന്നത് എല്ലാ മാതാക്കളുടെയും നിലപാടാണ്. ഇന്ന് ഈ സ്വരം വേണ്ടത്ര കേൾക്കപ്പെടാതെ പോകുന്നുണ്ട്. വീട്ടമ്മമാരുടെ സ്വരം തള്ളിക്കളയുന്ന ഓരോ വീടും ഈശോയിൽ നിന്ന് അകലുകയാണ്. ഈശോയെക്കുറിച്ച് വീട്ടിനുള്ളിൽ വച്ച് എതിർത്ത് സംസാരിക്കരുത് എന്ന് എല്ലാ അമ്മമാരും പഠിപ്പിക്കുന്നു.

അമ്മ എന്ന ആത്മീയ ശക്തി

ഒരു വീട്ടിലെ ആത്മീയ ശക്തിയാണ് അമ്മ. അമ്മയുടെ വിശ്വാസമാണു വീട്ടിൽ ജ്വലിച്ചുനില്ക്കുന്നത്. സ്ത്രീയാണു വിളക്കും പ്രകാശവും. വീട്ടിനുള്ളിൽ എല്ലാവർക്കും സ്നേഹവും ചൂടും അന്നവും നൽകുന്നത് അമ്മയാണ്. കുഞ്ഞുങ്ങളെ വെട്ടി ഒരുക്കി കൂടുതൽ ഫലം പുറപ്പെടുവിക്കാൻതക്ക മുളകൾ നാന്പെടുക്കാൻ അനുവദിക്കുന്നത് അമ്മയാണ്. തളിരിട്ടു നില്ക്കുന്ന വൃക്ഷം പോലെ ആവണം ഓരോ കുടുംബവും. ക്ളാവ്ദിയ പറഞ്ഞതുപോലെ അനീതിയുടെ മാർഗത്തിലൂടെ സഞ്ചരിക്കരുതെന്ന് ഭർത്താക്കന്മാരേയും മക്കളുടെയും പഠിപ്പിക്കുന്നത് വീട്ടമ്മമാരാണ്.
ഈശോയെക്കുറിച്ചു പറയാൻ മടിക്കുന്ന ഓരോരുത്തർക്കമുള്ള തിരുത്തലാണ് ക്ളാവ്ദിയാ കൊടുക്കുന്നത്. പ്രഭാ 1: 14 “മാതൃഗർഭത്തിൽ വിശ്വാസി ഉരുവാകുന്നു. ഒരുവൻ വിശ്വാസിയാകുന്നത് അമ്മയുടെ ഉദരത്തിൽ വച്ചുതന്നെയാണ്. ഉദരത്തിൽ വച്ചു കുട്ടി അമ്മയുടെ ദൈവത്തെ പരിചയപ്പെടുന്നു. ഉദരസ്ഥ ശിശുവിനു പോഷകാഹാരങ്ങൾക്ക് ഒപ്പം ദൈവവിശ്വാസവും അമ്മ നൽകുന്നു”. ഇത് ഒരു വ്യക്തിയുടെ ജീവിതകാലം മുഴുവൻ തുടരുന്ന കഥയാണ്. പീലാത്തോസിന്‍റെ ഭാര്യ ഒരു അടിസ്ഥാന തത്ത്വമാണ് ഓർമിപ്പിച്ചത്.

ഈശോ ജീവിതത്തിൽ നിന്നു നഷ്ടപ്പെടുന്നത് രാജ്യത്തു നിന്നു സീസറിനെ (രാജാവ്) നിഷ്കാസനം ചെയ്യുന്നതുപോലെയല്ല. അത് ഒരു വ്യക്തിക്ക് വിശപ്പും ദാഹവും നഷ്ടപ്പെടുന്നതിനെക്കാൾ വലുതാണ്. ഈശോയെക്കുറിച്ച് പറയാൻ മടിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന ആധുനിക ലോകത്തിന്‍റെ അധാർമികമായ ഒരു അവസ്ഥയെ തിരുത്തിയിരിക്കുകയാണ്. ഇന്നു വഴിതെറ്റി പലരും വീഴുന്നത് അമ്മമാരുടെ സ്വരത്തിനു ചെവികൊടുക്കാത്തതു കൊണ്ടാണ്.

ഭർത്താവായ പീലാത്തോസിന് ഒരു മുന്നറിയിപ്പു കത്താണ് ക്ളാവ്ദിയ നൽകിയത്. പീലാത്തോസിനു കിട്ടിയ അനന്യമായ ഗുണമേന്മയുള്ള ഒരു സന്ദേശമാണത്. അവർ കണ്ട സ്വപ്നം നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരൻ ദാരുണമായി വധിക്കപ്പെടാൻ പോകുന്നതുതന്നെയായിരിക്കാം. വാനമേഘങ്ങളിൽ വിധിയാളനായി നില്ക്കുന്ന ഈശോക്കു മുന്പിൽ കുറ്റക്കാരായി താനും ഭർത്താവും നില്ക്കുന്ന സ്വപ്നമാകാം. വിശുദ്ധ ഗ്രന്ഥം മുഴുവൻ സ്വപ്നങ്ങൾക്കുള്ള പ്രാധാന്യം എടുത്തുകാണിക്കുന്നതാണല്ലോ. അവൾ ഉറങ്ങി എഴുന്നേറ്റപ്പോൾ ഒരുപക്ഷേ ഭർത്താവ് ഈ വിചാരണക്കായി നേരത്തെ പോയിരുന്നിരിക്കാം. തന്മൂലം സന്ദേശം കൊടുത്തയച്ചു.

സ്വപ്നം വിചാരണക്കോടതിയിൽ എത്തിച്ച സ്ത്രീ

ഒട്ടുമിക്ക സ്വപ്നങ്ങളും നമ്മൾ പാടേ മറന്നുകളയുന്നു. ചുരുക്കം ചിലത് വളരെ പ്രധാനപ്പെട്ടത് എന്നു കരുതി സൂക്ഷിച്ചുവയ്ക്കുന്നു. മറ്റു ചിലതു വർഷങ്ങളോളം ഓർമയിൽ കൊണ്ടുനടക്കും. ആരും തന്നെ ഒരു സ്വപ്നംകണ്ട കാര്യം പറഞ്ഞു മജിസ്ട്രേറ്റ് കോടതിയിൽ എത്താറില്ല. ക്ളാവ്ദിയയുടെ പ്രത്യേകത ഇവിടെയാണ്. സ്വപ്നം വിചാരണക്കോടതിയിൽ എത്തിച്ച സ്ത്രീ. അവൾ നല്ല തന്‍റേടമുള്ള സ്ത്രീയായിരുന്നു. ഈ മനുഷ്യന്‍റെ കാര്യത്തിൽ ഇടപെടരുതെന്ന് ശക്തമായി പറയുന്നു. ദൈവത്തിന്‍റെ കരുണയായിട്ടു നില്ക്കുന്ന ഈ സ്ത്രീയുടെ യാചന അയാൾ നിഷ്കരുണം തള്ളിക്കളയുകയാണ്. ഈശോയെക്കുറിച്ചുള്ള വലിയ ഒരു പ്രഘോഷണമാണ് അദ്ദേഹം ഉപേക്ഷിച്ചത്.

ജനകീയനാകാൻ വേണ്ടി പീലാത്തോസ് ജനങ്ങളുടെ പൊതു അഭിപ്രായം തിരക്കി. അവൻ എന്തു കുറ്റമാണ് ചെയ്തത് എന്നു പീലാത്തോസ് ജനങ്ങളോടു ചോദിക്കുന്നു. പുരോഹിതവൃന്ദം ജനക്കൂട്ടത്തെ ഒരുക്കിനിർത്തിയിട്ടുണ്ടായിരുന്നു. അവർ പറഞ്ഞു: ഞങ്ങൾക്കു ബറാബാസിനെ വിട്ടുതരണം, ഈശോയെ ക്രൂശിക്കണം. ഞങ്ങൾക്ക് ഈശോയെ വേണ്ട. വഴിതെറ്റിയ പുരോഹിതർക്കു ജനത്തെ ദൈവത്തിലേക്കു നയിക്കാനാവില്ല. ജനക്കൂട്ടത്തിനു പലപ്പോഴും ദൈവത്തിന്‍റെ സ്വരം കേൾക്കാനാവില്ല. ജനക്കൂട്ടം ഒരിക്കലും ന്യായാധിപൻ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുന്നില്ല.

ജനക്കൂട്ടത്തിന്‍റെ ഉത്തരം

ഏതു ചോദ്യത്തിനും ജനക്കൂട്ടത്തിന്‍റെ ഉത്തരം അവനെ ക്രൂശിക്കുക എന്നതാണ്. ജനക്കൂട്ടത്തിൽ ഒച്ചപ്പാടുകളും കോലാഹലങ്ങളുമാണ്. നിശബ്ദത അനുഭവിക്കാത്ത ഒരു പറ്റം ആളുകളാണ് ദൈവത്തെ വധിക്കാൻ ആവശ്യപ്പെടുന്നത്. ഹബുക്കുക്ക് 2 : 20 കർത്താവ് തന്‍റെ വിശുദ്ധ മന്ദിരത്തിലുണ്ട്. ഭൂമി മുഴുവൻ അവിടുത്തെ മുന്പിൽ മൗനം ഭഞ്ജിക്കട്ടെ. സെഫാനിയ 1:7 ദൈവമായ കർത്താവിന്‍റെ മുന്പിൽ നിശബ്ദരായിരിക്കുവിൻ. ജോബ് 40:1 ഞാൻ നിസാരനാണ്; ഞാൻ എന്ത് ഉത്തരം പറയാനാണ്, ഞാൻ വായ്പൊത്തുന്നു.

അതുപോലെ തന്നെ സങ്കീ. 65:2 നിനക്ക് നിശബ്ദത എന്നത് സ്തുതിപ്പാണ് ( Tibi silentium laus). നിശബ്ദത ഇഷ്ടപ്പെടാത്ത ജനക്കൂട്ടം ഇന്നും ബറാബാസുമാരെയാണു തെരഞ്ഞെടുക്കുന്നത്. അതു മദ്യവും കള്ളപ്പണവും അഴിമതിയും കൊലപാതകവും ഒക്കെയാണ്. തന്മൂലം തലപ്പെട്ട ദോഷങ്ങളെല്ലാം – നിഗളം, ദ്രവ്യാഗ്രഹം, മോഹം, കോപം, കൊതി, അസൂയ, അലസത – സമൂഹത്തിൽ കൊടികുത്തിവാഴുന്നു.

പീലാത്തോസ് സ്ത്രീസ്വരത്തെക്കാൾ പുരുഷസ്വരത്തിനു പ്രാധാന്യം കൊടുത്തു. അദ്ദേഹം പൂർണമായും ഈശോക്ക് എതിരല്ലായിരുന്നു. കാര്യങ്ങൾ കൈവിട്ടുപോയി എന്നു കണ്ടപ്പോൾ ഈ നീതിമാന്‍റെ രക്തത്തിൽ എനിക്ക് പങ്കില്ല എന്നു പറഞ്ഞു കൈകഴുകി നോക്കി. പക്ഷേ മാലിന്യം മാറിയില്ല. പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് ഈശോ പീഡകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു എന്നത് ലോക മനഃസാക്ഷിയിൽ മറവിയില്ലാതെ കിടക്കുന്ന വേദനിപ്പിക്കുന്ന ഒരു തീക്കനലാണ്. ഈ തെറ്റിന്‍റെ മാലിന്യം മൂലമാണ് ക്രൂശിക്കലിന്‍റെ സമയത്ത് സൂര്യഗ്രഹണവും ഭൂമികുലുക്കവും ഉണ്ടായത്.

ക്ളാവ്ദിയ ഓർത്തഡോക്സ് സഭകളിലും അബീസീനിയൻ സഭയിലും വിശുദ്ധയായി വണക്കപ്പെടുന്നു. കോപ്റ്റിക്ക് സഭയിലും ക്ളാവ്ദിയ വിശുദ്ധയായി കണ്ട് ആദരിക്കപ്പെടുന്നു. സത്യം പറയുന്ന സ്ത്രീകളുടെ ശബ്ദം കൂടുതൽ ശ്രദ്ധിക്കപ്പെട്ടാൽ ബറാബാസുമാരെ പുറത്താക്കൻ കഴിയും. സത്യസന്ധരായ സ്ത്രീകളുടെ ശബ്ദം തിരിച്ചറിയാനുള്ള അവസരമാകട്ടെ ഈ ദുഃഖവെള്ളി.

2. പ്രകൃതിയെ ഗൗനിക്കാത്ത പത്രോസ്

ഗാള്ളൂസ് കന്താത്ത് (Gallus cantat) എന്ന ലത്തീൻ ഭാഷയിൽ പറയുന്നതിന്‍റെ അർഥം കോഴികൂവി എന്നാണ്. “ഇന്ന് ഈ രാത്രിയിൽത്തന്നെ കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനു മുന്പ് നീ എന്നെ മൂന്നു പ്രാവശ്യം ഉപേക്ഷിക്കും” (മർക്കോസ് 14:30). ഒരിക്കലും താൻ നാഥനെ ഉപേക്ഷിക്കുകയില്ലെന്ന് ആണയിട്ട് സത്യം ചെയ്ത പത്രോസിനോടാണ് കർത്താവ് പറഞ്ഞത്, ഇത്രമാത്രം ആത്മവിശ്വാസം പ്രകടിപ്പിച്ച ഈ രാത്രിയിൽ തന്നെ നീ പരാജയപ്പെടും എന്ന്. സാത്താൻ നിന്നെ പരാജയപ്പെടുത്തും. നിനക്ക് ജാഗ്രത കുറവുണ്ട്, ഉറക്കം കൂടുതലുണ്ട്. ആകയാൽ ജാഗ്രരൂകരായിരിക്കുവിൻ; എന്തെന്നാൽ ഗൃഹനാഥൻ എപ്പോൾ വരുമെന്ന്, സന്ധ്യയ്ക്കോ പാതിരാവിലോ കോഴികൂവുന്പോഴോ രാവിലെയോ, എന്നു നിങ്ങൾക്ക് അറിഞ്ഞു കൂടാ (മർക്കോ 13:55).

അവൻ പെട്ടെന്നു കയറിവരുന്പോൾ നിങ്ങളെ നിദ്രാധീനരായി കാണരുതല്ലോ. ഗുരു നൽകിയ മുന്നറിയിപ്പുകളെ അവഗണിച്ച പത്രോസ് വീഴുകയാണ്. അലസതയ്ക്കും ഉറക്കത്തിനും ശിഷ്യത്വത്തിൽ സ്ഥാനമില്ല. ഈശോയാകുന്ന കേന്ദ്രത്തിൽ നിന്നു മറ്റു വഴികളിലേക്കു മാറിയപ്പോഴാണു പത്രോസ് വീഴുന്നത്. അരചനിലോ നരനൊരുവനിലോ ശരണം തേടാൻ തുനിയരുതെ എന്ന സങ്കീർത്തന വചസ് നമുക്കു പ്രവർത്തന മാർഗരേഖ ആകേണ്ടതാണ്. നമ്മുടെ ബലഹീനതകൾ കർത്താവിനു നന്നായിട്ടറിയാം. അവിടുത്തെ മുന്പിൽ നമുക്ക് ഒന്നും മറച്ചുവയ്ക്കാനോ ഒളിച്ചുവയ്ക്കാനോ ഇല്ല.

കോഴികൂവൽ ഒരു മുന്നറിയിപ്പായും ഒരു കൃപയായും ഈശോ പത്രോസിനു നൽകിയതാണ്. ഈശോക്കു ശിഷ്യരോടുള്ള അളവറ്റ സ്നേഹമാണ് ഇവിടെ നാം കാണുന്നത്. കോഴികൂവൽ എല്ലാവർക്കും ഒരു അനുഗ്രഹമാണ്. ഇരുട്ടും പ്രഭാതവും തമ്മിൽ വേർതിരിക്കുന്ന ഒരു പ്രതീകമാണു കോഴികൂവൽ. നിദ്രവിട്ടു പുലരിയാവുന്ന തന്‍റെ ഉത്ഥാനത്തിലേക്കുള്ള സൂചനകൂടിയാണു കോഴികൂവൽ. അതു പത്രോസിനെ പശ്ചാത്താപത്തിലേക്കു നയിക്കുന്നു. സാധാരണ ജീവിതത്തിലും കോഴികൂവൽ ഒരു ഉണർത്തലാണ്. തിരുത്താൻ അവസരമുണ്ടായിരുന്നിട്ടും പത്രോസിന്‍റെ അമിതആത്മവിശ്വാസം അതിനു തടസമായിരുന്നു. അതായതു താൻ വീഴുന്ന പ്രശ്നമേയില്ല എന്നതായിരുന്നു പത്രോസിന്‍റെ നിലപാട്.

പ്രഭാതം പൊട്ടിവിടർന്നപ്പോഴേക്കും കോഴി കൂവിയപ്പോഴേക്കും പത്രോസ് ഈശോയെ നിഷേധിച്ചുകഴിഞ്ഞു. പത്രോസിന് ഈശോയെ സംരക്ഷിക്കാൻ കഴിയാതെ പോയി. ആ കോഴി കൂവൽ മനുഷ്യന്‍റെ ബലഹീനതയെയും ഒപ്പം ദൈവത്തിന്‍റെ കരുണയെയും എടുത്തുകാണിക്കുന്നു. ഈശോ പാപിയുടെ മാനസാന്തരത്തിനായി എപ്പോഴും അവസരം നൽകുന്നുണ്ട്. കോഴികൂവിക്കൊണ്ടിരുന്നു; പക്ഷേ പത്രോസ് നിഷേധിച്ചുകൊണ്ടിരുന്നു. ഈ കോഴികൂവൽ പത്രോസിനെ തീവ്രമായി വേട്ടയാടി. പുറത്തുപോയി ഹൃദയം നൊന്തു കരഞ്ഞു(മർക്കോ 14: 12).

കോഴികൂവിയതു പത്രോസിനു ജീവന്‍റെ തുടിപ്പായി മാറി. തന്‍റെ വിളിയിൽ വിനയം, ജാഗ്രത, ആത്മീയത, പ്രാർഥന എന്നിവ നിലനിർത്താൻ ഈ കോഴികൂവൽ സഹായിച്ചിട്ടുണ്ട്. നമ്മുടെ കഴിഞ്ഞകാല പരാജയങ്ങൾ ഈശോയോടുള്ള വിശ്വസ്തതാപൂർവമായ അനുഗമിക്കലിനു സഹായിക്കും. നമ്മൾ അവനെ ഒറ്റിക്കൊടുക്കുന്പോഴും അവൻ നമ്മെ സ്നേഹിച്ചുകൊണ്ടിരിക്കും. നിരന്തരമായ ഒരു മിശിഹാകേന്ദ്രിത മാനസാന്തരത്തിനുള്ള ക്ഷണമാണ് ഈ കോഴികൂവൽ. മിശിഹായിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി പുതിയതു വന്നുകഴിഞ്ഞു (2 കോറി 5:17).

മാനസാന്തരത്തിന് എപ്പോഴും അവസരം

ഈശോ പാപിയുടെ മാനസാന്തരത്തിനായി എപ്പോഴും അവസരം തരുന്നു എന്നതാണു കോഴികൂവലിന്‍റെ അർഥം. ഉണർന്നിരിക്കാനുള്ള ക്ഷണമാണിത്. പ്രലോഭനത്തിൽ വീഴാതിരിക്കാൻ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ. വെളിച്ചത്തിന്‍റെ മക്കളായി ജീവിക്കാനുള്ള ആഹ്വാനമാണിത്. നിങ്ങളെല്ലാവരും പ്രകാശത്തിന്‍റെയും പകലിന്‍റെയും പുത്രന്മാരാണ്. നമ്മിൽ ആരും തന്നെ രാത്രിയുടെയും അന്ധകാരത്തിന്‍റെയും മക്കളല്ല (1 തെസ 5:5).

പെസഹായുടെ വലിയ രാത്രിയിൽ ഈശോയിൽ നിന്ന് അകലുന്ന പത്രോസിന്‍റെ ശരീരഭാഷ സുവിശേഷത്തിൽ വ്യക്തമാണ്. മഹാപുരോഹിതന്‍റെ മുറ്റം വരെ ഈശോയെ അകലെയായി അനുഗമിക്കുന്നു. പിന്നീടു പരിചാരകരോടൊപ്പം തീ കാഞ്ഞുകൊണ്ടിരിക്കുന്നു. പത്രോസ് മുറ്റത്തിരിക്കുന്പോൾ പരിചാരിക വന്ന് അവനോടു സംസാരിക്കുന്നു. ഈശോയെ ഏറ്റവും കൂടുതൽ സ്നേഹിച്ച ശിഷ്യൻ എന്ന് തോമസ് അക്വീനോസ് വിശേഷിപ്പിച്ച പത്രോസ് ഗുരുവിനെ തള്ളിപ്പറഞ്ഞു.

തീയിൽ ചാടണമെന്നില്ല, തീ കാഞ്ഞുകൊണ്ടിരുന്നാലും മതി നമ്മൾ വീഴാൻ എന്നു പീഡാനുഭവ വാരം നമ്മെ പഠിപ്പിക്കുന്നു. ഈശോ പത്രോസിനോട് അവന്‍റെ നിഷേധിക്കലിനെക്കുറിച്ച് പറഞ്ഞത് അപ്പോൾ അവൻ ഓർമിച്ചു. കർത്താവ് തിരിഞ്ഞു പത്രോസിനെ നോക്കി(ലൂക്കാ 22: 61).

ഓര്‍മയും ഓര്‍മപ്പെടുത്തലും

കോഴി കൂവുന്നതു സഭയ്ക്കും വിശ്വാസികൾക്കും ഒരു ഓർമയും ഓർമപ്പെടുത്തലുമായി മാറേണ്ട അവസരമാണു ദുഃഖവെള്ളി. തോമസ് മെർട്ടൻ പറഞ്ഞു: “മനുഷ്യന്‍റെ ഏറ്റവും വലിയ പ്രലോഭനം തീർത്തും നിസാരമായതിനുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുകയെന്നതാണ്”. പത്രോസ് ചെയ്തതും അതാണ്. മനുഷ്യപ്രകൃതിയുടെ പൊതുസ്വഭാവവും അതാണ്.

പീഡാനുഭവ യാത്രയിൽ പത്രോസിന് ഈശോയുടെ അടുത്തിരിക്കാനും ഹൃദയത്തിൽ ഇടംപിടിക്കാനും കഴിഞ്ഞില്ല. എന്നാൽ, കോഴികൂവിയപ്പോൾ പത്രോസ് തിരിച്ചറിവുള്ളവനും പാപബോധം ഉള്ളവനുമായി മാറി. ഒരിക്കൽ പത്രോസ് ചോദിച്ച ചോദ്യം അവൻ ഓർത്തു. കർത്താവേ ഞങ്ങൾ ആരുടെ പക്കലേക്കു പോകും? (Ad quem ibimus). വർധിച്ചുവരുന്ന അധാർമിക സംസ്കാരത്തിൽ കോഴികൂവലുകളുടെ പ്രസക്തി ഏറിവരുകയാണ്.

ഒരു പാഴ്‌വാക്കു പോലും പറയാത്ത ജി.കെ. ചെസ്റ്റർട്ടന്‍റെ വാക്കുകൾ ശ്രദ്ധേയമത്രേ. “ഏറ്റവും അപക്വമായ ഹൃദയത്തിന്‍റ ഉടമ വിശ്വാസത്തിന്‍റെയും ധാർമികതയുടെയും വേരുകളില്ലാത്ത വ്യക്തിയാണ്”. ഞാൻ ആ മനുഷ്യനെ അറിയില്ല എന്ന പത്രോസിന്‍റെ നിഷേധം സ്ത്രീകളെയും പ്രകൃതിയെയും വെല്ലുവിളിക്കുന്നതിനു തുല്യമാണ്.

കോഴികൂകൽ പത്രോസിൽ ഒരു പുതിയ പ്രകാശത്തിന്‍റെ, ഹൃദയത്തിന്‍റെ, സ്നേഹത്തിന്‍റെ, ആത്മാവിന്‍റെ ഭാഷ രൂപപ്പെടുത്തുന്നുണ്ട്. ബാഹ്യനേത്രങ്ങൾ കൊണ്ടു മാത്രം ഈശോയെ കണ്ട പത്രോസ് കോഴി കൂകിയപ്പോൾ ഹൃദയംകൊണ്ടു കണ്ടു. ജീവിതയാത്രയിൽ കോഴിയുടെ കൂകലും ഈശോയുടെ നോട്ടവും തിരിച്ചറിയാൻ നമുക്കു കഴിയണം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.