Fr Joseph Thondiparambil – A Good Journey

Fr Joseph Thondiparambil

ചില യാത്രകള്‍ അങ്ങിനെയാണ്… നന്നായി ഒരുങ്ങി, ആഗ്രഹിക്കുന്ന ഒരു സ്ഥലത്ത് വച്ച്, ഏറ്റവും ആഗ്രഹിക്കുന്ന ഒരു ഇടത്തേക്ക് നിറമനസ്സോടെ, പൂര്‍ണ്ണ സംതൃപ്തിയോടെ ഒരു യാത്ര. വിശുദ്ധ നാട് തീര്‍ത്ഥാടനത്തിനിടെ ഈജിപ്തിലെ കെയ്റോയില്‍ വച്ച് സ്വര്‍ഗത്തിലേക്ക് യാത്രയായ ജോസഫ് തൊണ്ടിപ്പറമ്പിലച്ചന്‍റെ വിയോഗം നോവുകള്‍ക്ക്പ്പുറത്ത് ആശ്വസിക്കാന്‍ അവസരമൊരുക്കുന്നത് ഈ അര്‍ത്ഥതലത്തിലാണ്. പ്രാണനായി ഏറ്റെടുത്ത വചനത്തിനു ജീവിതം കൊണ്ടു സമ്പൂര്‍ണ്ണ സാക്ഷ്യമൊരുക്കിയ ഈ വചനോപാസകന് ഒടുവിലെ യാത്രക്ക് രക്ഷകരചരിത്രത്തിലെ പാലായനത്തിന്റെ നാട്ടില്‍ ഇടമൊരുങ്ങിയത് കര്‍മ്മഫലമാകാം.

ജോസഫച്ചന്റെ ജീവിത വഴികളിലെല്ലാം ദൈവീക പദ്ധതികളുടെ നിറവേറലുകള്‍ പ്രകടമാണ്. 1950 ജനുവരി 18 ന് എറണാകുളം അതിരൂപതയിലെ കിഴക്കമ്പലത്ത് തൊണ്ടിപ്പറമ്പില്‍ ദേവസ്യ-ഏലിയാമ്മ ദമ്പതികളുടെയ ഏഴുമക്കളില്‍ അഞ്ചാമനായി ജനനം. സെന്‍റ് തോമസ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. തലശ്ശേരി മൈനര്‍ സെമിനാരിയിലും പൂന പേപ്പല്‍ സെമിനാരിയിലും പരിശീലനം പൂര്‍ത്തിയാക്കി വിളവേറെയും വേലക്കാര്‍ വിരളവുമായ വയലേലകളിലേക്ക് നൂറുമേനി ഫലമൊരുക്കാനുള്ള തീഷ്ണയോടെ 1975 ഡിസംബര്‍ 31 ന് അഭി. മാര്‍ ജേക്കബ് തൂങ്കുഴി പിതാവില്‍ നിന്നും തിയതി വൈദികപട്ടം സ്വീകരണം. അഭി. പിതാവിന്‍റെ സെക്രട്ടറി, ചാന്‍സലര്‍, വികാരി, ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രൊഫസര്‍, വൈസ്റെക്ടര്‍, പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റ് …കര്‍മ്മ കര്‍മ്മ മേഖലകള്‍ ഏറെയാണ്‌…

‘വചനം നിനക്കു സമീപസ്ഥമാണ്. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട്’; റോമകാര്‍ക്കുള്ള ലേഖനത്തിന്‍റെ കരുത്തറിഞ്ഞാകണം ജോസഫച്ചന്‍ തന്റെ പഠന മേഖല തിരഞ്ഞെടുത്തതും റോമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സേക്രഡ് സ്ക്രിപ്ച്വറില്‍ ലൈസന്‍ഷ്യേറ്റും 1989-ല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയതും.

‘ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്’. (ഹെബ്രായര്‍ 4:12) പടനാനന്തരമുള്ള ദൌത്യവഴികളില്‍ തിരിച്ചറിഞ്ഞ വചനത്തിന്റെ മഹത്വം പങ്കു വക്കാനുള്ള അക്ഷീണ പ്രയത്നത്തിലായിരുന്നു ഈ വചനാധ്യാപകന്‍. വചന വിത്തുവിതക്കാന്‍ അച്ഛന് കിട്ടിയ നിലങ്ങളും കരുത്തും കാമ്പും നിറഞ്ഞ വൈവിധ്യങ്ങളുടെ ഇടങ്ങളായിരുന്നു…അനുഭവിച്ചറിഞ്ഞ വചന കാര്യങ്ങളുടെ ആഴപരപ്പുകള്‍ നവയുഗത്തിലെ പൌരോഹിത്യ-പ്രവാചക ദൌത്യങ്ങള്‍ ഔദ്യോഗികമായി ഭരമേല്‍ക്കാനൊരുങ്ങുന്ന വൈദീക വിദ്യര്‍ത്ഥികളിലേക്ക് പകര്‍ന്നു നല്‍കാനുള്ള തീക്ഷ്ണതയായിരുന്നു ഏറെ കാലത്തെ സെമിനാരി അധ്യാപന രംഗത്ത്‌ അച്ചനിന്‍ നിറഞ്ഞു നിന്നിരുന്നത്. മെത്രാന്മാര്‍, വൈദീകര്‍, സന്യസ്തര്‍, അത്മായ പ്രഘോഷകര്‍, വചനം ജീവിതമാക്കിയ വലിയൊരു ക്രൈസ്തവ അക്രൈസ്തവ ജനസമൂഹംജോസഫച്ചന്റെ വചന യാത്രയില്‍ പങ്കാളികളായ വലിയൊരു ശിഷ്യഗണമുണ്ടിന്നു.

‘വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക.’ പൌലോസ് ശ്ലീഹായുടെ വാക്കുകള്‍ക്ക് ജോസഫച്ചനും ജീവന്‍ നല്‍കുകയാരിന്നു ജീവിതത്തിന്റെ അവസാന നിമിഷം വരെ. ഔദ്ധ്യോഗിക വിരമിക്കലിന് ശേഷവും വിവിധ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറായും പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകനായും പല തലങ്ങളില്‍ വചന പ്രഭാഷകനായും കര്‍മ്മനിരതമായിരുന്നു ദിനങ്ങളെല്ലാം. വചന പങ്കുവക്കലുകള്‍ക്ക് ആധുനിക മാധ്യമതലങ്ങള്‍ പ്രത്യേകമാവിധം പ്രയോചനപെടുത്താന്‍ അച്ചന്‍ നടത്തിയ ആകര്‍ഷണീയമായ വിജയ ശ്രമങ്ങളുടെ ഉദാഹരണങ്ങളാണ് ‘വചനോപാസന’, ‘ബൈബിളിലൂടെ ഒരു തീര്‍ത്ഥാടനം’, ‘വചന വെളിച്ചം’…ഇനിയുമേറെ…
കാര്യത്തില്‍ നര്‍മ്മം ചാലിച്ചും നര്‍മത്തില്‍ അര്‍ത്ഥങ്ങള്‍ നിറച്ചും അച്ചന്‍ പകത്തു നല്‍കിയ വചന പാഠങ്ങള്‍ കരുത്തായത് ഒരു യുഗത്തിലെ തലമുറക്കാണ്, ഒരു കാലഘട്ടത്തിന്റെ സഭക്കാണ്, കാലത്തില്‍ മറക്കപ്പെടാത്ത ഒരു ചരിത്രത്തിനാണ്; …

‘അവന്റെ വചനം പാലിക്കുന്നവനില്‍ സത്യമായും ദൈവസ്‌നേഹം പൂര്‍ണത പ്രാപിച്ചിരിക്കുന്നു'(1 യോഹ 2:5) വചനാനുസൃതമായിരുന്നു ജീവിതമെല്ലാം… സഹായ മനസ്കത, കഠിനാദ്ധ്വാനം, ലളിതജീവിതം, പ്രകട സ്നേഹം, വ്യക്തി ബഹുമാനം, സമയ നിഷ്ഠ… പാണ്ഡിത്യത്തിന്‍റെ ശ്രേഷ്ടതക്കൊപ്പം കരുതലായി കാത്ത ചില പുണ്യങ്ങളാണ്…ഓര്‍ത്തു വക്കുന്ന ശിഷ്യബന്ധങ്ങളും കാത്തുവക്കുന്ന സൌഹൃദങ്ങളും പലപ്പോഴും അത്ഭുതപ്പെടുത്തുന്നവയായിരുന്നു…

കാനാനിലെ വറുതി കാലത്ത് ഇസ്രായേലിനു ആശ്വാസമായ, ഹെറോദോസിന്റെ പീഡനങ്ങളില്‍ രക്ഷകന് അഭയമൊരുക്കിയ, കോപ്ടിക് ക്രസ്തവ പാരമ്പര്യങ്ങളിലൂടെ സഭക്ക് കരുത്തൊരുക്കിയ ഇസ്രായേല്‍ ജനതയുടെയും ക്രസ്തവ ജനതയുടെയും പാരമ്പര്യമുറങ്ങുന്ന മണ്ണില്‍ 2019 മെയ് 20-ന് ബഹുമാനപ്പെട്ട ജോസഫ് തൊണ്ടിപ്പറമ്പിലച്ചന്, അതും ഒരു വിശുദ്ധ നാട് തീര്‍ഥാടന വേളയില്‍, മരണമടയനായി എന്നത് ഒരു നിമിത്തമെന്നപോലെ വേറിട്ട്‌ നില്‍ക്കുന്നു. മരണാനന്തര ജീവിതത്തില്‍ ഏറെ വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കുന്ന, നിത്യ ജീവന്റെ പ്രതീകമായ കോപ്ടിക് കുരിശു (ആന്ഖ് മാതൃകയിലുള്ള കുരിശ്‌) സഭക്ക് സംഭാവന നല്‍കിയ ഈജിപ്ത് രാജ്യത്തു നിത്യാനന്ദത്തിലേക്ക് യാത്രയാകാനായതും വചന പ്രകാരമാകണം, ‘സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്, അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു.’ മരണമടുത്തെന്നറിഞ്ഞയുടന്‍ കുമ്പസാരിക്കണമെന്നു പറഞ്ഞു പാപമോചനം തേടുകയും, നന്ദിയോടെ യാത്ര പറയുകയും ചെയ്ത അച്ചന്റെ അന്ത്യനിമിഷങ്ങള്‍ സഹയാത്രികനായ വൈദീകന്‍ സമ്മിശ്ര വികാരങ്ങളോടെ വിവരിച്ചത് മരണത്തിനു മുന്നിലെ ഒരു അനുഭവതലത്തിന്റെ വെളിപാടായിരുന്നു.
യതാര്‍ത്ഥ മാതൃകയും ഊര്‍ജസ്വലമായ പ്രചോദനവുമായി ദൈവീക പദ്ധതികള്‍ക്കൊപ്പം ചരിച്ച ഈ വചന തീര്‍ത്ഥാടകന്‍ ദൈവത്തിന്റെ വലതു ഭാഗത്ത് മാധ്യസ്ഥമാകുമ്പോള്‍ ഭൂമിയില്‍ വിതച്ച വചനവിത്തുകളെല്ലാം നൂറുമേനി ഫലമൊരുക്കട്ടെ.

ഫാ. ജോമി തോട്ട്യാന്

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s