പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍

പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍

Holy Eucharist 3

‘അവര്‍ണ്ണനീയമായ ദാനത്തിന് കര്‍ത്താവേ, അങ്ങേയ്ക്ക് നന്ദി’ (2 കൊറി.
9:15). മഹത്തരമായ വിശുദ്ധ കുര്‍ബാന എന്ന മഹാദാനത്തെ മനസ്സില്‍
ധ്യാനിച്ചുകൊണ്ട് ഏവര്‍ക്കും പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആശംസകള്‍
സ്‌നേഹപൂര്‍വ്വം നേരുന്നു.

‘ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനേകുവാനും അത് സമൃദ്ധമായി
ഉണ്ടാകുവാനുമാണ്’ (യോഹ. 10:10) എന്നുപറഞ്ഞ ജീവന്റെ ജീവനായ നാഥനെ
പ്രത്യേകമായി ഓര്‍ക്കുന്ന ദിനം. ‘ദിവ്യകാരുണ്യം ലോകത്തിന്റെ പ്രകാശവും
ജീവനുമാണ്’ എന്ന വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകള്‍
ഹൃദയത്തില്‍ ഉറപ്പിക്കേണ്ട ദിനം. ‘പരിശുദ്ധ കുര്‍ബാനയില്‍ എനിക്ക് എന്റെ
കര്‍ത്താവിനെ എന്നും സ്വീകരിക്കുവാന്‍ കഴിയുന്നു’ എന്ന് കര്‍ദ്ദിനാള്‍
ന്യൂമാന്‍ പറഞ്ഞതുപോലെ വിശുദ്ധ കുര്‍ബാനയിലെ നാഥന്‍ എന്റെ
സര്‍വ്വസ്വവുമാണെന്ന് അനുഭവിക്കേണ്ട പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍
ദിനം. ഈ അനന്തമായ സ്‌നേഹത്തിന്റെ അനുഭവം എന്റെ അനുദിന അനുഭവമാണെന്ന്
ഓര്‍മ്മിപ്പിക്കാനാണ് ഈ പ്രത്യേക തിരുനാള്‍ ദിനം കൊണ്ട്
അര്‍ത്ഥമാക്കുന്നത്.

സ്വാഭാവികമായും പെസഹാദിനത്തിലെ വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെ
സ്മരണകള്‍ മനസ്സില്‍ കടന്നുവരുന്നതോടെ എന്തിനാണ് പ്രത്യേകമായി മറ്റൊരു
ദിനം, വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനമായി ആചരിക്കുന്നതെന്ന ചിന്ത
മനസ്സില്‍ വരാനുള്ള സാധ്യതയുണ്ട്. ഇത് മനസ്സിലാക്കാന്‍ ചരിത്രപരവും
വിശ്വാസപരവുമായ ചില ഓര്‍മ്മപ്പെടുത്തലുകള്‍ സൂക്ഷിച്ചാല്‍ ഈ തിരുനാളിന്റെ
അര്‍ത്ഥം മനസ്സിലാകും.

പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത
ഒരു വ്യക്തിയാണ് ലിയോഗായിലെ വി. ജൂലിയാന (1193-1258). വിശുദ്ധ
കുര്‍ബാനയുടെ തീവ്രഭക്തയും ദിവ്യകാരുണ്യ ആരാധനയിലൂടെ ജീവിതത്തിന്റെ
ശക്തിയും ഊര്‍ജ്ജവും കണ്ടെത്തിയവളാണ് വി. ജൂലിയാന. അവള്‍ക്ക് തന്റെ
16-ാമത്തെ വയസ്സില്‍ ഒരു ദര്‍ശനവും തുടര്‍ന്ന് അതിന്റെ സന്ദേശവും
ലഭിച്ചു. വിശുദ്ധയ്ക്ക് ലഭിച്ച ദര്‍ശനത്തില്‍ ഒരു പൂര്‍ണ്ണചന്ദ്രന്റെ
രൂപവും ആ പൂര്‍ണ്ണചന്ദ്രന്റെയുള്ളില്‍ ഒരു കറുത്ത പാടും കാണപ്പെട്ടു.
വെളുത്ത് പ്രകാശിക്കുന്ന പൂര്‍ണ്ണചന്ദ്രന്‍ സഭയുടെ പ്രതീകമാണെന്നും ആ
കറുത്തപാട് സഭയില്‍, വിശുദ്ധ കുര്‍ബാനയ്ക്ക് പ്രത്യേകമായി ബഹുമാനവും
ആദരവും സ്‌നേഹവും നല്‍കുന്നതിനായി ഒരു ദിനം ഇല്ലാത്തതിന്റെ കുറവിന്റെ
സൂചനയാണെന്നും അവള്‍ക്ക് സന്ദേശം ലഭിച്ചു.

ഈ ദര്‍ശനവും സന്ദേശവും ലഭിച്ച വിവരം ആദ്യം അവള്‍ ആരോടും
പറഞ്ഞില്ലെങ്കിലും നിരന്തരമായി തുര്‍ന്നുള്ള കാലങ്ങളില്‍ പലതവണ ഇതേ
ദര്‍ശനം തുടരുകയും സന്ദേശം ലഭിക്കുകയും ചെയ്തുപോന്നു. അതിനാല്‍ ജൂലിയാന,
വിശുദ്ധ കുര്‍ബാനയ്ക്ക് ആദരവ് നല്‍കാന്‍ പ്രത്യേകമായി തിരുനാള്‍ ദിനം
തുടങ്ങാന്‍ അധികാരികളോട് ആവശ്യപ്പെട്ടു. ദര്‍ശനത്തെയും സന്ദേശത്തെയും
വിലയിരുത്തി ഇങ്ങനെയൊരു തിരുനാളിന്റെ സാധ്യതയെക്കുറിച്ചും പഠിക്കുവാനും
തീരുമാനം എടുക്കുവാനും അവര്‍ തീരുമാനിച്ചു.

പെസഹാവ്യാഴം നാം പ്രത്യേകമായി അനുസ്മരിക്കുന്നത് വിനയത്തിന്റെയും
ശുശ്രൂഷയുടെയും മാതൃകയിലേയ്ക്കും, പൗരോഹിത്യത്തിന്റെ സ്ഥാപന
ദിനത്തിലേയ്ക്കും, ഗദ്‌സമേനിലെയും കാല്‍വരിയിലെയും
ശൂന്യവത്ക്കരണത്തിലേയ്ക്കുമാണ്. അത് തീര്‍ച്ചയായും വിശുദ്ധ കുര്‍ബാനയുടെ
സ്ഥാപനത്തിലേയ്ക്കും ആഘോഷത്തിലേയ്ക്കുമാണ്. എന്നിരുന്നാലും വിശുദ്ധ
കുര്‍ബാനയെ പ്രത്യേകമായി ഓര്‍ക്കുന്നതിനും അതിലെ യേശുസാന്നിധ്യത്തെ
ആഴത്തില്‍ അറിയുന്നതിനും പ്രഘോഷിക്കുന്നതിനും ഒരു നിശ്ചിത ദിവസം വേണമെന്ന
തീരുമാനത്തിലേയ്ക്ക് അധികാരികള്‍ എത്തിച്ചേര്‍ന്നു.

ഇത്തരത്തില്‍ വിശുദ്ധ കുര്‍ബാനയുടെ ഒരു പ്രത്യേക തിരുനാള്‍
ദിനത്തെക്കുറിച്ച് വി. ജൂലിയാനയ്ക്ക് ലഭിച്ച ദര്‍ശനത്തിന്റെയും
പഠനത്തിന്റെയും വെളിച്ചത്തില്‍ ചിന്തിച്ച് തീരുമാനത്തിലേയ്ക്ക് വരുന്ന
സാഹചര്യത്തില്‍ മറ്റൊരു ദിവ്യകാരുണ്യാത്ഭുതം ഈ തിരുനാള്‍ ദിനത്തിന്റെ
ആഘോഷം തുടങ്ങുന്നതിന് കാരണമായിത്തീര്‍ന്നു. Corpus Christi തിരുനാള്‍
ആരംഭിക്കുവാന്‍ ഉര്‍ബന്‍ 4-ാമന്‍ പാപ്പയെ പ്രചോദിപ്പിച്ച ഈ അത്ഭുതം
നടന്നത് 1203-ല്‍ ഇറ്റലിയിലെ ബൊള്‍സെനയിലാണ്. ജര്‍മ്മന്‍ പുരോഹിതനായ ഫാ.
പീറ്റര്‍ ഒരു തീര്‍ത്ഥാടന മധ്യേ ഇറ്റലിയിലെ ബൊള്‍സെനയില്‍ വിശുദ്ധ
കുര്‍ബാന അര്‍പ്പിക്കവെ, ഓസ്തി മാംസമാവുകയും ഓസ്തിയില്‍ നിന്നും രക്തം
പൊടിയുകയും ചെയ്തു. ഈ സംഭവവും പഠനവിധേയമാ ക്കിയതിനു ശേഷം
ദിവ്യകാരുണ്യാത്ഭുതമായി പ്രഖ്യാപിക്കുകയും ചെയ്തു.

അങ്ങനെ, വി. ജൂലിയാനയുടെ ദര്‍ശനങ്ങള്‍ക്കും ബൊള്‍സെനയിലെ
ദിവ്യകാരുണ്യാത്ഭുതത്തിനും ശേഷം 1264 ആഗസ്റ്റ് 11-ാം തീയതി ഉര്‍ബന്‍
4-ാമന്‍ മാര്‍പാപ്പ ‘ട്രാന്‍സിത്തൂറാസ് ദേ ഹോക് മുന്തോ’ (Transituras de
hoc mundo) എന്ന പേപ്പല്‍ ബുള്‍ വഴി വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍
Corpus Christi – പ്രഖ്യാപിക്കുകയും ചെയ്തു. ഈ തിരുനാള്‍ Corpus Domini
എന്ന പേരിലും അറിയപ്പെടാറുണ്ട്.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിനു ശേഷം വരുന്ന വ്യാഴാഴ്ച്ചയാണ്
പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനമായി ആഘോഷിക്കുന്നത്. അത്
ഉത്ഥാനത്തിരുനാള്‍ ദിനത്തിനു ശേഷം 60-ാം ദിവസമാണ് വരിക. ഇത്രയേറെ
ചരിത്രപ്രാധാന്യവും ആത്മീയസമ്പത്തും വിശുദ്ധരുടെ ജീവിതവുമായും
ദിവ്യകാരുണ്യാത്ഭുതത്താലും സഭാപിതാക്കന്മാരുടെയും സഭയുടെയും പഠനങ്ങളാലും
രൂപപ്പെട്ട മഹത്വരമായ ഒരു തിരുനാള്‍ ദിനമാണ് പരിശുദ്ധ കുര്‍ബാനയുടെ
തിരുനാള്‍.

ആയതിനാല്‍, ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രവും ലോകത്തിന്റെ ഏറ്റവും വലിയ
ഭാഗ്യവും ആനന്ദവും വിസ്മയവുമായ പരിശുദ്ധ കുര്‍ബാനയെ നമുക്ക്
സ്‌നേഹിക്കാം, ബഹുമാനിക്കാം, ആരാധിക്കാം. കാരണം, ഇത് നമ്മുടെ ജീവന്റെ
ജീവനാണ്. ആത്മാവിന്റെ സര്‍വ്വസ്വവുമാണ്. മനുഷ്യന്റെ ബുദ്ധിയ്ക്കും
കഴിവുകള്‍ക്കും അതീതമായ വിശുദ്ധ കുര്‍ബാന എന്ന പരമരഹസ്യത്തെ നമുക്ക്
നെഞ്ചേറ്റി സ്വീകരിക്കാം. ‘യേശു ഓസ്തിയില്‍
സന്നിഹിതനല്ലായിരുന്നുവെങ്കില്‍ നമുക്ക് എന്ത് സംഭവിക്കുമായിരുന്നു!
എല്ലാത്തിന്റെയും അന്ത്യം ആ നിമിഷം സംഭവിക്കാം’ എന്ന് വി. അമ്മത്രേസ്യാ
തന്റെ ദിവ്യകാരുണ്യാനുഭവത്തില്‍ പങ്കുവയ്ക്കുന്നുണ്ട്.

അതിനാല്‍ നമുക്ക് നമ്മുടെ വിശുദ്ധ കുര്‍ബാനയുടെ അനുഭവത്തെ ധ്യാനിക്കാം.
ആദരവോടെയും സ്‌നേഹത്തോടെയും ഓര്‍ക്കേണ്ട വിശുദ്ധ കുര്‍ബാനയുടെ
മുന്നിലണയാം – അനുഭവിക്കാം – ആ അനുഭവങ്ങള്‍ക്ക് സാക്ഷ്യം നല്‍കാം.
അതിനുള്ള ഓര്‍മ്മപ്പെടുത്തലായി പരിശുദ്ധ കുര്‍ബാനയുടെ ഈ തിരുനാള്‍
ദിനത്തെ നമുക്ക് സ്വീകരിക്കാം.

റവ. ഫാ. വിന്‍സെന്റ് ഇടക്കരോട്ട് MCBS
www lifeday.in

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.