Daily Saints in Malayalam – June 19

🌺🌺🌺🌺 June 1⃣9⃣🌺🌺🌺🌺
കാമല്‍ഡോളി സഭയുടെ സ്ഥാപകനായ വിശുദ്ധ റോമുവാള്‍ഡ്
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

956-ല്‍ റാവെന്നായിലെ ഹോനെസ്റ്റി എന്ന് വിളിക്കപ്പെടുന്ന പ്രഭുക്കന്‍മാരുടെ കുടുംബത്തിലാണ് വിശുദ്ധ റോമുവാള്‍ഡ് ജനിക്കുന്നത്. ദൈവത്തിനു വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ചെറുപ്പം മുതലേ വിശുദ്ധനുണ്ടായിരുന്നു. വിശുദ്ധന് ഇരുപത് വയസ്സ് പ്രായമുള്ളപ്പോള്‍ അവന്റെ പിതാവായിരുന്ന സെര്‍ജിയൂസ് തന്റെ സ്വന്തത്തിലുള്ള ഒരാളുമായി മല്ലയുദ്ധത്തിലൂടെ തീര്‍ക്കുവാന്‍ തീരുമാനിച്ചു. ഒരു തോട്ടത്തേ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരിന്നു അത്. ഈ ക്രൂരമായ പദ്ധതി വിശുദ്ധന് ഒട്ടും ഇഷ്ടമില്ലായിരുന്നു വെങ്കിലും പൈതൃകസ്വത്തിലുള്ള അവകാശം നഷ്ടപ്പെടും എന്ന കാരണത്താല്‍ വിശുദ്ധ ഈ യുദ്ധത്തിനു സാക്ഷ്യം വഹിച്ചു. സെര്‍ജിയൂസ് തന്റെ എതിരാളിയെ പരാജയപ്പെടുത്തി, എന്നാല്‍ ഇതിന് സാക്ഷ്യം വഹിക്കേണ്ടി വന്നതില്‍ പശ്ചാത്താപ വിവശനായ വിശുദ്ധന്‍ അടുത്തുള്ള ബെനഡിക്ടന്‍ ആശ്രമത്തില്‍ 14 ദിവസത്തോളം കഠിനമായ രീതിയില്‍ അനുതപിക്കുകയുണ്ടായി. അവിടത്തെ ജീവിത രീതികളും, കൂടാതെ ദൈവഭക്തനായ ഒരു അത്മായ സഹോദരന്റെ ഉപദേശവും കാരണം വിശുദ്ധന്‍ ആ ആശ്രമത്തില്‍ ചേരുവാന്‍ തീരുമാനിച്ചു.

വിശുദ്ധന്റെ പിതാവ് ശക്തമായി എതിര്‍ത്തുവെങ്കിലും അവസാനം വിശുദ്ധന് അനുവാദം ലഭിച്ചു. ഏതാണ്ട് ഏഴു വര്‍ഷത്തോളം വിശുദ്ധന്‍ ഈ ഭവനത്തില്‍ വളരെയേറെ ഭക്തിയോടെ ചിലവഴിച്ചു. എന്നാല്‍ വിശുദ്ധന്റെ ജീവിതത്തില്‍ അസൂയാലുക്കളായ ചില സന്യാസിമാര്‍ വിശുദ്ധനെതിരെ ഗൂഡാലോചന നടത്തി. അതിന്റെ ഫലമായി വിശുദ്ധന്‍ അവിടത്തെ ആശ്രമാധിപന്റെ അനുവാദത്തോടെ ആ ആശ്രമം ഉപേക്ഷിച്ച് വെനീസിന്റെ സമീപപ്രദേശത്ത് എത്തുകയും ദിവ്യനായ മാരിനൂസ് എന്ന സന്യാസിയുടെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഈ ഗുരുവിന്റെ കീഴില്‍ റോമുവാള്‍ഡ് ആത്മീയമായി ഒരുപാടു പുരോഗതി പ്രാപിച്ചു.

പീറ്റര്‍ ഉര്‍സ്യോളിയായിരുന്നു അപ്പോള്‍ വെനീസിലെ മുഖ്യ ന്യായാധിപന്‍. അദ്ദേഹത്തിനു മുന്‍പ് ആ പദവി വഹിച്ചിരിന്ന കാന്‍ഡിയാനോ വധിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ ഗൂഡാലോചനയുടെ ഫലമായിട്ടാണെന്ന് പരക്കെ സംസാരം ഉണ്ടായിരുന്നു. വെനീസിലെ ചരിത്രകാരന്മാര്‍ ഇത് നിഷേധിക്കുന്നുവെങ്കിലും ഈ കൊലപാതകം ഉര്‍സ്യോളയുടെ പരമാധികാരത്തിനു സഹായകമായി. എന്നിരുന്നാലും അദ്ദേഹം സ്വന്തം മനസാക്ഷിയാല്‍ നിരന്തരം വേട്ടയാടപ്പെട്ടു. അതിനാല്‍ അദ്ദേഹം വിശുദ്ധ ഗ്വാരിനൂസിനോടും വിശുദ്ധ മാരിനൂസിനോടും, വിശുദ്ധ റോമുവാള്‍ഡിനോടും അദ്ദേഹം ഉപദേശങ്ങള്‍ ആരാഞ്ഞിരുന്നു. സന്യാസ ജീവിതമായിരുന്നു ഇവര്‍ അദ്ദേഹത്തിന് ഉപദേശിച്ചത്. അദ്ദേഹം അതിനു സമ്മതിക്കുകയും ചെയ്തു.

മാരിനൂസും, റോമുവാള്‍ഡും കുസാന് സമീപത്തുള്ള ഒരു മരുഭൂമിയിലേക്ക് പോയി അവിടെ സന്യാസജീവിതം നയിച്ചു, ക്രമേണ അവരെ കാണുവാന്‍ വരുന്ന ആളുകളുടെ എണ്ണം കൂടി. വിശുദ്ധ റോമുവാള്‍ഡ് ആയിരുന്നു അവിടത്തെ ആശ്രമാധികാരി. അവിടെ കഠിനമായ ഉപവാസവും, പ്രാര്‍ത്ഥനയും വിശുദ്ധന്റെ ജീവിതത്തിന്റെ ഭാഗമായി. പ്രാര്‍ത്ഥനയോട് ഒരു അസാധാരണമായ ഇഷ്ടം വിശുദ്ധനുണ്ടായിരുന്നു. ക്രമേണ ഉര്‍സ്യോളിയും തന്റെ ആശ്രമം വിശുദ്ധ റോമുവാള്‍ഡിന്റെ മരുഭൂമിയിലേക്ക് മാറ്റുകയും വിശുദ്ധന്റെ ഉപദേശമനുസരിച്ച് ജീവിക്കുകയും ചെയ്തു.

ലൗകീക ജീവിതം ഉപേക്ഷിച്ചതു മുതല്‍ വിശുദ്ധന് നിരവധി തവണ സാത്താന്റെ പലരീതികളിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ രാത്രിമുഴുവനും നീണ്ട പ്രാര്‍ത്ഥനയാല്‍ വിശുദ്ധന്‍ സാത്താന്റെ പരീക്ഷണങ്ങളെ നേരിട്ടു. അഞ്ചു വര്‍ഷത്തോളം നീണ്ട ആന്തരിക മനക്ഷോഭങ്ങളും, സാത്താന്റെ പരീക്ഷണങ്ങളും അതിജീവിച്ചത് വിശുദ്ധന്റെ ഹൃദയത്തെ വിശുദ്ധീകരിക്കുകയും തന്റെ ദൈവനിയോഗം നിറവേറ്റുന്നതിനു വിശുദ്ധനെ തയ്യാറാക്കുകയും ചെയ്തു. ആ പ്രദേശത്തെ പ്രഭുവായിരുന്ന ഒലിവര്‍ ഒരു ദുര്‍മ്മാര്‍ഗ്ഗിയും, ഭൗതീകസുഖഭോഗങ്ങളില്‍ മുഴുകി ജീവിച്ചിരുന്ന വ്യക്തിയായിരിന്നു. അദ്ദേഹം വിശുദ്ധന്റെ ഉപദേശങ്ങളാല്‍ മനപരിവര്‍ത്തനത്തിന് വിധേയനാവുകയും, അനുതപിച്ച് വിശുദ്ധ ബെനഡിക്ടിന്റെ സഭയില്‍ ചേരുകയും ചെയ്തു.

ധാരാളം സ്വത്തുക്കളും അദ്ദേഹം തന്റെ കൂടെ കൊണ്ട് വന്നു. വിശുദ്ധന്റെ ജീവിത മാതൃക കണ്ട് അദ്ദേഹത്തിന്റെ പിതാവായ സെര്‍ജിയൂസ് രാവെന്നാക്ക് സമീപമുള്ള വിശുദ്ധ സെവേരിയൂസിന്റെ ആശ്രമത്തില്‍ ചേര്‍ന്നുവെങ്കിലും പ്രലോഭങ്ങള്‍ക്ക് വിധേയനായി വീണ്ടും ലൗകീക ജീവിതത്തിലേക്ക് തിരികെ വരുവാന്‍ തീരുമാനിച്ചു. തന്റെ പിതാവിനെ അതില്‍ നിന്നും വിലക്കുന്നതിനായി വിശുദ്ധന്‍ ഇറ്റലിയിലേക്ക് തിരികെ വന്നു. അവിടത്തെ ജനങ്ങള്‍ക്ക് വിശുദ്ധന്റെ ദിവ്യത്വത്തില്‍ വളരെയേറെ മതിപ്പുണ്ടാവുകയും, അദ്ദേഹത്തെ അവിടം വിട്ടു പോകുന്നതില്‍ തടയുവാന്‍ പദ്ധതിയിടുകയും ചെയ്തു.

അതിനായി അവര്‍ വിശുദ്ധനെ വധിക്കുവാന്‍ തീരുമാനിച്ചു, അങ്ങിനെയാണെങ്കില്‍ വിശുദ്ധന്റെ ശരീരം തങ്ങളുടെ നഗരത്തെ വിനാശങ്ങളില്‍ നിന്നും രക്ഷിക്കും എന്നായിരുന്നു അവര്‍ കരുതിയിരുന്നത്. എന്നാല്‍ അവരുടെ ഈ പദ്ധതിയേ കുറിച്ചറിഞ്ഞ വിശുദ്ധന്‍ ഭ്രാന്ത്‌ അഭിനയിച്ചുകൊണ്ട് അവിടെ നിന്നും രക്ഷപ്പെട്ടു. 994-ല്‍ വിശുദ്ധന്‍ റാവെന്നായിലെത്തി അവിടെ വെച്ച് വിശുദ്ധന്‍ നിരന്തരമായ അപേക്ഷകളും, പ്രാര്‍ത്ഥനകളും വഴി തന്റെ പിതാവിന്റെ മനസ്സ് മാറ്റിയെടുത്തു. വിശുദ്ധന്റെ പിതാവ് തന്റെ അന്ത്യം വരെ അനുതാപ പരമായ ഒരു ജീവിതമായിരുന്നു പിന്നീട് നയിച്ചിരുന്നത്.

അതിനു ശേഷം വിശുദ്ധന്‍ ക്ളാസ്സിസ് എന്ന സ്ഥലത്തു പോയി ഏകാന്തവാസമാരംഭിച്ചു. ഇക്കാലയളവിലും വിശുദ്ധനെ സാത്താന്‍ പല രീതികളിലും പ്രലോഭിപ്പിക്കുകയുണ്ടായി. അധികം നാള്‍ കഴിയുന്നതിനു മുമ്പ് തന്നെ ക്ളാസ്സിസിലെ സന്യാസിമാര്‍ വിശുദ്ധനെ അവരുടെ ആശ്രമത്തിന്റെ മേലധികാരിയാക്കി. റാവെന്നായിലുണ്ടായിരുന്ന ഒത്തോ മൂന്നാമന്‍ ചക്രവര്‍ത്തിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു അത്. ചക്രവര്‍ത്തി വിശുദ്ധന്റെ ഇടുങ്ങിയ മുറിയില്‍ പോയി കാണുകയും ആ രാത്രിയില്‍ വിശുദ്ധന്റെ ലളിതമായ മെത്തയില്‍ കിടന്നുറങ്ങുകയും ചെയ്തു. എന്നാല്‍ വിശുദ്ധന്റെ കഠിനമായ ആശ്രമ രീതികളും, നിയമങ്ങളും കാരണം ആ സന്യാസിമാര്‍ അധികം താമസിയാതെ തന്നെ തങ്ങളുടെ അധികാരിയില്‍ അസന്തുഷ്ടരായി. അവരെ നന്നാക്കിയെടുക്കുവാനുള്ള വിശുദ്ധന്റെ ശ്രമങ്ങളെല്ലാം പാഴായപ്പോള്‍ വിശുദ്ധന്‍ ചക്രവര്‍ത്തിയുടെ അടുത്ത് പോയി തന്റെ പദവി ഉപേക്ഷിച്ചു.

അപ്പോള്‍ ചക്രവര്‍ത്തി ടിവോളി ആക്രമിച്ചുകൊണ്ടിരുന്ന സമയമായിരുന്നു, അവിടത്തെ ജനങ്ങള്‍ ലഹള അഴിച്ചുവിട്ടപ്പോള്‍ ചക്രവര്‍ത്തി ലഹളക്കാരുടെ നേതാവും ഒരു റോമന്‍ സെനറ്ററുമായിരുന്ന ക്രസന്റിയൂസിനെ വധിക്കുകയും അദ്ദേഹതിന്റെ ഭാര്യയെ തന്റെ അടിമയാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വിശുദ്ധന്റെ ഉപദേശത്താല്‍ അദ്ദേഹം അനുതപിക്കുകയും, തന്റെ കിരീടം ഉപേക്ഷിച്ച് ആശ്രമജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. ചക്രവര്‍ത്തിയുടെ പ്രധാനമന്ത്രിയായിരുന്ന താംന്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിശുദ്ധന്റെ ഇടപെടല്‍ നിമിത്തം സന്യാസവസ്ത്രം സ്വീകരിച്ചു. വിശുദ്ധ ബോനിഫസും വിശുദ്ധ റോമുവാള്‍ഡിന്റെ ശിക്ഷ്യഗണത്തില്‍ ഉള്‍പ്പെട്ടിരുന്നു. വിശുദ്ധ റോമുവാള്‍ഡ് അനേകം ആശ്രമങ്ങള്‍ പണികഴിപ്പിച്ചു.

പാരെന്‍സോയില്‍ അദ്ദേഹം പണികഴിപ്പിച്ച ഒരാശ്രമത്തിലായിരുന്നു വിശുദ്ധന്‍ മൂന്ന്‍ വര്‍ഷക്കാലം കഴിഞ്ഞത്. അവിടെ വെച്ച് വിശുദ്ധന് അസാധാരണ പ്രകാശത്തിലൂടെ ദൈവം പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. ഇക്കാലയളവില്‍ വിശുദ്ധന്‍ സങ്കീര്‍ത്തനങ്ങളുടെ ഒരു വ്യാഖ്യാനം തയ്യാറാക്കി. സംഭവിക്കാനിരിക്കുന്ന പല കാര്യങ്ങളും വിശുദ്ധന്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു. പോളായിലെ മെത്രാന്റെ അപേക്ഷപ്രകാരം വിശുദ്ധന്‍ തന്റെ ആശ്രമം മാറ്റുവാന്‍ തീരുമാനിച്ചു, അതിനായുള്ള കടല്‍യാത്രക്കിടക്ക് കൊടുങ്കാറ്റിനേയും, ഇളകി മറിയുന്ന കടലിനേയും വിശുദ്ധന്‍ ശാന്തമാക്കികൊണ്ട് സുരക്ഷിതനായി കാപ്പറോളയില്‍ എത്തി.

വിശുദ്ധ റോമുവാള്‍ഡ്‌ ഒരാശ്രമം പണിയുവാന്‍ കുറച്ച് സ്ഥലം നല്‍കണമെന്നപേക്ഷിച്ചുകൊണ്ട് തന്റെ ആളുകളെ മാരിനോ പ്രവിശ്യയിലെ പ്രഭുക്കന്മാരുടെ പക്കലേക്ക് അയച്ചു. വിശുദ്ധന്റെ നാമം കേട്ടമാത്രയില്‍ തന്നെ അവര്‍ വിശുദ്ധനു ഇഷ്ടപ്പെട്ട സ്ഥലം എടുത്തുകൊള്ളുവാന്‍ അനുവാദം കൊടുത്തുവെന്ന്‍ പറയപ്പെടുന്നു. കാസ്ട്രോ താഴ്വരയായിരുന്നു വിശുദ്ധന്‍ അതിനായി തിരഞ്ഞെടുത്തത്. അവിടെ വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളുടെ ഫലം അളവില്ലാത്തതായിരുന്നു. ഒരു രക്തസാക്ഷിയാകണമെന്ന അടക്കാനാവാത്ത ആഗ്രഹം വിശുദ്ധനുണ്ടായിരുന്നു. പാപ്പായുടെ അനുവാദപ്രകാരം വിശുദ്ധന്‍ സുവിശേഷ പ്രഘോഷണത്തിനായി ഹംഗറിയിലേക്ക്‌ പോയി. ഹംഗറിയില്‍ പ്രവേശിക്കുന്നതിന് മുമ്പായി വിശുദ്ധന് മാരകമായ രോഗം പിടിപ്പെട്ടു. അതിനാല്‍ അദ്ദേഹം തന്റെ ഏഴ് അനുയായികളുമായി തിരികെ വന്നു. തന്റെ മടക്ക യാത്രയ്ക്ക് മുന്‍പ് വിശുദ്ധന്‍ ജെര്‍മ്മനിയില്‍ കുറച്ച് ആശ്രമങ്ങള്‍ സ്ഥാപിച്ചു. തന്റെ സ്വന്തം സന്യാസിമാരില്‍ നിന്നും വിശുദ്ധന്റെ നേര്‍ക്ക്‌ പലപ്പോഴും വധശ്രമങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

ഇതിനിടെ വിശുദ്ധനെ പാപ്പാ റോമിലേക്ക് വിളിപ്പിച്ചു. അവിടെയെത്തിയ വിശുദ്ധന്‍ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പറയപ്പെടുന്നു. അവിടെ നിരവധി ആശ്രമങ്ങള്‍ പണിയുകയും, നിരവധിപേരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് അടുപ്പിക്കുകയും ചെയ്തു. റോമില്‍ നിന്നും തിരിച്ചു വന്ന വിശുദ്ധന്‍ സിട്രിയ മലയില്‍ കുറേക്കാലം താമസിച്ചു. ഈ കാലഘട്ടത്തില്‍ ഒരു യുവാവ്‌ സാത്താന്റെ പ്രേരണയാല്‍ വിശുദ്ധനെതിരെ അപവാദങ്ങള്‍ പറഞ്ഞുപരത്തി. അവിടത്തെ സന്യാസികള്‍ ആ ഏഷണിയില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ വിശുദ്ധ കുര്‍ബ്ബാന ചൊല്ലുന്നതില്‍ നിന്നും വിലക്കുകയും, പുറത്താക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധന്‍ ഇവയെല്ലാം വളരെയേറെ ക്ഷമയോടെ സഹിച്ചു. നിയമത്തെ അനുസരിച്ചു കൊണ്ട് ഏതാണ്ട് ആറു മാസക്കാലം അള്‍ത്താരയില്‍ പ്രവേശിക്കുക പോലും ചെയ്തില്ല.

ഏഴ് വര്‍ഷക്കാലത്തോളം വിശുദ്ധന്‍ സിട്രിയയില്‍ താമസിച്ചു. തന്റെ വാര്‍ദ്ധക്യ കാലത്തിലും വിശുദ്ധന്‍ വളരെ കഠിനമായ ആശ്രമ ചര്യകളായിരുന്നു പിന്തുടര്‍ന്നിരുന്നത്. സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ വിശുദ്ധന്‍ ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിന്റെ അനുയായികളും വിശുദ്ധനെ അനുകരിച്ചു കൊണ്ട് നഗ്നപാദരായിട്ടാണ് നടന്നിരുന്നത്. തന്റെ അനുയായികളെ അവിടെ ഒരു ആശ്രമം പണികഴിപ്പിച്ചു താമസിപ്പിച്ചതിനു ശേഷം വിശുദ്ധന്‍ ബിഫുര്‍ക്കമിലേക്ക് പോയി. ഒത്തൊ മൂന്നാമന് ശേഷം അധികാരത്തില്‍ വന്ന ഹെന്രി രണ്ടാമന്‍ ചക്രവര്‍ത്തി വിശുദ്ധനെ വളരെയേറെ ആദരവോട്ടു കൂടി തന്റെ രാജധാനിയില്‍ സ്വീകരിക്കുകയും, അമിയാറ്റൂസ് മലനിരയില്‍ ഒരാശ്രമം പണികഴിപ്പിച്ച് നല്‍കുകയും ചെയ്തു.

ടസ്കാനിയിലെ ആരെസ്സോയിലുള്ള കാമല്‍ഡോളി ആശ്രമമായിരുന്നു വിശുദ്ധന്റെ ഏറ്റവും പ്രസിദ്ധമായ ആശ്രമം. 1009-ലാണ് വിശുദ്ധന്‍ ഈ ആശ്രമം പണികഴിപ്പിക്കുന്നത്. മാല്‍ഡോളിയെന്ന ആളില്‍ നിന്നുമായിരുന്നു വിശുദ്ധന് ആ സ്ഥലം ലഭിക്കുന്നത്, അതിനാലാണ് ആ ആശ്രമം കാമല്‍ഡോളി എന്ന് വിളിക്കപ്പെട്ടത്. ഇവിടെ അദ്ദേഹം വിശുദ്ധ ബെനഡിക്ടിന്റെ ആശ്രമനിയമങ്ങളായിരുന്നു പിന്തുടര്‍ന്നിരുന്നത്. അവിടെ നിന്നും കാമല്‍ഡോളി എന്ന് വിളിക്കപ്പെടുന്ന പുതിയൊരു സന്യാസി സമൂഹം ഉടലെടുത്തു. തന്റെ സന്യാസിമാര്‍ വെളുത്ത വസ്ത്രവും ധരിച്ച് ഒരു കോവണി വഴിയായി സ്വര്‍ഗ്ഗത്തിലേക്ക്‌ പോകുന്നതായി ദര്‍ശനം ലഭിച്ച വിശുദ്ധന്‍ തന്റെ സന്യാസിമാരുടെ കറുത്ത വസ്ത്രം മാറ്റി വെളുത്ത വസ്ത്രമാക്കി.

ഈ ആശ്രമത്തില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. മരിക്കുമ്പോള്‍ വിശുദ്ധന് ഏതാണ്ട് എഴുപതു വയസ്സായിരുന്നു പ്രായം. ജൂണ്‍ 19-നായിരുന്നു വിശുദ്ധന്‍ മരണമടയുന്നത്. എന്നാല്‍ ഈ വിശുദ്ധന്റെ മുഖ്യ തിരുന്നാള്‍ ദിനമായി ക്ലമന്റ് എട്ടാമന്‍ നിശ്ചയിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ ഭൗതിക ശരീരം മാറ്റി സ്ഥാപിച്ച ദിനമായ ഫെബ്രുവരി 7നാണ്. വിശുദ്ധന്റെ മരണത്തിന് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം 1466-ല്‍ വിശുദ്ധന്റെ കല്ലറ തുറന്നപ്പോള്‍ അദ്ദേഹത്തിന്റെ ശരീരം ഒട്ടും തന്നെ അഴിയാതിരിക്കുന്നതായി കാണപ്പെട്ടു. 1480-ല്‍ വിശുദ്ധന്റെ മൃതദേഹം മോഷ്ടിക്കപ്പെടുകയും അത് നിലത്ത് പൊടിയില്‍ വീഴുകയും ചെയ്തു. അതേ അവസ്ഥയില്‍ തന്നെ അത് ഫാബ്രിയാനോയിലേക്ക്‌ മാറ്റുകയും അവിടെ ഒരു വലിയ ദേവാലയത്തില്‍ അത് അടക്കം ചെയ്യുകയും ചെയ്തു. വിശുദ്ധന്റെ ശേഷിച്ച തിരുശേഷിപ്പുകളില്‍ നിന്നും ഒരു കരം കാമല്‍ഡോളിലേക്കയച്ചു. വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ഉള്ളയിടങ്ങളില്‍ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍ കാമല്‍ഡോളി സന്യാസി സമൂഹം വിവിധ സന്യാസ സമൂഹങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്.

ഇതര വിശുദ്ധര്‍
🌺🌺🌺🌺🌺🌺

1. മേള്‍സബര്‍ഗ് ആര്‍ച്ചു ബിഷപ്പായ ബോനിഫസ്

2. അരസ്സോടസ്കനിയിലെ ഗൗദെന്‍സിയൂസ്

3. വാലിസ് ഗലീലെയായിലെ ദെയോദാത്തൂസ്

4. മിലാനിലെ ഗെര്‍വ്വസും പ്രോത്താസും
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s