ഇതുപോലൊരു കന്യാസ്ത്രിയെക്കുറിച്ച് എങ്ങും കേട്ടിട്ടുണ്ടാവില്ല!

ഇതുപോലൊരു കന്യാസ്ത്രിയെക്കുറിച്ച്
എങ്ങും കേട്ടിട്ടുണ്ടാവില്ല!

ദൈവം തൊടാത്തതായി ആരുണ്ട് ഭൂമിയില്‍?

കരംകൊണ്ട് ആദത്തെ മെനഞ്ഞ കാലം മുതല്‍ അവിടുന്ന് മനുഷ്യനെ സ്പര്‍ശിച്ചുകൊണ്ടേയിരിക്കുന്നു.

അവന്റെ കരതാരിലാണ് സൃഷ്ടി മുഴുവനും എന്ന ചിന്ത കുളിര്‍മയേകുന്നതാണ്.

ഓരോ വ്യക്തിക്കുമുണ്ടാകും ദൈവസ്പര്‍ശത്തിന്റെ വേറിട്ട കഥകള്‍ പങ്കുവയ്ക്കാന്‍.

അങ്ങനെ ഒന്നാണ് ഈ സഹോദരിയുടേത്.

അവരത് ഇങ്ങനെ പറഞ്ഞുതുടങ്ങി:

“എന്റെ പേര് സിസ്റ്റര്‍ ജിസ് മേരി എസ്.ഡി. പൂര്‍വനാമം ഗായത്രി.

അക്രൈസ്തവ കുടുംബത്തിലാണ് ജനിച്ചത്.

അച്ഛനും അമ്മയും ചേച്ചിയും അനുജനും അടങ്ങുന്നതാണെന്റെ കുടുംബം.

അന്ധവിശ്വാസങ്ങളുടെ മധ്യേയാണ് ഞാന്‍ വളര്‍ന്നുവന്നത്.

അന്നത്തെ ഞങ്ങളുടെ വിശ്വാസപ്രകാരം എനിക്ക് ജാതക ദോഷം ഉണ്ടായിരുന്നു.
അതില്‍ ശനിദശയുമുണ്ടായിരുന്നു.

കുടുംബത്തിന് ഞാന്‍ അപശകുനമായിരുന്നു. അതിനാല്‍ എന്റെ ജനനത്തോടുകൂടി ഞങ്ങളുടെ വലിയ കുടുംബത്തില്‍നിന്ന് അച്ഛനെയും അമ്മയെയും എന്നെയും വീട്ടുകാര്‍ പുറത്താക്കി.

അച്ഛനും അമ്മയ്ക്കും എന്നെ ഉപേക്ഷിച്ച് തിരിച്ച് വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞില്ല.

തല ചായ്ക്കാനിടമില്ലാത്തതിന്റെ നൊമ്പരം കുഞ്ഞുനാളില്‍ത്തന്നെ ഞങ്ങളറിഞ്ഞു.

എറണാകുളം റെയില്‍വേ സ്റ്റേഷനിലാണ് ഞങ്ങളന്ന് അന്തിയുറങ്ങിയത്.

ഞങ്ങളുടെ ദുരവസ്ഥ മനസിലാക്കിയ അച്ഛന്റെ സുഹൃത്ത് പിന്നീട് അവരുടെ ഭവനത്തില്‍ അഭയം തന്നു.

തുടര്‍ന്ന് ഗാന്ധിനഗര്‍ കോളനിയില്‍ ചെറിയൊരു വീട് ലഭിച്ചു.

അങ്ങനെ കോളനിയുടെ ഇടനാഴികകളില്‍ ഞാന്‍ പിച്ചവച്ചു തുടങ്ങി.

ഉപേക്ഷിക്കപ്പെട്ടതിന്റെ നൊമ്പരം കനല്‍പോലെ എന്നില്‍ എരിഞ്ഞുകൊണ്ടിരുന്നു.

എല്ലാവരോടും എല്ലാത്തിനോടും എനിക്ക് വെറുപ്പും ദേഷ്യവുമായിരുന്നു.

ആരോടും സംസാരിക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു.

സ്‌കൂളില്‍ അവസാന ബഞ്ച് സ്വന്തം.
വീട്ടില്‍ ഒരു ഇരുണ്ട മുറിയുടെ മൂലയും.

എന്റെ അമ്മ എന്നെക്കുറിച്ച് പറഞ്ഞിരുന്നത് ഞാനൊരു മൃഗമായിരുന്നു എന്നാണ്.

സത്യം, അങ്ങനെതന്നെയായിരുന്നു. ചിരിക്കാനറിയില്ല, കരയാനറിയില്ല, ആരോടും ഇടപെടാനറിയില്ല.

ആര്‍ക്കോ വേണ്ടി സ്‌കൂളില്‍ പോകും. ഒന്നോ രണ്ടോ വിഷയങ്ങള്‍ക്ക് ജയിക്കും, അത്രമാത്രം.

ഓരോ ദിവസം കഴിയുംതോറും ഞാന്‍ കൂടുതല്‍ വെറുപ്പോടുകൂടി വളര്‍ന്നുവന്നു.

എന്റെ സ്വഭാവരീതികള്‍ കണ്ട് അച്ഛനും അമ്മയ്ക്കും ഞാന്‍ വഴിതെറ്റി പോകുമോ എന്ന ഭയവുമുണ്ടായിരുന്നു.

അതിനാല്‍ കോളനിയില്‍നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ താമസം മാറ്റി.

നാടോടികളെപ്പോലെ വര്‍ഷംതോറും ഞങ്ങള്‍ വീടുകള്‍ മാറി.

പലയിടങ്ങളിലായി ഞാന്‍ പഠിച്ചു. പലയിടങ്ങളിലായി വളര്‍ന്നു.

അങ്ങനെ പതിനാലാം വയസില്‍ ഞങ്ങള്‍ ഇടപ്പിള്ളിയില്‍ എത്തിച്ചേര്‍ന്നു.

എന്റെ ജീവിതത്തിന്റെ പുതിയ അധ്യായം തുടങ്ങിയ ഇടം.

ഇടപ്പിള്ളിയിലെ വീടിനടുത്ത് ക്രിസ്തീയ കുടുംബങ്ങള്‍ ഉണ്ടായിരുന്നു.

അതില്‍ ഒരു വീട്ടില്‍ എല്ലാ ദിവസവും കരിസ്മാറ്റിക് പ്രാര്‍ത്ഥന ഉണ്ടായിരുന്നു.

അവരുടെ സ്വരമുയര്‍ത്തിയുള്ള സ്തുതിയും പ്രാര്‍ത്ഥനകളും എന്റെ കാതുകള്‍ക്ക് അരോചകമായിരുന്നു.

രണ്ടാഴ്ച ഞാന്‍ സഹിച്ചു. ഒരു ദിവസം അവര്‍ പ്രാര്‍ത്ഥിക്കുന്ന സമയത്ത് അവിടെ ചെന്ന് ഞാന്‍ ബഹളമുണ്ടാക്കി.

നിങ്ങളുടെ ഉച്ചത്തിലുള്ള പ്രാര്‍ത്ഥന കാരണം ഞങ്ങള്‍ക്ക് ശല്യമാണെന്ന് പറഞ്ഞു.

ഇത്ര ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചാലേ നിങ്ങളുടെ ദൈവത്തിന് കേള്‍ക്കാന്‍ കഴിയുകയുള്ളോ എന്നു ഞാൻ ചോദിച്ചു.

അവര്‍ പറഞ്ഞു, “നീ പോയി ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഒരു ധ്യാനം കൂടുക. എന്നിട്ടും നിനക്ക് ഞങ്ങളുടെ പ്രാര്‍ത്ഥന ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഞങ്ങള്‍ പ്രാര്‍ത്ഥന നിര്‍ത്താം.”

അതൊരു വെല്ലുവിളിയായി എടുത്ത് ഞാന്‍ ഡിവൈനില്‍ പോകാന്‍ തീരുമാനിച്ചു.

എന്റെ സ്വഭാവത്തിന് എങ്ങനെയെങ്കിലും മാറ്റം വരട്ടെയെന്നു കരുതി മാതാപിതാക്കള്‍ സമ്മതം മൂളി.

ധ്യാനത്തില്‍ ആദ്യമൂന്നു ദിവസം സമയാസമയം ഭക്ഷണം കഴിച്ച് സുഖമായി കിടന്നുറങ്ങി.

എനിക്ക് വചനത്തെക്കുറിച്ചോ ദിവ്യകാരുണ്യത്തെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു.

അറിയാന്‍ താല്‍പര്യവുമില്ലായിരുന്നു. മൂന്നാമത്തെ ദിവസം ധ്യാനഹാളില്‍ ഞാനിരുന്ന് ഉറങ്ങുകയായിരുന്നു.

ദിവ്യകാരുണ്യം അവിടെ എഴുന്നള്ളിച്ചുവച്ചിരുന്നു. ഒരു സ്വരം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു.

ചുറ്റിനും നോക്കിയപ്പോള്‍ കുറച്ചുപേര്‍ കരയുന്നു, പാട്ടു പാടുന്നു, നൃത്തം ചെയ്യുന്നു.

എനിക്ക് വല്ലാത്ത അരിശം വന്നു.
ഞാന്‍ അവിടെ നിന്നെഴുന്നേറ്റ് മുറിയിലേക്ക് പോയി.

ഉറങ്ങാന്‍ കഴിഞ്ഞില്ല.
വീണ്ടും ധ്യാനഹാളില്‍ വന്നു.

അവിടെ കണ്ണടച്ചിരുന്നപ്പോള്‍ ക്രിസ്തുവിന്റെ പീഡാനുഭവചിത്രം എന്റെ മനസിലേക്ക് കടന്നുവന്നു.

അവന്‍ കുരിശില്‍ മരിക്കുന്നതും ഞാന്‍ കണ്ടു. മരിച്ച ദൈവത്തിന് എങ്ങനെ മനുഷ്യരെ രക്ഷിക്കാന്‍ സാധിക്കുമെന്നായിരുന്നു എന്റെ ചിന്ത.

അപ്പോള്‍ അവന്റെ മുറിവുകളേറ്റ ശരീരം എനിക്ക് കൂടുതല്‍ ദൃശ്യമായി.

മുറിവുകളില്‍നിന്നും ഒഴുകുന്ന രക്തത്തുള്ളികള്‍ കണ്ടു. കഴിഞ്ഞ 15 വര്‍ഷക്കാലത്തെ എന്റെ ജീവിതം മുഴുവനും എനിക്കവന്‍ കാണിച്ചുതന്നു.

ഞാന്‍ വാവിട്ട് നിലവിളിച്ചു.
ഈ നിലവിളിക്കിടയില്‍ എന്റെ കഴുത്തില്‍ സാത്താന്‍ സേവയുമായി ബന്ധപ്പെട്ട് ജപിച്ചുകെട്ടിയിരുന്ന ഏലസ് പൊട്ടി താഴെ വീണു.

ഞാനും സ്തുതിച്ചുകൊണ്ട് നിലത്തുവീണു.

ഞാന്‍ ഏറെ നേരം തപ്പിയെങ്കിലും ആ ഏലസ് എനിക്ക് കിട്ടിയില്ല.

എന്നിലെന്തോ മാറ്റങ്ങള്‍ സംഭവിച്ചതായി ഞാനറിഞ്ഞു.

പിറ്റേദിവസം മുതല്‍ വചനം ആഗ്രഹത്തോടുകൂടി ശ്രവിച്ചു.

ഭാഷാവരം നല്‍കി എന്നെ അവിടുന്നനുഗ്രഹിച്ചു.

ജീവിതത്തില്‍ ആദ്യമായി കരയുവാനുള്ള കൃപ എനിക്ക് ലഭിച്ചു.

‘ഗായത്രി നീ എന്റെ സ്വന്തമാണ്. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു’ ഈ സ്വരം ഞാന്‍ കേട്ടു.

ക്രിസ്തു എന്നെ സ്‌നേഹിക്കുന്ന ദൈവമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

അവനെ രക്ഷകനായി സ്വീകരിക്കാനും ആ തീരുമാനത്തില്‍നിന്ന് പിന്മാറാതിരിക്കാനുമുള്ള കൃപയ്ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു.

ഒരു കുരിശും ബൈബിളുമായി ഞാന്‍ ഡിവൈനില്‍നിന്ന് വീട്ടിലേക്ക് തിരിച്ചു.

പുതിയ വിശ്വാസവും തീരുമാനങ്ങളുമായി വന്ന എന്നെ വീട്ടുകാര്‍ എതിര്‍ത്തു.

ഞാന്‍ എതിര്‍ത്തു സംസാരിച്ച പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പിന്നീട് ഞാനൊരു അംഗമായി.

എന്റെ ജീവിതത്തില്‍ പുതിയ വെളിച്ചം ലഭിച്ചു.

ചിരിക്കാനും സ്‌നേഹിക്കാനും കരുണ കാണിക്കാനും മറ്റുള്ളവരോട് പെരുമാറുവാനും ഞാന്‍ പഠിച്ചു.

ഒന്നും പ്രാര്‍ത്ഥിക്കാനറിയാത്ത ഞാന്‍ എന്റെ മുറിയിലെ ക്രൂശിതരൂപം നോക്കിയിരുന്നു.

അപ്പോള്‍ ഡിവൈനില്‍വച്ച് കേട്ട ആ സ്വരം ഞാന്‍ വീണ്ടും ശ്രവിച്ചു: ‘ഗായത്രി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ സ്വന്തമാണ്.’

ഒറ്റപ്പെട്ട്, തിരസ്‌കരിക്കപ്പെട്ട എന്റെ ജീവിതത്തില്‍ എന്നെ അറിയുന്ന, സ്‌നേഹിക്കുന്ന ദൈവമുണ്ടെന്ന് ഞാന്‍ ആഴത്തില്‍ വിശ്വസിച്ചു.

ഞാന്‍ ഈശോയോട് ചോദിച്ചു: ‘ഞാന്‍ എന്താണ് നിന്നെ വിളിക്കേണ്ടത്?’

ചോദ്യത്തിനുള്ള ഉത്തരമായി ഞാനവനൊരു പേരിട്ടു ‘വല്യേട്ടന്‍.’

ഹാഗാര്‍ മരുഭൂമിയില്‍ ദൈവത്തെ എല്‍റോയ് എന്നു വിളിച്ചതുപോലെ. അവന്‍ എന്റെ കൂടെ സഞ്ചരിക്കുന്നതായും ഭക്ഷണം കഴിക്കുന്നതായും സംസാരിക്കുന്നതായും എനിക്കനുഭവപ്പെട്ടു.

മൂന്നു വര്‍ഷങ്ങള്‍കൂടി അങ്ങനെ കഴിഞ്ഞു.

എനിക്ക് പതിനെട്ടു വയസായി. വികാരിയച്ചനോട് എനിക്ക് മാമോദീസ തരണമെന്നാവശ്യപ്പെട്ടു.

എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ മാമോദീസ സ്വീകരിക്കുന്നത് എന്നെഴുതിക്കൊടുത്തു.

2002 മാര്‍ച്ച് 31-ന് ഈസ്റ്റര്‍ ദിവസം ഞാന്‍ മാമോദീസ മുങ്ങി കത്തോലിക്കയായി.

എന്റെ മാമോദീസയ്ക്ക് ഈശോ എന്നെ സ്വന്തമാക്കുന്നതു കാണാന്‍ എന്നോടുള്ള സ്‌നേഹം മുഖേന അമ്മയും വന്നിരുന്നു.

ക്രിസ്തു എന്നെ സ്വന്തമാക്കിയതിലൂടെ എനിക്ക് പുതിയ നാമം ലഭിച്ചു – ജിസ് മേരി.

മൂന്നു മാസങ്ങള്‍ക്കുശേഷം ആദ്യകുര്‍ബാനയും സ്ഥൈര്യലേപനവും സ്വീകരിച്ചു.

എന്റെ ജീവിതം പാവപ്പെട്ടവര്‍ക്കുവേണ്ടിയും ക്രിസ്തുവിനുവേണ്ടിയും പൂര്‍ണമായി സമര്‍പ്പിക്കണമെന്ന ആഗ്രഹം ഏറിവന്നു.

അതിനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗം സന്യാസമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

പക്ഷേ ഏതു സഭയില്‍ ചേരും, ആരാണ് എന്നെ മഠത്തില്‍ എടുക്കുക?

ഞാന്‍ ഈശോയോട് ചോദിച്ചു.

ഒരു ദിവസം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ അഗതികളുടെ സന്യാസസമൂഹത്തിന്റെ എംബ്ലം എനിക്ക് ഈശോ കാണിച്ചുതന്നു.

അങ്ങനെ ഞാന്‍ മഠത്തില്‍ പോകാനൊരുങ്ങി.

അധികാരികളുമായി സംസാരിച്ചു.

അവരെന്നെ സ്വീകരിക്കാന്‍ തയാറായി.

അമ്മ പറഞ്ഞു: ”15 വയസുവരെ നീയൊരു മൃഗമായിരുന്നു. നിന്നെ ഒരു മനുഷ്യസ്ത്രീയാക്കി മാറ്റിയത് നീ വിശ്വസിക്കുന്ന നിന്റെ കര്‍ത്താവാണ്. ഞാന്‍ നിന്നെ തടയുന്നില്ല. എവിടെ പോയാലും നിനക്ക് നല്ലതു മാത്രമേ വരൂ.”

അമ്മ സമ്മതിച്ചെങ്കിലും അച്ഛന്‍ സമ്മതിച്ചില്ല. നീ പൊയ്‌ക്കോ, തിരിച്ചുവന്നാല്‍ ഞങ്ങളാരും ഇനി നിന്റെ സ്വന്തമല്ല. നീ ഇനി തനിച്ചായിരിക്കും.

ഇതുകേട്ട ഞാന്‍ ക്രൂശിതരൂപം നോക്കി പൊട്ടിക്കരഞ്ഞു.

ധൈര്യം സംഭരിച്ച് ഞാന്‍ പെട്ടിയെടുത്ത് അച്ഛന്റെ മുന്നില്‍ വന്നുനിന്ന് പറഞ്ഞു:

”അച്ഛനെക്കാളും അമ്മയെക്കാളും ഉപരിയായി ഈ ഭൂമിയില്‍ എന്നെ ആരെങ്കിലും സ്‌നേഹിക്കുന്നുണ്ടെങ്കിലും അവരെക്കാളും എനിക്ക് വിശ്വാസം എന്റെ കര്‍ത്താവിനെയാണ്. ഞാനൊരിക്കലും തിരിച്ചു വരില്ല. മരിച്ചാലും ഇനി ഞാന്‍ അവിടെയേ മരിക്കൂ.”

ഇതുകേട്ട അച്ഛന്‍ ഇരുകരങ്ങളും ശിരസില്‍വച്ച് എന്നെ അനുഗ്രഹിച്ചു.
മാത്രമല്ല, അച്ഛനും അമ്മയും ഒരുമിച്ച് എന്നെ മഠത്തില്‍ കൊണ്ടുചെന്നാക്കി;

2005 മാര്‍ച്ച് 30-ന്.
സന്യാസ സഭയില്‍ ഞാന്‍ ദൈവസ്‌നേഹം കൂടുതല്‍ അനുഭവിച്ചറിഞ്ഞു.

നിലനില്പിന്റെ വരം നല്‍കി കര്‍ത്താവെന്നെ അനുഗ്രഹിച്ചു.

വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവചരിത്രം എന്നെ ഏറെ സ്വാധീനിച്ചു.

ഞങ്ങളുടെ സ്ഥാപക പിതാവായ ദൈവദാസന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്റെ ജീവിതവും പാവപ്പെട്ടവരോടുള്ള അച്ചന്റെ സമീപനവും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

2009 ഒക്‌ടോബര്‍ പത്തിന് ഞാന്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി. അതിന് രണ്ടുമാസംമുമ്പ് എന്റെ മാതാപിതാക്കളും സഹോദരനും മാമോദീസ സ്വീകരിച്ചു.

ഞാന്‍ സിസ്റ്ററായി രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം എന്റെ അമ്മ കാന്‍സര്‍ രോഗിയായി.
എന്റെ അമ്മയ്ക്ക് നല്ല മരണം ലഭിച്ചു.

അന്നാളില്‍ സ്വന്തം വീടില്ലാത്തതിനാല്‍ അമ്മയുടെ മൃതദേഹം എവിടെ സംസ്‌കരിക്കുമെന്ന ചിന്തയിലായിരുന്നു.

അവസാനം ഞങ്ങളുടെ സന്യാസസഭയുടെ സെമിത്തേരിയില്‍ അടക്കം ചെയ്യാമെന്ന് ജനറാളമ്മ സമ്മതിച്ചു.

എന്റെ മൃതശരീരം അടക്കം ചെയ്യേണ്ട മണ്ണില്‍, എന്റെ അമ്മയുടെ ശരീരം അടക്കം ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാനേറെ കൃതാര്‍ത്ഥയാണ്.

ദൈവത്തിന്റെ പദ്ധതികള്‍ ഓര്‍ത്ത് എന്റെ മിഴികള്‍ നിറഞ്ഞു.
ഇന്ന് വിശ്വാസത്തിലേക്ക് വരുന്നവരോട് എനിക്ക് പറയാനുള്ളത് ഭൗതികമായ നേട്ടങ്ങള്‍ക്കുവേണ്ടി ക്രിസ്തീയ വിശ്വാസം സ്വീകരിക്കരുത് എന്നാണ്. ക്രിസ്തുവിന്റെ കൂടെ അവന്‍ ചുമക്കാന്‍ ആഗ്രഹിക്കുന്ന കുരിശെടുത്ത് അനുധാവനം ചെയ്യേണ്ടവനാണ് ക്രിസ്ത്യാനി.
അങ്ങനെയുള്ളവനുമാത്രമേ ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് ആര്‍ക്കെന്നെ വേര്‍പെടുത്താന്‍ കഴിയും (റോമാ 8:35) എന്ന് പൗലോസ് ശ്ലീഹായെപ്പോലെ ചോദിക്കാന്‍ കഴിയുകയുള്ളൂ.

ഗായത്രിയില്‍നിന്നും സിസ്റ്റര്‍ ജിസ് മേരിയിലേക്കുള്ള യാത്ര അത്ര എളുപ്പമല്ലായിരുന്നുവെന്ന് ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നു.

വിശ്വാസം സ്വീകരിച്ചവര്‍ പലരും അല്പ വിശ്വാസികളായും വിശ്വസമില്ലാത്ത ക്രിസ്ത്യാനികളായും ജീവിക്കുന്ന കാലഘട്ടത്തില്‍ സിസ്റ്ററിനെപ്പോലുള്ളവരുടെ ജീവിതാനുഭവം നമ്മെ കൂടുതല്‍ ക്രിസ്തുവിലേക്കടുപ്പിക്കണം.
(ഫാ. ജെന്‍സണ്‍ ലാസലെറ്റ് )

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.