പരീക്ഷയ്ക്ക് കഷ്ടിച്ച് മൂന്നാഴ്ച്ചയൊള്ളൂ…
സ്റ്റഡി ലീവ് തുടങ്ങി.
കണ്ടമാനം പഠിക്കാനുമുണ്ട്. ആറോളം വിഷയങ്ങളിൽ ഒരെണ്ണമാണ് ഏറ്റവും ടഫ്.
അതിനാണെങ്കിൽ നല്ലൊരു നോട്ട് പോലുമില്ല. നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തതൊക്കെയാണ് പലരും അത് പഠിക്കുന്നത്. എന്റെ കയ്യിൽ സീനിയർ ചേട്ടൻ തന്ന ഒരു ബുക്ക് ഉണ്ടായിരുന്നു. കണ്ടാൽ എത്ര സെറ്റപ്പൊന്നുമില്ലാത്ത സിമ്പിൾ ടെക്സ്റ്റ്. ഞാൻ പഠിക്കാൻ അതിനെയാണ് ആശ്രയിച്ചത്.
പരീക്ഷയായി…
ക്വസ്റ്റ്യൻ പേപ്പർ കയ്യിൽ കിട്ടിയപ്പോൾ ഞാനൊന്നു ഞെട്ടി എന്റെ സഹോദരങ്ങളെ !!!
ഞാൻ പഠിച്ച ടെക്സ്റ്റ് ബുക്കിലെ പല കാര്യങ്ങളും അതുപോലെതന്നെ ചോദിച്ചിരിക്കുന്നു.
എക്സാം കഴിഞ്ഞു പുറത്തുവന്നപ്പോൾ പരീക്ഷയെഴുതിയ പലരും വ്യസനിച്ചു നിൽക്കുന്നു. ഞാനാണെങ്കിൽ ഫുൾ ഹാപ്പി.
എക്സാം കഴിഞ്ഞ് ഹോസ്റ്റലിൽ ചെല്ലുമ്പോൾ കഴിഞ്ഞ പരീക്ഷയെ കുറിച്ചുള്ള അവലോകനയോഗം നടക്കുകയാണ്. ഡൗൺലോഡ് ചെയ്തെടുത്ത നോട്ടുകളും പേപ്പർ കെട്ടുകളുമെല്ലാം ഒരു മൂലയ്ക്കു ഇട്ടിരിക്കുന്നു.
അന്നേരം ഞാൻ പഠിച്ച ആ ചെറിയ സിമ്പിൾ ടെക്സ്റ്റ് കാണിച്ചുകൊടുത്തു. അതുകണ്ടപ്പോൾ ഒപ്പമുള്ളവർ ചോദിച്ചു; “എന്റെ സഹോദരാ നീ എന്താടാ ഇതേക്കുറിച്ച് മുൻപ് പറയാതിരുന്നത്?” ഇതുണ്ടായിരുന്നെങ്കിൽ എല്ലാവരും ഇത് പഠിക്കില്ലായിരുന്നോ?
ഇതിപ്പോ അറിഞ്ഞുമില്ല, ആരുമൊട്ടു പറഞ്ഞുമില്ല !”
പരീക്ഷയിലെ ഫുൾ ക്വസ്റ്റിനും ഇതിൽ നിന്നാണല്ലോ?
സാരമില്ല സപ്ലി എഴുതാനെങ്കിലും ഇത് നീ താ…
സുഹൃത്തുക്കളെ ഇതുപോലെയായിരിക്കും യേശുക്രിസ്തുവിനെ കുറിച്ച് മറ്റുള്ളവരോട് പറയാതിരിക്കുന്ന നാം ഓരോരുത്തരുടെയും അവസ്ഥ !
ഞാൻ മാത്രം പാസായാൽ പോരാ, നമ്മുടെ വീട്ടുകാരും കൂട്ടുകാരും ഞാൻ സ്നേഹിക്കുന്ന സകലരും നിത്യജീവന്റെ പരീക്ഷ പാസ്സാകണമെങ്കിൽ നമ്മുടെ കൈയിലുള്ള സത്യരക്ഷയെക്കുറിച്ച് നാം പരീക്ഷയ്ക്കു മുൻപേ പറയണം. കാരണം, ‘വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്.’
മരണമെന്ന പ്രധാന പരീക്ഷയ്ക്കുശേഷം ആരും ഇങ്ങനെ ചോദിക്കാൻ ഇടവരരുത് !
“നമ്മൾ ഒരുമിച്ചു നടന്നപ്പോൾ എന്തുകൊണ്ട് നീ യേശുവിനെക്കുറിച്ചു എന്നോടുപറഞ്ഞില്ല? ”
” എന്തൊക്കെ നാം സംസാരിച്ചു? തർക്കിച്ചു? എന്തുകൊണ്ട് ഇത് മാത്രം നീ ഞങ്ങളോടു പറഞ്ഞില്ല? ”
” ഒരു തവണയെങ്കിലും നിനക്ക് യേശുവിനെക്കുറിച്ച് എന്നോടു പറയാമായിരുന്നില്ലേ, ഞാൻ
വിശ്വസിക്കുമായിരുന്നില്ലേ? ”
സഹോദരങ്ങളെ, യേശുവെന്ന ഈ ഷുവർ ക്വസ്റ്റിനെക്കുറിച്ചു പറയുവാനുള്ള എത്രയെത്ര അവസരങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്?
യേശുവിനെക്കുറിച്ചു പറയാമായിരുന്ന എത്രയെത്ര അവസരങ്ങളാണ് നാം പാഴാക്കി കളഞ്ഞത്?
ഇതു ലഭിക്കുവാൻ അർഹതയുള്ള എത്രയനവധി ആളുകളെയാണ് നാം ദിനംപ്രതി കണ്ടുമുട്ടുന്നത്?
എന്താ? എന്തുകൊണ്ടാ പറയാതിരുന്നത്? ഇതുവരെ എന്തുകൊണ്ട് നാം പറഞ്ഞില്ല !?
ഭൂമിയിൽ ചെയ്യാവുന്ന ഏറ്റവും വലിയ കാരുണ്യപ്രവർത്തി മറ്റെന്തെങ്കിലും ആണോ? ഇതുതന്നെയല്ലേ?
ഏറ്റവും മൂല്യമേറിയ സമ്മാനം വേറെന്തെങ്കിലുമുണ്ടോ? യേശു തന്നെയല്ലേ?
തിരിച്ചറിയാം സുഹൃത്തുക്കളെ ! നമ്മുടെ നാണവും സ്വാർത്ഥതയും ഈഗോയും മാറ്റിവെച്ച് നമുക്ക് അധരം തുറന്നു പറയാം,
– യേശുവാണ് രക്ഷ ! യേശുവിലാണ് രക്ഷ !!!
“മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും.
മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.”
[വി. മത്തായി 10:32-33]
✍️ അഗസ്റ്റിൻ കൊടയ്ക്കൽ
Categories: Uncategorized