Pularvettom 197 Fr Bobby Jose Kattikadu

*പുലർവെട്ടം 197*

മനസ്സിനെ ഏറോപ്ലെയിൻ മോഡിൽ ഇട്ട് കേൾക്കുന്നു എന്ന് നടിച്ച് വെറുതെ തലയാട്ടി ഇരിക്കുന്നവരേക്കാൾ ഒരുപക്ഷേ, ഒരാളെ സഹായിക്കാൻ പോകുന്നത് ആത്മഭാഷണങ്ങളായിരിക്കാം- Self-talk.

അപരനോടുള്ള ഭാഷണങ്ങളേക്കാൾ ആത്മവാദങ്ങൾ പ്രയോജനം ചെയ്തേക്കുമെന്നുള്ള സങ്കല്പത്തിലാണ് Self-talk എന്ന പദം മനഃശാസ്ത്രത്തിൽ പ്രസക്തമാകുന്നത്. ഏതൊക്കെയോ രീതിയിൽ എല്ലാവരും അതിൽ ഏർപ്പെടുന്നുണ്ട്. മറ്റാരും കേൾക്കാനില്ലാത്തതുകൊണ്ട് എരുത്തിലെ പശുക്കളോട് അമ്മ സംസാരിച്ചുകൊണ്ടേയിരുന്നു എന്നൊരു കവി എഴുതുമ്പോഴും അത് ആത്മഭാഷണത്തിന്റെ നേർപ്പിച്ച രൂപമാണ്. സ്വന്തം പേരു പറഞ്ഞ് സംസാരിക്കുന്ന കുട്ടികളുടെ ശീലത്തിലും അതിന്റെ നിഴൽ വീണിട്ടുണ്ട്. അവനവനോടു തന്നെ മിണ്ടിക്കൊണ്ടിരിക്കുന്ന ഒരാൾ പൈത്യക്കാരനെന്ന് ചിലപ്പോൾ വിശേഷിപ്പിക്കപ്പെട്ടേക്കാം. അയാൾ അനുഭവിക്കുന്ന സാന്ത്വനത്തേക്കാൾ മൂല്യമുള്ളതല്ല അയാൾ നേരിടുന്ന പരിഹാസം. ഡോ. ഷാഡ് ഹെംസ്റ്റെറ്ററുടെ ‘What to Say When You Talk to Your Self’ ആയിരിക്കണം സെൽഫ് റ്റോക്കിന്റെ സാധ്യതകളേക്കുറിച്ചുള്ള ആദ്യഗ്രന്ഥം.

പവിത്രമെന്ന് കരുതാവുന്ന നേരത്തും ഇടങ്ങളിലും അവനവനോടുതന്നെ മിണ്ടിത്തുടങ്ങുകയും കേൾക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രീതിയായിട്ടുപോലും പ്രാർത്ഥനയെ ഗണിക്കാവുന്നതാണ്. അതിനു മുന്നൊരുക്കമായി പുറംലോകത്തേക്കുള്ള വാതിൽ തഴുതിടണമെന്ന് യേശു പറഞ്ഞിട്ടുണ്ട്. തീരത്തെ വീടുകളിൽ ചിലതിൽ ഇപ്പോൾപ്പോലും വാതിലുകളില്ല. രണ്ടു സഹസ്രാബ്ദങ്ങൾക്കു മുൻപ് അവരുടെ ജീവിതം ഇന്നത്തേതിനേക്കാൾ ഭേദമായിരിക്കാൻ തരമില്ലല്ലോ. അപ്പോൾ ഇന്ദ്രിയങ്ങളെ കൊട്ടിയടയ്ക്കണമെന്നു സാരം. ഏതൊരു തെരുവിലും ഒരാൾ അങ്ങനെയാണ് ബുദ്ധനാവുന്നത്. ഒന്നു കണ്ണു പൂട്ടിയാൽ ശരീരം പർണ്ണശാലയാകുന്നു. തിരക്കുള്ള ഒരു ബസ്സിൽ പോലും അതു സാധ്യമാണ്- ഹെഡ്‌സെറ്റിൽ നിന്ന് കുട്ടികൾ പാട്ടു കേൾക്കുന്നതുപോലെ.

പിന്നെയാണ് അകത്തേക്ക് പ്രവേശിക്കേണ്ടത്. അകത്തൊരാളുണ്ട്; ക്വാളിറ്റി സെൽഫ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരാൾ. പഠിച്ചതും വായിച്ചതും കേട്ടറിഞ്ഞതും പാരമ്പര്യങ്ങളിൽ കൈമാറിക്കിട്ടിയതുമൊക്കെയായി രൂപപ്പെടുത്തിയ, പ്രകാശമുള്ള, ഭാസുരബോധത്തിന്റെ ഒരിടം. അതിനോടാണ് ഓരോരോ കാര്യങ്ങൾ ചോദിച്ചറിയേണ്ടത്. അതിലാണ് ഓരോന്നും ഉരച്ചുനോക്കേണ്ടത്. അതിന്റെ മർമരങ്ങളാണ് ചുവടുകളായി മാറേണ്ടത്. ചുരുക്കത്തിൽ അവനവനോടുതന്നെ പറഞ്ഞും തിരുത്തിയും മിനുക്കിയും മുന്നോട്ടുപോകേണ്ട തുടങ്ങുന്ന ആത്മധ്യാനമാണ് പ്രാർത്ഥന. അതിനേക്കാൾ നിങ്ങളെ ശ്രദ്ധാപൂർവം കേൾക്കുന്ന മറ്റൊരാളില്ല. ഏതൊരു കുത്തൊഴുക്കിലും അതിനേക്കാൾ ദിശ കാട്ടുന്ന വേറൊരു കോമ്പസുമില്ല. നോക്കൂ, ഒരിക്കൽ ആരവങ്ങൾ മാത്രം മുഴങ്ങിയിരുന്ന ഈ കടൽതീരത്ത് മനുഷ്യർ ധ്യാനലീനരായി ഇരിക്കുന്നത്. വല കെട്ടുന്ന ചെറുപ്പക്കാർ, കട്ടമരം തള്ളി നീക്കുന്ന കുട്ടികൾ, മീൻ വിൽക്കുന്ന അമ്മമാർ എല്ലാവരും തങ്ങളുടെ ജാലകപ്പാളികൾ വലിച്ചടച്ച് എത്രയോ ഏകാഗ്രമായിങ്ങനെ.

സ്വന്തം ധർമ്മത്തിൽ സ്ത്രീകളെ ചേർക്കുന്നതിനു മുന്നോടിയായി ബുദ്ധ ആവശ്യപ്പെട്ടത് നഗരത്തിലെ ഒരു കരുവാന്റെ പുത്രിയെ കൊണ്ടുവരാനായിരുന്നു. അവളിൽ അങ്ങ് എന്തിത്ര പ്രത്യേകത കണ്ടുവെന്ന് ശിഷ്യർ ആരായുമ്പോൾ ബുദ്ധ പറഞ്ഞു, “ഞാനതു കണ്ടിട്ടുണ്ട്, കഴിഞ്ഞ ദിവസം തെരുവിലൂടെ ഒരു രാജകീയപ്രദക്ഷിണം പോവുകയായിരുന്നു; ആനയും വാദ്യഘോഷങ്ങളും ചമയങ്ങളും ഒക്കെയായി തെരുവു കവിഞ്ഞ്. അതൊന്നുമറിയാതെ, തലയുയർത്താതെ ആലയിൽ അവളൊരു അസ്ത്രം കൂർപ്പിക്കുകയായിരുന്നു. അത്രമേൽ മുഗ്ദ്ധയായി!”

“അറിവിലുമേറിയറിഞ്ഞീടുന്നവൻ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണുവണങ്ങിയോതിടേണം. ”
(ആത്മോപദേശശതകം/ശ്രീനാരായണഗുരു)
*ബോബി ജോസ് കട്ടികാട്*

Leave a comment