പ്രേമവും വിവാഹവും Love and Marriage

*പ്രേമവും വിവാഹവും – വാലൻൈറൻസ് ഡേ സ്പെഷ്യൽ*

എന്റെ കൗമാരകാലഘട്ടത്തിൻെറ അവസാനം ഞാൻ ചെന്നെത്തിയത് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. വിദ്യാർത്ഥിയായാണ്. ആ സമയത്തുതന്നെ അവിടുത്തെ ജീസസ് യൂത്ത് പ്രയർഗ്രൂപ്പിൻെറ ഭാഗമായി മാറി. അവിടെ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് യുവതിയുവാക്കന്മാരുടെ ആരോഗ്യകരമായ ഇടപെടലുകളാണ്. ഈശോയുടെ നാമത്തിൽ ഒരുമിച്ചുകൂടി പ്രാർഥിക്കുന്ന, സ്വാർത്ഥതയില്ലാതെ സഹോദരതുല്യം സ്നേഹിക്കുന്ന ജീസസ് യൂത്ത്.
എങ്കിലും, ചിലപ്പോഴൊക്കെ പ്രാർഥനയുടെ പേരിൽ വന്ന് പ്രേമിച്ചുപോയ ചിലരെയും കാണാനിടയായി. അന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചുറപ്പിച്ച കാര്യമാണ് ജീവിതത്തിൽ വിവാഹം കഴിക്കുകയാണെങ്കിൽ ഒരിക്കലും പ്രേമിച്ചായിരിക്കില്ല എന്നുള്ളത്.

*കൗമാരം*

ഈ കാലഘട്ടത്തിൽ ഹോർമോണുകളുടെ പ്രവർത്തനഫലമായി ആൺ-പെൺ ആകർഷണം തോന്നുക സ്വാഭാവികമാണ്.
എന്നാൽ ഇതൊരിക്കലും പ്രേമിച്ചുനടക്കാനോ പഠനം ഉഴപ്പാനോ വേണ്ടിയുളളതല്ല. ശുദ്ധതയിൽ പരിശീലനം നേടാനുള്ള കാലഘട്ടമാണ് കൗമാരവും യൗവനവും. ഭാവിയിൽ പ്രവേശിക്കാനിരിക്കുന്ന ജീവിതാന്തസ്സിനുവേണ്ടിയുളള പ്രാർഥനയും ഒരുക്കവുമാണ് ഈ കാലയളവിൽ നടക്കേണ്ടത്.
ഞങ്ങളുടെ പ്രയർഗ്രൂപ്പിലേക്ക് പിന്നീട് വന്ന ആൺകുട്ടികളായ എന്റെ ജൂനിയേഴ്സിന് ഇക്കാര്യം പറഞ്ഞുകൊടുക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. “ജറുസലെംപുത്രിമാരേ, പാടത്തെ ചെറുകലമാനുകളുടെയും പേടമാനുകളുടെയും പേരില്‍ ഞാന്‍ കെഞ്ചുന്നു, സമയമാകുന്നതിനുമുന്‍പേ, നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തുകയോ ഇളക്കിവിടുകയോ ചെയ്യരുതേ.” ഉത്തമഗീതം 3:5.

*ജീവിതംപങ്കാളിയെ നൽകുന്ന ദൈവം*

“ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും.”
ഉല്‍പത്തി 2:18.
“അനാദിമുതലേ അവള്‍ നിനക്കായി നിശ്‌ചയിക്കപ്പെട്ടവളാണ്‌.” തോബിത്‌ 6:17
അനാദി മുതലേ ദൈവം ഒാരോരുത്തർക്കുമായി കരുതിവച്ചിരിക്കുന്ന ജീവിതപങ്കാളിയെ ലഭിക്കണമെങ്കിൽ നന്നായി പ്രാർത്ഥിച്ചൊരുങ്ങി ക്ഷമയോടെ കാത്തിരിക്കണം. എന്റെ ജീവിതപങ്കാളിയുടെ വിവാഹാലോചന വന്നപ്പോൾ ഏകദേശം മൂന്നാഴ്ചയോളം പ്രാർത്ഥിച്ചൊരുങ്ങിയതിനു ശേഷമാണ് പെണ്ണുകാണൽ ചടങ്ങിന് പോകാൻതന്നെ തീരുമാനിച്ചത്.

*ലവ് അറ്റ് ഫസ്റ്റ് സൈറ്റ്*

ഇതിന് ജീവിതയാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല. സിനിമയിൽ പറയാൻ കൊളളാം. ആവേശവും ചോരത്തിളപ്പും അനാവശ്യമായ എടുത്തുചാട്ടത്തിലേക്ക് നയിക്കും. വിവാഹം എന്നത് മരണം വരെ നിലനിൽക്കേണ്ട ബന്ധമാണ്. എന്റെ കൂടെ മരണം വരെ ജീവിക്കേണ്ട വ്യക്തിയെ ദൈവം വെളിപ്പെടുത്തിയാലല്ലാതെ ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. കത്തോലിക്കാസഭയിൽ ജീവിച്ചിരുന്ന വലിയ മിസ്റ്റിക്കുകളായ വിശുദ്ധർക്കുപോലും തങ്ങളുടെ ജീവിതാന്തസ്സും ശുശ്രൂഷാജീവിതവും വെളിപ്പെടാൻ വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നിട്ടുണ്ട്. അപ്പോഴാണ് ഇവിടെ ചില വാലൻമാർക്കും വാലികൾക്കും ഒറ്റനോട്ടത്തിൽ പിടികിട്ടിയത്. അത് ജഡത്തിൽ നിന്നു വരുന്നതാണ്, ദൈവികമല്ല.

ഇന്ന് ദാമ്പത്യ തകർച്ച നേരിടുന്ന കത്തോലിക്കാ വിവാഹങ്ങളിൽ 90% പ്രേമക്കല്യാണങ്ങൾ ആണ്. അതായത് വെറും ബാഹ്യമായ ആകർഷണം മാത്രമായിരുന്നു മാനദണ്ഡം. പ്രേമിക്കുമ്പോൾ സ്വഭാവത്തിന്റെ പോസിറ്റീവ് വശം മാത്രമേ ഇവർ വെളിപ്പെടുത്തുകയുള്ളൂ. വിവാഹത്തിനുശേഷം ഒരുമിച്ച് ജീവിക്കുമ്പോഴാണ് നെഗറ്റീവ് വശം മനസ്സിലാവുക. അപ്പോൾ ചതിച്ചു, വഞ്ചിച്ചു എന്നൊക്കെ പറയും.

*യഥാർത്ഥ സ്നേഹം*

“ദൈവം സ്നേഹമാണ്.” 1 യോഹ 4:8. സ്നേഹം തന്നെയായ ദൈവത്തിനു മാത്രമേ യഥാർത്ഥ സ്നേഹം എന്തെന്ന് നമ്മെ പഠിപ്പിക്കാൻ സാധിക്കുകയുള്ളൂ. സ്വയം ദാനമായി തീർന്നു കൊണ്ടാണ് പരിശുദ്ധ ത്രിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും പരസ്പരം സ്നേഹിക്കുന്നത്. ഈ സ്നേഹം ഒരിക്കലും തീർന്നു പോവുകയില്ല. ഈ സ്നേഹമാണ് നമ്മുടെ നിത്യമണവാളനായ, യഥാർത്ഥവാലൻൈറനായ ഈശോ കാൽവരിക്കുരിശിൽ അവസാനതുള്ളി രക്തവും ജലവും നമുക്കായി നൽകിക്കൊണ്ട് വെളിപ്പെടുത്തിയത്.

*എന്താണ് പ്രതിവിധി?*

1.മാതാപിതാക്കളുടെ വിശുദ്ധജീവിതം തന്നെയാണ് മക്കൾക്ക് ഏറ്റവും വലിയ മാതൃക. നിത്യമണവാളനായ ഈശോയ്ക്ക് ഹൃദയം കൊടുക്കാൻ കുഞ്ഞുങ്ങളെ ചെറു പ്രായത്തിൽ പഠിപ്പിക്കണം. അതാണ് ശുദ്ധതയിലുള്ള പരിശീലനത്തിൻെറ ആദ്യപടി.

2.മാതാപിതാക്കൾ
മക്കളുടെ
സ്നേഹത്തിനു വേണ്ടിയുള്ള ദാഹം തിരിച്ചറിയുകയും അവരെ സ്നേഹത്തിന്റെ ഉറവിടമായ ദൈവത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യണം.

3.കുടുംബത്തിൽ മാതാപിതാക്കൾ മക്കൾക്കാവശ്യമായ സ്നേഹവും അംഗീകാരവും അഭിനന്ദനവും പ്രോത്സാഹനവും നൽകണം. ഇതിനുവേണ്ടി മക്കൾ മറ്റാരുടെയും പുറകെ പോകാൻ ഇടയാക്കരുത്.

4.സ്കൂളിലും കോളേജിലും സംഭവിക്കുന്ന എല്ലാ കാര്യങ്ങളും, സംശയങ്ങളും, മനസ്സിന്റെ സംഘർഷങ്ങൾപോലും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം കുടുംബത്തിൽ ഉണ്ടാകണം.

5.കൗമാരത്തിലും യൗവനത്തിലും
ദൂരസ്ഥലങ്ങളിൽ പഠിപ്പിക്കാൻ വിടുമ്പോൾ പ്രേമത്തെക്കുറിച്ച് വ്യക്തമായ അവബോധം അവർക്ക് കൊടുക്കണം. ഈശോ കഴിഞ്ഞാൽ പിന്നെ ഹൃദയം കൊടുക്കേണ്ടത് ജീവിതപങ്കാളിക്കു മാത്രമാണെന്നും അത് തിരുവിവാഹം എന്ന കൂദാശ ദേവാലയത്തിൽ വച്ച് സ്വീകരിക്കുമ്പോൾ മാത്രമായിരിക്കണമെന്നുളള ബോധ്യം ചെറുപ്പത്തിലേ ലഭിക്കണം.

6.മക്കളുടെ ജീവിതാന്തസ്സ് വെളിപ്പെടാൻ മാതാപിതാക്കൾ പ്രാർത്ഥിക്കണം.കൗമാരം മുതലെങ്കിലും മക്കളും ഇതിനായി പ്രാർത്ഥിക്കണം.

7.എല്ലാദിവസവും മാതാപിതാക്കൾ മക്കളുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു പ്രാർത്ഥിക്കണം. അവർക്കുവേണ്ടി നിരന്തരം മദ്ധ്യസ്ഥപ്രാർത്ഥന നടത്തണം.

*St.Valentine – ഒരു തിരുത്ത്*

കത്തോലിക്കാസഭയിൽ ജീവിച്ചിരുന്ന, തിരുവിവാഹമെന്ന കൂദാശയുടെ പരിശുദ്ധിയും ശ്രേഷ്ഠതയും ഉയർത്തിപ്പിടിക്കാൻ രക്തസാക്ഷിയായിത്തീർന്ന വിശുദ്ധനാണ് ഫാ.വാലൻൈറൻ. ശുദ്ധത എന്ന പുണ്യത്തിൽ – വിവാഹിതർക്കും വിവാഹിതർക്കും – വളരാൻ വി.വാലൻൈൻ നമ്മെ സഹായിക്കും.
അദ്ദേഹത്തിന്റെ തിരുനാൾദിവസമായ ഫെബ്രുവരി 14 വിശുദ്ധിയിലേക്കുള്ള ഒരു തിരിച്ചുപോക്കിനുള്ള ദിവസമായി മാറട്ടെ.

Dr. Reju Varghese Kallely

Leave a comment