https://m.facebook.com/story.php?story_fbid=4434871029857094&id=100000027212328
💞രണ്ടാമൂഴം💞
” ജീവിതത്തിൽ ഞാനൊരു തെമ്മാടിയായിരുന്നു.. സ്വാർഥനായിരുന്നു… ചിലപ്പൊഴൊക്കെ ക്രൂരനായിരുന്നു…
ഒപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ളവനായിരുന്നു…നന്ദികെട്ടവനായിരുന്നു..
പക്ഷേ നിങ്ങളിൽ ഒരുപാടുപേർ എനിക്ക് രണ്ടാമതൊരു അവസരം തന്നു…..”
ഈ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്കാര്‍ വാങ്ങിയിട്ട് ആ വേദിയിൽ വാക്കീൻ ഫീനിക്സ് പറഞ്ഞ വാക്കുകളാണ്…
തെറ്റുകളിലേക്ക് വഴുതിപ്പോയ ജോക്കർ എന്ന വില്ലനെ അവതരിപ്പിച്ചതിനാണ് ആ അവാർഡെന്നതും ഓർക്കണം…
ചില രണ്ടാമൂഴങ്ങൾ നമുക്കെപ്പോഴും ആവശ്യമാണ്…ആരൊക്കെയോ നീട്ടിത്തരുന്ന ചില വൈക്കോൽത്തുമ്പുകൾ…
ഒന്ന് തിരിഞ്ഞു നടക്കാൻ… ഇടറിപ്പോയിടത്തു നിന്നു ഒന്ന് മാറി നടക്കാൻ… പാളിപ്പോയത് ഒന്നൂടി ഒന്ന് നേരെയാക്കാൻ….
അവനൊന്നും നേരെയാവില്ല എന്ന വാക്കുകളേക്കാൾ “അതൊന്നും കൊഴപ്പല്യടാ ഒന്നൂടി നോക്കാം” എന്ന വാക്കുകൾ തിരിച്ചു നടത്തിയ ജീവിതങ്ങളാണ് കൂടുതൽ..
അങ്ങനെയാണ് പറവയിലെ ഇച്ചാപ്പിയും മായടീച്ചറും കൂട്ടുകാരാവുന്നത്… ബാക്കിയെല്ലാവരും ജയിച്ചു പോയിട്ടും ആ ക്ലാസ്സില്‍ ഇച്ചാപ്പി മാത്രം തോറ്റുപോവുന്നു.. കരഞ്ഞു കൊണ്ട് നിന്ന ഇച്ചാപ്പിയെ അരികിലേക്ക് വിളിച്ചീട്ട് മായ ടീച്ചർ പറയുന്നുണ്ട് “എന്തിനാ ഇച്ചാപ്പിയെ കരയുന്നേ? ഈ ക്ലാസില്‍ ഒരു കൊല്ലം കൂടി ഇരിക്കേണ്ടി വന്നതോണ്ടോ? ഞാനീ ക്ലാസ്സില്‍ തന്നെ ഏഴു കൊല്ലായീടാ.. അപ്പൊ എന്റെ കാര്യം ഇച്ചാപ്പി ഒന്നാലോചിച്ചു നോക്കിയേ… വിഷമിക്കണ്ടാട്ടൊ… എല്ലാ വിഷയത്തിനും പഠിക്കാൻ ഞാൻ സഹായിക്കാട്ടോ…” അപ്പോഴവന്റെ കരച്ചില് മാറുന്നുണ്ട്… ക്ലാസ്സിലേക്ക് കയറിവന്ന പുതിയ കുട്ടികളോട് മായ ടീച്ചർ പറഞ്ഞു തുടങ്ങുന്നതും അങ്ങിനെയാണ്.. “ഇനി മുതൽ ഇച്ചാപ്പിയായിരിക്കും നിങ്ങളുടെ ക്‌ളാസ് ലീഡർ” ഒന്നുമല്ലാതായിപ്പോവനെ കോരിയെടുത്ത് ഉച്ചിയില്‍ നിർത്തപ്പെട്ടവന്റെ കണ്ണിലെ തിളക്കമുണ്ടാവുന്നുണ്ട് പിന്നെയാ കുഞ്ഞില്‍…
ദാ കണ്ടില്ലേ…. പലയാവര്‍ത്തി തള്ളിപ്പറഞ്ഞ കൂട്ടുകാരനോട് നീ എന്നെ സ്നേഹിക്കുന്നില്ലേടാ എന്ന് വീണ്ടും ചോദിച്ചീട്ട് ചേർത്തു പിടിക്കുന്ന ക്രിസ്തുവിനെ… നേതൃനിരയുടെ താക്കോൽക്കൂട്ടം ഏല്പിച്ചുകൊടുക്കുന്നതും അവനെയാണെന്നതും ഓർക്കണം… ആ വരികളെക്കുറിച്ചു പറയുമ്പോ ഓർമ്മയിലുണ്ട് ഇടക്കെപ്പോഴോ കേട്ട ആ സംസാരം… ആ താക്കോൽക്കൂട്ടം അവനായിരുന്നില്ലത്രേ കിട്ടണ്ടേ… വേറൊരുത്തനായിരുന്നു കൂടുതൽ യോഗ്യൻ… പക്ഷെ ഒരു രണ്ടാമൂഴത്തിനു അവസരമൊരുക്കിക്കാതെ അവന്‍ കളം കാലിയാക്കി… തിരിച്ചു വന്നെങ്കിൽ സത്യമായും ക്രിസ്തു അവനെയും ചേർത്തുപിടിച്ചേനെ….
എല്ലാറ്റിനും രണ്ടാമൂഴമുണ്ട്…. നഷ്ട്ടപ്പെടുത്തിക്കളയുന്ന ജീവനൊഴികെ…
✍🏻റിന്റോ പയ്യപ്പിള്ളി ✍🏻