പരിശുദ്ധാത്മാവ് നമ്മുടെ ഗുരു, ബ്രദർ തോമസ് പോൾ

ബ്രദർ തോമസ് പോൾ ന്റെ ജ്ഞാനാഭിഷേക ധ്യാനത്തിൽ നിന്നും എഴുതിയത്:

പരിശുദ്ധാത്മാവ് നമ്മുടെ ഗുരു
——– ——– ——– ———-
https://youtu.be/WHobzIAWEeA
YouTube video no 11

Episode 12
————-

എന്നാൽ, എന്റെ നാമത്തില് പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയുംചെയ്യും.
യോഹന്നാൻ14 : 26
വചനത്തിലെയോ സുവിശേഷത്തിലെയോ എന്തെങ്കിലും ഒരു സംശയം വന്നാൽ, പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കും. ഇത് തിരിച്ചറിയുന്നത് വലിയൊരു രഹസ്യം ആണ്. നമ്മുടെ കൂടെ എല്ലാം പഠിപ്പിക്കുന്ന ഒരു ഗുരുവിനെ തന്നിരിക്കയാണെന്ന് നമുക്ക് ഒന്ന് ചിന്തിച്ചു നോക്കാം. അറിവ് പകരുന്ന ഒരാൾ, ജ്ഞാനം പകർന്നു നൽകുന്ന, ദൈവിക രഹസ്യങ്ങൾ നമുക്ക് തുറന്നു തരുന്ന ഒരാൾ. അങ്ങിനെ ഒരാൾ നമ്മുടെ കൂടെ ഉണ്ടെന്നുള്ള ഉറപ്പിൽ ആ ആളെ നമുക്ക് മുറുകെ പിടിക്കാം.
ഇപ്പോഴത്തെ സോഷ്യൽ മീഡിയായിൽ വരുന്ന ഓരോ പോസ്റ്റും കാണുമ്പോൾ, ഉടനെ ഓരോരുത്തരും പ്രതികരിക്കുകയും അവരുടേതായ ബുദ്ധിയിലും ബോധ്യത്തിലും ഉത്തരങ്ങളും പ്രതിവിധികളും ഒക്കെ പറയുകയും ചെയ്യും. കൃത്യമായി നമുക്ക് അത് മനസ്സിലാകും ഇത് പരിശുദ്ധാത്മാവിനോടു ആലോചിച്ചിട്ടുള്ള ഒരു ഉത്തരം അല്ല, എന്ന്. നമ്മുടെ എന്ത് പ്രശ്നത്തിനും ആദ്യത്തെ പ്രതിവിധി, പരിശുദ്ധാത്മാവിനോടു ചോദിക്കുക. എങ്ങനെയാണെന്നോ ചോദിക്കേണ്ടത്? പരിശുദ്ധാത്മാവേ എനിക്ക് ഇതിന്റെ ബോധ്യം കിട്ടിയിട്ടില്ല. അറിവ് കിട്ടിയിട്ടില്ല എന്ന് പറയണം. വലിയ സന്തോഷം ആണ് പരിശുദ്ധാത്മാവിന് നമ്മൾ ഇങ്ങിനെ ചോദിക്കുന്നത്. തുള്ളി ചാടി പറയും, ഞാൻ എത്ര ദിവസമായി ഇത് നിങ്ങളോട് പറഞ്ഞു തരുവാൻ കാത്തിരിക്കുന്നു എന്ന്.
രാവിലെ എഴുന്നേറ്റ് ആദ്യം ജ്ഞാനത്തിന് വേണ്ടി പ്രാർത്ഥിക്കണം . ബൈബിളിൽ ജ്ഞാനത്തിൻെറ പുസ്തകത്തിൽ 6,7,8,9 അധ്യായങ്ങൾ വായിച്ച് പ്രാർത്ഥിക്കണം.
ബ്രദറിന്റെ എല്ലാ ദിവസത്തെയും സ്റ്റാൻഡേർഡ് പ്രാർത്ഥന ഇങ്ങിനെ ആണ്.
അതു മനുഷ്യര്ക്ക് അക്ഷയനിധിയാണ്; ജ്ഞാനം സിദ്ധിച്ചവർ ദൈവത്തിന്റെ സൗഹൃദം നേടുന്നു; അവളുടെ പ്രബോധനം അവരെ അതിനു യോഗ്യരാക്കുന്നു.
ജ്ഞാനം 7 : 14
ജ്ഞാനം അക്ഷയ നിധിയാണ്. ഇവിടെ ദൈവത്തിന്റെ സൗഹൃദം നേടും എന്നാണ് പറയുന്നത്. അതാണ് ഒരു പ്രണയം, വാത്സല്യം എന്നൊക്കെ പറയുന്നത്.
ചിലപ്പോൾ നമ്മൾ ചോദിക്കുമ്പോൾ പറയും, നീ വിഷമിക്കണ്ട. സമയത്ത് ഞാൻ പറഞ്ഞു തരാം.
എന്താണു പറയേണ്ടതെന്ന്
ആ സമയത്തു പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും.
ലൂക്കാ 12 : 12
ഈ ഒരു ഉറപ്പ് നമുക്ക് ഉണ്ടാവണം. ഇതെല്ലാം ദൈവിക ജ്ഞാനത്തിന്റെ പ്രവർത്തനം ആണ്. നമ്മിൽ ദൈവിക രഹസ്യങ്ങൾ പരിശുദ്ധാത്മാവിലൂടെ ആണ് തുറക്കപ്പെടുന്നത്.
ലൂക്കായുടെ സുവിശേഷത്തിൽ പതിനൊന്നാം അധ്യായത്തിൽ സ്വർഗ്ഗസ്ഥനായ പിതാവേ! എന്ന പ്രാർത്ഥന പഠിപ്പിച്ചതിന് ശേഷം, അതിന്റെ കുറെ വ്യാഖ്യാനങ്ങൾ പറയുന്നുണ്ട്.
ആ വ്യാഖ്യാന പരമ്പരയിൽ ,
മക്കൾക്കു നല്ല ദാനങ്ങൾ നല്കാൻ ദുഷ്ടരായ നിങ്ങൾക്കു അറിയാമെങ്കിൽ,
സ്വർഗ്ഗസ്ഥാനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല!
ലൂക്കാ 11 : 13
ഇവിടെ പരിശുദ്ധാത്മാവ് എന്ന വ്യക്തിയെ ദാനമായി നൽകുന്നു.
ആ പരിശുദ്ധാത്മാവ് വെറും കയ്യോടെ അല്ല നമ്മിലേക്ക് വരുന്നത്. എല്ലാ ദാനങ്ങളും ആയി ആണ് വരുന്നത്. ദൈവം നമുക്ക് തരുന്നു എന്ന് പറഞ്ഞാൽ, അവിടുത്തെ സ്വഭാവം അനുസരിച്ച് ( അതായത്, പിതാവിനുള്ളത് എല്ലാം നമുക്ക് ഉള്ളതാണ്) നൽകും. ഇങ്ങിനെ നമ്മുടെ വാത്സല്യ നിധിയായ അപ്പനെ കാണണം. അങ്ങിനെ പറഞ്ഞാല്, അവിടെ അടങ്ങിയിരിക്കുന്ന എല്ലാ ജ്ഞാനവും, ദാനവും, വരങ്ങളും മുഴുവനായും നമുക്ക് നൽകും. അതിനു വേണ്ടി പ്രാർത്ഥിക്കണം, സ്വർഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ രാജ്യം വരണമേ.
യോനാ നിനെവേക്കാർക്ക് അടയാളമായിരുന്നതു
പോലെ മനുഷ്യപുത്രൻ
ഈ തലമുറയ്ക്കും അടയാളമായിരിക്കും.
ലൂക്കാ 11 : 30
ദക്ഷിണദേശത്തെ രാജ്ഞി വിധിദിനത്തിൽ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിർപ്പിക്കപ്പെടുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാൽ, സോളമന്റെ വിജ്ഞാനം ശ്രവിക്കാൻ അവൾ ഭൂമിയുടെ അതിര്ത്തിയിൽ നിന്നു വന്നു. എന്നാൽ ഇതാ, ഇവിടെ സോളമനെക്കാൾ വലിയവൻ!
ലൂക്കാ 11 : 31
കർത്താവ് ഇവിടെ പറഞ്ഞു നിർത്തി. ആരാണ് സോളമനേക്കാൾ വലിയവൻ? നമ്മുടെ ഈശോ തന്നെയാണത്. സോളമൻആണ് മനുഷ്യരിൽ ഏറ്റവും വലിയ ജ്ഞാനം ദൈവം കൊടുത്തത്. സോളമൻ ഒരു യുവാവ് ആയിരുന്നപ്പോൾ തന്നെ രാജാവായി. കർത്താവ് സോളമനോട് ചോദിച്ചു,നിനക്ക് എന്ത് വേണം? സോളമൻ ഒറ്റ കാര്യമേ പറഞ്ഞുള്ളൂ.എനിക്ക് ജ്ഞാനം തന്നാൽ മതി. അവൻ വേറെ ഒന്നും ചോദിച്ചില്ല. ദൈവം അവന് ജ്ഞാനം മാത്രമല്ല,എല്ലാം അവന് കൊടുത്തു. ഇതാണ് ജ്ഞാനത്തിന് വേണ്ടി പ്രാർത്ഥിച്ചാൽ ഉള്ള ഒരു ബോണസ്. ജ്ഞാനത്തിന്റെ കൂടെ നമുക്ക് ബാക്കി ഉള്ളതും കൂടി കിട്ടും.
നമ്മുടെ ഭൗതിക ആവശ്യങ്ങൾക്കായി ദൈവത്തിന്റെ അരികിൽ ചെല്ലുമ്പോൾ, നമ്മൾ ജ്ഞാനം ആണ് ചോദിച്ചു വാങ്ങേണ്ടത്. നമ്മൾ വിചാരിക്കും, നാം എന്തെങ്കിലും ചെയ്താൽ അല്ലേ ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുക. അല്ലേ അല്ല. നമ്മുടെ പ്രശ്നങ്ങൾ എല്ലാം തന്നെ അങ്ങു കൊടുക്കുക.
ദൈവത്തിനോട് ജ്ഞാനത്തിന് വേണ്ടി മാത്രം പ്രാർത്ഥിച്ചാൽ മതി. അപ്പോൾ ദൈവം
ആ പ്രശ്നങ്ങളിൽ ഇടപ്പെടും. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പ്രശ്നങ്ങളുടെ പരിഹാരം മനുഷ്യന്റെ ബുദ്ധിക്ക് അപ്പുറം ആണ്.
മദർ തെരേസ പറയാറുള്ളത് ഓർക്കുകയാണ്. ” All problems are from below. Solutions are from above ” നമ്മുടെ എല്ലാ പ്രശ്നങ്ങളും താഴെ നിന്നാണ് ഉണ്ടാകുന്നത്. എന്നാൽ അതിന്റെ പരിഹാരം എല്ലാം മുകളിൽ നിന്നാണ് വരുന്നത്.
നമ്മുടെ ഇടയിൽ ഒരാൾ കുറച്ച് നേരം കൂടുതൽ പ്രാർഥിക്കാൻ തുടങ്ങിയാൽ മറ്റുള്ളവർക്ക് സംശയം ആണ്. എന്തെങ്കിലും പ്രശ്നം ഇയാൾക്ക് ഉണ്ടോ എന്ന്. ഇത് നമ്മിൽ പലരും
നേരിടുന്ന ഒരു കാര്യം ആണ്.

Leave a comment