നോമ്പുകാലം ഒന്നാം ഞായർ, വചന ഭാഷ്യം

— വചന ഭാഷ്യം
അൽമായ വീക്ഷണത്തിൽ

Laymen Reflect on
Syro Malabar Sunday Mass
Scripture Reading

2020 ഫെബ്രുവരി 23

നോമ്പുകാലം
ഒന്നാം ഞായർ
മത്താ 4 : 1 – 11
പുറ 34 : 27 – 35
എഫേ 4 : 17 – 24

*ഉൾക്കരുത്തായ് മാറട്ടെ പ്രലോഭനങ്ങൾ*
🌼🌼🌼🌼🌼🌼🌼

മരിയ റാൻസം
🌸🌸🌸🌸🌸🌸🌸

ഒരു വയസ്സുകാരി അമേയ കുടൂസാണ് ഇപ്പോൾ കുടുംബത്തെ താരം. അവൾക്കായി തയ്യാറാക്കുന്ന ഭക്ഷണത്തോട് മടുപ്പ് കാട്ടുന്ന കക്ഷി പക്ഷെ , പാക്കറ്റ് ഫുഡിന്റെ കവറുകണ്ടാൽ ഉഷാറാണ് .അതിനാൽ, വേവിച്ച ചോറ് നന്നായി ഞെരടി ഐസ്ക്രീം ബൗളിൽ ആക്കിയാണ് കോരി കൊടുക്കുന്നത് . എന്തോ വിശിഷ്ട വിഭവം എന്ന മട്ടിൽ അവളത് ആസ്വദിച്ച് കഴിക്കുകയും ചെയ്യുന്നുമുണ്ട്. ഈ തട്ടിപ്പിനെകുറിച്ച് അറിയാത്ത ആരെങ്കിലും ശരിയായ ഐസ്ക്രീം അവളെ കഴിപ്പിക്കുന്നത് വരെ ഞങ്ങൾക്ക് അവളുടെ പ്രലോഭനത്തെ ഉപയോഗപ്പെടുത്താനാകും എന്നാണ് പ്രതീക്ഷ. ഭക്ഷണത്തോട് തീരെ താൽപര്യമില്ലാതിരുന്ന അമ്മച്ചി ഷുഗറും കൊളസ്ടോളും പരിധി അതിക്രമിച്ച് ഭക്ഷണം നിയന്ത്രിക്കേണ്ട ഘട്ടം വന്നശേഷം വല്ലാത്ത ആർത്തിയോടെ ഭക്ഷണം ആവശ്യപ്പെട്ടുന്ന കാഴ്ചയും കാണേണ്ടി വന്നിട്ടുണ്ട്. കാലുറക്കാത്ത കുഞ്ഞും, കിടപ്പിലായ കാരണവരും ഒരു പോലെ കടന്ന് പോകുന്ന അനുഭവമാണ് പ്രലോഭനം . നിഴൽ പോലെ മനുഷ്യനെ പിൻതുടരുന്ന പ്രലോഭനങ്ങൾക്ക് അതീതരാവാൻ ആർക്കും കഴിയില്ല. ഓരോ മനുഷ്യനും ആയിരിക്കുന്ന അവസ്ഥയ്ക്ക് ആവശ്യമായതിന്റെ അതിർത്തി ലംഘിക്കുന്നതെന്തും പ്രലോഭനമാണത്രെ.
അനുനിമിഷം വാക്കും പ്രവൃത്തിയും ചിന്തയുമായി അത് ഓരോ ജീവിതത്തിലും അനുഭവപ്പെട്ടുകൊണ്ടേയിരിക്കുന്നു എങ്കിലും പ്രലോഭനമെന്നത് ഒരു മോശം അനുഭവമാണോ? പ്രലോഭനങ്ങൾ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കിയേ , മനസ്സിന്റെ ചാഞ്ചാട്ടങ്ങളെ നിയന്ത്രിച്ച് മുന്നോട്ട് പോകുമ്പോഴല്ലേ , ജീവിതത്തിലെ ഓരോ നിമിഷവും സത്യത്തിൽ നമ്മൾ ആസ്വദിക്കുന്നത് ? സ്കൂൾ ബസ്സിൽ കയറി സ്കൂളിലെത്തി പഠിച്ച് ,ഇടവും വലവും നിൽക്കുന്ന മാതാപിതാക്കളുടെ നിർബന്ധത്താൽ മാത്രം പഠനം പൂർത്തിയാക്കുന്ന കുട്ടിയെക്കാളും ജീവിതത്തിൽ മിടുക്കനായ് തീരുക , സ്ക്കൂളിലേക്ക് തന്നെയാണോ പോകുന്നതെന്ന് പോലും അന്വേഷിക്കാൻ ആരുമില്ല എങ്കിലും സ്വന്തം ആഗ്രഹം കൊണ്ട് സ്കൂളിലെത്തി പഠനത്തോട് ആത്മാർത്ഥമായി ഉത്തരവാദിത്വം കാട്ടുന്ന കുഞ്ഞ് തന്നെയാവില്ലേ? തീരത്തെ സുരക്ഷയിൽ സുന്ദരമായി കഴിയുമ്പോഴല്ലല്ലോ, കടലിലെ കാറ്റിനെയും കോളിനെയും അതിജീവിച്ച് മുന്നേറുമ്പോഴല്ലേ കപ്പലിന്റെ കരുത്ത് തെളിയിക്കപ്പെടുന്നത്. ഇത്തരത്തിൽ ചിന്തിച്ചാൽ ഈശോയുടെ പരസ്യ ജീവിതത്തിന് മുൻപുള്ള എൻട്രൻസ് ആയിരുന്നു മരുഭൂമിയിലെ പരീക്ഷ എന്നും വായിച്ചെടുക്കാനാകുന്നുണ്ട് . തൊട്ടു മുന്നേയുള്ള അധ്യായത്തിൽ സ്നാനം സ്വീകരിച്ച ഈശോയുടെ മേൽ ആത്മാവ് വന്നിറങ്ങിയെന്നും സ്വർഗ്ഗം പ്രിയപുത്രന്നെന്ന് സാക്ഷ്യപ്പെടുത്തി എന്നും നമ്മൾ വായിക്കുന്നുണ്ട്. പിന്നീട് പിശാചിനാൽ പരീക്ഷിക്കപ്പെടാൻ യേശുവിനെ മരുഭൂമിയിലേക്ക് നയിച്ചതും ഇതേ ആത്മാവ് തന്നെയെന്ന് ഈ അധ്യായത്തിന്റെ ആമുഖം പറയുന്നു. സ്നാനം സ്വീകരിച്ചു , ഉപവസിച്ച് , ശക്തി സംഭരിച്ച ശേഷമുള്ള ഈ പരീക്ഷണം പ്രലോഭനങ്ങളെ അതിജീവിക്കാനും ഏല്പിക്കപ്പെട്ട ഉത്തരവാദിത്വം നിറവേറ്റാനും തന്റെ പുത്രൻ പാകപ്പെട്ടോ എന്ന പരീക്ഷയായിരുന്നിരിക്കാം . ഭക്ഷണങ്ങൾക്കും , ആഡംബരങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്ന അൻപത് നോമ്പിനു തുടക്കം കുറിക്കുന്ന ആഴ്ച തന്നെയാണ് ഈ വചനഭാഗമെന്നത് കൂടുതൽ അർത്ഥവത്തായി തോന്നുന്നുണ്ട്. ഇന്നത്തെ വചനഭാഗത്തു പരാമർശിക്കുന്ന ഉപവാസവും പ്രലോഭനങ്ങളെ അതിജീവിക്കലുമെല്ലാം നോമ്പിന്റെ ഭാഗമായി വരുന്നുണ്ടെങ്കിലും , അതിനെ തുടർന്ന് ലഭിക്കേണ്ട നിലനിൽപ്പിന്റെ വരം നോമ്പു നോക്കലിന്റെ ഫലമായി നമുക്ക് ലഭിക്കന്നുണ്ടോ എന്ന് ചിന്തിക്കുന്നത് നന്നാവും എന്ന് തോന്നുന്നു.

*അന്നം കൊണ്ട് മാത്രം തീർക്കാനാവാത്ത വിശപ്പുകൾ*

നീ ” ദൈവപുത്രനാണെങ്കിൽ ” എന്ന മുഖവുരയോടെയാണ് പിശാച് സംസാരിച്ച് തുടങ്ങുന്നത് .നാം എന്താണെന്ന് ഉത്തമ ബോധ്യമുള്ളവരാകുമല്ലോ പലപ്പോഴും ഇത്തരം വെല്ലുവിളി ഉയർത്തുക. ഈശോയെ ഈ വാക്ക് ഉലയ്ക്കുന്നേയില്ല എന്നാണ് വായന . ദൈവപുത്രനാണ് താൻ എന്ന് തെളിയിക്കാൻ അവിടുന്ന് ശ്രമിക്കുന്നുമില്ല.എന്നാൽ നമ്മുടെ ജീവിതങ്ങളിലാവട്ടെ ,
ഇത്തരം വെല്ലുവിളികൾ ഏറ്റെടുത്ത് തെളിയിക്കേണ്ടത് ഉത്തരവാദിത്വമായിട്ടാണ് നമ്മൾ ഏറ്റെടുക്കുന്നത് . സ്നേഹമുണ്ടെങ്കിൽ , പ്രണയമുണ്ടെങ്കിൽ എന്ന മുഖവുരയോടെയാണ് പല അരുതുകളും പുതിയ തലമുറ ആവശ്യപ്പെടുന്നതെന്ന് , തലങ്ങും വിലങ്ങും കേൾക്കുന്ന പീഡനകഥകളുടെ ആമുഖത്തിൽ നമുക്കു കാണാം. . ഈ വെല്ലുവിളികൾ തെളിയിക്കാനുള്ള ശ്രമങ്ങളാണ് നഗ്ന ഫോട്ടോയായും രഹസ്യ കൂടിക്കാഴ്ചയായുമൊക്കെ നിറവേറ്റപ്പെടുന്നത്. തെളിവുകൾ ആവശ്യപ്പെടുന്ന സ്നേഹത്തെയും പ്രണയത്തെയുമൊക്കെ അവഗണിക്കാൻ നമ്മുടെ തലമുറ ഇനിയും പ്രാപ്തമാകട്ടെ എന്നാശിക്കാം.

ജനക്കൂട്ടത്തിന്റെ വിശപ്പ് പറയാതെ അറിഞ്ഞ് ,
അഞ്ചപ്പം അയ്യായിരങ്ങൾക്ക് ആഹാരമാക്കിയ ഈശോ സ്വന്തം വിശപ്പ് അടക്കാൻ അന്നമുണ്ടാക്കാൻ ശ്രമിക്കുന്നേയില്ലല്ലോ. ഒപ്പം അപ്പമുണ്ടാക്കാൻ പ്രലോഭിപ്പിക്കുന്ന പിശാചിന് ശ്രേഷ്ഠമായ ഒരു മറുപടിയും: അപ്പം കൊണ്ട് മാത്രമല്ല ,ദൈവത്തിന്റെ നാവിൽ നിന്നുള്ള വചനങ്ങൾ കൊണ്ടും കൂടിയാണ് മനുഷ്യൻ ജീവിക്കുന്നത്.
ലവ് ജിഹാദ് വിവാദം ആടി തിമർക്കുന്ന ഈ കാലത്ത് പറയാമോ എന്നറിയില്ല. റംസാൻ നോമ്പ് കൃത്യമായി പിടിക്കുന്ന ഒരു സഹപ്രവർത്തകൻ ഉണ്ടായിരുന്നു. നോമ്പിന്റെ ആദ്യ ദിവസങ്ങളിൽ അവൻ , പലവട്ടം മുഖം കഴുകി വല്ലാത്ത ക്ഷീണത്തോടെ ജോലി ചെയ്യാനാവാതെ കുത്തിയിരിക്കും . എന്നാൽ കുറച്ച് ദിവസങ്ങൾ കഴിയുമ്പോഴേക്കും , നോമ്പിന്റെ അവശതകൾ ഒന്നും ബാധിക്കാതെ പ്രസരിപ്പോടെ ഓടി നടന്നവൻ ജോലികൾ തീർക്കുന്നത് കാണാനുമാകും. അവസാന ദിവസങ്ങളാകുമ്പോൾ ഓന്റെ മുഖത്ത് ഒരു പ്രത്യേക തേജസ്സുള്ളതു പോലെയൊക്കെ തോന്നുമായിരുന്നു. സന്ധ്യ കഴിഞ്ഞും വെളുപ്പിനും അകത്താക്കുന്ന ഭക്ഷണമാകില്ല ഈ പ്രസരിപ്പിന് കാരണം എന്നുറപ്പാണ്. കാരണം മിതമായി മാത്രം ഭക്ഷണത്തെ ക്രമപ്പെടുത്തി ദൈവത്തോടു ചേർന്ന് ജീവിക്കുന്ന വേറെയും ചില മുഖങ്ങളുടെ തേജസ്സ് ഞാൻ കണ്ടിട്ടുണ്ട്. ചില പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന — വിശപ്പോ ഭക്ഷണമോ ശരീരത്തെയും മനസ്സിനെയും ബാധിക്കാത്ത – സമയങ്ങളിലാണ് ഈശോ പിശാചിന് നൽകിയ ഈ മറുപടി നമ്മുടെ ഒക്കെ ജീവിതത്തിൽ ഏറെ പ്രസക്തമാകുന്നത്. അന്നം കൊണ്ട് മാത്രം തീർക്കാനാവാത്ത വിശപ്പുകൾ ഇല്ലാത്ത ഏത് ജീവിതമാണുള്ളത്? പോഷക സമൃദ്ധമായ ഭക്ഷണത്തേക്കാൾ ശരീരത്തിന് ഓജസ്സും ഊർജ്ജവും നൽകാൻ ദിവ്യകാരുണ്യ സന്നിധിയും, വേദപുസ്തകവും , ജപമാലയുമൊക്കെ ഉപകാരപ്പെട്ട അനുഭവങ്ങൾ നിങ്ങൾക്കും ഉണ്ടാവില്ലേ?

*പരീക്ഷണങ്ങളാകുന്ന തിരുവചനങ്ങൾ*

ദേവാലയാഗ്രത്തിൽ നിന്ന് ചാടി കഴിവു തെളിയിക്കാനുള്ള രണ്ടാമത്തെ പ്രലോഭനത്തോട് പിശാച് കൂട്ടിച്ചേർക്കുന്നു:
” അവൻ തന്റെ ദൂതൻമാർക്ക് കൽപ്പന നൽകും , നിന്നെയവർ കൈകളിൽ താങ്ങിക്കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു,” എഴുതപ്പെട്ട ദൈവവചനം തന്നെയാണ് പിശാചും ഈശോയും പറയുന്നത്. ഈശോ വചനം ഉപയോഗിച്ച് ദൈവിക പദ്ധതിയും ദൈവമഹത്യവും പ്രഘോഷിക്കുന്നു , പിശാചാകട്ടെ തന്റെ സ്വാർത്ഥ താൽപര്യത്തിന് ബലം കൂട്ടാൻ വേണ്ടി വചനത്തെ ഉപയോഗപ്പെടുത്തുന്നു.
വചനത്തിന്റെ ശക്തിയെ കുറിച്ച് ബോധ്യമുണ്ടാകുമ്പോൾ അത് വിശ്വാസത്തിൽ ആഴപ്പെടാനും , ദൈവമഹത്വത്തിന്റെ പ്രഘോഷണത്തിനും , പ്രതിസന്ധികളെ തരണം ചെയ്യാനും ഉപയുക്തമാകും. എന്നാൽ അപരന്റെ ജീവിതത്തെ സ്വന്തം ഇഷ്ടപ്രകാരം ക്രമപ്പെടുത്താനും ,
അവനെ വിധിക്കാനുമായി വചനത്തെ ഉപയോഗപ്പെടുത്തുന്നവരുടെ ഉദ്ദേശം ചിലപ്പോഴെങ്കിലും പിശാചിന്റേതിന് സമാനമായി ഇന്നും മാറുന്നുണ്ട്. വചനപ്രഘോഷണമെന്ന വലിയ ദാനത്തെ ഇപ്രകാരം ദുരുപയോഗം ചെയ്യപ്പെടുമ്പോഴാണ് നവമാധ്യമങ്ങളിൽ ചില ആൾദൈവങ്ങളെ സമൂഹം പൊങ്കാലയിട്ട് ആദരിക്കന്നത്. ഒന്നുറപ്പാണ് , ദൈവവചനം പറയുന്നവർ എല്ലാം ദൈവപുത്രരാകണം എന്നില്ല എന്ന മുന്നറിയിപ്പ് കൂടിയാവാം ഈ വചനഭാഗം.

ഇവിടെയും ഈശോ നൽകുന്ന മറുപടിയാണ് പ്രധാനം. “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് “. ഞാനെന്ന സൃഷ്ടിയിൽ എനിക്ക് യാതൊരു പങ്കുമില്ലാതിരിക്കെ , എന്റെ സ്രഷ്ടാവായ ദൈവത്തിന് എന്റെ മേലുള്ള പരിപാലനയെ പരീക്ഷിക്കാൻ എനിക്കെന്ത് അവകാശം?
80 കളുടെ തുടക്കം മുതൽ കേരള സഭയിൽ സംഭവിച്ച അമിത വൈകാരികത കലർന്ന ഭക്തി വിശ്വാസം നല്ലതായിരുന്നോ എന്ന് ചിന്തിച്ച് പോകുന്നതിവിടെയാണ്.
ജീവിതത്തിൽ അത്ഭുതകരമായി ഇടപെടുന്ന ശക്തി മാത്രമായി ദൈവത്തെ പ്രതിഷ്ഠിച്ചു തുടങ്ങിയതോടെ വലിയൊരു ദുരന്തം കൂടി സംഭവിച്ചു. ദൈവേഷ്ടത്തിന് കീഴ്പ്പെടുന്നതിനേക്കാൾ , വിശ്വാസത്തിന്റെ ശക്തിയാൽ ദൈവത്തെ സ്വന്ത ഇഷ്ടത്തിന്റെ വരുതിയിലേക്ക് ചുരുക്കാനാകും എന്ന തെറ്റിദ്ധാരണയും നമുടെ മനസ്സിലേക്ക് കടന്ന് കൂടി . അതിനുള്ള തെളിവുകളാണ് ചില പത്രക്കടലാസുകളുടെ ചാരത്തിന് പോലും സാക്ഷര കേരളം നൽകി വരുന്ന അമിത പ്രധാന്യം.

*പ്രലോഭനത്തിന്റെ ഉയർന്ന മലമുകളുകൾ*

ശേഷം പിശാച് ഈശോയെ ഉയർന്ന മലമുകളിലേക്ക് കൂട്ടികൊണ്ട് പോയി എന്നാണ് വായന. എല്ലാ രാജ്യങ്ങളെയും കാണിച്ചു കൊടുത്ത ശേഷമാണ് തന്നെ കുമ്പിട്ടരാധിക്കാൻ ആവശ്യപ്പെടുന്നത്. വിശപ്പിനുള്ള അന്നത്തിൽ തുടങ്ങിയ ഏർപ്പാടാണ്. ഒടുവിലത് രാജ്യങ്ങളെന്ന ഗംഭീര ഓഫർ വരെ എത്തി നിൽക്കുന്നു. പണ്ട് , നാട്ടിൽ സാത്താൻ സേവ ഉണ്ട് എന്ന് ജനങ്ങൾ അടക്കം പറഞ്ഞിരുന്ന ഒരു മണിമാളികയുണ്ടായിരുന്നു. വീടിനടുത്തുള്ള അമ്മാമ്മമാർ ഈ കൽക്കെട്ടിനെ ചുറ്റിപറ്റി കുറേ കഥകൾ പറയുമായിരുന്നു. ചെറിയകാലം കൊണ്ട് വന്നുചേർന്ന അമിതസ്വത്തായിരുന്നു ഈ കഥകളുടെ എല്ലാം അടിസ്ഥാനം. ഈയടുത്ത് , അതിസമ്പന്നരുടെ പട്ടികയിൽ തീരെ പ്രതീക്ഷിക്കാത്ത ഒരു ചങ്ങാതിയെ മരടിലെ ഫ്ലാറ്റുടമകളുടെ കൂട്ടത്തിൽ കണ്ടതോടെ സഹപഠന ഗ്രൂപ്പിൽ ഓൻ ബ്ലാക്ക് മാസ്സിന്റെ ആളാന്ന് സ്ഥാപിക്കാനായിരുന്നു ചിലരുടെ ശ്രമം. ഒന്നുറപ്പാണ് , ക്രമാനുഗതമല്ലാത്ത അംഗീകാരങ്ങളും സമ്പത്തും പ്രതാപങ്ങളും സാത്താന്റേതാണ് എന്ന് വിശ്വസിക്കാനാണ് അന്നും ഇന്നും നമുക്കിഷ്ടം.
തങ്ങളുടെ അനീതിക്ക് വെഞ്ചാമരം വീശി കൂടെനിൽക്കും എന്നുറപ്പുള്ളവരെ , അനർഹമായ പദവികളുടെ മലമുകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന അടവ് നയം
ഇന്നും പ്രയോഗത്തിലുണ്ട് . മതേതരത്വമെന്ന മഹത്തായ പാരമ്പര്യത്തെ
പൗരത്വബില്ലെന്ന തൊഴുത്തിലേക്ക് കെട്ടാനുള്ള വർഗ്ഗീയശ്രമത്തിന്റെ തുടക്കവും ഇതായിരുന്നല്ലോ? കുറേയധികം സേവകരെ അവരർഹിക്കുന്നതിലും കൂടുതൽ പദവികൾ നൽകി ഉയരങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോയിക്കൊണ്ടേ ഇരിക്കുന്നു. നട്ടെല്ലിന് ഉറപ്പുണ്ടെന്ന് ഇതുവരെ കരുതിയ പലരും ഇത്തരം മലമുകളിലെത്തി നിൽക്കുന്നതിനെ കുറിച്ച് , ഇളയിടം മാഷ് പറഞ്ഞു വച്ചതിതാണ് ” അനീതിയുടെ സന്ദർഭത്തിൽ നിവർന്ന് നിൽക്കുന്നതിന്റെ പേരാണ് നീതിബോധം ” .
യേശു കൽപ്പിച്ചു ,സാത്താനെ ദൂരെ പോകൂ .നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം. അവിടത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു. ആരാധിക്കേണ്ടതും പൂജിക്കേണ്ടതും ദൈവത്തിനെയാണ് എന്ന് തന്നെയാണ് നമ്മുടെയും വിശ്വാസം .പക്ഷെ ജീവിതത്തിനു മുന്നിലേക്ക് ഗംഭീര ഓഫറുകളുമായ് എത്തുന്നവരെ ഒഴിവാക്കാൻ കഴിയുന്നില്ല എന്ന് മാത്രം. കഴിഞ്ഞ ദിവസം ഒരു ഡോക്ടർ പറയുകയായിരുന്നു, കഠിനമായ ശ്വാസം മുട്ടനുഭവപ്പെടുമ്പോൾ പോലും , ഇതുവരെ ശ്വാസഗതി കൃത്യമായി നിയന്ത്രിച്ചിരുന്ന ദൈവത്തെ കുറിച്ച് നമ്മൾ ചിന്തിക്കില്ലല്ലോ? തമ്പുരാന് മുന്നിൽ താണ് വീണ് ആരാധിക്കാൻ നൂറായിരം കാരണങ്ങൾ ഉണ്ടായിട്ടും മുന്നിൽ വരുന്ന നന്മയല്ലാത്ത ചില ഓഫറുകൾക്ക് വേണ്ടി വളഞ്ഞ് പോകുന്ന നട്ടെല്ലാണ് പ്രശ്നം.

ഇന്നത്തെ വചനം അവസാനിക്കുന്നത് ഇങ്ങിനെയാണ് , അപ്പോൾ പിശാച് അവനെ വിട്ട് പോയി. ദൈവദൂതന്മാർ അടുത്ത് വന്നവനെ ശുശ്രൂഷിച്ചു. എൻട്രൻസ് വിജയിച്ചവനു ലഭിച്ച പ്രതിസമ്മാനം. പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള മനസ്സു കാട്ടുന്നവനൊക്കെ ദൈവത്തിന്റെ കൂട്ടുണ്ട്. ഈ പ്രതിസമ്മാനം നേടാനുള്ള പരിശ്രമത്തിന്റേതാവട്ടെ ഇനിയുള്ള നാളുകൾ, അത് നോമ്പിന്റെ അമ്പത് ദിനങ്ങങ്ങളായി ചുരുങ്ങാതെയുമിരിക്കട്ടെ.

ആമേൻ

………………………….
Publisher: Fr. Paul Kottackal (Sr.)
frpaulkottackal@gmail.com
http://www.homilieslaity.com

Leave a comment