St. Devasahayam Pillai | Feast – January 14

Advertisements

വി. ദേവസഹായം പിള്ള

മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്താണ് പ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം പണികഴിപ്പിച്ചത്. കൊട്ടാരം പണിയുടെ മേൽനോട്ടക്കാരനും നീലകണ്ഠസ്വാമി ക്ഷേത്രത്തിന്റെ ‘കാര്യക്കാരനു’ മായി നിയമിതനായ നീലകണ്ഠപിള്ള ധർമ്മനിഷ്ഠനും ഈശ്വരാന്വേഷിയുമായ ഒരു സാത്വികനായിരുന്നു.

1741-ലെ കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി. ഡച്ച് സൈനിക മേധാവിയായിരുന്ന ക്യാപ്റ്റൻ ഡിലനായി തടവിലാക്കപ്പെട്ടു. എന്നാൽ കർമ്മകുശലനും ധിഷണാശാലിയും സത്യസന്ധനുമായിരുന്ന ക്യാപ്റ്റൻ ഡിലനായിയുടെ സാമുദ്രിക വിജ്ഞാനവും മറ്റു കഴിവുകളും മനസിലാക്കിയ മഹാരാജാവ് അദ്ദേഹത്തെ തന്റെ അംഗരക്ഷകസേനയുടെ അധിപനാക്കി. പാശ്ചാത്യശൈലിയിലുള്ള സൈനിക പരിശീലനം, ആയുധസംഭരണം തുടങ്ങിയവയിലൂടെ തിരുവിതാംകൂർ സേനയെ ശക്തിപ്പെടുത്തിയ ഡിലനായി പത്മനാഭപുരത്തിനടുത്തുള്ള ഉദയഗിരിയിൽ ഒരു നെടുങ്കൻ കോട്ട സ്ഥാപിച്ചു.

വലിയ ക്രിസ്തു ഭക്തനായിരുന്ന അദ്ദേഹം കോട്ടയ്ക്കുള്ളിൽ തന്നെ ക്രൈസ്തവ ദേവാലയവും രാജകീയ അനുമതിയോടെ പണികഴിപ്പിച്ചിരുന്നു. സ്വന്തം നാടും നാട്ടുകാരും നഷ്ടപ്പെട്ട് ഒറ്റയ്ക്ക് ജീവിക്കേണ്ടിവന്ന ആ ഡച്ചുകാരൻ ഔദ്യോഗിക കൃത്യങ്ങൾക്കുശേഷമുള്ള സമയം മുഴുവനും പ്രാർത്ഥനയിലും വേദവായനയിലും ചിലവഴിച്ച് സ്വന്തം വേദന മറന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം തൊട്ടടുത്തുള്ള പത്മനാഭപുരം കൊട്ടാരം പണിയുടെ കാര്യക്കാരനായി നിയമിതനായ നീലകണ്ഠപിള്ളയുമായി പരിചയപ്പെടുന്നത്. അവരുടെ സൗഹൃദം വളർന്നു. ഡിലനായിയുടെ പ്രാർത്ഥനാജീവിതവും വിശുദ്ധിയും ധാർമ്മികതയും കണ്ട നീലകണ്ഠപിള്ളയ്ക്ക് യേശുവിനെക്കുറിച്ച് അറിയുവാൻ താല്പര്യമായി.

ഡിലനായി, മനുഷ്യനായിത്തീർന്ന ദൈവപുത്രൻ പാപികൾക്ക് വേണ്ടി കുരിശിൽ മരിച്ചതും മൂന്നാം ദിവസം ഉയിർത്തതുമെല്ലാം നീലകണ്ഠപിള്ളയ്ക്ക് വിശദീകരിച്ചുകൊടുത്തു. ക്രമേണ നീലകണ്ഠപിള്ളയുടെ ഹൃദയത്തിൽ ലോകരക്ഷകനായ ക്രിസ്തുവിനോടുള്ള സ്‌നേഹം വർദ്ധിച്ചുവന്നു. ഒരു ദിവസം അദ്ദേഹം ഡിലനായിയോടു പറഞ്ഞു. ”എനിക്ക് യേശുവിന്റെ സ്വന്തമാകണം.” ഡിലനായി അദ്ദേഹത്തെ തിരുനൽവേലിയിലുള്ള വടക്കൻകുളം ഗ്രാമത്തിലെ തിരുകുടുംബ ദേവാലയ വികാരി ഫാ.ബുത്താരിയുടെ പക്കലേക്കയച്ചു. അവിടെവച്ച് ജ്ഞാനപ്രകാശ്പിള്ള എന്ന ഉപദേശി ക്രൈസ്തവ മതതത്വങ്ങൾ നീലകണ്ഠപിള്ളയെ പഠിപ്പിച്ചു. പക്ഷേ ഉടനെയൊന്നും ജ്ഞാനസ്‌നാനം നൽകിയില്ല. വീണ്ടും ഏറെനാളത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ശേഷം നീലകണ്ഠപിള്ള ബുത്താരിയച്ചനാൽ ജ്ഞാനസ്‌നാനം കൈക്കൊണ്ട് ദേവസഹായംപിള്ള എന്ന പുതിയ നാമം സ്വീകരിച്ചു.

മുപ്പത്തിമൂന്നാം വയസ്സിൽ ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയായിത്തീർന്ന ദേവസഹായം പിള്ള അന്നുമുതൽ തന്നെ ക്രിസ്തുവിന്റെ വഴിയിലൂടെയുള്ള യാത്ര ആരംഭിച്ചു. നീലകണ്ഠപിള്ളയുടെ മതപരിവർത്തനം ബ്രാഹ്മണരിൽ വലിയ വെറുപ്പുളവാക്കി. രാമയ്യൻ ദളവായ്ക്ക് ഇത് രാജാവിനോടും രാജാവിന്റെ മതത്തോടുമുള്ള വെല്ലുവിളിയായി തോന്നി. ദളവാ ദേവസഹായംപിള്ളയെ വിളിച്ച് ശാസിച്ചു. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ കൊന്നുകളയും എന്നുവരെ ഭീഷണിപ്പെടുത്തി. പക്ഷേ ദേവസഹായം പിള്ള കുലുങ്ങിയില്ല. തുടർന്ന് അദ്ദേഹത്തിനെതിരായി വ്യാജ ആരോപണങ്ങളും പ്രസ്താവനകളുമായി ശത്രുക്കൾ മുന്നോട്ടുവന്നു. ബ്രാഹ്മണർ സംഘം സംഘമായി മഹാരാജാവിനെ മുഖം കാണിച്ച് സങ്കടമുണർത്തിച്ചു. ഒടുവിൽ ബ്രാഹ്മണഭക്തനായ രാജാവ് അവർക്ക് വഴങ്ങി.

ദേവസഹായംപിള്ളയെ ബന്ധിച്ച് കൊണ്ടുവരാൻ രാജഭടന്മാർ പത്മനാഭപുരത്തേക്ക് പാഞ്ഞു. അവർ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റി തടവുപുള്ളിയുടെ വസ്ത്രം ധരിപ്പിച്ച് കൊട്ടാരത്തിലേക്ക് നടത്തിക്കൊണ്ടുവന്നു. രാജാവും പരിവാരങ്ങളും ഹിന്ദുമതത്തിലേക്ക് പിൻതിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഉന്നതസ്ഥാനമാനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്തു. പക്ഷേ അവയ്‌ക്കൊന്നിനും ദേവസഹായംപിള്ളയെ യേശുക്രിസ്തുവിൽ നിന്നകറ്റുവാൻ ശക്തിയില്ലായിരുന്നു. കലിപൂണ്ട രാജാവ് വിലങ്ങുവച്ച് കൽത്തുറങ്കിലടച്ച് ദേവസഹായംപിള്ളയെ ശിക്ഷിക്കുവാൻ കല്പന നൽകി.

തടവറയിലെ ഏകാന്തതയിൽ, ഗദ്‌സെമനിയിൽ രക്തം വിയർത്ത് പ്രാർത്ഥിച്ച യേശുവിനെക്കുറിച്ചുള്ള ഓർമ്മ മാത്രമായിരുന്നു ദേവസഹായംപിള്ളയ്ക്ക് കൂട്ട്. ഏറെ നാളത്തെ തടവറവാസത്തിനുശേഷം ഒരു ദിവസം ഏതാനും ബ്രാഹ്മണരുമായി രാജാസേവകരെത്തി. ബ്രാഹ്മണർ വിഭൂതിക്കലശം തടവുപുള്ളിയുടെ നേരെ നീട്ടി. ജയിൽവാസം ദേവസഹായത്തിന്റെ മനസ് മാറ്റിയിട്ടുണ്ടാകുമെന്നാണവർ കരുതിയത്. പക്ഷേ ദേവസഹായംപിള്ള വിഭൂതിക്കലശം സ്വീകരിക്കാനോ, തന്റെ വിശ്വാസം ഉപേക്ഷിക്കാനോ തയ്യാറായില്ല. കലിതുള്ളി മടങ്ങിയ അവർ കൂടുതൽ കഠിനമായ ദണ്ഡനമുറകൾ ദേവസഹായംപിള്ളയ്ക്ക് നൽകുവാൻ കല്പന വാങ്ങി.

”കഴുത്തിൽ എരുക്കിൻ പൂമാലയിട്ട് റോഡിലൂടെ നടത്തി അപമാനിക്കുക, നാടായ നാടെല്ലാം ജനം അതു കണ്ട് ഭയചകിതരാകണം.” ഇതായിരുന്നു ആ കല്പന.

ദുസഹമായ വിശപ്പും ദാഹവും ക്ഷീണവും അപമാനവും സഹിച്ചുകൊണ്ട് എരുക്കിൻ പൂമാലയിട്ട് റോഡിലൂടെ നടന്നപ്പോഴും ദേവസഹായംപിള്ളയുടെ മുഖം പ്രസന്നമായിരുന്നു. ഇക്കാലയളവിൽ തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവർ നാടുവാഴികളാൽ പീഡിപ്പിക്കപ്പെട്ടിരുന്നു. ജനപ്രമാണികളിൽ നിന്നുള്ള മർദ്ദനം സഹിക്കവയ്യാതെ ജനങ്ങൾ പല ഗ്രാമങ്ങളിൽനിന്നും ഓടിപ്പോയി. ഈ നാളുകളിൽ തന്നെ നിന്ദ്യവും അതിഭയങ്കരവുമായ മറ്റൊരു ശിക്ഷാവിധിയ്ക്കു കൂടി ദേവസഹായംപിള്ള വിധേയനായി.

‘എരുമപ്പുറത്ത് കയറ്റിയിരുത്തി കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് അപഹാസ്യമാം വിധം ഗ്രാമനഗരവീഥികളിലൂടെ കൊണ്ടു നടക്കുക.’ ഈ ക്രൂരമായ ശിക്ഷാവിധിയിൽ നിന്നും രക്ഷപെടാൻ അദ്ദേഹത്തെ പലരും ഉപദേശിച്ചു. പക്ഷേ അദ്ദേഹം പതറിയില്ല. തനിക്കുവേണ്ടി ചാട്ടവാറടിയേറ്റ് കുരിശും ചുമന്ന് ഗാഗുൽത്തായിലേക്ക് പോയ യേശുവിന്റെ ഓർമ്മ അദ്ദേഹത്തിന് സഹിക്കുവാനുള്ള ശക്തി നൽകി. പ്രതിദിനം മുപ്പത് അടിവീതം അദ്ദേഹത്തിന് സഹിക്കേണ്ടി വന്നു. അടിയേറ്റുണ്ടായ മുറിവുകളെല്ലാം വ്രണങ്ങളായി മാറി. അവയുടെ മീതെ വീണ്ടും വീണ്ടും അടിയേൽക്കുമ്പോൾ ദേവസഹായംപിള്ള വേദനകൊണ്ടു പുളഞ്ഞു. പല പ്രാവശ്യം ഈ മുറിവുകളിലും ശരീരത്തിന്റെ നവദ്വാരങ്ങളിലും മുളകുപൊടി വിതറി പൊരിവെയിലിൽ നിറുത്തി. ദാഹിച്ചു നിലവിളിച്ചപ്പോൾ ചകിരി ചീഞ്ഞു കിടന്ന അഴുക്ക് ജലം കുടിപ്പിച്ചു. പലപ്പോഴും എരുമപ്പുറത്ത് കയറ്റിയിരുത്തി പ്രദക്ഷിണം വയ്ക്കുമ്പോൾ എരുമപ്പുറത്തുനിന്നും ഉരുണ്ട് റോഡിൽ വീഴും.

ശരീരം പൊട്ടിച്ചോരയൊലിക്കുന്ന ദേവസഹായം പിള്ളയെ ഭടന്മാർ നിർദയം വലിച്ച് വീണ്ടും എരുമപ്പുറത്ത് കയറ്റിയിരുത്തും. ശരീരത്തിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചോരത്തുള്ളികൾ എരുമയുടെ പുറത്തുകൂടി റോഡിലേക്ക് ഇറ്റിറ്റു വീഴുന്ന കാഴ്ച കണ്ട് കാണികളിൽ അനേകർ വാവിട്ടു കരയുമ്പോൾ മറ്റനേകർ കൈകൊട്ടി ചിരിക്കുമായിരുന്നു. ഇത്രയൊക്കെ പീഡനങ്ങൾ സഹിച്ചിട്ടും വെറുപ്പോ, നിരാശയോ പ്രകടിപ്പിക്കാതെ ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് സഹിച്ച അദ്ദേഹത്തിന്റെ മനോബലം കണ്ട് ഭടന്മാർ പോലും അതിശയിച്ചുപോയിട്ടുണ്ട്.

തുടർന്നുള്ള കുറേനാളുകൾ തിരുവിതാംകോട് തടവറയിലാണ് ദേവസഹായംപിള്ളയെ പാർപ്പിച്ചിരുന്നത്. അവിടെയും ദിനന്തോറുമുള്ള അടിയും മുറിവുകളിൽ മുളകുപൊടി വിതറലും തുടർന്നു. ദേവസഹായംപിള്ളയുടെ വീരോചിത സഹനം ക്രമേണ ജനങ്ങളിൽ ആദരവും ആരാധനയും പകർന്നു. അനേകർ അദ്ദേഹത്തെ കാണാനും ആശ്വസിപ്പിക്കാനും തടവറയിലെത്താൻ തുടങ്ങി. പലരുടെയും ആന്തരിക പരിവർത്തനത്തിന് ദേവസഹായംപിള്ളയുടെ സഹനം കാരണമായിത്തീർന്നു. ഇതിലൂടെ പലരും ക്രിസ്തുവിനെ അറിയുവാനും അന്വേഷിക്കുവാനും ഇടയാവുകയും ചെയ്തു.

അക്കാലത്ത് തിരുവിതാംകൂറിലെ കൊലപ്പുള്ളികളെ തൂക്കിലിട്ട് കൊന്നിരുന്നത് പെരുവിള എന്ന സ്ഥലത്തായിരുന്നു. ഇതിനുവേണ്ടി പാണ്ടിപ്പിള്ളമാരിൽ ഒരു കുടുംബത്തെ സർക്കാർ തെരഞ്ഞെടുത്ത് കരമൊഴിവായ ഭൂമിയും കെട്ടിടങ്ങളും കൊടുത്ത് അവിടെ പാർപ്പിച്ചിരുന്നു. ദേവസഹായം പിള്ളയെ അങ്ങോട്ട് കൊണ്ടുപോകുവാൻ ഭടന്മാർക്ക് ആജ്ഞ കിട്ടി. എരുമപ്പുറത്തിരുത്തി അടിച്ചും കുത്തിയും അവർ അദ്ദേഹത്തെ പെരുവിളയിലേക്ക് നയിച്ചു. അങ്ങോട്ടുള്ള വഴി ഇടയ്ക്കിടയ്ക്ക് പാറക്കെട്ടുകളും ചരൽകാടുകളും നിറഞ്ഞതായിരുന്നു. കൂടാതെ കഠിന വേനൽക്കാലവും. അത്യധികമായ ചൂടുമൂലം ഭടന്മാർ തളർന്നു. അവർ ദേവസഹായംപിള്ളയെ പുലിയൂർക്കുറിശിക്കാട്ടിലെ ഒരു പാറയിലിരുത്തിയതിനുശേഷം ദൂരെ മാറിയിരുന്ന് വിശ്രമിച്ചു.

അതികഠിനമായ ചൂടിൽ ദാഹം സഹിക്കവയ്യാതെ ഉച്ചത്തിൽ നിലവിളിച്ച അദ്ദേഹത്തിന് അടുത്തുള്ള ഒരു കുളത്തിലെ ചപ്പും ചവറും അഴുകിക്കൊഴുത്ത വെള്ളം ഭടന്മാർ കോരികൊടുത്തു. അതു കുടിച്ചിട്ടും ദാഹം തീരാതെ വീണ്ടും ജലത്തിനായി യാചിച്ച ദേവസഹായംപിള്ളയ്ക്ക് കിട്ടിയത് ക്രൂരമായ ചവിട്ടും തൊഴിയുമായിരുന്നു. മർദ്ദിച്ചു മടുത്ത ഭടന്മാർ വീണ്ടും വിശ്രമിക്കുന്നതിനായിപ്പോയി. ദേവസഹായംപിള്ളയുടെ മനസ്സ് നീറിപ്പിടഞ്ഞു. വിശപ്പും ദാഹവും കൊണ്ട് ശരീരത്തിന് ഭ്രാന്തുപിടിക്കുന്നതുപോലെ എങ്ങനെയെങ്കിലും ഒരല്പം കൂടി ജലം കിട്ടിയിരുന്നെങ്കിൽ…. ഇസ്രായേലിന് മരുഭൂമിയിൽ വച്ച് പാറ പിളർന്ന് ജലം നൽകിയ കർത്താവിനെ അദ്ദേഹം ഓർത്തു. വിലങ്ങുവച്ച തന്റെ കൈകൾ മടക്കി മുട്ടുചേർത്തുവച്ചുകൊണ്ട് അദ്ദേഹം വിശ്വാസത്തോടെ പാറയിൽ ഇടിച്ചു….. പാറയിൽനിന്ന് ഉടനെത്തന്നെ കുളിർജലപ്രവാഹം…. ദേവസഹായംപിള്ള മതിവരുവോളം വെള്ളം കുടിച്ച് ദാഹശാന്തി വരുത്തി. ഭടന്മാർ ആശ്ചര്യഭരിതരായി. സമീപപ്രദേശങ്ങളിലുള്ള ജനങ്ങളും ഈ അത്ഭുത ഉറവയുടെ വാർത്തയറിഞ്ഞു. ദേവസഹായംപിള്ള ഒരു ദൈവിക മനുഷ്യനാണെന്ന് എല്ലാവർക്കും ബോധ്യമായി. അനുഗ്രഹാശിസ്സുകൾക്കും ഉപദേശത്തിനുമായി ആ തടവുപുള്ളിയുടെ അടുത്ത് ആളുകൾ വരാൻ തുടങ്ങി. അതോടെ ഭടന്മാരുടെ പീഡനത്തിന്റെ കാഠിന്യവും കുറഞ്ഞു.

യാത്രയുടെ ഒടുവിൽ ആരുവാമൊഴിപ്പാതയുടെ അടുത്തുള്ള പെരുവിളയിൽ അവർ എത്തിച്ചേർന്നു. അവിടെ ആരാച്ചാരുടെ തൊഴുത്തിനടുത്തുള്ള ഒരു പട്ടവേപ്പു മരത്തിൽ കന്നുകാലിയെ കെട്ടുന്നതുപോലെ ദേവസഹായംപിള്ളയെ ചങ്ങലയിൽ ബന്ധിച്ചു. ആറേഴു മാസം ചൂടും തണുപ്പും മഴയും വെയിലുമേറ്റ് അദ്ദേഹം അവിടെ കഴിഞ്ഞു. പക്ഷേ വെറുപ്പിന്റെയോ ശത്രുതയുടെയോ ഒരു ലാഞ്ഛനപോലും തടവുകാരന്റെ മുഖത്ത് കാണാത്തത് ആരാച്ചാരെ അത്ഭുതപ്പെടുത്തി. അതിനാൽ വല്ലപ്പോഴും വിശപ്പടക്കാനുള്ള വക അയാൾ കൊടുക്കാൻ തുടങ്ങി. തന്റെ തടവുകാരനിലെ ദൈവികത കണ്ടെത്തിയ ആരാച്ചാർ ഒടുവിൽ ഒരു രാത്രിയിൽ ദേവസഹായംപിള്ളയുടെ അടുത്തെത്തി. തന്റെ വേദന പങ്കുവച്ചു. തനിക്ക് ഇഷ്ടം പോലെ സമ്പത്തുണ്ട്. സ്‌നേഹമയിയായ ഭാര്യയുണ്ട്. പക്ഷേ വിവാഹം കഴിഞ്ഞ് അനേകവർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞുണ്ടായിട്ടില്ല.

അല്പസമയം ആ വിശുദ്ധൻ പ്രാർത്ഥനാനിരതനായി ചിലവഴിച്ചു. സാവധാനം കണ്ണുതുറന്ന് ആരാച്ചാരെ അനുഗ്രഹിച്ചു. ”അധികം വൈകാതെ നിനക്കൊരു ആൺകുഞ്ഞ് ജനിക്കും.” ആ പ്രവചനം യഥാകാലം യാഥാർത്ഥ്യമായി. നാട്ടുകാരും ഇതറിഞ്ഞ് ദേവസഹായം പിള്ളയിലെ ദിവ്യത്വം കണ്ടെത്തി. അദ്ദേഹത്തിന്റെ പ്രാർത്ഥനയാൽ അനേകം രോഗികൾ സുഖമായി, ഉപദേശത്താൽ പലരും മാനസാന്തരപ്പെട്ടു. ചുറ്റുപാടുമുള്ള വെള്ളാളർ, വാണിയന്മാർ, നാടാന്മാർ തുടങ്ങിയ അനേകർ ക്രിസ്തുവിന്റെ അനുയായികളായിത്തീർന്നു. ഇക്കാര്യമെല്ലാം ഒരു ഓലയിലെഴുതി ദേവസഹായംപിള്ള ക്യാപ്റ്റൻ ഡിലനായിയെ അറിയിച്ചിരുന്നു. ഒടുവിൽ കഥകളെല്ലാം കൊട്ടാരത്തിലുമെത്തി. രാജാവ് കോപാക്രാന്തനായി. ”അയാളെ ഉടനടി വകവരുത്തിയില്ലെങ്കിൽ ക്രിസ്തുമതം നമ്മെ കീഴടക്കും” എന്ന ബ്രാഹ്മണപുരോഹിതരുടെ ഉപദേശം കേട്ട് രാജാവ് കല്പന പുറപ്പെടുവിച്ചു.

”ദേവസഹായംപിള്ളയെ കാറ്റാടിമലയിൽ കൊണ്ടുപോയി വെടിവച്ച് കൊല്ലുക.”
അങ്ങനെ നാല്പതാം വയസിൽ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ദേവസഹായംപിള്ള കാറ്റാടിമലയിൽ വെടിയേറ്റു മരിച്ചു. അദ്ദേഹത്തിന്റെ പൂജ്യാവശിഷ്ടങ്ങൾ കോട്ടാർ രൂപതയുടെ കത്തീഡ്രലിലാണ് അടക്കം ചെയ്തിരിക്കുന്നത്. ദേവസഹായംപിള്ള രക്തസാക്ഷിത്വം വരിച്ച കാറ്റാടിമലയ്ക്ക് സമീപം ഇന്ന് വ്യാകുലമാതാവിന്റെ ഒരു വലിയ പള്ളി സ്ഥിതിചെയ്യുന്നു. അദ്ദേഹം വെടിയേറ്റുവീണ സ്ഥലത്ത് ഇന്ന് അനേകർ പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി എത്തിച്ചേരുന്നുണ്ട്. അതുപോലെ ദേവസഹായംപിള്ളയ്ക്ക് അത്ഭുതനീരുറവ നൽകപ്പെട്ട പുലിയൂർക്കുറിശ്ശിയിലും ഒരു കുരിശുപള്ളി സ്ഥാപിതമായിട്ടുണ്ട്.

ക്രിസ്തുവിനുവേണ്ടി ഇത്രയേറെ പീഡനങ്ങൾ സഹിച്ച ഈ വിശുദ്ധനെ കേരളം എന്തുകൊണ്ട് മറന്നു? അർമീനിയായിലെ ജയിലിൽ വിശ്വാസത്തിനുവേണ്ടി പീഡനം ഏറ്റുവാങ്ങിയ റിച്ചാർഡ്‌വുംബ്രാണ്ടിനെ കേരളത്തിലെല്ലാവർക്കും അറിയാം. പക്ഷേ സ്വന്തം നാട്ടിൽ വിശ്വാസത്തിനുവേണ്ടി കഠിനവേദന സഹിച്ച ദേവസഹായംപിള്ളയെ എത്ര ക്രൈസ്തവർക്ക് പരിചയമുണ്ട്.? നമ്മുടെ സഭയിൽ പെടാത്ത ആളായതുകൊണ്ട് അല്ലെങ്കിൽ നമ്മുടെ റീത്തിൽ പെടാത്ത ആളായതുകൊണ്ട്, അതുമല്ലെങ്കിൽ വിശുദ്ധനാകാനുള്ള നാമകരണ നടപടി നടത്താൻ പറ്റിയവിധം സന്യാസസമൂഹമൊന്നും സ്ഥാപിക്കാതെ മരിച്ച ദേവസഹായംപിള്ള വെറും ഒരു അല്മായൻ മാത്രമായതുകൊണ്ട്. ഇതൊക്കെയല്ലേ കാരണങ്ങൾ? ഏതായാലും ഈ നാളുകളിൽ ദേവസഹായം പിള്ളയുടെ ഓർമ്മ നമുക്ക് ശക്തിയും പ്രചോദനവും ആയിത്തീരട്ടെ.

(2000 ജൂലൈ 23ന് സൺഡേശാലോമിൽ ചീഫ് എഡിറ്റർ ബെന്നി പുന്നത്തറ എഴുതിയ ഈ എഡിറ്റോറിയലാണ് കേരളമെങ്ങും ദേവസഹായം പിള്ള ജനഹൃദയങ്ങളിൽ ആഴത്തിൽ പതിയാൻ ഇടയാക്കിയത്. )

  • Jaimon Kumarakom
Advertisements
St. Devasahayam Pillai
Advertisements
Advertisements

One thought on “St. Devasahayam Pillai | Feast – January 14

Leave a comment