പ്രഭാത പ്രാർത്ഥന
“ന്യായത്തെ കീഴ്മേല്‍ മറിക്കുകയും നീതിയെ നിലത്തെറിയുകയും ചെയ്യുന്നവരേ, കര്‍ത്താവിനെ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും. അല്ലെങ്കില്‍, അവിടുന്ന് അഗ്നിപോലെ ജോസഫിന്റെ ഭവനത്തിനുനേരേ പുറപ്പെട്ട് അതിനെ വിഴുങ്ങിക്കളയും. ബഥേലില്‍ ഒരുവനും അതു കെടുത്താന്‍ ആവില്ല. (ആമോസ്, 5:6-7)”നല്ല ഈശോയെ, ഈ പ്രഭാതത്തിൽ അവിടുത്തെ സന്നിധിയിൽ ഈ ജീവിതം പരിപൂർണ്ണമായി സമർപ്പിക്കുകയാണ്. അവിടുന്ന് ഞങ്ങളുടെ നാഥനും രക്ഷകനും ആയിരിക്കണമേ. ഞങ്ങളുടെ നിലവിളിക്ക് അവിടുന്ന് കാതോർക്കണമേ. പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണമേ. നോമ്പിന്റെ ഈ കാലയളവിൽ ഉപേക്ഷിക്കുന്ന തിന്മകൾ തിരികെ വരാതെ പരിപാലിക്കണമേ. ഞങ്ങളുടെ ത്യാഗ പ്രവർത്തികളെ ദൈവമേ അവിടുന്ന് കണക്കിലെടുക്കണമേ. സ്വർഗ്ഗരാജ്യത്തിൽ നിന്നും അവിടുന്ന് പ്രതിഫലം നല്കണമേ. പിതാവായ ദൈവമേ ഇന്നേ ദിനത്തിൽ ഞങ്ങൾ കണ്ടു മുട്ടുന്നവരിലേയ്ക്ക് അവിടുത്തെ സ്നേഹവും കരുണയും പകരുവാൻ ഞങ്ങളെ സഹായിക്കണമേ. ദൈവ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുന്ന മക്കളെ ഓർക്കുന്നു. ഞങ്ങളുടെ രാജ്യത്തിൻറെ തലസ്ഥാനത്ത് അരങ്ങേറുന്ന ആക്രമണങ്ങൾക്കു ശാന്തി നൽകണമേ. ദൈവത്തിന്റെ സ്നേഹം എല്ലാ മക്കൾക്കും പകരുവാൻ ഞങ്ങളെ സഹായിക്കണമേ. ഭരണാധികാരികൾക്ക് നീതി ബോധവും, വിവേകവും നൽകി അനുഗ്രഹിക്കണമേ. നോമ്പ് കാല തീർത്ഥാടനങ്ങൾക്ക് ഒരുങ്ങുന്നവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ദൈവമേ അവർക്ക് വലിയ അനുഗ്രഹങ്ങൾ നൽകണമേ. ദൈവ സന്നിധിയിൽ കൂടുതൽ സമയം ചിലവഴിക്കുവാനും, പ്രാർത്ഥനയിൽ കൂടുതൽ വളരുവാനും ഈ നോമ്പ് ഉപകാരപ്രദമാകട്ടെ. അനുതാപവും, ദൈവ സ്നേഹത്തിൽ ഉള്ള വളർച്ചയും ഞങ്ങൾക്ക് ലഭിയ്ക്കട്ടെ. പരിശുദ്ധ ആത്മാവിന്റെ കൃപയാൽ വലിയ അഭിഷേകത്താൽ ഞങ്ങൾ നിറയപ്പെടട്ടെ. ഈ നോമ്പ് ഫലദായകമായി തീരുവാൻ കർത്താവെ അവിടുന്ന് ഞങ്ങളെ സഹായിക്കണമേ. മാലാഖമാരുടെ സംരക്ഷണത്താൽ ഞങ്ങൾ പ്രലോഭനങ്ങളിൽ നിന്നും രക്ഷ നേടട്ടെ. ആമേൻ
വിശുദ്ധ മിഖായേൽ മാലാഖേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.