3rd Sunday of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ -ലത്തീൻക്രമം
_____________

3rd Sunday of Lent 

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

cf. സങ്കീ 24:15-16

എന്റെ കണ്ണുകള്‍ സദാ കര്‍ത്താവിലേക്ക് തിരിഞ്ഞിരിക്കുന്നു.
എന്തെന്നാല്‍, അവിടന്ന് എന്റെ പാദങ്ങള്‍
കെണിയില്‍നിന്നു വിടുവിക്കും.
എന്നെ കടാക്ഷിക്കുകയും എന്നില്‍ കനിയുകയും ചെയ്യണമേ.
എന്തെന്നാല്‍, ഞാന്‍ ഏകാകിയും ദരിദ്രനുമാണ്.
Or:
cf. എസെ 36:23-26

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങളില്‍ ഞാന്‍ സംപൂജിതനാകുമ്പോള്‍
ഞാന്‍ നിങ്ങളെ സര്‍വദേശങ്ങളിലുംനിന്ന് ഒരുമിച്ചുകൂട്ടും.
നിങ്ങളുടെമേല്‍ ഞാന്‍ ശുദ്ധജലം തളിക്കുകയും
നിങ്ങളുടെ സകലമാലിന്യങ്ങളിലുംനിന്ന്
നിങ്ങള്‍ സംശുദ്ധരാക്കപ്പെടുകയും ചെയ്യും.
ഞാന്‍ നിങ്ങള്‍ക്ക് നവചൈതന്യം നല്കും.

സമിതിപ്രാര്‍ത്ഥന

സര്‍വകാരുണ്യത്തിന്റെയും സകലനന്മയുടെയും ഉടയവനായ ദൈവമേ,
ഉപവാസം, പ്രാര്‍ഥന, ദാനധര്‍മം എന്നിവയില്‍
പാപങ്ങളുടെ പരിഹാരം കാണിച്ചുതന്ന അങ്ങ്
ഞങ്ങളുടെ എളിമയുടെ ഈ ഏറ്റുപറച്ചില്‍
ദയാപൂര്‍വം ശ്രവിക്കണമേ.
അങ്ങനെ, മനസ്സാക്ഷിയാല്‍ എളിമപ്പെട്ട ഞങ്ങള്‍
അങ്ങയുടെ കാരുണ്യത്താല്‍ എപ്പോഴും ഉയര്‍ത്തപ്പെടട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പുറ 17:3-7
ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളം തരിക.

ദാഹിച്ചു വലഞ്ഞ ജനം മോശയ്‌ക്കെതിരേ ആവലാതിപ്പെട്ടു ചോദിച്ചു: നീ എന്തിനാണു ഞങ്ങളെ ഈജിപ്തില്‍ നിന്നു പുറത്തേക്കു കൊണ്ടുവന്നത്? ഞങ്ങളും കുട്ടികളും കന്നുകാലികളും ദാഹിച്ചു ചാകട്ടെ എന്നു കരുതിയാണോ?
മോശ കര്‍ത്താവിനോടു നിലവിളിച്ചു പറഞ്ഞു: ഈ ജനത്തോടു ഞാന്‍ എന്താണു ചെയ്യുക? ഏറെത്താമസിയാതെ അവര്‍ എന്നെ കല്ലെറിയും. കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഏതാനും ഇസ്രായേല്‍ ശ്രേഷ്ഠന്മാരുമൊത്ത് നീ ജനത്തിന്റെ മുന്‍പേ പോകുക. നദിയുടെ മേല്‍ അടിക്കാന്‍ ഉപയോഗിച്ച വടിയും കൈയിലെടുത്തുകൊള്ളുക. ഇതാ, നിനക്കു മുന്‍പില്‍ ഹോറെബിലെ പാറമേല്‍ ഞാന്‍ നില്‍ക്കും. നീ ആ പാറയില്‍ അടിക്കണം. അപ്പോള്‍ അതില്‍ നിന്നു ജനത്തിനു കുടിക്കാന്‍ വെള്ളം പുറപ്പെടും. ഇസ്രായേല്‍ ശ്രേഷ്ഠന്മാരുടെ സാന്നിധ്യത്തില്‍ മോശ അങ്ങനെ ചെയ്തു. ഇസ്രായേല്‍ക്കാര്‍ അവിടെവച്ചു കലഹിച്ചതിനാലും കര്‍ത്താവു ഞങ്ങളുടെ ഇടയില്‍ ഉണ്ടോ ഇല്ലയോ എന്നു ചോദിച്ചുകൊണ്ട് കര്‍ത്താവിനെ പരീക്ഷിച്ചതിനാലും മോശ ആ സ്ഥലത്തിനു മാസാ എന്നും മെറീബാ എന്നും പേരിട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 95:1-2, 6-7, 8-9

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

വരുവിന്‍, നമുക്കു കര്‍ത്താവിനു സ്‌തോത്രമാലപിക്കാം;
നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്ത്താം.
കൃതജ്ഞതാസ്‌തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം.
ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം;
നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം.
എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം.
നാം അവിടുന്നു മേയ്ക്കുന്ന ജനവും;
അവിടുന്നു പാലിക്കുന്ന അജഗണം.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

മെരീബായില്‍, മരുഭൂമിയിലെ മാസ്സായില്‍,
ചെയ്തതുപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
അന്നു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു;
എന്റെ പ്രവൃത്തി കണ്ടിട്ടും അവര്‍ എന്നെ പരീക്ഷിച്ചു.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

രണ്ടാം വായന

റോമാ 5:1-2,5a-8
നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.

വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം. നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക് അവന്‍ മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക് അഭിമാനിക്കാം. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു. നാം ബലഹീനരായിരിക്കേ, നിര്‍ണയിക്കപ്പെട്ട സമയത്തു ക്രിസ്തു പാപികള്‍ക്കു വേണ്ടി മരിച്ചു. നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്‌ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നുവരാം. എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.

കർത്താവിന്റ വചനം

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 4:5-42
ഞാന്‍ നല്‍കുന്ന ജലം നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും.

യേശു സമരിയായിലെ സിക്കാര്‍ എന്ന പട്ടണത്തില്‍ അവന്‍ എത്തി. യാക്കോബ് തന്റെ മകന്‍ ജോസഫിനു നല്‍കിയ വയലിനടുത്താണ് ഈ പട്ടണം. യാക്കോബിന്റെ കിണര്‍ അവിടെയാണ്. യാത്രചെയ്തു ക്ഷീണിച്ച യേശു ആ കിണറിന്റെ കരയില്‍ ഇരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു. ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളം കോരാന്‍ വന്നു. യേശു അവളോട് എനിക്കു കുടിക്കാന്‍ തരുക എന്നു പറഞ്ഞു. അവന്റെ ശിഷ്യന്മാരാകട്ടെ, ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പട്ടണത്തിലേക്കു പോയിരുന്നു.
ആ സമരിയാക്കാരി അവനോടു ചോദിച്ചു: നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ ചോദിക്കുന്നതെന്ത്? യഹൂദരും സമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമൊന്നുമില്ലല്ലോ. യേശു അവളോടു പറഞ്ഞു: ദൈവത്തിന്റെ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു. അവള്‍ പറഞ്ഞു: പ്രഭോ, വെള്ളം കോരാന്‍ നിനക്കു പാത്രമില്ല; കിണറോ ആഴമുള്ളതും. പിന്നെ ഈ ജീവജലം നിനക്ക് എവിടെനിന്നു കിട്ടും? ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ നീ? അവനും അവന്റെ മക്കളും കന്നുകാലികളും ഈ കിണറ്റില്‍ നിന്നാണു കുടിച്ചിരുന്നത്. യേശു പറഞ്ഞു: ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും. അപ്പോള്‍ അവള്‍ പറഞ്ഞു: ആ ജലം എനിക്കു തരുക. മേലില്‍ എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാന്‍ ഞാന്‍ ഇവിടെ വരുകയും വേണ്ടല്ലോ.
അവന്‍ പറഞ്ഞു: നീ ചെന്ന് നിന്റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു വരുക. എനിക്കു ഭര്‍ത്താവില്ല എന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. യേശു അവളോടു പറഞ്ഞു: എനിക്കു ഭര്‍ത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്. നിനക്ക് അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍ നിന്റെ ഭര്‍ത്താവല്ല. നീ പറഞ്ഞതു സത്യമാണ്. അവള്‍ പറഞ്ഞു: പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ ആരാധന നടത്തി; എന്നാല്‍, യഥാര്‍ഥമായ ആരാധനാസ്ഥലം ജറുസലെമിലാണ് എന്നു നിങ്ങള്‍ പറയുന്നു. യേശു പറഞ്ഞു: സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്ഷ യഹൂദരില്‍ നിന്നാണ്. എന്നാല്‍, യഥാര്‍ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും. ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്. ആ സ്ത്രീ പറഞ്ഞു: മിശിഹാ – ക്രിസ്തു – വരുമെന്ന് എനിക്ക് അറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും. യേശു അവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അവന്‍ .
അവന്റെ ശിഷ്യന്മാര്‍ തിരിച്ചെത്തി. അവന്‍ ഒരു സ്ത്രീയോടു സംസാരിക്കുന്നതു കണ്ട് അവര്‍ അദ്ഭുതപ്പെട്ടു. എന്നാല്‍, എന്തു ചോദിക്കുന്നെന്നോ എന്തുകൊണ്ട് അവളോടു സംസാരിക്കുന്നെന്നോ ആരും അവനോടു ചോദിച്ചില്ല. ആ സ്ത്രീയാകട്ടെ കുടം അവിടെ വച്ചിട്ട്, പട്ടണത്തിലേക്കു പോയി, ആളുകളോടു പറഞ്ഞു: ഞാന്‍ ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞഒരു മനുഷ്യനെ നിങ്ങള്‍ വന്നു കാണുവിന്‍. ഇവന്‍തന്നെയായിരിക്കുമോ ക്രിസ്തു? അവര്‍ പട്ടണത്തില്‍ നിന്നു പുറപ്പെട്ട് അവന്റെ അടുത്തു വന്നു.
തത്സമയം ശിഷ്യന്മാര്‍ അവനോട് അപേക്ഷിച്ചു: റബ്ബി, ഭക്ഷണം കഴിച്ചാലും. അവന്‍ പറഞ്ഞു: നിങ്ങള്‍ അറിയാത്ത ഭക്ഷണം എനിക്കുണ്ട്. ആരെങ്കിലും ഇവനു ഭക്ഷണം കൊണ്ടുവന്നു കൊടുത്തിരിക്കുമോ എന്നു ശിഷ്യന്മാര്‍ പരസ്പരം പറഞ്ഞു. യേശു പറഞ്ഞു: എന്നെ അയച്ചവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം. നാലു മാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പായി എന്നു നിങ്ങള്‍ പറയുന്നില്ലേ? എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ കണ്ണുകളുയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞുകൊയ്ത്തിനു പാകമായിരിക്കുന്നു. കൊയ്യുന്നവനു കൂലി കിട്ടുകയും അവന്‍ നിത്യജീവിതത്തിലേക്കു ഫലം ശേഖരിക്കുകയും ചെയ്യുന്നു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒപ്പം സന്തോഷിക്കുന്നു. വിതയ്ക്കുന്നത് ഒരുവന്‍ , കൊയ്യുന്നതു മറ്റൊരുവന്‍ എന്ന ചൊല്ല് ഇവിടെ സാര്‍ഥകമായിരിക്കുന്നു. നിങ്ങള്‍ അധ്വാനിച്ചിട്ടില്ലാത്ത വിളവു ശേഖരിക്കാന്‍ ഞാന്‍ നിങ്ങളെ അയച്ചു; മറ്റുള്ളവരാണ് അധ്വാനിച്ചത്. അവരുടെ അധ്വാനത്തിന്റെ ഫലത്തിലേക്കു നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നു.
ഞാന്‍ ചെയ്തതെല്ലാം അവന്‍ എന്നോടു പറഞ്ഞു എന്ന ആ സ്ത്രീയുടെ സാക്ഷ്യംമൂലം പട്ടണത്തിലെ സമരിയാക്കാരില്‍ അനേകര്‍ അവനില്‍ വിശ്വസിച്ചു. ആ സമരിയാക്കാര്‍ അവന്റെ അടുത്തു വന്നു തങ്ങളോടൊത്തു വസിക്കണമെന്ന് അവനോട് അപേക്ഷിക്കുകയും അവന്‍ രണ്ടു ദിവസം അവിടെ താമസിക്കുകയും ചെയ്തു. അവന്റെ വചനം ശ്രവിച്ച മറ്റു പലരും അവനില്‍ വിശ്വസിച്ചു. അവര്‍ ആ സ്ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്റെ വാക്കുമൂലമല്ല. കാരണം, ഞങ്ങള്‍ തന്നെ നേരിട്ടു ശ്രവിക്കുകയും ഇവനാണു യഥാര്‍ഥത്തില്‍ ലോകരക്ഷകന്‍ എന്ന് മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലിവസ്തുക്കളില്‍ അങ്ങ് സംപ്രീതനാകണമേ.
സ്വന്തം പാപങ്ങളില്‍നിന്നു മോചിപ്പിക്കപ്പെടാന്‍ പ്രാര്‍ഥിക്കുന്ന ഞങ്ങള്‍,
സഹോദരരുടെ പാപങ്ങള്‍ ക്ഷമിക്കാന്‍
പരിശ്രമിക്കുന്നതിന് അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്കുന്ന ജലം, കുടിക്കുന്നവനില്‍
നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയരഹസ്യത്തിന്റെ അച്ചാരം സ്വീകരിച്ചുകൊണ്ടും
ഇഹത്തില്‍ ആയിരുന്നുകൊണ്ട്
ഉന്നതത്തില്‍നിന്നുള്ള അപ്പത്താല്‍ സംതൃപ്തരായും
ഞങ്ങള്‍ അങ്ങയോട് വിനയപൂര്‍വം പ്രാര്‍ഥിക്കുന്നു.
ഈ രഹസ്യത്താല്‍ ഞങ്ങളില്‍ നിവര്‍ത്തിതമായത്,
പ്രവൃത്തിയാല്‍ പൂര്‍ത്തീകരിക്കപ്പെടട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാർത്ഥന

കര്‍ത്താവേ, അങ്ങയുടെ വിശ്വാസികളുടെ ഹൃദയങ്ങളെ നയിക്കുകയും
കാരുണ്യപൂര്‍വം അങ്ങയുടെ ദാസര്‍ക്ക് ഈ കൃപ നല്കുകയും ചെയ്യണമേ.
അങ്ങനെ, ഇവര്‍ അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍ നിലനിന്ന്
അങ്ങയുടെ കല്പനകളുടെ പൂര്‍ണത കൈവരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

ആമേൻ.
🔵

Leave a comment