‘തൂവാലയാണെന്റെ മാലാഖ”
കൊറോണാരോഗ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് കേരള സർക്കാർ നടപ്പാക്കി വരുന്ന ബ്രേക് ദ ചെയിൻ ക്യാമ്പയിന് എഴുപുന്നസെന്റ് റാഫേൽ സ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം കുറിച്ചു.”തൂവാലയാണെന്റെ മാലാഖ’എന്ന മുദ്രാവാക്യവുമായി എഴുപുന്ന സെന്റ് റാഫേൽ സ് ഹയർ സെക്കന്ററി സ്കൂളിൽ കൊറോണാ രോഗ ബോധവൽക്കരണവും മാസ്ക് വിതരണവും നടന്നു. SSLC, Plus Two പരീക്ഷകൾക്കായി സ്കൂളിലെത്തിയ മുഴുവൻ കുട്ടികൾക്കും സാനിറ്റൈസർ ഉപയോഗിച്ച് കൈവൃത്തിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. കൊറോണ രോഗം പടർന്നുപിടിക്കുന്ന സാഹ ചര്യത്തിൽ, പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും നൽകി. സ്കൂൾ അങ്കണത്തിൽ, സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പിടിഎ കമ്മറ്റി അംഗങ്ങളും അധ്യാപകരും വിദ്യാർഥികളും പങ്കാളികളായി. സ്കൂൾ മാനേജർ റവ.ഫാ.പോൾ ചെറുപിള്ളി പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷൈനിമോൾ, ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ ജോസഫ്, പി.ടി എ പ്രസിഡന്റ് ശ്രീ. സി വി ജോബ്, റവ ഫാ. ബിനീഷ് പൂണോളി എന്നിവർ നേതൃത്വം നൽകി. എറണാകുളം അങ്കമാലി അതിരൂപതാ സോഷ്യ സർവീസ് വിഭാഗമായ സഹൃദയുമായി ചേർന്നാണ് കുട്ടികൾക്ക് മാസ്ക് സൗജന്യമായി വിതരണം ചെയ്തത്. ഇതിന്റെ ഭാഗമായി എഴുപുന്നയിലെ ബസ്റ്റോപ്പുകളിലും ജംഗ്ഷനുകളിലും കഴിഞ്ഞ ദിവസങ്ങളിലൊക്കെ തൂവാല വിതരണം ചെയ്തിരുന്നു. യുവജനങ്ങളുടെ നേതൃത്വത്തിൽ കണ്ടെത്തിയ ആയിരത്തിലധികം തൂവാലകൾ അനേകർക്ക് ആശ്വാസമായി. കൊറോണ രോഗത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചുള്ള ലഘുലേഖ 2000 ലധികം ഭവനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിച്ചിരുന്നു.ഇതിന്റെ തുടർച്ചയായി 2000 ലധികം കുടുംബങ്ങളിൽ കുട്ടികളുടെ നേതൃത്വത്തിൽ മാസ്ക് വിതരണത്തിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. കൊറോണയെ എഴുപുന്നയിൽ എത്തിക്കുകയില്ല എന്ന ദൃഢനിശ്ചയവുമായി മുന്നേറുകയാണ് സെന്റ് റാഫേൽസ് സ്കൂൾ മാനേജ്മെന്റ്. കൊറോണാരോഗം വിദ്യാർഥികളിലുണ്ടാക്കിയ ആശങ്കയും ഭയവും അകറ്റി പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാനും ഇത് കുട്ടികൾക്ക് ഇത് കരുത്തു പകരുന്നു.കേരള ജനതയാകെ സ്വീകരിക്കുന്ന പുതിയ ശുചിത്വ ബോധത്തിനാണ് എഴുപുന്നയിലെ ഈ വിദ്യാലയം മാതൃകയായി തീരുന്നത്.