Vanakkamasam, St Joseph, March 23

വി. യൗസേപ്പിതാവിന്‍റെ വണക്കമാസം
മാർച്ച് ഇരുപത്തിമൂന്നാം തീയതി

Advertisements

Vanakkamasam, St Joseph, March 23

Advertisements

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം:

ഇരുപത്തി മൂന്നാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

“ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു”
(മത്തായി 2: 19-20).

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വി. യൗസേപ്പ് പിതാവ് – എളിമയുടെ മഹത്തായ ഉദാഹരണം
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

എളിമ സകല സുകൃതങ്ങളുടെയും അടിസ്ഥാനമാണ്. യഥാര്‍ത്ഥ്യ ബോധത്തോടെ ദൈവത്തെയും നമ്മെത്തന്നെയും മനസ്സിലാക്കുമ്പോള്‍ നമ്മില്‍ ഉണ്ടാകുന്ന മനോഭാവമാണ് എളിമ. ആദിമാതാപിതാക്കന്‍മാരുടെയും മറ്റു പലരുടെയും അഹങ്കാരം അവരുടെ നാശത്തിന് കാരണമായി. അതിന് പരിഹാരമര്‍പ്പിക്കുവാന്‍ ദൈവകുമാരന്‍ വിണ്ണില്‍ നിന്നും മണ്ണിലേക്ക് അവതരിച്ചു. “അവന്‍ ദൈവത്തിന്‍റെ സാദൃശ്യത്തിലായിരിക്കെ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ താഴ്ത്തി ദാസന്‍റെ രൂപം സ്വീകരിച്ച് ശൂന്യനായിത്തീര്‍ന്നു, സ്ലീവായിലെ മരണം വരെ അവിടുന്ന് അനുസരണയുള്ളവനായിത്തീര്‍ന്നു”.

ക്രിസ്തീയമായ എളിമ, മാര്‍ യൗസേപ്പ് ഈശോയില്‍ നിന്നും പ. കന്യകാമറിയത്തില്‍ നിന്നും പഠിച്ച് അതു പ്രാവര്‍ത്തികമാക്കി. ദൈവകുമാരന്‍റെ വളര്‍ത്തു പിതാവ്, പരിശുദ്ധ ജനനിയുടെ വിരക്തഭര്‍ത്താവ്, ദാവീദ് രാജവംശജന്‍ എന്നിങ്ങനെ അതുല്യമായ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും വി. യൗസേപ്പ് എളിമയുടെ മാതൃകയായിരുന്നു. നസ്രസിലെ വിനീതമായ ജീവിതം, ദരിദ്രമായ അവസ്ഥ എന്നിവ യൗസേപ്പുപിതാവിന്‍റെ എളിമയുടെ പ്രതിഫലനമാണ്. കൂടാതെ അദ്ദേഹം തച്ചന്‍റെ ജോലിയാണ് ചെയ്തിരുന്നത്. അന്നത്തെ സാമൂഹ്യമായ ചിന്താഗതിയില്‍ ഏറ്റവും ലളിതമായ തൊഴിലായിരുന്നു അത്. എന്നാല്‍ ആ ജോലിയിലും ജീവിതത്തിലും മാര്‍ യൗസേപ്പ് സംതൃപ്തനായിരു‍ന്നു.

“ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകുന്നു. നിങ്ങള്‍ എന്നില്‍ നിന്നു പഠിക്കുവിന്‍” എന്നുള്ള ഈശോമിശിഹായുടെ പ്രബോധനം അദ്ദേഹം മനസ്സിലാക്കിയിരുന്നു. അസാധാരണമായ കൃത്യങ്ങളോ, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കത്തക്ക പ്രവര്‍ത്തനങ്ങളോ ഒന്നും വി. യൗസേപ്പ് ചെയ്തിട്ടില്ല. വിശുദ്ധ യൗസേപ്പു പിതാവിന്‍റെ മഹത്വത്തിന്‍റെ നിദാനം അദ്ദേഹത്തിന്‍റെ എളിമയായിരുന്നുവെന്ന് നാം മനസ്സിലാക്കണം. ‘തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും’ എന്നുള്ള ദിവ്യഗുരുവിന്‍റെ പ്രബോധനം അപ്പാടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിയായിരിന്നു യൌസേപ്പ് പിതാവ്.

ക്രിസ്ത്യാനിയുടെ അടിസ്ഥാനപരമായ മനോഭാവം എളിമയായിരിക്കണം. എളിമ സത്യവും നീതിയുമാണ്. നമുക്കുള്ള വസ്തുക്കള്‍ ദൈവത്തിന്‍റെ ദാനമാണെന്ന് അംഗീകരിക്കുക. സമ്പത്തോ സ്ഥാനമാനങ്ങളോ സൗന്ദര്യമോ, ബുദ്ധിശക്തിയോ നമുക്കുണ്ടെങ്കില്‍ അത് ദൈവിക ദാനമാണെന്ന് അംഗീകരിക്കുക. അഹങ്കാരി ദൈവത്തിനു നല്‍കേണ്ട മഹത്വം തന്നില്‍തന്നെ ആരോപിക്കുന്നു. വിനയാന്വിതന്‍ ദൈവത്തിനു തന്നെ മഹത്വം നല്‍കുന്നു. “എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു” എന്ന്‍ പ. കന്യകയോടു കൂടി നമുക്കു പറയാം.

സംഭവം
🔶🔶🔶🔶

ഒരിടവകയില്‍ മോശമായ രീതിയില്‍ ഒരു സ്ത്രീ ജീവിച്ചിരുന്നു. അവളുടെ ദുര്‍മാതൃകയറിഞ്ഞ് ശാസിച്ച ഇടവക വികാരിയോട് അവള്‍ക്കു കടുത്ത അമര്‍ഷമാണുണ്ടായിരുന്നത്. വഴിപിഴച്ച ജീവിതം അവള്‍ തുടര്‍ന്നു പോന്നു. ഒരിക്കല്‍, ആറു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ അവള്‍ വെട്ടിക്കൊലപ്പെടുത്തി ചാക്കിലാക്കി. ഇതിന് ശേഷം അവള്‍ യൗസേപ്പു പിതാവിന്‍റെ അതീവ ഭക്തനായ ഇടവക വികാരിയുടെ പക്കലെത്തി. അദ്ദേഹമറിയാതെ അവള്‍ മുറിയില്‍ പ്രവേശിച്ചു. വൈദികന്‍റെ കിടക്കക്കടിയില്‍ ആ ചാക്ക്കെട്ട് ഒളിപ്പിച്ചുവെച്ച ശേഷം അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്ന് “എനിക്കൊന്നു കുമ്പസാരിക്കണം”എന്നു പറഞ്ഞു.

ദൈവാലയത്തിലെക്ക് പൊയ്ക്കൊള്ളുക എന്ന്‍ അദ്ദേഹം പറഞ്ഞു. കുമ്പസാരിപ്പിക്കുവാന്‍ പോകുന്നതിനു മുമ്പ് പതിവുപോലെ മുറിയില്‍ സൂക്ഷിച്ചിരുന്ന യൗസേപ്പു പിതാവിന്‍റെ രൂപത്തിന് മുമ്പില്‍ പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം മറന്നില്ല. പ്രാര്‍ത്ഥന കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അവിചാരിതമായി തന്‍റെ കിടക്കയ്ക്കടിയില്‍ ഒരു ചാക്കുകെട്ടു കിടക്കുന്നത് കണ്ടു. തുറന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ നടുക്കി. ചുടുചോരയുണങ്ങാത്ത പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മേല്‍പ്പറഞ്ഞ സ്ത്രീയാണ് പ്രസ്തുത ഹീനകൃത്യം ചെയ്തതെന്നും കുമ്പസാര രഹസ്യം എന്ന നിലവരുത്തി വൈദികനെ കള്ളക്കേസില്‍ കുടുക്കണമെന്നുള്ളതാണ് അവളുടെ പദ്ധതിയെന്നും എല്ലാര്‍ക്കും മനസ്സിലായി. ഈ നിര്‍ണ്ണായക നിമിഷത്തില്‍ തന്നെ രക്ഷിച്ച മാര്‍ യൗസേപ്പു പിതാവിന് വൈദികന്‍ നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തോത്രം ചെയ്തു.

ജപം
🔶🔶

ദിവ്യകുമാരന്‍റെ വളര്‍ത്തുപിതാവും ദൈവജനനിയുടെ വിരക്തഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, അങ്ങ് എളിമയുടെ മഹനീയമായ മാതൃകയാണെന്ന്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. അവിടുത്തെ എളിമയാണല്ലോ അങ്ങേ മഹത്വത്തിന് നിദാനം. ഞങ്ങള്‍ അനുപമമായ അങ്ങേ മാതൃക അനുകരിച്ച് എളിമയുള്ളവരായിരിക്കുന്നതാണ്. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം എളിമയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനും ദൈവാനുഗ്രഹങ്ങള്‍ക്കര്‍ഹരായിത്തീരുവാനും വേണ്ട വരം ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶🔶🔶

വിനീതഹൃദയനായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ വിനയമുള്ളവരാക്കേണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements
Advertisements

2 thoughts on “Vanakkamasam, St Joseph, March 23

Leave a comment