വിമലഹൃദയ പ്രതിഷ്ഠ വഴി നാം കൊറോണ വൈറസിനെ തുരത്തും!
(മംഗളവാർത്ത തിരുനാൾ സന്ദേശം)
ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്
കൊറോണ വൈറസ് പരത്തുന്ന കടുത്ത അസ്വസ്ഥതകളുടെ നടുവിൽ നാളെ നാം മംഗളവാർത്ത തിരുനാൾ ആഘോഷിക്കുകയാണ്. കുമ്പസാരിച്ച് ഒരുങ്ങാതെ, പരിശുദ്ധ കുർബാന അർപ്പിക്കാതെ ഈ വലിയ തിരുനാൾ ആഘോഷിക്കേണ്ടിവരിക തീർച്ചയായും വേദനാജനകമാണ്. എന്നാൽ ദൈവതിരുമനസ്സിന് കീഴ്വഴങ്ങി നാം ഈ അസ്വസ്ഥതകൾ എല്ലാം ഹൃദയപൂർവ്വം സ്വീകരിയ്ക്കുകയാണ്. ഇതുപോലെ തന്നെ വലിയ തീക്ഷണതയോടെ നോമ്പാചരിക്കാനും ആഗ്രഹിച്ചിരുന്ന നമുക്ക് അതും കാര്യമായ രീതിയിൽ സാധിക്കുന്നില്ല. പ്രവൃത്തികൾ വഴിയുള്ള പരിത്യാഗത്തിന്റെ സ്ഥാനത്ത് ദൈവത്തിന് വേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്യണമെന്ന ഇഷ്ടത്തിന്റെ ത്യാഗമാകട്ടെ ഈ നോമ്പുകാലത്തെ സവിശേഷമായ പരിത്യാഗം. ദൈവസ്നേഹത്തെപ്രതി ഇത്തരം പരിത്യാഗം നടത്തുവാൻ കഴിയുന്നത് ആത്മീയതയുടെ ഉയർന്ന തലമാണ്.
മംഗള വാർത്ത തിരുനാൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി മാർച്ച് 24ന് രാത്രി 12 മണിയ്ക്ക് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ച് തന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും പരിശുദ്ധ അമ്മ വഴി നല്ല ദൈവത്തിന് സമർപ്പിക്കുക സഭയിൽ നിലനിൽക്കുന്ന ഒരു പാരമ്പര്യമാണ്. വ്യക്തിപരമായി പറഞ്ഞാൽ ഇതുപോലൊരു രാത്രിയിൽ ഒരുങ്ങി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് എന്നെയും ഞാൻ വഴിയുള്ള ശുശ്രൂഷകളെയും പ്രതിഷ്ഠിക്കുവാൻ കൃപ ലഭിച്ചതാണ് ജീവിതവും ശുശ്രൂഷകളും ഏറെ അഭിഷേകം പ്രാപിക്കുവാൻ കാരണമായി തീർന്നത്.
ഈ രാത്രി നമുക്ക് സാധിക്കുന്നത്ര ആത്മീയമായി ഒരുങ്ങാം. സകലവിധ പാപങ്ങളും അനുതപിച്ച് ഈശോയോട് ഏറ്റു പറഞ്ഞ് പാപക്ഷമ സ്വീകരിയ്ക്കാം. പരമപരിശുദ്ധനായ ഈശോ പ്രവേശിച്ച പരിശുദ്ധ അമ്മയിലേയ്ക്ക് നമുക്കും സാധിക്കുന്നത്ര പരിശുദ്ധിയോടെ പ്രവേശിക്കാം. അമ്മയുടെ വിമലഹൃദയത്തിലൂടെ നല്ല ദൈവത്തിന് സമർപ്പിക്കാനുള്ള ആത്മീയവും ഭൗതികവുമായ നിയോഗങ്ങൾ നേരത്തെ |തന്നെ കണ്ടത്തി ,അത് സമർപ്പിക്കുവാൻ ശ്രദ്ധിക്കാം.
ഈ മംഗളവാർത്താ തിരുനാൾ രാത്രിയിൽ നമ്മെ സംബന്ധിച്ച് നമ്മുടെ വ്യക്തിപരവും കുടുംബപരവും ശുശ്രൂഷാപരവുമായ നിയോഗങ്ങളെക്കാൾ ഉപരി വളരെ പ്രധാനപ്പെട്ട ഒരു കാര്യം നമുക്ക് സമർപ്പിക്കാനുണ്ട്, അത് മറ്റൊന്നുമല്ല, ലോകത്തെ ആകമാനം അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് തന്നെയാണ്. രോഗ ഭീതിയിലായിരിക്കുന്ന ലോകരാഷ്ട്രങ്ങൾ മുഴുവനെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് നമുക്ക് പ്രതിഷ്ഠിക്കാം. കൊറോണ ഭീതിയിൽ ആയിരിക്കുന്നവരെ, പ്രത്യേകിച്ച് ഇവരെ ശുശ്രൂഷിക്കുന്ന ഡോക്ടേഴ്സിനെ, നേഴ്സസിനെ, രോഗത്തെ നിയന്ത്രിക്കുവാൻ കഠിനമായി യത്നിക്കുന്ന അതതു രാഷ്ട്രങ്ങളിലെ ഗവൺമെന്റിനെ സവിശേഷമായി ലോകം മുഴുവനും വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന തിരുസഭയെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കാം. അമ്മയെക്കൊണ്ട് അമ്മയിലൂടെ ഈ വിഷയത്തിനു വേണ്ടി പ്രാർത്ഥിച്ചാൽ വലിയ ഫലം ലഭിക്കുമെന്നത് ഉറപ്പ്.
സഭാചരിത്രം പഠിച്ചാൽ വലിയ പ്രശ്നങ്ങളെ പരിശുദ്ധ അമ്മയുടെ ഇടപെടൽ വഴി അതിജീവിച്ച അനുഭവങ്ങൾ കാണാൻ കഴിയും. ലപ്പാന്റോയുദ്ധം, ആൽബിജാൻസിയൻ പാഷണ്ഡത, റഷ്യയിലെ കമ്യൂണിസ്റ്റ് പതനം തുടങ്ങിയവയും മരിയൻ പ്രത്യക്ഷീകരണങ്ങൾ വഴി ഉണ്ടായിട്ടുള്ള മറ്റ് നിരവധി സംഭവങ്ങളും നമുക്ക് സവിശേഷമായി ഓർമ്മിക്കാവുന്നതാണ്. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ച് വലിയ അനുഗ്രഹങ്ങൾ പ്രാപിച്ചതിന്റെ അനുഭവങ്ങൾ സഭയിൽ അനേകർക്കുണ്ട്.
എന്നെ സംബന്ധിച്ച് പറഞ്ഞാൽ വളരെ സംഘർഷഭരിതമായ സാഹചര്യങ്ങളിൽ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ച് അത്ഭുതകരമായ ഫലം പ്രാപിച്ചിട്ടുണ്ട്. ഒറീസായിലെ കണ്ടമാലിലെ പ്രശ്നം, കഴിഞ്ഞ വർഷത്തെ കേരളത്തിലെ പ്രളയം തുടങ്ങിയ സംഭവങ്ങളിൽ പരിശുദ്ധാത്മാവ് ഉള്ളിൽ നൽകിയ ശക്തമായ പ്രചോദനത്താൽ ആ സാഹചര്യങ്ങളെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കുകയും തൊട്ടുപുറകെ ഈ പ്രശ്നങ്ങൾ ദൂരീകരിയ്ക്കപ്പെട്ടു തുടങ്ങുകയും ചെയ്തതിന്റെ വിസ്മയനീയമായ സാക്ഷ്യം തികച്ചും വിശ്വാസയോഗ്യമായ രീതിയിൽ എനിക്ക് ലഭിച്ചിട്ടുണ്ട്.
പ്രിയപ്പെട്ടവരെ, അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മയ്ക്ക് നിസ്സഹായമായ ഈ സാഹചര്യത്തെ നമുക്ക് സമർപ്പിക്കാം. ഈ രാത്രി സവിശേഷമായി അത്ഭുതങ്ങൾ ഉണ്ടാകാറുള്ള രാത്രിയുമാണ് എന്നും ഓർക്കണം. അമ്മയുടെ മാദ്ധ്യസ്ഥം വഴി ഈ രാത്രിയിൽ നമുക്ക് വലിയ ഒരദ്ഭുതം കാണണം. ഈ രാത്രി മുതൽ കൊറോണ വൈറസ് ഭൂമുഖത്തു നിന്ന് പിൻമാറുന്നതിന്റെ വിസ്മയനീയമായ വാർത്ത നമുക്ക് കേൾക്കണം. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുന്ന പ്രതിഷ്ഠാ പ്രാർത്ഥനാ ചൊല്ലി നമ്മുടെ നിയോഗങ്ങൾ സമർപ്പിച്ചു കൊണ്ട് ഈ രാത്രി നമുക്ക് അത്ഭുതത്തിന്റെ രാത്രിയാക്കി മാറ്റാം.