Uncategorized

രണ്ട് കൈകളും ഇല്ലാതെ ഡ്രൈവ് ചെയ്യുന്ന ഏഷ്യയിലെ ആദ്യ വനിത

*ജിലുമോൾ മരിയറ്റ് തോമസ് ..*
*ചരിത്രത്തിലേക്ക് നടന്നുകയറിയ തൊടുപുഴക്കാരി….*

രണ്ട് കൈകളും ഇല്ലാത്ത, കാർ സ്വന്തമായുള്ള, ഡ്രൈവ് ചെയ്യുന്ന ഏഷ്യയിലെ തന്നെ ആദ്യത്തെ വനിത !!!

ആത്മവിശ്വാസം കൊണ്ട് ക്ലച്ച് ചവിട്ടി പരിമിതികൾ കൊണ്ട് ബ്രേക്ക് ഇട്ട് വിജയത്തിന്റെ കീ തിരിച്ച് ജിലുമോൾ ഇന്ന് കാർ സ്റ്റാർട്ട് ചെയ്യുകയാണ് .
സ്വന്തം പ്രയത്നം കൊണ്ട് മാത്രം ഉന്നതിയിലേക്കെത്തിയ ഗ്രാഫിക്ക് ഡിസൈനർ. ദൈവം ഒട്ടേറേ സൃഷ്ടികൾ നടത്താറുണ്ടെങ്കിലും വളരെയേറേ സമയം എടുത്ത് സൃഷ്ടിച്ച ഒരു കുട്ടി.
സൃഷ്ടി നടത്തിയപ്പോൾ ദൈവത്തിന് തോന്നിയ ഒരു കുസൃതി അതാണ് ജിലു .

ജനിച്ചപ്പോൾത്തന്നെ രണ്ട് കൈകളും ഇല്ലായിരുന്നു തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് വീട്ടിൽ തോമസ് വർക്കിയുടെയും, അന്നകുട്ടിയുടെയും മകൾ ജിലുമോൾക്ക്. പക്ഷെ ഈ പരിമിതികൾ അവളെ തളർത്തുകയല്ല ചെയ്തത്. അതവളെ ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും എന്തും ചെയ്യാൻ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും കൊണ്ട് പ്രാപ്തയാക്കുകയാണ് ചെയ്തത്.

അമ്മ അവളുടെ നാലാമത്തെ വയസ്സിൽത്തന്നെ ക്യാൻസർ മൂലം മരിച്ചിരുന്നു. അതിനുശേഷം ചങ്ങനാശ്ശേരിയ്ക്കടുത്തുള്ള ചെത്തിപ്പുഴ മേഴ്‌സി നഴ്സിംഗ് ഹോമിലാണ് വളർന്നത്. അവളിൽ ഉറങ്ങിക്കിടന്ന കഴിവുകളെ പ്രത്യേകിച്ച് ചിത്രകലയെ അടുത്തറിഞ്ഞു വളർത്തുന്നതിൽ അവിടുത്തെ കന്യാസ്ത്രീകളോട് അവൾ എന്നും കടപ്പെട്ടിരിക്കുന്നു.

SSLC യിലും പ്ലസ് 2 വിലും ഉന്നതവിജയം നേടിയശേഷം അനിമേഷനിലും കമ്പ്യൂട്ടർ ഗ്രാഫിക്സ് ഡിസൈനിങ്ങിലും ഡിഗ്രി കരസ്ഥമാക്കി. വളരെയധികം കൈത്തഴക്കവും വൈദഗ്‌ദ്ധ്യവും ആവശ്യമായ ഈ കോഴ്സ് അവൾക്ക് ചെയ്യാൻ കഴിയുമോയെന്ന് പലരും സംശയിച്ചു. പക്ഷെ എല്ലാവരും അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ടു കൈകളുമുള്ളവർ വരക്കുന്നതിലും ഭംഗിയായി അവൾ കാലുകൾകൊണ്ട് വരച്ചു. 2012 ൽ ഡിസ്റ്റിംഗ്ഷനോടെ അവൾ പാസ്സായി. ഇപ്പോൾ കൊച്ചിയിലെ viani പ്രിന്റിംഗ്സിൽ ആണ് ജോലിചെയ്യുന്നത്. ജോലിക്കാവശ്യമായ എല്ലാ ആധുനിക ഉപകരണങ്ങളും, സ്മാർട്ട്‌ ഫോണും വരെ കാലുകൾക്കൊണ്ടുതന്നെ അതേ നിപുണതയോടെ കൈകാര്യം ചെയ്യുന്നു. ഭക്ഷണവും കാലുകൊണ്ടുതന്നെ അനായാസതയോടെ കഴിക്കുന്നു.

ഡ്രൈവ് ചെയ്യുകയെന്നത് അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതിനുവേണ്ടി 2014 ൽ തൊടുപുഴ RTO ഓഫീസിൽ എത്തിയപ്പോൾ അവർ അതിശയപ്പെട്ടു. കൈകൾ ഇല്ലാത്തവർ എങ്ങനെ ഡ്രൈവ് ചെയ്യും? നിങ്ങളെപ്പോലെയുള്ളവർക്ക് ആർക്കെങ്കിലും ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടെന്ന തെളിവ് ഹാജരാക്കിയാൽ നിങ്ങൾക്കും നൽകാം.. അവർ പറഞ്ഞു.

അന്വേഷണത്തിൽ ഇൻഡോറിലുള്ള ഒരു വിക്രം അഗ്നിഹോത്രി ഒരു പരിഷ്കാരവും വരുത്താത്ത കാറിൽ കാലുകൊണ്ട് സ്വയം ഡ്രൈവ് ചെയ്യുന്നതായി മനസ്സിലാക്കി. ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അയാൾ സഹകരിച്ചില്ല. പക്ഷെ ഡ്രൈവ് ചെയ്യാനുള്ള ആഗ്രഹം മനസ്സിൽ ആളിക്കത്തിക്കൊണ്ടിരുന്നു.

അതിനുശേഷം ഒരിക്കൽ കുമളിയിലെ ഒരു സ്കൂളിൽ ഒരു പരിപാടിയുടെ പ്രധാന അതിഥിയായി പങ്കെടുത്തുകൊണ്ടിരുന്ന സമയം സ്കൂളിന്റെ ഡയറക്ടർ ആയിരുന്ന ഫാദർ തോമസ് അവളോട് ജീവിതത്തിൽ ഇനി എന്തെങ്കിലും നേടാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഒരു വണ്ടിയോടിക്കാൻ അതിയായ ആഗ്രഹമുണ്ട് എന്നായിരുന്നു അവളുടെ ഉത്തരം.

ഫാദർ ലയൺസ്‌ ക്ലബ്ബിലെ തന്റെ സുഹൃത്തായ ഒരു വക്കീലിനോട് ഈ കാര്യം സംസാരിച്ചു. കൈകൾ ഇല്ലാത്തർവക്ക് ലൈസൻസ് ലഭിക്കാൻ അനുകൂലമായ നിയമമൊന്നും ഇവിടെയില്ലെന്ന് കോടതി നിരീക്ഷിച്ചു. പക്ഷെ വക്കീൽ പിന്നോക്കം പോയില്ല. ജിലുമോൾ അസാമാന്യ കഴിവുകളുള്ള ഒരാളാണെന്നുള്ളതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കി. മറ്റ് ജനങ്ങളുടെ സുരക്ഷ പരമപ്രധാനമായതിനാൽ കൈകളില്ലാത്തവർക്ക് ഓടിക്കാൻ പാകത്തിൽ ഭേദഗതി വരുത്തിയ ഒരു വണ്ടിയുണ്ടെങ്കിൽ പരിഗണിക്കാം എന്നവർ സമ്മതിച്ചു. ലയൺസ്‌ ക്ലബ്ബ് അത്തരത്തിൽ ഭേദഗതി വരുത്തിയ ഒരു കാറും, കൂടാതെ രണ്ടു കാലും തളർന്ന ബിച്ചു എരുമേലി എന്ന ആൾ ഇത്തരത്തിൽ ഭേദഗതി വരുത്തി നേടിയ ലൈസൻസിന്റെ കോപ്പിയും ഹാജരാക്കി. കോടതി ലൈസൻസ് അനുവദിച്ചു.

നാം ചെറുപ്പകാലത്ത് മയിൽപ്പീലി പുസ്തകത്താളിൽ സൂക്ഷിക്കാറുണ്ടായിരുന്നു അത് പെറ്റുപെരുകും എന്ന അന്ധവിശ്വാസത്താൽ. എന്നാൽ ജിലു സൂക്ഷിച്ച മയിൽ പീലി പെറ്റ് പെരുകി ഏഷ്യയുടെ തന്നെ നിറുകയിൽ ചൂടാൻ തയ്യാറെടുത്ത് നിൽക്കുന്നു.
പൊക്കമില്ലാത്തതാണെന്റെ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ
കൈകളില്ലാത്തതാണെന്റെ അഭിമാനം എന്ന് ജിലുവിന് ധൈര്യമായി പറയാം. ഇനിയും ഒരുപാട് ഉന്നതങ്ങൾ കീഴടക്കട്ടെ എന്ന പ്രാർത്ഥനയോടെ…

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s