Vanakkamasam, St Joseph, March 28

വി. യൗസേപ്പിതാവിന്‍റെ വണക്കമാസം
മാർച്ച് ഇരുപത്തെട്ടാം തീയതി

Vanakkamasam, St Joseph, March 28

Advertisements

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം:

ഇരുപത്തിയെട്ടാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”
(മത്തായി 1:16)

വിശുദ്ധ യൗസേപ്പിനെ ബഹുമാനിക്കുന്നത് ദൈവത്തിന് സംപ്രീതിജനകമാണ്
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

നാം വിശുദ്ധന്‍മാരെ ബഹുമാനിക്കുന്നത് ദൈവസംപ്രീതിക്ക് കാരണഭൂതമാണ്‌. “ദൈവം അവിടുത്തെ വിശുദ്ധന്‍മാരിലൂടെ മഹത്വം പ്രാപിക്കുന്നുവെന്ന് വത്തിക്കാന്‍ സൂനഹദോസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിശുദ്ധന്മാരെ ബഹുമാനിക്കുന്നത് ദൈവമഹത്വത്തിന് പ്രതിബന്ധമാണെന്നോ അഥവാ ദൈവാരാധനയ്ക്ക് അനുയോജ്യമല്ലെന്നോ ഉള്ള ധാരണ ചിലര്‍ക്കുണ്ട്. അത് തികച്ചും അടിസ്ഥാന രഹിതമാണ്. വിശുദ്ധന്മാരെ ബഹുമാനിക്കുന്നത് ദൈവാരാധനയ്ക്കും ദൈവമഹത്വത്തിനും കൂടുതല്‍ സഹായകമത്രേ.

മറ്റെല്ലാ വിശുദ്ധരിലും ഉപരിയായി ദൈവജനനിയേയും മാര്‍ യൗസേപ്പിനെയും സ്തുതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ദൈവത്തിന് കൂടുതല്‍ സംപ്രീതിജനകമാണ്. ഒരു രാജ്യത്തിലെ രാജാവിനെയോ, പ്രസിഡന്‍റിനെയോ, പ്രധാനമന്ത്രിയേയോ നാം ബഹുമാനിക്കാറുണ്ട്. അവരോടുള്ള ബഹുമാനദ്യോതകമായി അവരുടെ മാതാപിതാക്കളേയും നാം ബഹുമാനിക്കും. അഥവാ അവരുടെ മാതാപിതാക്കന്‍മാര്‍‍ക്ക് നാം നല്‍കുന്ന ബഹുമതി അവര്‍ക്കുതന്നെ നല്‍കുന്നതായി പരിഗണിക്കുന്നു. ഇതുപോലെ തന്നെ ദൈവമാതാവിനോടും മാര്‍ യൗസേപ്പിതാവിനോടും നമുക്കുള്ള ഭക്ത്യാദരങ്ങള്‍ ദൈവത്തിനു തന്നെ നല്‍കുന്നതിനായി അവിടുന്ന്‍ അംഗീകരിക്കുന്നതാണ്.

മറ്റു വിശുദ്ധന്‍മാരോട് നാം പ്രദര്‍ശിപ്പിക്കുന്ന വണക്കത്തെ ദൈവം അത്ഭുതങ്ങളിലൂടെ അംഗീകരിക്കുന്നു. നേപ്പിള്‍സിലെ ദൈവാലയത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നതും കട്ടിയായിരിക്കുന്നതുമായ ജനുവാരിയൂസിന്‍റെ രക്തം തന്‍റെ തിരുനാളില്‍ അദ്ദേഹത്തിന്‍റെ ഛേദിക്കപ്പെട്ട ശിരസ്സിന്‍റെ അടുത്തു കൊണ്ടുവരുമ്പോള്‍ അത്ഭുതകരമായി ദ്രാവകരൂപം പ്രാപിക്കുന്നു. ഇപ്രകാരം അനേകം അത്ഭുതങ്ങള്‍ വിശുദ്ധന്‍മാരോടുള്ള ഭക്തി അംഗീകരിച്ചു കൊണ്ട് ദൈവം പ്രവര്‍ത്തിക്കുന്നുണ്ട്. അപ്രകാരമെങ്കില്‍ ദൈവമാതാവായ പരിശുദ്ധ കന്യകയെയും അവിടുത്ത വിരക്തഭര്‍ത്താവായ മാര്‍ യൗസേപ്പിനെയും ബഹുമാനിക്കുന്നത് ദൈവം എത്ര കൂടുതല്‍ അംഗീകരിക്കുകയില്ല. സ്വര്‍ഗ്ഗസ്ഥനായ പിതാവ് അവിടുത്തെ അനുഗ്രഹ ഭണ്ഡാരം മാര്‍ യൗസേപ്പിന്‍റെ സൂക്ഷത്തിലാണ് ഭരമേല്‍പ്പിച്ചിരിക്കുന്നത്.

മാര്‍ യൗസേപ്പ് ഈ ലോകത്തില്‍ പിതാവായ ദൈവത്തിന്‍റെ സ്ഥാനം വഹിച്ചിരുന്നു. പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവ്, പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയുടെ വിരക്തഭര്‍ത്താവ് എന്നീ വിവിധ നിലകളില്‍ വിശുദ്ധ യൗസേപ്പ് ബഹുമാനവും വണക്കവും അര്‍ഹിക്കുന്നു. അത് നാം നല്‍കുമ്പോള്‍ പരിശുദ്ധ ത്രിത്വത്തിലെ മൂന്ന്‍ വ്യക്തികളും മഹത്വീകരിക്കപ്പെടുന്നു. പിതാവായ ദൈവം നമ്മുടെ വന്ദ്യപിതാവിന്‍റെ അവിടുത്തെ ഭൂമിയിലെ പ്രതിനിധിയായും പുത്രനായ ദൈവം അവിടുത്തെ വളര്‍ത്തുപിതാവായും പരിശുദ്ധാത്മാവ് അവിടുത്തെ ദിവ്യമണവാട്ടിയുടെ കാവല്‍ക്കാരനായും സ്നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

പരിശുദ്ധ കന്യകാമറിയം കഴിഞ്ഞാല്‍ മാനവകുലത്തില്‍ നിന്ന്‍ ദൈവം ഏറ്റവും കൂടുതലായി സ്നേഹിക്കുന്നത് മാര്‍ യൗസേപ്പിനെയാണെന്ന് നിസ്സംശയം പറയാവുന്നതാണ്. നീതിമാന്‍റെ പ്രാര്‍ത്ഥനകള്‍ ദൈവം സ്വീകരിക്കുക ഔചിത്യപൂര്‍ണ്ണമാണെന്നു വി. തോമസ്‌ അക്വിനാസ് അഭിപ്രായപ്പെടുന്നു. നീതിമാന്‍മാരില്‍ സര്‍വരാലും സമാദരണീയനാണ് മാര്‍ യൗസേപ്പ് എന്നുള്ളത് വ്യക്തമാണല്ലോ. വിശുദ്ധി ദൈവവുമായിട്ടുള്ള വൈയക്തിക ബന്ധമാണ്. ക്രിസ്തുവിലൂടെ ദൈവവുമായിട്ടുള്ള അഭിമുഖീകരണമത്രേ. അത് മാര്‍ യൗസേപ്പ് ഏറ്റവും ഉന്നതമായ വിധത്തില്‍ നിര്‍വഹിച്ചു.

സംഭവം
🔶🔶🔶🔶

ഒരിക്കല്‍ ഫ്രാന്‍സില്‍ കാത്സ എന്ന പട്ടണത്തില്‍ അധ്വാനശീലനായ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു. മതപരമായ കാര്യങ്ങളില്‍ തികഞ്ഞ അനാസ്ഥയാണ് അയാള്‍ പുലര്‍ത്തിയിരുന്നത്. ദൈവ പ്രമാണങ്ങള്‍ ലംഘിച്ച് കൂദാശകള്‍ സ്വീകരിക്കാതെ മൃഗസദൃശനായി അയാള്‍ ജീവിച്ചു. അയാളുടെ ഭാര്യ വിശുദ്ധ യൗസേപ്പിന്‍റെ തികഞ്ഞ ഭക്തയായിരുന്നു. അതിനാല്‍ ഭര്‍ത്താവിന്‍റെ മന:പരിവര്‍ത്തനത്തിനു വേണ്ടി മാര്‍ യൗസേപ്പിതാവിന്‍റെ സന്താപസന്തോഷങ്ങളെ ധ്യാനിച്ചുകൊണ്ട് ഏഴ് ബുധനാഴ്ചകളില്‍ പ്രാര്‍ത്ഥിച്ചു.

ഏഴാം ദിവസം അവളുടെ ഉപകാരിണിയായ ഒരു കുലീന സ്ത്രീ നല്‍കിയ മാര്‍ യൗസേപ്പിന്‍റെ സ്വരൂപം കൈയില്‍ വഹിച്ചുകൊണ്ട് ഈ വന്ദ്യപിതാവിനെ അനുകരിച്ച് ഉത്തമ ക്രിസ്തീയ ജീവിതം നയിക്കുവാനുള്ള ആഹ്വാനം നല്‍കി. സാധാരണ വിശ്വാസപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ കോപാവേശത്തോടെ അവളെ കുറ്റപ്പെടുത്താറുണ്ടായിരുന്ന ഭര്‍ത്താവ് സൗമ്യ ഭാവമുള്ളവനും ശാന്തനുമായി. ഭര്‍ത്താവിന്‍റെ ഭാവപ്പകര്‍ച്ചയില്‍ അവള്‍ അതീവ സന്തുഷ്ടയായി. താമസിയാതെ അയാള്‍ പാപസങ്കീര്‍ത്തനം നിര്‍വഹിച്ചു. ഒരു പുതിയ ജീവിതം നയിക്കുവാനും വിശുദ്ധ യൗസേപ്പിനോടുള്ള അവളുടെ ഭക്തി ഇടയാക്കി.

ജപം
🔶🔶

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, അങ്ങേ വിശ്വസ്ത ശുശ്രൂഷിയായ മാര്‍ യൗസേപ്പിനെ അങ്ങ് മഹത്വപ്പെടുത്തുവാന്‍ തിരുമനസ്സായി. ഞങ്ങള്‍ ആ പുണ്യപിതാവിനെ പുത്രര്‍ക്കനുയോജ്യമായ വിധം ബഹുമാനിക്കുന്നത് അവിടുത്തെ സംപ്രീതിക്കു നിദാനമാണെന്നു ഞങ്ങള്‍ക്കറിയാം. മാര്‍ യൗസേപ്പിനെ അനുകരിച്ച് ഞങ്ങളും അനുദിന ജീവിതത്തില്‍ അവിടുത്തെ ഹിതം മാത്രമനുസരിച്ച് ജീവിക്കാനുള്ള അനുഗ്രഹം നല്‍കേണമേ. മാര്‍ യൗസേപ്പിതാവേ, ഞങ്ങള്‍ക്കു വേണ്ടി ദൈവസവിധത്തില്‍ മാദ്ധ്യസ്ഥം വഹിച്ച് ഉത്തമമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനും അവിടുത്തെ മക്കളാണെന്നു പ്രഖ്യാപിക്കുന്നതിനും ഞങ്ങളെ പ്രാപ്തരാക്കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ… (3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶🔶🔶

ഈശോയുടെ സ്നേഹമുള്ള വളര്‍ത്തു പിതാവായ വിശുദ്ധ യൗസേപ്പേ! ഈശോയെ സ്നേഹിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കേണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements
Advertisements

Leave a comment