കനൽ 44

കനൽ 44

കേപ്പ. പത്രോസിന് അങ്ങനെയൊരു പേരു കൂടി ഉണ്ടായിരുന്നത്രേ. പാറ എന്നാണർത്ഥം. പേരിലേ ഉണ്ടായിരുന്നുള്ളൂ. വളരെ വേഗം പ്രതീക്ഷ വയ്ക്കുകയും വളരെ വേഗം നിരാശപ്പെടുകയും ചെയ്യുന്ന മനുഷ്യന്റെ പ്രതീകമാണ് അയാൾ. പുറമേ പാറ. അകമേ തികഞ്ഞ ദുർബലൻ.

എന്തോ ഒന്ന് മനസിൽ കണ്ടിട്ടാണ് “ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം” എന്നു കേട്ടതേ അയാൾ വള്ളവും വലയും ഉപേക്ഷിച്ച് ചാടിയിറങ്ങുന്നത്. ‘പീഡാനുഭവം’ എന്നു കേൾക്കുമ്പഴേ എന്തൊക്കെയോ ഇടിഞ്ഞു തകരുന്നത് അയാൾക്കുള്ളിലാണ്. “ഇതൊന്നും സംഭവിക്കാതിരിക്കട്ടെ ” എന്ന് അയാൾ ആശ്വസിപ്പിക്കുന്നത് ക്രിസ്തുവിനെയല്ല, സ്വന്തം മനസിനെത്തന്നെയാണ്. എന്നിട്ടും അത് സംഭവിച്ചു. ക്രിസ്തു അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ദൂരെ മാറി അയാൾ അനുഗമിച്ചിരുന്നുവെന്നാണ് സുവിശേഷകൻ പറയുന്നത്. നീ ശിഷ്യനല്ലേ എന്നു ചോദിച്ചവരോട് “യേയ് ഞാനല്ല, എന്നെയല്ല നിങ്ങൾ കണ്ടത് ” എന്നു പറഞ്ഞ് വിദഗ്ധമായി മുങ്ങി. പാവം മനുഷ്യൻ.! ദുർബലൻ ! അവസാനം ക്രിസ്തു തിരിഞ്ഞ് നോക്കുന്ന ആ നോട്ടത്തിൽ ഉള്ളുലഞ്ഞ് കരഞ്ഞു പോകുന്നവൻ.!

ഞാൻ തന്നെയാണ് കേപ്പ. പുതുവത്സരത്തിലും നോമ്പാരംഭത്തിലും ആരംഭശൂരനാകുന്നവൻ. എഴുതി വക്കുന്ന തീരുമാനങ്ങൾ കണ്ട് ഡയറിയിലെ താളുകൾ ഊറിച്ചിരിച്ചിട്ടുണ്ടാകണം. “ഇനി മേലിൽ ഒരു പാപം ചെയ്യുക എന്നതിനെക്കാൾ മരിക്കാനും സന്നദ്ധനായിരിക്കുന്നു” എന്ന പ്രതിജ്ഞ കേട്ട് കുമ്പസാരക്കൂട് കൂടി വാ പൊത്തിയിട്ടുണ്ടാകാം. കുമ്പസാരക്കൂടിന് അറിയുന്നിടത്തോളം നന്നായി മറ്റ് ആർക്കറിയാനാണ്.! സ്വന്തമായുള്ളവയ്ക്ക് ഉടവു തട്ടാതെ അകലമിട്ട് ദൂരെ മാറി ക്രിസ്തുവിനെ അനുഗമിക്കുന്ന, ഒരു തീരുമാനത്തിലും ധീരത പുലർത്താൻ കഴിയാത്ത, എന്നാൽ പ്രധാന ശിഷ്യൻ്റെ കുപ്പായം തന്നെയണിയുന്ന ശിമയോൻ പത്രോസ് ഞാനല്ലാതെ മറ്റാര് ആകാനാണ്..!

ക്രിസ്തുവിൻ്റെ തിരിഞ്ഞു നോട്ടം കൂടുതൽ അർത്ഥവത്താണ്. അതെൻ്റെ ദൗർബല്യങ്ങളിലേക്കാണ്. വീഴ്ചകളിലേക്കാണ്. ചെറിയൊരു വെല്ലുവിളിയിലും തകർന്നു പോകുന്ന കേവല മനുഷ്യപ്രകൃതിയിലേക്കാണ്. ക്രിസ്തുവിനെ അനുഗമിക്കാൻ വേണ്ടത് വാചക കസർത്തല്ല. ധീര പ്രഖ്യാപനങ്ങളല്ല. മനോബലമല്ല. ഞാനിത്ര മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവും മനം നൊന്ത കരച്ചിലും മാത്രമാണ്. ലജ്ജയുടെ ഭാരമില്ലാതെ, പരിഹാസ ഭയമില്ലാതെ കരയാൻ കഴിയുന്ന ഒരേയിടം ക്രിസ്തു തന്നെയാണ്.

ആത്മാവിനെ കഴുകി വെടിപ്പാക്കാൻ ആത്മാർത്ഥമായ കണ്ണീരോളം നല്ലതായി മറ്റെന്തുണ്ട്.?

ജോയ് എം പ്ലാത്തറ

Leave a comment