Uncategorized

ദൈവകരുണയുടെ കുരിശിന്റെ വഴി

ദൈവകരുണയുടെ കുരിശിന്റെ വഴി

പ്രാരംഭ പ്രാർത്ഥന
കരുണാമയനായ ദൈവമേ, എന്റെ കർത്താവേ അങ്ങയെ വിശ്വസ്തതാ പൂർവം അനുഗമിക്കാനും പൂർണമായി അനുകരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ അങ്ങയുടെ പീഡാസഹനങ്ങളെ ധ്യാനിക്കുന്നതിലൂടെ ആല്മീയ ജീവിതത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കാനുള്ള കൃപ നൽകി എന്നെ അനുഗ്രഹിക്കണമേ.

കരുണയുടെ മാതാവേ, ക്രിസ്തുവിനോട് എന്നും വിശ്വസ്തയായ പരിശുദ്ധ മറിയമേ, അങ്ങേ തിരുക്കുമാരന്റെ അതിദാരുണമായ പീഡാസഹങ്ങളുടെ വഴിയേ എന്നെ നയിച്ചാലും. ഈ കുരിശിന്റെ വഴിയിലെ പ്രാർത്ഥനകൾ ഫലദായകമായി നിർവഹിക്കാൻ ആവശ്യമായ കൃപാകൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ.

”നിത്യ പിതാവേ അവിടുത്തെ പ്രിയ വത്സലപുത്രനും ഞങ്ങളുടെ കർത്താവും രക്ഷകനുമായ ഈശോ മിശിഹായുടെ തിരു ശരീരവും രക്തവും ആത്മാവും ദൈവത്വവും ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി ഞാൻ അങ്ങേയ്ക്ക് കാഴ്ചവയ്ക്കുന്നു”

ഒന്നാം സ്ഥലം
ഈശോ മിശിഹാ കുരിശു മരണത്തിനു വിധിക്കപ്പെടുന്നു

ഈശോമിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടു ആരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു

യേശു: മറ്റുള്ളവർ നിന്നെ അന്യായമായി കുറ്റപ്പെടുത്തുകയും നിന്ദിക്കുകയും ചെയ്യുമ്പോൾ നീ ആശ്‌ചര്യപ്പെടേണ്ട. നിന്ദനത്തിന്റെ ഈ പാനപാത്രം നിന്നോടുള്ള സ്നേഹത്തെ പ്രതി ഞാൻ തന്നെ നിനക്കു മുൻപേ സ്വീകരിച്ചിട്ടുണ്ട്. ഹേറോദേസിന്റെ മുൻപിൽ ഞാൻ അന്യായമായി വിധിക്കപ്പെട്ടപ്പോൾ മനുഷ്യരുടെ പരിഹാസങ്ങൾക്കു മുകളിൽ ജീവിക്കാനും എന്റെ കാലടികളെ വിശ്വസ്തതയോടെ പിന്തുടരാനുമുള്ള കൃപയാണ് ഞാൻ നിനക്കു വേണ്ടി സമ്പാദിച്ചിട്ടുള്ളത് .(ഡയറി 1164)

വി. ഫൗസ്റ്റിന: പ്രതികരിക്കുന്നത് ദൈവഹിതമാണോ അല്ലയോ എന്ന് ചിന്തിക്കാതെ മറ്റുള്ളവരുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ തിടുക്കം കൂട്ടുന്നവരാണ് ഞങ്ങൾ. നിശബ്ദമായി സഹിക്കുന്ന ആത്മാവാണ് ഏറ്റവും ശക്തം. നിശ്ശബ്ദതയിൽ തുടരുന്നിടത്തോളം അതിനെ തകർക്കാൻ യാതൊരു പ്രതികൂലങ്ങൾക്കും സാധ്യമല്ല. ആന്തരിക നിശബ്ദതയുള്ളവർക്കാണ് ദൈവവുമായി ഏറെ ഐക്യപ്പെടാൻ കഴിവുണ്ടാകുന്നത്.

കരുണ നിറഞ്ഞ ഈശോയെ, മറ്റുള്ളവർ എന്നെ അന്യായമായി വിധിക്കുമ്പോൾ അതിനെ സമചിത്തതയോടെ സ്വീകരിക്കാൻ എന്നെ സഹായിക്കണമേ. ചുറ്റുമുള്ളവരിൽ അങ്ങയെ കാണാനും അവരെ ഒരിക്കലും വിധിക്കാതിരിക്കാനും എനിക്കിടയാകട്ടെ (ഡയറി 477)

ഞങ്ങൾക്കായി പീഡകൾ സഹിച്ച ഈശോ നാഥാ… ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.

രണ്ടാം സ്ഥലം
ഈശോ മിശിഹാ കുരിശു ചുമക്കുന്നു

ഈശോമിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടു ആരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു

യേശു: നീ സഹനങ്ങളെ ഒരിക്കലും ഭയപ്പെടരുത്. ഞാൻ നിന്നോട്‌ കൂടെയുണ്ട്. (ഡയറി 151). സഹനങ്ങളെ നീ എത്രമാത്രം ഇഷ്ടപ്പെട്ട് സ്വീകരിക്കുന്നുവോ അത്രയും വിശുദ്ധമായിരിക്കും നിനക്ക് എന്നോടുള്ള സ്നേഹവും (ഡയറി 279)

വി. ഫൗസ്റ്റിന: ദൈനംദിന ജീവിതത്തിൽ നേരിടുന്ന എല്ലാ സഹനങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ജീവിത പ്രതിസന്ധികൾ, എന്റെ പ്രയത്നങ്ങൾക്കുണ്ടാകുന്ന തടസ്സങ്ങൾ , മറ്റുള്ളവർക്കൊപ്പം ജീവിക്കുമ്പോഴുണ്ടാകുന്ന പ്രയാസം, എന്റെ ഉദ്യേശം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന അവസ്ഥ, മറ്റുള്ളവരാലുള്ള നിന്ദിക്കപ്പെടൽ , എന്നോടുള്ള പരുഷമായാ പെരുമാറ്റം, ഇവക്കെല്ലാം ഈശോയെ നന്ദി. തെറ്റിധാരണകൾക്കും ആരോഗ്യമില്ലായ്മക്കും ബലഹീനതകൾക്കും കർത്താവേ ഞാൻ നന്ദി പറയുന്നു. സ്വയം ചെറുതാകുന്ന അനുഭവത്തിലും എല്ലാ മേഖലകളിലും അംഗീകാരം നിഷേധിക്കപ്പെടുന്നതിലും എന്റെ എല്ലാ പദ്ധതികളും തകർന്നടിയുമ്പോഴും ഈശോയെ നിനക്കു നന്ദി. (ഡയറി 343)

കരുണ നിറഞ്ഞ ഈശോയെ, ജീവിതത്തിലെ കഷ്ടപ്പാടുകളുടെയും രോഗങ്ങളുടെയും മൂല്യം തിരിച്ചറിയാൻ എന്നെ പഠിപ്പിക്കണമേ. അനുദിന ജീവിതത്തിലെ കുരിശുകൾ സ്നേഹത്തോടെ വഹിക്കുവാനും എന്നെ പരിശീലിപ്പിച്ചാലും.

ഞങ്ങൾക്കായി പീഡകൾ…

മൂന്നാം സ്ഥലം
ഈശോ ഒന്നാം പ്രാവശ്യം വീഴുന്നു

ഈശോമിശിഹായേ ഞങ്ങൾ അങ്ങയെ……. എന്തുകൊണ്ടെന്നാൽ …….

യേശു: എന്റെ മകളേ.. നീ ആത്മാക്കൾക്കു എഴുതുക… അറിവില്ലാതെ ആത്‍മാക്കൾ ചെയ്യുന്ന പാപങ്ങൾ എന്റെ സ്നേഹത്തിൽ നിന്നും അവരെ വേർതിരിക്കുന്നില്ല. അവരിൽ ഞാൻ അലിഞ്ഞു ചേരുന്നതിനും അതു തടസ്സം ആവുന്നില്ല. പക്ഷേ, ബോധപൂർവം ചെയ്യുന്ന ഒരു പാപവും അതു എത്ര ചെറുതായാൽ പോലും അത് എന്റെ സ്നേഹത്തിൽ നിന്നും അവരെ അകറ്റുന്നു. അതു കൃപകളും ഫലങ്ങളും അവരിലേക്ക്‌ ഒഴുകാൻ തടസ്സമാകും. (ഡയറി 1641)

വി. ഫൗസ്റ്റിന: എന്റെ ഈശോയെ ഞാൻ സദാ ശ്രദ്ധാലുവാണ് എങ്കിൽപോലും ഞാൻ എപ്പോഴും പാപത്തിൽ വീണു പോകുന്നു. എങ്കിലും ഞാൻ നിരാശപ്പെടുന്നില്ല. എന്തെന്നാൽ ഏതു ദുരവസ്ഥയിലും അളവില്ലാത്ത അങ്ങയുടെ കരുണയിൽ ഞാൻ വിശ്വസിക്കുന്നു. ആശ്രയിക്കുന്നു. (ഡയറി 606)

കാരുണ്യവാനായ കർത്താവേ, ബോധപൂർവ്വം ചെയ്യുന്ന ഏറ്റവും നിസ്സാരമായ പാപത്തിൽ നിന്നു പോലും എന്നെ കാത്തുസംരക്ഷിച്ചാലും.

ഞങ്ങൾക്കായി പീഡകൾ….

നാലാം സ്ഥലം
ഈശോ വഴിയിൽ വച്ച് തന്റെ മാതാവിനെ കാണുന്നു

ഈശോമിശിഹായേ ഞങ്ങൾ അങ്ങയെ ………… എന്തുകൊണ്ടെന്നാൽ …….

യേശു: നിനക്കു സഹനങ്ങൾ ഉണ്ടാകുമ്പോൾ നീ ഓർക്കുക അതു എന്റെ പദ്ധതിയാണെന്ന്. വലിയ സഹനങ്ങൾ നേരിടുമ്പോഴും നീ അറിഞ്ഞിരിക്കണം ഞാനും ഇതേ വഴിയിലൂടെ കടന്നു പോയെന്നും അതു ആത്മാക്കളുടെ മോചനത്തിന് വേണ്ടിയുള്ള എന്റെ പദ്ധതിയാണെന്നും (ഡയറി 1643). ഒരിക്കലും പ്രതികൂലങ്ങളെ ഓർത്തു നീ അമിതമായി ആകുലപ്പെടുകയും ചെയ്യരുത്.

വി. ഫൗസ്റ്റിന: ഈ സമയം ഞാൻ മാതാവിനെ കണ്ടു. മാതാവ് എന്നെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു. ‘ധൈര്യമായിരിക്കുക, സഹനങ്ങൾ വരുമ്പോൾ നീ പേടിക്കരുത്. ആ സമയം എല്ലാം എന്റെ മകന്റെ പീഢാസഹനങ്ങളെ ഓർക്കുക. അവനിൽ നീ ദൃഷ്ടി ഉറപ്പിക്കുക. അതു വഴി നിനക്കു വിജയം നേടാം. (ഡയറി 449)

പരിശുദ്ധ മറിയമേ, കരുണയുടെ മാതാവേ, അങ്ങേ ദിവ്യകുമാരന്റെ കുരിശിന്റെ വഴികളിൽ അങ്ങും കൂടെ ഉണ്ടായിരുന്നല്ലോ. അതുപോലെ എന്റെ സഹനങ്ങളിലും എല്ലായ്പോഴും ‘അമ്മ എന്നോടൊപ്പമുണ്ടായിരിക്കേണമേ.

ഞങ്ങൾക്കായി പീഡകൾ സഹിച്ച ഈശോ നാഥാ… ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.

അഞ്ചാം സ്ഥലം
ശിമയോൻ ഈശോയെ സഹായിക്കുന്നു

ഈശോമിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടു ആരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു

യേശു: എന്റെ കണ്ണുകൾ നിരന്തരം നിങ്ങളുടെ മേലുണ്ട്. ഞാൻ സഹനങ്ങൾ അനുവദിക്കുന്നത് നിങ്ങളുടെ പുണ്യങ്ങൾ വർദ്ധിപ്പിക്കാനാണ്. ഞാൻ പ്രതിഫലം നൽകുന്നത് നിങ്ങളുടെ വിജയങ്ങൾക്കല്ല. എന്റെ നാമത്തെ പ്രതി അനുഭവിച്ച കഷ്ടങ്ങൾക്കും പിടിച്ചുനിൽപ്പിനുമാണ്. (ഡയറി 86).

വി. ഫൗസ്റ്റിന: സഫലമായ നേട്ടങ്ങൾക്ക് നീ പ്രതിഫലം തരുന്നില്ലല്ലോ. അതിനു വേണ്ടി അർപ്പിച്ച നല്ല മനസ്സിനും അധ്വാനങ്ങൾക്കും ആണല്ലോ നീ പ്രതിഫലം നൽകുന്നത്. അതിനാൽ എന്റെ പരിശ്രമങ്ങൾ വിജയം വരിച്ചില്ലങ്കിലും ഞാൻ നിരാശപ്പെടുന്നില്ല. വിജയവും പരാജയവും എന്റെ കാര്യമല്ല. എന്റെ പരിശ്രമങ്ങൾക്കാണല്ലോ നീ പ്രതിഫലം തരുന്നത്. എനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞാൽ ബാക്കിയെല്ലാം നിന്റെ കരങ്ങളിലാണല്ലോ. (ഡയറി 952)

ഈശോയെ, എന്റെ കർത്താവേ, എന്റെ ഓരോ ചിന്തയും വാക്കും പ്രവർത്തിയും അങ്ങയോടുള്ള സ്നേഹത്തിൽ നിന്നും രൂപപ്പെടട്ടെ. എന്റെ എല്ലാ നിയോഗങ്ങളെയും അങ്ങു തുടർന്നും വിശുദ്ധീകരിച്ചാലും.

ഞങ്ങൾക്കായി പീഡകൾ …

ആറാം സ്ഥലം
വേറോനിക്ക ഈശോയുടെ തിരുമുഖം തുടയ്ക്കുന്നു

ഈശോമിശിഹായേ ഞങ്ങൾ അങ്ങയെ …………… എന്തുകൊണ്ടെന്നാൽ ……

യേശു: ഒരു ആത്മാവിനു വേണ്ടി എന്തു ചെയ്താലും അതു എനിക്ക് വേണ്ടിയാണെന്ന് അറിഞ്ഞിരിക്കുക ( ഡയറി 1768 )

വി. ഫൗസ്റ്റിന: നന്മയുള്ള കർത്താവിൽ നിന്നും എങ്ങിനെ നന്മയുള്ളവളായിരിക്കണം എന്നു ഞാൻ പഠിക്കുന്നു. അതുവഴി ഞാൻ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മകളെന്ന് വിളിക്കപ്പെടും. പരിശുദ്ധമായ സ്നേഹത്തിൽ ചെയ്യുന്ന ഏറ്റവും ചെറിയ കാര്യങ്ങൾ പോലും ഏറ്റം മഹത്തായ കാര്യങ്ങളായി മാറുന്നു. എല്ലാ കാര്യങ്ങൾക്കും മൂല്യം നൽകുന്നത് സ്നേഹം മാത്രമാണ്. (ഡയറി 303)

എന്റെ കർത്താവും ഗുരുവുമായ യേശുവേ , എന്റെ കണ്ണുകളും കൈകളും അധരങ്ങളും എപ്പോഴും കരുണ നിറഞ്ഞതായിതീരാൻ അനുഗ്രഹിക്കണമേ. എന്റെ ജീവിതം മുഴുവനും കരുണയായി രൂപാന്തരപ്പെടുത്തിയാലും.

ഞങ്ങൾക്കായി പീഡകൾ …

ഏഴാം സ്ഥലം
ഈശോ രണ്ടാം പ്രാവശ്യം വീഴുന്നു

ഈശോമിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടു ആരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു

യേശു: നിന്റെ വീഴ്ചകൾക്കു കാരണം നീ എന്നിൽ ആശ്രയിക്കാതെ നിന്റെ കഴിവിൽ തന്നെ കൂടുതൽ ആശ്രയിക്കുന്നതാണ്. സ്വന്തം കഴിവുകൊണ്ടു നിനക്കു ഒന്നും ചെയ്യാൻ കഴിയുകയില്ലന്നു നീ അറിയണം (ഡയറി 1488). എന്റെ പ്രത്യേക സഹായം കൂടാതെ ഏതെങ്കിലും കൃപ സ്വീകരിക്കാൻ കൂടി നീ അശക്തയാണ് (ഡയറി 738). എങ്കിലും ഇതു നിന്നെ അമിതമായി വിഷമിപ്പിക്കാൻ അനുവദിക്കരുത്. കാരണം നീ ആശ്രയിക്കുന്നത് കരുണയുടെ ദൈവത്തെയാണ് (ഡയറി 1488).

വി. ഫൗസ്റ്റിന: എന്റെ ഈശോയെ സഹനങ്ങളിൽ എന്നെ തനിച്ചാക്കി നീ വിട്ടുപോകാരുതേ. കർത്താവേ ഞാൻ എത്ര ദുർബലയാണെന്നു നീ അറിയുന്നു. ഞാൻ എന്നിൽ തന്നെ ഒന്നുമില്ലായ്കയും മ്ലേച്ഛതയുടെ കൂടാരവുമാണന്ന് നിനക്കു അറിയാമല്ലോ. നീ എന്നോടൊപ്പം ഇല്ലാത്ത അവസരങ്ങളിൽ ഞാൻ പാപത്തിൽ വീഴുന്നതിൽ അത്ഭുതപ്പെടാനുണ്ടോ? നിസ്സഹായനായ ഒരു കൊച്ചു കുഞ്ഞിന്റെ അടുത്ത് അതിന്റെ ‘അമ്മ നിൽക്കുന്നതുപോലെ , അല്ല അതിനെക്കാളുപരി ഈശോയെ നീ എല്ലാ സമയവും എന്റെ ഒപ്പം നിൽക്കണേ (ഡയറി 264).

കർത്താവേ, ഒരേ പാപത്തിൽ വീണ്ടും വീണുപോകുന്നതിൽ നിന്നും അങ്ങയുടെ കൃപ എന്നെ രക്ഷിക്കട്ടെ. എപ്പോഴെങ്കിലും പാപത്തിൽ വീണു പോയാൽ അതിൽ നിന്നും വിടുതൽ നേടികൊണ്ട്‌ അങ്ങയുടെ കരുണയെ മഹത്വപ്പെടുത്താൻ എന്നെ സഹായിച്ചാലും. ഈശോയേ, എന്റെ അനുദിന ജീവിതത്തിന്റെ വിരസതകളിൽ മാനുഷീക ചിന്തകളാൽ നയിക്കപ്പെടാതെ ദൈവരൂപിയാൽ നയിക്കപ്പെടാൻ തക്കവിധം എന്റെ വിശ്വാസത്തെ ബലപ്പെടുത്തണമെന്ന് ഞാൻ തീക്ഷണതയോടെ യാചിക്കുന്നു. സകലതും മനുഷ്യനെ ഭൗതീകതയിലേക്കു വലിച്ചടുപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ സജീവമായ വിശ്വാസം ആത്മാവിനെ ഉന്നതങ്ങളിൽ താങ്ങി നിർത്തുകയും സ്വയം സ്നേഹത്തിന് അതിനു പറ്റിയ ഏറ്റവും താഴ്ന്ന ഇടം നിശ്ചയിച്ചു കൊടുക്കുകയും ചെയ്യും (ഡയറി 210)

ഞങ്ങൾക്കായി പീഡകൾ സഹിച്ച ഈശോ നാഥാ… ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.

എട്ടാം സ്ഥലം
ഈശോ ജെറുസലേം സ്ത്രീകളെ ആശ്വസിപ്പിക്കുന്നു

ഈശോമിശിഹായേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ രക്ഷിച്ചു

യേശു: സജീവമായ വിശ്വാസം എന്നെ എത്രമാത്രമാണ് പ്രസാദിപ്പിക്കുന്നത്. വിശ്വാസത്തിന്റെ ചൈതന്യത്തിൽ ജീവിക്കാൻ ഞാൻ ആവശ്യപ്പെടുന്നുവന്ന് സകലരെയും അറിയിക്കുക. (ഡയറി 352)

വി. ഫൗസ്റ്റിന: ഈശോയെ എന്റെ വിശ്വാസത്തെ കൂടുതൽ ബലപ്പെടുത്തണമെന്ന് ഞാൻ തീക്ഷണതയോടെ യാചിക്കുന്നു. എന്റെ ജീവിതത്തിന്റെ അലസ നിമിഷങ്ങളിൽ ലൗകീക ചിന്തകൾ എന്നെ നയിക്കാതിരിക്കട്ടെ. ഉറച്ച ആത്മവിശ്വാസം ആത്മാവിനെ ഉന്നതങ്ങളിൽ എത്തിക്കുന്നു. സ്വന്തം ഇഷ്ടങ്ങളെ താഴ്ത്തുകയും ചെയ്യുന്നു (ഡയറി 210)

കരുണ നിറഞ്ഞ കർത്താവേ, പരിശുദ്ധമായ ജ്ഞാനസ്നാനത്തിനും വിശ്വാസമെന്ന മഹത്തായ ദാനത്തിനും ഞാൻ നന്ദി പറയുന്നു. വീണ്ടും വീണ്ടും ഞാൻ വിളിച്ചു പ്രാർത്ഥിക്കുന്നു. കർത്താവേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു. എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ.

ഞങ്ങൾക്കായി പീഡകൾ…

ഒൻപതാം സ്ഥലം
ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു

ഈശോമിശിഹായേ ഞങ്ങൾ അങ്ങയെ……… എന്തുകൊണ്ടെന്നാൽ …………

യേശു: എന്റെ കുഞ്ഞേ, വിശുദ്ധിയിൽ വളരാനുള്ള ഏറ്റവും വലിയ തടസ്സം നിരാശയും ഉത്കണ്ഠയും ആണ്. പുണ്യങ്ങൾ പരിശീലിക്കാനുള്ള കഴിവിനെ അതു നഷ്ടപ്പെടുത്തും. പാപമോചനം സ്വീകരിക്കാൻ വരുന്നതിൽ നീ ഒരിക്കലും ഭയപ്പെടരുത്. കാരണം നിന്നോടവ ക്ഷമിക്കാൻ ഞാൻ എപ്പോഴും തയ്യാറായിരിക്കുന്നു. പാപമോചനം നേടുമ്പോഴൊക്കെ നീയെന്റെ കരുണയെ മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത്. (ഡയറി 1488)

വി. ഫൗസ്റ്റിന: എന്റെ ഈശോയെ നിന്റെ കരുണ എന്നോടൊപ്പം ഉള്ളപ്പോൾ പോലും എന്റെ അവസ്ഥ എത്ര പരിതാപകരം ആണന്ന് ഞാൻ അറിയുന്നു. എന്റെ ഓരോ ദിവസവും ആരംഭിക്കുന്നതും അവസാനിക്കുന്നതും പോരാട്ടങ്ങളിൽ ആണ്. ഒരു പ്രതിസന്ധിയെ കീഴടക്കി കഴിയുമ്പോഴേക്കും അതിന്റെ സ്ഥാനത്തു വേറെ പത്ത്‌ പ്രതിസന്ധികൾ ഉടലെടുക്കുന്നു. എങ്കിലും ഞാൻ ഒട്ടും നിരാശപ്പെടുന്നില്ല. കാരണം ഇതൊരിക്കലും സമാധാനത്തിന്റെ കാലമല്ല. മറിച്ചു പോരാട്ടത്തിന്റെ കാലമാണ്. (ഡയറി 606)

കരുണ നിറഞ്ഞ കർത്താവേ, എന്റെ പാപങ്ങളും മാനുഷീകബലഹീനതകളും മാത്രമേ എനിക്ക് സ്വന്തമെന്നു പറയാനുള്ളു. അവയെല്ലാം അങ്ങയുടെ അഗാധമായ കരുണയിൽ ആഴ്ത്തിക്കളയണമേയെന്ന് ഞാൻ അപേക്ഷിക്കുന്നു.

ഞങ്ങൾക്കായി പീഡകൾ സഹിച്ച ഈശോ നാഥാ… ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.

പത്താം സ്ഥലം
ദിവ്യരക്ഷകന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു

ഈശോമിശിഹായേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ രക്ഷിച്ചു

വി. ഫൗസ്റ്റിന: എന്റെ മുൻപിൽ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ട യേശുവിനെ ഞാൻ കണ്ടു. അവന്റെ ശരീരത്തിൽ നിറയെ മുള്ളുകളായിരുന്നു. കണ്ണുകളിൽ നിന്ന് കണ്ണീരും രക്തവും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. വിരൂപമായിരുന്ന അവന്റെ മുഖം തുപ്പലുകൊണ്ടു മൂടിയിരുന്നു. അപ്പോൾ യേശു എന്നോട് പറഞ്ഞു.

യേശു: മണവാട്ടി തന്റെ മണവാളനോട് അനുരൂപപ്പെടണം.

വി. ഫൗസ്റ്റിന: ഈശോയെ, അങ്ങയുടെ വാക്കുകളുടെ അർത്ഥം അതിന്റെ പൂർണതയിൽ യാതൊരു സംശയവും ഇല്ലാതെ എനിക്ക് മനസ്സിലായി. സഹനവും എളിമയും വഴിയാണ് ഞാൻ ഈശോയോട് അനുരൂപപ്പെടേണ്ടത്.( ഡയറി 268).

എളിമയും ശാന്തതയും ഉള്ള ഈശോയുടെ തിരുഹൃദയമേ, എന്റെ ഹൃദയത്തെയും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഞങ്ങൾക്കായി പീഡകൾ…

പതിനൊന്നാം സ്ഥലം
ഈശോയെ കുരിശിൽ തറയ്ക്കുന്നു

ഈശോമിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടു ആരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു

യേശു: എന്റെ പ്രിയ ശിഷ്യേ, നിങ്ങളെ ദ്രോഹിക്കുന്നവരെ അധികമായി സ്നേഹിക്കുക, നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക (ഡയറി 1658)

വി. ഫൗസ്റ്റിന: ഈശോയെ ഞങ്ങളെ മനഃപൂർവ്വമായോ അല്ലാതെയോ വിഷമിപ്പിക്കുന്നവരോട് പൊരുത്തപ്പെടാൻ
വിഷമമായതിനാൽ ആരിൽനിന്നും ഓടിയൊളിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നുവോ അവരോടൊന്നിച്ചു ആത്മാര്ഥതയോടും സ്നേഹത്തോടും കൂടി ജീവിക്കാൻ ഞങ്ങൾ എത്രമാത്രം പരിശ്രമിക്കേണ്ടിയിരിക്കുന്നുവെന്ന് അറിയാമല്ലോ. മാനുഷീകമായി പറഞ്ഞാൽ ഇതു അസാദ്യമാണ്. അത്തരം അവസരങ്ങളിൽ മറ്റവസരങ്ങളെക്കാൾ കൂടുതൽ ആ വ്യക്തിയിൽ യേശുവിനെ കണ്ടെത്താൻ ഞാൻ പരിശ്രമിക്കുന്നു. ആ യേശുവിനെ പ്രതി ആ വ്യക്തിക്ക് ഞാൻ എല്ലാം ചെയ്തു കൊടുക്കുന്നു. (ഡയറി 766)

ഓ ഏറ്റവും പരിശുദ്ധ സ്നേഹമേ, എന്റെ ഹൃദയത്തിൽ അങ്ങയുടെ എല്ലാ സമ്പന്നതയോടും കൂടെ വാഴുകയും അവിടുത്തെ തിരുമനസ്സ് ഏറ്റവും വിശ്വസ്തമായി നിർവഹിക്കാൻ എന്നെ സഹായിക്കുകയും ചെയ്യുക.

ഞങ്ങൾക്കായി പീഡകൾ …

പന്ത്രണ്ടാം സ്ഥലം
ഈശോ മിശിഹാ കുരിശിൻമേൽ തൂങ്ങി മരിക്കുന്നു

ഈശോമിശിഹായേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ രക്ഷിച്ചു

യേശു: ഇതെല്ലാം ഞാൻ ആത്മാക്കളുടെ രക്ഷക്ക് വേണ്ടിയാണ് ചെയ്തത്. ആത്മാക്കളുടെ രക്ഷക്ക് വേണ്ടി നീ എന്തെല്ലാം ചെയ്യുന്നു എന്നു നല്ലതുപോലെ ആലോചിക്കുക (ഡയറി 1184)

വി. ഫൗസ്റ്റിന: അപ്പോൾ ക്രൂശിതനായ ഈശോയെ ഞാൻ കണ്ടു. ഈശോ കുരിശിൽ കിടന്ന സമയം അനേകം ആത്മാക്കളെ ഞാൻ കണ്ടു. ഒരു കൂട്ടം ആത്മാക്കളുടെ ഒരു വലിയ സമൂഹം ഈശോയെ പോലെ ക്രൂശിക്കപ്പെട്ടു കിടക്കുന്നത് ഞാൻ കണ്ടു. വീണ്ടും മറ്റൊരുകൂട്ടം ആത്മാക്കളെയും ഞാൻ കണ്ടു. അവർ കുരിശിൽ തറക്കപ്പെട്ടിരുന്നില്ല. മറിച്ച് കുരിശുകൾ അവരുടെ കൈകളിൽ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. മൂന്നാമതൊരു കൂട്ടം ആത്മാക്കളാകട്ടെ കുരിശിൽ തറക്കപ്പെട്ടവരോ കുരിശ് കയ്യിൽ പിടിച്ചവരോ ആയിരുന്നില്ല. അവർ കുരിശ് വലിച്ചുകൊണ്ട് പോകുന്നവരായിരുന്നു.

യേശു: നീ ഈ ആത്മാക്കളെ കണ്ടോ? വേദനയും അപമാനവും എന്നെപ്പോലെ സഹിച്ചവർ മഹത്വത്തിലും എന്നെപ്പോലെ ആയിരിക്കും. എന്റെ വേദനയിലും അപമാനത്തിലും കുറച്ചു മാത്രം പങ്കുചേർന്നവർക്കു എന്റെ മഹത്വത്തിലും കുറച്ചു മാത്രമേ പങ്കുണ്ടായിരിക്കുകയുള്ളൂ.(ഡയറി 446)

ഈശോയെ എന്റെ രക്ഷകാ, അങ്ങയുടെ ഹൃദയത്തിന്റെ അഗാധതയിൽ അവിടുത്തെ കൃപയിൽ പൊതിഞ്ഞു എന്നെ സംരക്ഷിക്കുക. അപ്പോൾ അങ്ങയെ പോലെ കുരിശിനെ സ്നേഹിക്കാനും അവിടുത്തെ മഹത്വത്തിൽ പങ്കുചേരാനും എനിക്ക് സാധിക്കും.

ഞങ്ങൾക്കായി പീഡകൾ സഹിച്ച ഈശോ നാഥാ… ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.

പതിമൂന്നാം സ്ഥലം
ഈശോയുടെ മൃതദേഹം മാതാവിന്റെ മടിയിൽ കിടത്തുന്നു

ഈശോമിശിഹായേ ഞങ്ങൾ അങ്ങയെ ………. എന്തുകൊണ്ടെന്നാൽ ……

യേശു: എന്റെ നന്മയിൽ ഉറച്ചു വിശ്വസിക്കുകയും എന്നിൽ പൂർണമായി ആശ്രയിക്കുകയും ചെയുന്നു ആത്മാവാണ് എനിക്കേറ്റം പ്രിയപ്പെട്ടത്. അത്തരം ആത്മാക്കളുടെമേൽ ഞാൻ എന്റെ വിശ്വാസം അർപ്പിക്കുകയും അവർ ആവശ്യപ്പെടുന്നതെല്ലാം നൽകുകയും ചെയ്യുന്നു. (ഡയറി 453)

വി. ഫൗസ്റ്റിന: മനസ്സലിവുള്ള ദൈവമേ, അങ്ങു മാത്രമാണ് നല്ലവൻ. അങ്ങേ കരുണക്കായി ഞാനണയുന്നു. എന്റെ തെറ്റുകളും അതിക്രമങ്ങളും വളരെ അധികമാണ്. എങ്കിലും ഞാനങ്ങേ കാരുണ്യത്തിൽ ശരണപ്പെടുന്നു. എന്തുകൊണ്ടെന്നാൽ അവിടുന്നു കരുണയുടെ ദൈവമാണ്. നിന്റെ കരുണയിൽ ആശ്രയിച്ച ഒരാത്മാവിനെയും നീ നിരസിച്ചതായി അനാദി കാലം മുതൽ സ്വർഗ്ഗത്തിലും ഭൂമിയിലും കേട്ടിട്ടില്ല. (ഡയറി 1730)

കരുണ നിറഞ്ഞ ഈശോയെ, അങ്ങേ കാരുണ്യത്തിലുള്ള എന്റെ ശരണം അനുദിനം വർദ്ധിപ്പിക്കണമേ. അതുവഴി എല്ലായിടത്തും എല്ലായ്പ്പോഴും അങ്ങേ അനന്തമായ സ്നേഹത്തിനും നന്മക്കും ഞാൻ സാക്ഷിയായിത്തീരട്ടെ.

ഞങ്ങൾക്കായി പീഡകൾ …

പതിനലാം സ്ഥലം
ഈശോ മിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു

ഈശോമിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടു ആരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു

യേശു: നീ ഇതുവരെയും നിന്റെ സ്വന്തം നാട്ടിൽ എത്തിച്ചേർന്നിട്ടില്ല. അതുകൊണ്ടു എന്റെ കൃപയിലൂടെ ശക്തിയാർജിച്ചു മനുഷ്യഹൃദയത്തിലെ ദൈവരാജ്യത്തിനായി പോരാടുക. ഒരു രാജാവിന്റെ പുത്രന്/ പുത്രിക്ക് ചേർന്ന വിധം നീ പോരാടണം. നിന്റെ പ്രവാസത്തിന്റെ ദിനങ്ങൾ വളരെ പെട്ടന്ന് കടന്നു പോകും. അതോടൊപ്പം സ്വർഗീയ ജീവിതത്തിനു വേണ്ട കൃപകൾ നേടാനുള്ള സാധ്യതകളും ഇല്ലാതാകും. നിത്യതയിൽ എന്റെ കാരുണ്യത്തെ മഹത്വപ്പെടുത്തുന്ന ഒരു വലിയ സംഖ്യ ആത്മാക്കളെ ഞാൻ നിന്നിലൂടെ പ്രതീക്ഷിക്കുന്നു. (ഡയറി 1489)

വി. ഫൗസ്റ്റിന: യേശുവേ നീ എന്നെ ഭരമേല്പിച്ചിരിക്കുന്ന ഓരോ ആത്മാവും നിന്റെ കൃപ സ്വീകരിക്കാൻ തക്കവിധം എന്റെ സഹനങ്ങളും പ്രാർത്ഥനയും വഴി ഞാൻ അവരെ സഹായിക്കും. ആത്മാക്കളെ ഏറ്റവും അധികം സ്നേഹിക്കുന്ന എന്റെ ഈശോയെ ആത്മാക്കളുടെ സംരക്ഷണ ചുമതല ഭരമേൽപ്പിക്കാൻ തക്കവിധം ഞങ്ങളെ വിശ്വസ്തരായി കണക്കാക്കിയ അങ്ങയുടെ കാരുണ്യത്തിന് നന്ദി (ഡയറി 245)

കാരുണ്യവാനായ കർത്താവേ എന്നെ ഭരമേല്പിച്ചിരിക്കുന്ന ഈ ആത്മാക്കളിൽ ഒന്നു പോലും നഷ്ടപ്പെട്ടു പോകാതിരിക്കുവാൻ കൃപ തരണമേ.

ഞങ്ങൾക്കായി പീഡകൾ സഹിച്ച ഈശോ നാഥാ… ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.

സമാപന പ്രാർത്ഥന

എന്റെ ഏക പ്രത്യാശയായ യേശുവേ, എന്റെ ആന്തരീക നേത്രങ്ങൾക്കു മുമ്പിൽ ഈ മഹത്തായ ഗ്രന്ഥം തുറന്നു തന്നതിനായി ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. എന്നോടുള്ള സ്നേഹത്തെ പ്രതി അങ്ങേറ്റെടുത്ത കഷ്ടാനുഭവങ്ങളുടെ നിധിയാണല്ലോ ഈ ഗ്രന്ധം നാഥാ. ഈ ഗ്രന്ഥത്തിൽ നിന്ന് ദൈവത്തെയും ആല്മാക്കളെയും എങ്ങനെ സ്നേഹിക്കണമെന്നു ഞാൻ തിരിച്ചറിഞ്ഞു. അനന്തമായ നിധികളുടെ ഒരു സമാഹാരമാണ് ഈ ഗ്രന്ഥം. ഈശോയെ നന്ദി, ഈശോയെ സ്തുതി. ✝️

Categories: Uncategorized

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s