അവിവാഹിതകളുടെ ശ്രദ്ധയ്ക്ക്!

അവിവാഹിതകളുടെ ശ്രദ്ധയ്ക്ക്!

‘അച്ചാ കല്യാണം കഴിഞ്ഞിട്ടില്ല. ഒന്നു പ്രാർത്ഥിച്ചോളൂ’.
പറഞ്ഞത് ഞങ്ങൾക്ക് ഇലക്ട്രിക്കൽ വർക്കിന് വന്ന 33 കാരൻ.

ഞാൻ ചോദിച്ചു: എന്താണ് പ്രശ്നം?
നിന്നെ കാണാൻ നല്ല ഗ്ലാമർ ഉണ്ടല്ലോ?
പിന്നെ അത്യാവശ്യം നല്ല തൊഴിലുമുണ്ട്.

‘ഗ്ലാമർ ഉണ്ടായാലൊന്നും കാര്യമില്ലച്ചാ. എനിക്ക് പത്താം ക്ലാസ് പഠിപ്പേ ഉള്ളു. അങ്ങനെയായിരുന്നു വീട്ടിലെ സാഹചര്യങ്ങൾ.
ഒരു ദിവസം ഏകദേശം 1000 രൂപയ്ക്ക് പണിയെടുക്കും.
പക്ഷേ ഇപ്പോഴത്തെ പെമ്പിള്ളേർക്കൊന്നും ഞങ്ങളെ പോലുള്ളവരെ വേണ്ട.

നല്ല വിദ്യഭ്യാസവും അതിനോടു ചേർന്ന ജോലിയും ഉണ്ടെങ്കിലെ കാര്യമുള്ളു.
അതല്ലെങ്കിൽ വിദേശത്ത് ജോലിയുള്ള ആളായിരിക്കണം.
ഈ നിലയ്ക്ക് പോയാൽ ഒരു രണ്ടാം കെട്ടുകാരിയെയെങ്കിലും കിട്ടിയാൽ മതിയായിരുന്നു.”

ഒരു പറ്റം പുരുഷന്മാരുടെ പ്രതിനിധിയാണവൻ. ഒരു വലിയ യാഥാർത്ഥ്യമാണ് അവൻ പങ്കുവച്ചതും.
സംശയമുണ്ടെങ്കിൽ ഒന്നു മിഴിയടച്ച് നിങ്ങൾക്കറിയാവുന്നവരിൽ 33 വയസായിട്ടും വിവാഹം നടക്കാത്ത യുവാക്കന്മാരെ ഒന്ന് ഓർത്തെടുത്തേ…….

ഇങ്ങനെയൊരു കണക്കെടുപ്പ് ഓരോ ഇടവകയിലും നടത്തുന്നത് നല്ലതായിരിക്കും.
( ഇതോടൊപ്പം നല്ല ആലോചനകൾ നോക്കിയിരുന്ന് ഇനിയും വിവാഹം നടക്കാത്ത യുവതികളുടെ കണക്കെടുക്കുന്നതും നല്ലതു തന്നെ).

പല പുരുഷന്മാരുടെയും വിവാഹം നടക്കാത്തതിന് കാരണം ജോലിയും പഠിപ്പും മാത്രമല്ല, മറ്റു പല കാര്യങ്ങളുമുണ്ട്.
അവയിൽ ചിലതിവയാണ്:

ചില യുവതികൾക്ക് വീട്ടിൽ പ്രായമായ കാർന്നവന്മാർ പാടില്ലെന്നുണ്ട്.
ചിലർക്ക് വിവാഹം കഴിഞ്ഞാൽ അധികം താമസിയാതെ മാറി താമസിക്കണം എന്നാണ് ഡിമാൻഡ്.
മറ്റു ചിലർക്ക് വാഹനം നിർബന്ധമാണ്.
ഇനി ഭൂരിഭാഗം പേർക്കും പ്രശ്നം വീടാണ്. എല്ലാ സൗകര്യങ്ങളുമുള്ള വലിയ വീടുവേണമെന്നു നിർബന്ധമാണ്.

ഇതറിയാവുന്ന പുരുഷന്മാർ പലരും വിവാഹത്തിനു മുമ്പേ ലോണെടുത്തും പലിശയ്ക്ക് പണമെടുത്തും വലിയ വീടുണ്ടാക്കും.
പിന്നെ ഒരായുഷ്ക്കാലം മുഴുവനും കെട്ട്യോനും കെട്ട്യോളും കടം വീട്ടാനുള്ള നെട്ടോട്ടമാണ്.
നാം കാണുന്ന വലിയ ബംഗ്ലാവുടുമകൾക്ക് എത്രമാത്രം കടമുണ്ടെന്ന് രഹസ്യമായെങ്കിലും ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഏത് വേലയും അഭിമാനകരമാണ് എന്ന് ചിന്തിക്കുന്നിടത്തേ സമൂഹത്തിൽ ഒരു കാതലായ മാറ്റമുണ്ടാകൂ.
എല്ലാ ജോലിയും ചെയ്യുന്നവരില്ലെങ്കിൽ നമ്മുടെ നിലനിൽപു തന്നെ അവതാളത്തിലാകില്ലെ?

പത്രക്കാരനും പാൽക്കാരനും കൃഷിക്കാരനും ഇലക്ട്രീഷ്യനും പ്ലംബറും മേസ്തിരിയും ഡ്രൈവറും മീൻകാരനും ഇറച്ചിക്കാരനും ഡോക്ടറും നഴ്സും….. ഇങ്ങനെ നീളുന്ന പട്ടികയിൽ നിന്ന് ആരെയാണ് ജീവിതത്തിൽ നിന്നൊഴിവാക്കാനാകുക?

എല്ലാവരെയും ആദരിക്കുക.
ആരെയും പുച്ഛിക്കാതിരിക്കുക.
ഓർമയുണ്ടല്ലോ…..
നീ വിശ്വസിക്കുന്ന ക്രിസ്തു…..

അവൻ അറിയപെട്ടത് തച്ചൻ്റെ മകനായിട്ടാണ് (മത്താ13: 55).
അതായത് അവൻ്റെ വളർത്തച്ഛൻ ആശാരിയായിരുന്നു.
അതിൽ അവന് ഒരു കുറവുമില്ലായിരുന്നു.

അതു കൊണ്ട് അവിവാഹിതരായ സ്ത്രീകളെ അവിവാഹിതരായ പുരുഷന്മാരോട് ഒന്നു കരുണ കാണിച്ചു കൂടെ.
മാട്രിമോണിയൽ സൈറ്റിൽ പേരു നൽകുന്നതോടൊപ്പം നിങ്ങളുടെ സ്വന്തം ഇടവകയിൽ തന്നെ അവിവാഹിതരായ യുവാക്കൾ ഉണ്ടോ എന്ന് ഒന്നന്വേഷിച്ചു കൂടെ….
(ഇപ്പോൾ ചിലർ പറയും ഞങ്ങൾക്കിഷ്ടമാണ് പക്ഷേ പപ്പ സമ്മതിക്കണ്ടേ!
പപ്പയുടെ അനുവാദത്തോടു കൂടെ അന്വേഷിച്ചാൽ മതി. അന്വേഷിച്ചതിനു ശേഷം പപ്പയറിയുമ്പോഴാണ് പ്രശ്നമാകുന്നത്!)

വരനെ ആവശ്യമുണ്ട്…..
വധുവിനെ ആവശ്യമുണ്ട്….
എന്നീ അറിയിപ്പുകൾ വിവാഹ വെബ് സൈറ്റുകളിൽ പ്രദർശിപ്പിക്കുന്നത് കൂടാതെ അധികം താമസിയാതെ ഇടവകയിലെ ബുള്ളറ്റിനിലും നോട്ടീസ് ബോർഡിലും പ്രദർശിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അതല്ലെങ്കിൽ അവിവാഹിതരായ പല പുരുഷന്മാർക്കും കുടുംബ ജീവിതമെന്നത് ഒരു കിട്ടാക്കനിയായിരിക്കും.
എന്തു തോന്നുന്നു?

ഫാദർ. ജെൻസൺ ലാസലെറ്റ്
മെയ് 1-2020

One thought on “അവിവാഹിതകളുടെ ശ്രദ്ധയ്ക്ക്!

Leave a comment