അമ്മ കവിതകൾ

Amma

അമ്മ കവിതകൾ
********

അമ്മ- ജെറിൻ ജേക്കബ്

സ്നേഹ സമുദ്രമാണെന്റെ അമ്മ
കാരുണ്യ വാരിധിയെന്റെ അമ്മ.
കുറ്റം ചെയ്താൽ ശാസിക്കുമമ്മ
എൻ ജീവമാർഗദർശിയാണമ്മ.
എൻ കുടുംബത്തിൻ ദീപമാണമ്മ
ദേവീതുല്യമാണെന്നമ്മ.
നേർവഴിയെ നയിക്കുമെന്നമ്മ
കോഴിക്കു തൻ കുഞ്ഞെന്നപോലെ
ലാളിച്ചീടുമെന്നമ്മ.
പുലർകാലദീപമെന്നമ്മ-
ദിനവും പ്രകാശിക്കുമെന്നമ്മ.

*************

സാന്ത്വനിപ്പിക്കാനാരുണ്ട്

ഭൂമിമാതാവെ നിൻ വയറ്റിൽ
പിറന്നിതാ ഞങ്ങൾ;
ആശങ്കയോടെ എവിടെ ജീവിക്കും?
എവിടെ മരിക്കും?
ഇത്തിരി മണ്ണില്ല പാരിൽ
ചൂടേറ്റു വാടിക്കിടക്കുന്നു കൊമ്പുകൾ
അമ്മേ നിൻ തുളച്ച മാറിൽ!
എവിടെ തിരയും ഒരു തുള്ളി ദാഹജലം
എന്തൊരപരാധിയാണീ മനുഷ്യൻ
ഒരു കൊച്ചു വനമില്ല അരുവികളുമില്ല
എല്ലാം മായുന്നു, നശിക്കുന്നു
ഇതിന്റെയവസാനമെന്ത്?
ആരുണ്ട് രക്ഷിക്കാൻ? ആരുണ്ട് സാന്ത്വനിപ്പിക്കാൻ?
പക്ഷിമ്രുഗാദികൾ അമ്മയുടെ മക്കൾ,
അവരെയും നശിപ്പിച്ചു ,
ഒടുവിൽ തന്നെത്ത്ന്നെയും നശിപ്പിക്കും
പ്രാണവായുവും അന്ത്യശ്വാസം വലിച്ചുതുടങ്ങീ
നെൽക്കതിരിന്റെ , പുതുമണ്ണിന്റെ ഗന്ധം
പരക്കുന്നു വാനിൽ,പക്ഷെ എവിടേയോ പോയ്മറഞ്ഞൂ
പുനർജ്ജനിക്കാൻ ഒരുപിടി മണ്ണില്ല.
വേഗമാപ്പുഴകളെ കാക്കുവിൻ
വേഗമാ മാമരങ്ങളെ കാക്കുവിൻ
അമ്മയെ രക്ഷിക്കുവിൻ
വരാൻ പോകുന്ന മക്കൾക്കുവേണ്ടി.

ഗായത്രി.ഡി. 9, ഇ ജി.എച്ച്.എസ്.മുതലമട

*************

അമ്മ

അമ്മതന്‍ ഉമ്മ മറന്നുപോയോ
അമ്മിഞ്ഞപാല് നുകര്‍ന്ന മധുരവും
നെഞ്ചിലെ ചൂടും മറന്നുപോയോ
ആദ്യമായ് മെല്ലെ ഞാന്‍ മിഴികള്‍ തുറന്നു
നെഞ്ചോടു ചേര്‍ത്തെന്നെ വാരിപ്പുണര്‍ന്നു
നെറ്റിയില്‍ തെരുതെരെ ചുംബനം തന്നു
അമ്മതന്‍ ആനന്ത കണ്ണീരു വീണെന്റെ
പിഞ്ചിളം കവിളു നനഞ്ഞു കുതിര്‍ന്നു
അമ്മ എന്നുള്ള രണ്ടക്ഷരത്തിന്നുള്ള
വെണ്മയാ ചിരിയില്‍ ഉതിര്‍ന്നു വന്നു
അഴകുള്ള പുവുണ്ട് പുവിന്നു മണമുണ്ട്
പീലി വിടര്‍ത്തുന്ന മയിലുമുണ്ട്
പിഞ്ചിളം കൈകളാല്‍ വാരിക്കളിക്കുവാന്‍
മഞ്ചാടി കുരുവിന്റെ കുന്നുമുണ്ട്
പുഴയിലൊരില വീണ നിമിഷത്തില്‍ തെരുതെരെ
ഞ്ഞൊറികളായലകളായ് അതിമധുരം
സന്ധ്യയിലെ മാനത്ത് മിന്നുന്ന താരകള്‍
പുങ്കാവനത്തിലെ പൂമരം പോല്‍
ചന്ദ്ര ബിംബത്തിന്റെ പ്രഭയില്‍നിന്നുതിരുന്ന
കുളിരുമായി മാരുതന്‍ വീശിടുന്നു
പകരമാവില്ല ഈ സൌന്ദര്യം ഒന്നുമെൻ
അമ്മതൻ സ്നേഹമാം പുഞ്ചിരിക്ക്
പകരം കൊടുക്കുവാനെന്തുണ്ട് എന്‍ കയ്യി-
-ലമ്മിഞ്ഞ പാലിന്റെ മധുരത്തിന്
അമ്മയുടെ ഓമനയായി വളരണം
അമ്മക്ക് തണലായി മാറീടണം
അമ്മയോടുള്ളതാം സ്നേഹം മുഴുവനും
അമൃത് പോല്‍ അമ്മയെ ഊട്ടീടണം
അമ്മയെന്നുള്ള രണ്ടക്ഷരം ഹൃദയത്തില്‍
മന്ത്രം പോല്‍ എന്നെന്നുമുരുവിടണം

*************

അമ്മ

മക്കളായ് നാലുപേരുണ്ടെങ്കിലും
അമ്മ ഏകയാണേകയാണീ ഊഴിയിൽ
അച്ഛൻ മറഞ്ഞോരു കാലം മുതൽക്കമ്മ
ഭാരമായ് തീർന്നുവോ നാലുപേർക്കും?
നാഴൂരിമണ്ണും പകുത്തെടുത്ത് മക്കൾ
നാലൂവഴിക്കായ് പിരിഞ്ഞുപോയീ
അച്ഛന്റെയാത്മാവുറങ്ങുന്ന
മണ്ണിലന്നന്തിത്തിരി കൺതുറന്നതില്ല
ഉളളം തുളുമ്പുന്നൊരോർമ്മകൾ
നോവിന്റെയാഴം പെരുക്കിച്ചിതയെരിച്ചു…

ദുശ്ശകുനം പോലെ അമ്മയെകണ്ടൊരാ മക്കൾ
നടന്നു മറയുന്നതും നോക്കി നെഞ്ചുപൊളിഞ്ഞമ്മ നീറിനിന്നൂ
ചെല്ലക്കഥകൾ നുകർന്നൂ രസിച്ചൊരാ
പേരക്കിടാവോടിവന്ന നേരം…
ശാസിച്ചു നിർത്തി മരുമകളെങ്കിലും
മുത്തശ്ശിക്കൊപ്പമൊന്നോടിയെത്താൻ…
കൈനീട്ടി നിന്നു കരഞ്ഞു പൈതൽ,
അന്യയായമ്മൂമ്മ നൊന്തു നിൽക്കെ
വിങ്ങിനുറുങ്ങിയോ കുഞ്ഞിൻ മനം,
എന്മലർ ബാല്യമേറ്റെന്നിൽ
പകനട്ടൊരച്ഛനും അമ്മയും എന്തു നേടീ…

മക്കളെയോർക്കുക തീരാത്ത ദുരിതമായ്
നിങ്ങളെ ചൂഴുന്ന താപമായ് തീരുമീ മാതൃശാപം…

ആരോ വിലയിട്ടൊരാ നാലുകെട്ടിന്റെ
നോവുപോലമ്മ പകച്ചു നിന്നൂ,
പോകാനിടമില്ലയെന്നൊരു
ദുഖമല്ലമ്മതൻ നെഞ്ചിൽ തിളച്ചതപ്പോൾ
മഴയിലും പൊളളുന്ന പകലിലും
മക്കൾക്കായ് ഓടിത്തളർന്നൊരാ അച്ഛന്റെ
രൂപമാണമ്മയെ വന്നു പൊതിഞ്ഞതപ്പോൾ
അച്ഛനുണ്ടായിരുന്നെങ്കിലെന്നായമ്മ
ഉള്ളം തപിച്ചു കൊതിച്ചുപോയി…

അച്ഛൻ മറഞ്ഞതിൽ പിന്നെയീമ്മയെ
പിൻപേ കിടാങ്ങൾ മറന്നുപോയി…
നേരമില്ലമ്മയെ നോക്കുവാനെന്നെല്ലാ
മക്കളുമെല്ലാ മക്കളുമൊന്നായി പറഞ്ഞെങ്കിലും
നാൽവരിരാരെങ്കിലും വന്നു
കൈപിടിച്ചൊപ്പം നടക്കുമെന്നാശിച്ചുപോയ്…

ആശകൾ പിന്നെയും ബാക്കിയാക്കി…
പാതിവഴിയിൽ മറഞ്ഞൊരാ അച്ഛന്റെ
ഓർമ്മയിലമ്മ പിടഞ്ഞുവീഴെ..
കൈപിടിച്ചാരോ നടത്തി ആ അമ്മയെ
ശരണാലയത്തിൻ കവാടം വരേ
ഏകയായ് തീർന്നൊരീ അമ്മതൻ നെഞ്ചിലെ
തീയൊന്നണയുവാൻ ഒരുവട്ടമെങ്കിലും
പോരുമോ മക്കളെ ഈവഴിയിൽ…

പ്രതിക്രിയയായ് വന്നു കൂട്ടിയാലും…
തീരുമോമക്കളെ നിങ്ങളെ പോറ്റിയ
പെറ്റവയറിന്റെ തീരാകടം?
പെറ്റവയറിന്റെ തീരാകടം?

കവിത എഴുതിയത്: സുഭാഷ് ചേർത്തല

*************

ഒ. എൻ. വി. കുറുപ്പിന്റെ ‘അമ്മ’ എന്ന കവിത

ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഓരമ്മപെറ്റവരായിരുന്നു
ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
കല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക് കല്ലിനെക്കാളുറപ്പായിരുന്നു
നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു
ഒരുകല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും
ഒരു കിണര്‍ കിനിയുന്ന നീരല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ
ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്‍
അ കൈവിരുതു പുകഴ്തുമാരും ആ പുകഴ് ഏതിനും മീതെയല്ലോ
കോട്ടമതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ
ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ
ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു

അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ്
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ് ശബ്ദഘോഷമായി
കല്ലിനും മീതെയായ് നൃത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേ
ഇക്കുറി വല്ലായ്മയാര്‍ന്നുപോയി
ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും …

ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേഇക്കുറി
വല്ലയ്മയാര്‍ന്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി
തെറ്റിയതെന്താണെവിടെയാവോ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ
വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി:

ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെചേര്‍ത്തീ മതില്‍പടുത്താൽ
ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആചന്ദ്രതാരമുയര്‍ന്നുനില്‍ക്കും
ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആചന്ദ്രതാരമുയര്‍ന്നുനില്‍ക്കും

ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ
ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും
കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി
ഇന്നുച്ചനേരത്ത് കഞ്ഞിയുമായ് വന്നെത്തിടുന്നവള്‍ ആരുമാട്ടെ
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും

ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ
അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയി
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഭിത്തി പടുക്കും പണി തുടര്‍ന്നു
തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും
ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ
അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി
കഞ്ഞിക്കലവും തലയിലേറ്റി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ
മുണ്ടകപ്പാടവരമ്പിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത് തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ… മണ്ടിക്കിതച്ചുവരുന്നതാരോ!

മൂക്കിന്റെതുമ്പത്ത് തൂങ്ങിനിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പുതുള്ളി
മുന്നില്‍ വന്നങ്ങനെ നിന്നവളോ മൂത്തയാള്‍ വേട്ടപെണ്ണായിരുന്നു
ഉച്ചക്കുകഞ്ഞിയും കൊണ്ടുപോരാന്‍ ഊഴമവളുടേതായിരുന്നു
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലുമേറ്റവും മൂത്തയാളിന്‍ ചങ്കിലൊരുവെള്ളിടിമുഴങ്ങി

കോട്ടിയ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നു വച്ചു
ഒറ്റത്തൊടുകറി കൂടെ വച്ചു ഒന്‍പതുപേര്‍ക്കും വിളമ്പി വച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി തന്റെ കുഞ്ഞിന്റെയച്ഛന്നടുത്തിരിക്കെ
ഈ കഞ്ഞിയൂട്ടൊടുക്കത്തെയാണെന്ന് ഓര്‍ക്കുവാനാസതിക്കായതില്ല
ഓര്‍ക്കപ്പുറത്താണശനിപാതം ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം
കാര്യങ്ങളെല്ലാമറിഞ്ഞവാറെ ഈറനാം കണ്ണ് തുടച്ചുകൊണ്ടേ
വൈവശ്യമൊക്കെ അകത്തൊതുക്കി കൈവന്ന കൈപ്പും മധുരമാക്കി
കൂടെപ്പൊറുത്ത പുരുഷനോടും കൂടപ്പിറപ്പുകളോടുമായി
ഗത്ഗതത്തോടു പൊരുതിടുപോല്‍ അക്ഷരമോരോന്നുമൂന്നിയൂന്നി
അന്ത്യമാം തന്നഭിലാഷപ്പോള്‍ അഞ്ജലിപൂര്‍വ്വം അവള്‍ പറഞ്ഞു

ഭിത്തിയുറക്കാനീപ്പെണ്ണിനേയും ചെത്തിയകല്ലിന്നിടക്കു നിര്‍ത്തി
കെട്ടിപ്പടുക്കുമുന്‍പൊന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടുകൊള്‍വിന്‍!
കെട്ടിമറയ്‌ക്കെല്ലെന്‍ പാതി നെഞ്ചം കെട്ടിമറയ്‌ക്കെല്ലേയെന്റെ കയ്യും
എന്റെ പൊന്നോമന കേണിടുമ്പോള്‍ എന്റെയടുത്തേക്ക് കൊണ്ടുപോരൂ
ഈ കയ്യാല്‍ കുഞ്ഞിനെയേറ്റുവാങ്ങി ഈമുലയൂട്ടാന്‍ അനുവധിക്കൂ

ഏതുകാറ്റുമെന്‍ പാട്ടുപാടുന്നൂ ഏതു മണ്ണിലും ഞാന്‍ മടയ്ക്കുന്നു
മണ്ണളന്ന് തിരിച്ചു കോല്‍നാട്ടി മന്നരായ് മദിച്ചവര്‍ക്കായി
ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത വന്‍പിയെന്നൊരാക്കോട്ടതന്‍ മുന്നിൽ
ഇന്നുകണ്ടേനപ്പെണ്ണിന്‍ അപൂര്‍ണ്ണസുന്ദരമായ വെണ്‍ശിലാശില്‍പ്പം
എന്തിനോവേണ്ടി നീട്ടിനില്‍ക്കുന്ന ചന്തമോലുന്നൊരാവലം കൈയ്യും
ഞെട്ടില്‍നിന്ന് പാല്‍ തുള്ളികള്‍ ഊറും മട്ടിലുള്ളൊരാ നഗ്‌നമാം മാറും
കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു
കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു

*************

അ… അമ്മ

അമ്മയെന്നാദ്യം മൊഴിഞ്ഞു
ആദ്യം അരിയിൽ കുറിച്ചു
ഇമ്പത്തിൽ ‘അ ‘ ‘ആം ‘ മൊഴിഞ്ഞു
ഈണത്തിൽ ‘ക’ ‘ഖ ‘ പഠിച്ചു
ഉമ്മ തന്നമ്മയും ചൊല്ലി
ഊനം കൂടാതെ വളരാൻ
ഋതുക്കളൊളിയിട്ടു പോയി
ഋതുദേവനെന്നെ തഴുകി
എന്നോമൽ കാന്തി വളരാൻ
ഏറെയും പ്രാർത്ഥന ചെയ്തു
ഐരാവതത്തിനെ കാട്ടി
ഒപ്പം നന്ദിനി പശുവിനെ കൂട്ടി
ഓരോ കഥകളും ചൊല്ലി
ഔവ്വനിയൊക്കെയും കാട്ടി
അംബുജമാണെന്റെ ‘അമ്മ
ആരാലും സ്നേഹിക്കുമമ്മ

വിജയകുമാർ

Advertisements
Advertisements

One thought on “അമ്മ കവിതകൾ

Leave a reply to Nelson Cancel reply