പ്രിയപ്പെട്ട അമ്മ അറിയാൻ

ചാക്കോച്ചിയുടെ സു’വിശേഷങ്ങൾ’

പ്രിയപ്പെട്ട അമ്മ അറിയാൻ

Amma, Fr Chackochi, Mothers Day Image

പ്രിയപ്പെട്ട അമ്മ അറിയാൻ … സുഖം തന്നെ എന്ന് വിശ്വസിക്കുന്നു … ഇവിടെ എല്ലാവർക്കും സുഖം… ഇവിടെ ലോക്ഡൗൺ ആണ്.. അവിടെ ലോക്ഡൗൺ ഇല്ല എന്നറിയാം… എന്നും രാവിലെ എഴുന്നേറ്റ് ലോക്ഡൗൺ ബ്രേക്ക് ചെയ്യുന്നതല്ലേ. ?? മുഖ്യമന്ത്രിയോട് പറഞ്ഞു കൊടുക്കാണോ?
പറയുന്നില്ല !! നിങ്ങൾ ലോക്ഡൗൺ ആക്കിയാൽ ഞങ്ങൾ പെട്ടുപോകും !!!

അമ്മയെ തോൽപ്പിക്കണം എന്ന് പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട്
ഒരു കാര്യത്തിലും ഇന്നുവരെ നടന്നിട്ടില്ല!!
നടക്കില്ല എന്നറിയാം !! അതുകൊണ്ടാണല്ലോ അമ്മ എന്ന് ഞങ്ങൾ പേരിട്ടത് !!

ഇന്ന് മദേഴ്സ് ഡേ ആണെന്ന് വല്ലോം അറിയാവോ…? ലോക അമ്മ ദിനം !!!
ഇതൊക്കെ ചിന്തിക്കാൻ നിങ്ങൾക്ക് എവിടാ സമയം …. നൂറു കാര്യങ്ങൾ രണ്ടു കൈ കൊണ്ട് ചെയ്യുന്നവരല്ലേ? …

അല്ല ഞാൻ ചോദിക്കട്ടെ … പേഴ്സണലാ.. ഇതെങ്ങനെ സാധിക്കുന്നു??
അമ്മേ അത് കണ്ടോ ?? ഇത് കണ്ടോ?? എന്നൊക്കെ ചോദിക്കുമ്പോൾ
ചിലപ്പോൾ ഡയലോഗ് അടിക്കും ” എനിക്ക് രണ്ടു കൈയ്യേ ഉള്ളൂ”

ചുമ്മാതാ ജാടയാ !!
എന്തായാലും.
അമ്മ എന്ന വാക്ക് പറയുമ്പോഴെ ഒരു ആശ്വാസം ( comfort) ആണ്.. ഇതുപോലെ ജീവിതത്തെ സ്പർശിച്ച ഒരു വാക്കില്ല…
അപ്പയ്ക്ക് അസൂയ വരണ്ട. Fathers day വരട്ടെ…!!
രണ്ടുപേരും കൊള്ളാം!! സമാധാനപ്പെട് …

അമ്മേ … സത്യം പറ നിങ്ങൾ ആ വാക്കിൽ എന്തെങ്കിലും “കൂടോത്രം” ചെയ്തിട്ടുണ്ടോ?

നിങ്ങൾക്ക് എന്തോ പ്രശ്നമുണ്ട് !!! പണ്ടുമുതലേ ചോദിക്കണമെന്ന് ഓർത്തതാ !!!

ചെറുപ്പത്തിൽ ഞങ്ങൾ കുസൃതി കാണിക്കുമ്പോൾ ഞങ്ങളെ ചപ്രം ചിപ്രം പോലീസ് മുറയിൽ തല്ലിയിട്ട്‌…

ഞാനോന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ
അല്പം കഴിയുമ്പോൾ ഭക്ഷണം മടിയിലിരുത്തി വാരി തരും..
മുഖത്ത് ഒരു ജാള്യതയും ഇല്ലാതെ ഇങ്ങനെ ചെയ്യാൻ നിങ്ങൾക്കെങ്ങനെ പറ്റുന്നു!! സമ്മതിക്കണം..

Hen and Chicks

ചെറുപ്പത്തിൽ ഞങ്ങൾ സഹോദരങ്ങൾ തല്ലു കൂടുമ്പോൾ നിങ്ങൾ രണ്ടു റഫറിമാരും ( അപ്പാ അമ്മ) കൂടി ഇളയ വരുടെയടുത്തേക്ക് ചാഞ്ഞു വിസിൽ അടിച്ചത് ഞങ്ങൾ കണ്ടു കേട്ടോ !!! പിന്നെ അപ്പനും അമ്മയും അല്ലേ ഞങ്ങൾ ക്ഷമിച്ചതാ !! 😃
പക്ഷേ ഇളയവർക്കും ഇതു തന്നെ ആ തോന്നുന്നത് … ഞങ്ങളോടാണ് കാര്യക്കൂടുതൽ എന്ന്..
വിഷമിക്കേണ്ട കുറവുള്ളവരെ ചേർത്തു പിടിക്കുമ്പോൾ ഉണ്ടാകുന്നത എന്നറിയാം!!

രംഗം: സോഷ്യൽ സയൻസ് പഠിച്ചുകൊണ്ടിരുന്ന കുഞ്ഞ് അമ്മയോട്.

” അമ്മ…. എന്താ എന്താ ഗാന്ധിജിയുടെ തലയിൽ മുടി ഇല്ലാത്തത്?

അല്ലെങ്കിലും ഈ പിള്ളേരുടെ ഓരോ സംശയം മനുഷ്യനെ വട്ടക്കണ്ണം ( creating confusion) കറക്കുന്നതാണ്!

ഗാന്ധിജിയുടെ “എന്റെ സത്യാന്വേഷണ പരീക്ഷണം ” വായിച്ച ഓർമ്മയിൽ അമ്മ തട്ടിവിട്ടു !
” മോനേ അത് ഗാന്ധിജി സത്യസന്ധനായതുകൊണ്ടാ !!! കുഞ്ഞിന്റെ ചോദ്യത്തിനു വളരെ നാളുകൂടി ശരിയായി ഉത്തരം കൊടുത്ത
വിജയ ഭാവത്തിൽ നിൽക്കുന്ന അമ്മയോട് കുഞ്ഞ്!

“Okay Amma ! അപ്പോൾ അമ്മയുടെ തലയിൽ ഇത്രയും മുടിക്ക്‌ കാരണം അമ്മയ്ക്ക്‌ സത്യസന്ധതയില്ലാത്ത കൊണ്ടാ??? പ്ലിംഗ് !!

വിഷയം മാറ്റാൻ അമ്മ : “ഫൈനൽ പരീക്ഷയുടെ മാർക്ക് വരട്ടെ” !

അമ്മ കള്ളം പറയുന്നത് കണ്ടു കണ്ണു നിറഞ്ഞിട്ടുണ്ട്!!

രുചികരമായ ഭക്ഷണം ഉണ്ടാക്കി വിളമ്പാൻ തുടങ്ങുമ്പോഴാണ് കുറച്ച് അതിഥികൾ കയറി വരുന്നത്… സാധനം തികയില്ല എന്ന് അറിയാം!!! ഒരു ടെൻഷനും കാണിക്കില്ല… ഭക്ഷണത്തിനു ക്ഷണിക്കും … യേശു അപ്പം വർധിപ്പിച്ചത് പോലെ നിങ്ങൾ അത് എല്ലാവർക്കും കൊടുക്കും എന്നു മാത്രമല്ല ബാക്കി 12 കുട്ട നിറയെ ശേഖരിക്കും …. എന്തോ ടെക്നിക്ക് നിങ്ങൾക്ക് ഉണ്ട്. നിങ്ങൾ കഴിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോൾ “അൽപം മുമ്പ കഴിച്ചതെന്ന്” നിങ്ങൾ പറയും..
എവിടാ??? സത്യം പറ രാവിലെ വല്ലോം കഴിച്ചായിരുന്നോ?? അടുക്കളയിൽ നോക്കിയാൽ അറിയാം!!

പിന്നെ ഒരു രഹസ്യം പറയാം നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണത്തിന് എന്തൊ ഒരു രുചി വ്യത്യാസം ഉണ്ട് കേട്ടോ!!! എസൻസ് വല്ലോം ചേർക്കുന്നുണ്ടോ?
ഒരു ഹോട്ടലിലും കഴിച്ചിട്ട് നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ അത്രയും വരുന്നില്ല.. “വീട്ടിലെ ഊണ്” എന്ന് പേരുവച്ച റസ്റ്റോറൻറ് കണ്ടിട്ടുണ്ട്.. എന്താ എന്നറിയില്ല ഒരു കാര്യവുമില്ല!!!

പിന്നെ വീട്ടിലെ ഊണ് തരാൻ അവർ ഹോട്ടലുകാരുടെ ചിറ്റപ്പന്റെ മോൻ ഒന്നും അല്ലല്ലോ നമ്മൾ!!!

തുറന്നു പറ എന്താ ഇൗ കറികളിൽ ഒക്കെ എക്സ്ട്രാ ഇടുന്നത് … ചേരുവ ഒന്ന് വെളിപ്പെടുത്താമോ ??
വേണ്ട അറിയാം വെളിപ്പെടുത്തേണ്ട !!

എന്ത് ഉണ്ടാക്കിയാലും അതിൽ സ്നേഹം നിങ്ങൾ ഇടുന്നത…

എപ്പോഴും എങ്ങനെയാ ഇങ്ങനെ ഇടാൻ പറ്റുന്നത്? ഞങ്ങൾക്ക് വേരിയേഷൻ ഉണ്ട് !!! നിങ്ങൾക്ക് അത് കണ്ടിട്ടില്ലല്ലോ!!

ഞാൻ പറഞ്ഞില്ലേ… നിങ്ങൾക്ക് എന്തോ വലിയ പ്രശ്നമുണ്ട്!!!

ഇഷ്ടപ്പെട്ട പലഹാരങ്ങൾ വീട്ടിൽ ഉണ്ടാക്കുമ്പോൾ വീട്ടിലുള്ളവരെ പരിഗണിക്കാതെ എണ്ണത്തിൽ കൂടുതൽ ഞങ്ങൾ കഴിച്ചു തീർത്തിട്ട് ഞങ്ങൾ പറയും ” അമ്മോ സാധനം തീർന്നു പോയി. അമ്മയ്ക്ക് ഇല്ല കേട്ടോ”
അപ്പോൾ അടുക്കളയിൽ നിന്ന് അശരീരി പോലെ ഒരു ശബ്ദം ” എനിക്ക് വിശക്കുന്നില്ല”
അടുത്ത കള്ളം !!

ചില നേട്ടങ്ങൾ നേടാൻ ഞങ്ങൾ പൈസ തിരയുമ്പോൾ വേറെ സോഴ്സ് ഉണ്ടെങ്കിലും കയ്യിൽ കിടക്കുന്ന മനോഹര വള ഊരി തന്ന് കൂടെ ഒരു മാസ് ഡയലോഗും
” ഈ സ്വർണ്ണത്തിൽ ഒക്കെ എന്തിരിക്കുന്നു ?? 😲😃 അല്ലെങ്കിലും സ്വർണ്ണം ഇടണം എന്നു വലിയ ആഗ്രഹം ഒന്നുമില്ല!!!

ശരിയാണ് അമ്മ ഒത്തിരി കള്ളം പറയുന്നതായി തോന്നിയിട്ടുണ്ട്!!! ചുമ്മാതല്ല കൊച്ച്‌ ചോദിച്ചത്!!

ഇങ്ങനെ കള്ളം പറയരുത് നരകത്തിൽ പോകും !!!

അപ്പൊൾ പറഞ്ഞത്
ഞങ്ങൾക്ക് കിട്ടിയില്ലെങ്കിൽ വീടിനകം പിന്നെ രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ പ്രതിതിയാകും..

വീട്ടിൽ എല്ലാവർക്കും പനി പിടിച്ചിരിക്കുമ്പോൾ ” അയ്യോ വയ്യായ്യേ” എന്നുപറഞ്ഞ് ചക്ക വെട്ടിയിട്ടപോലെ കിടക്കുമ്പോൾ …
ആരോഗ്യമുള്ള ഒരു മനുഷ്യൻ 7 മണിക്കൂർ ഉറങ്ങണം എന്ന കണക്ക് നോക്കാതെ രാത്രി മുഴുവൻ തലയ്ക്കൽ ഇരിക്കുവാൻ ….
ഞാൻ പറഞ്ഞില്ലേ എന്തോ പ്രശ്നമുണ്ട് !!!

ഞങ്ങൾ ദൂരെ എവിടെ എങ്കിലും പോയി തിരിച്ചുവരുമ്പോൾ രാത്രി വൈകും നിങ്ങൾ കിടന്നോ എന്ന് പറഞ്ഞു ഞങ്ങൾ ഫോൺ വയ്ക്കും രാത്രി ഒന്നര രണ്ടു ആകുമ്പോൾ കയറി വരുമ്പോൾ ദേ ഇരിക്കുന്നു കള്ളി സിറ്റൗട്ടിൽ…
എന്നിട്ട് ഒരു മാസ് ചോദ്യവും… നേരത്തെ വന്നല്ലോ …. സ്പീഡ് ആയിരുന്നല്ലേ …
ബെസ്റ്റ്.. എത്ര പതിയെ വന്നാലും “തള്ളക്ക്” സ്പീഡാണ്…

ഞങ്ങൾ ഇഷ്ടം കൂടുമ്പോൾ “തള്ളേ” എന്ന് വിളിക്കും, ചിലപ്പോൾ പേര് വിളിക്കും, ചിലപ്പോൾ എടി എന്ന് വിളിക്കും… എന്ത് കേട്ടാലും രൂക്ഷമായി ഒന്ന് നോക്കും… പിന്നെ ചിരിക്കും…

സത്യത്തിൽ സ്പീഡ് ആയിട്ടല്ല … സ്നേഹത്തിൽ നിന്നുള്ള ഒരു ട്രോൾ ആണ് നമ്മുക്കിട്ട്‌….

അമ്മ എന്ന വാക്ക് കേൾക്കുമ്പോൾ ആശ്വാസം വരാൻ കാരണം പിടികിട്ടി …

പ്രായമാകുന്നത് മനസ്സിൽ ആണെന്ന് അമ്മയെ കണ്ടപ്പോഴ മനസ്സിലായത്!!

ഒരു സുഹൃത്തിന്റെ ആർട്ടിക്കിളിൽ quote ചെയ്തിരിക്കുന്നത് കണ്ടു ദൈവത്തിന് എല്ലായിടത്തും എത്തിച്ചേരാൻ പറ്റാത്തതുകൊണ്ടാണത്രേ ദൈവം അമ്മമാരെ സൃഷ്ടിച്ചതെന്ന് !! ആഹാ.!!! എത്ര മനോഹരമായ വാക്ക്!!!

Plant in the Desert

ഇനി ഈ “ദൈവകണം ” അമ്മയിലും കാണും !!!

അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
മത്തായി 5 : 16

അതു കൊണ്ടായിരിക്കാം കവികൾ അമ്മമാരുടെ ഹൃദയത്തിന് 4 അറകൾ ഉണ്ടെന്ന് പറഞ്ഞത്…

1. അഭയമാകുമ്പോൾ – അമ്മ
2. കാത്തു നിൽക്കുമ്പോൾ – പെങ്ങൾ
3. എല്ലാം ക്ഷമിക്കുമ്പോൾ- സുഹൃത്ത്
4. ത്യജിക്കുമ്പോൾ- സന്യാസിനി

വായിച്ചു മറന്ന ഒരു കവിതയുണ്ട് !!

” നൊന്തുപെറ്റ സ്നേഹമേ
പേറ്റുനോവിന്റെ പേരിൽ
ഒരു പത്തു പൈസ പോലും പറഞ്ഞു വാങ്ങാത്ത സ്നേഹമേ…. ……..,………..
അമ്മേ നിന്റെ കണ്ണുനീരാണെന്‍റെ പുണ്യം”

അതുകൊണ്ടാണോ എന്നറിയില്ല ഞങ്ങളുടെ ജനനം കഴിഞ്ഞ് ആദ്യം വിളിക്കുന്ന പേർ അമ്മ എന്ന…

എവിടെയെങ്കിലും അലച്ചുകെട്ടി വീഴുമ്പോഴും ഞങ്ങൾ വിളിക്കുന്നത് നിങ്ങടെ പേര…
ഞങ്ങളെ ബ്രെയിൻ വാഷ് ചെയ്തു കളഞ്ഞു നിങ്ങടെ കള്ളം !!!

ക്രൂരയായ അമ്മമാർ ഉണ്ടെന്ന് പറയപ്പെടുന്നു… ക്രൂരയായ അമ്മമാർ അല്ല !!!
സഹിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ അങ്ങനെ ആക്കി തീർത്തത!!

കൊള്ളാം അമ്മ ഒരു സംഭവമാണ്..

…ചാക്കോച്ചി

  • Fr Chackochi Meledom
  • Email: chackochimcms@gmail.comChackochi

5 thoughts on “പ്രിയപ്പെട്ട അമ്മ അറിയാൻ

Leave a comment