ദിവ്യബലി വായനകൾ Tuesday of the 6th week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ

Tuesday of the 6th week of Eastertide 

Liturgical Colour: White.

പ്രവേശകപ്രഭണിതം

വെളി 19:7,6

നമുക്ക് ആനന്ദിക്കാം, സന്തോഷിച്ച് ഉല്ലസിക്കാം.
ദൈവത്തിന് മഹത്ത്വംനല്കാം.
എന്തെന്നാല്‍, സര്‍വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,
അങ്ങയുടെ പുത്രനായ ക്രിസ്തുവിന്റെ ഉത്ഥാനത്തില്‍
സജീവമായി ഭാഗഭാക്കുകളാകാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 16:22-34
കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.

ജനക്കൂട്ടം ഒന്നാകെ പൗലോസിനും സീലാസിനും എതിരായി ഇളകി. വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി അവരെ പ്രഹരിക്കാന്‍ ന്യായാധിപന്മാര്‍ കല്‍പന നല്‍കി. അവര്‍ അവരെ വളരെയധികം പ്രഹരിച്ചതിനുശേഷം കാരാഗൃഹത്തിലടച്ചു; അവര്‍ക്കു ശ്രദ്ധാപൂര്‍വം കാവല്‍ നില്‍ക്കാന്‍ പാറാവുകാരനു നിര്‍ദ്ദേശവും കൊടുത്തു. അവന്‍ കല്‍പനപ്രകാരം അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി കാലുകള്‍ക്ക് ആമം വച്ചു.
അര്‍ധരാത്രിയോടടുത്ത് പൗലോസും സീലാസും കീര്‍ത്തനം പാടി ദൈവത്തെ സ്തുതിക്കുകയായിരുന്നു. തടവുകാര്‍ അതു കേട്ടുകൊണ്ടിരുന്നു. പെട്ടെന്നു വലിയ ഒരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിത്തറ കുലുങ്ങി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞുവീണു. കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ കാരാഗൃഹ വാതിലുകള്‍ തുറന്നു കിടക്കുന്നതു കണ്ടു. തടവുകാരെല്ലാം രക്ഷപെട്ടുവെന്ന് വിചാരിച്ച് അവന്‍ വാള്‍ ഊരി ആത്മഹത്യയ്‌ക്കൊരുങ്ങി. എന്നാല്‍, പൗലോസ് വിളിച്ചുപറഞ്ഞു: സാഹസം കാണിക്കരുത്. ഞങ്ങളെല്ലാവരും ഇവിടെത്തന്നെയുണ്ട്. വിളക്കുകൊണ്ടുവരാന്‍ വിളിച്ചുപറഞ്ഞിട്ട് അവന്‍ അകത്തേക്കോടി. പേടിച്ചുവിറച്ച് അവന്‍ പൗലോസിന്റെയും സീലാസിന്റെയും കാല്‍ക്കല്‍ വീണു. അവരെ പുറത്തേക്കു കൊണ്ടുവന്ന് അവന്‍ ചോദിച്ചു: യജമാനന്മാരേ, രക്ഷപ്രാപിക്കാന്‍ ഞാന്‍ എന്തുചെയ്യണം? അവര്‍ പറഞ്ഞു: കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും. അവര്‍ അവനോടും അവന്റെ വീട്ടിലുള്ളവരോടും കര്‍ത്താവിന്റെ വചനം പ്രസംഗിച്ചു. അവന്‍ ആ രാത്രിതന്നെ അവരെ കൊണ്ടുപോയി അവരുടെ മുറിവുകള്‍ കഴുകി. അപ്പോള്‍ത്തന്നെ അവനും കുടുംബവും ജ്ഞാനസ്‌നാനം സ്വീകരിക്കുകയുംചെയ്തു. അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് അവര്‍ക്കു ഭക്ഷണം വിളമ്പി. ദൈവത്തില്‍ വിശ്വസിച്ചതുകൊണ്ട് അവനും കുടുംബാംഗങ്ങളും അത്യന്തം ആനന്ദിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 138:1-2ab, 2cde-3, 7c-8

കര്‍ത്താവേ, അങ്ങ് കരം നീട്ടി എന്നെ രക്ഷിക്കുന്നു.
or
അല്ലേലൂയ!

കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെ അങ്ങേക്കു നന്ദിപറയുന്നു;
ദേവന്മാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.
ഞാന്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരേ ശിരസ്സു നമിക്കുന്നു;

കര്‍ത്താവേ, അങ്ങ് കരം നീട്ടി എന്നെ രക്ഷിക്കുന്നു.
or
അല്ലേലൂയ!

അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും
ഓര്‍ത്ത് അങ്ങേക്കു നന്ദിപറയുന്നു;
അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്.
ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി;
അവിടുന്ന് എന്റെ ആത്മാവില്‍ ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി.

കര്‍ത്താവേ, അങ്ങ് കരം നീട്ടി എന്നെ രക്ഷിക്കുന്നു.
or
അല്ലേലൂയ!

അവിടുത്തെ വലത്തുകൈ എന്നെ രക്ഷിക്കും.
എന്നെക്കുറിച്ചുള്ള തന്റെ നിശ്ചയം കര്‍ത്താവു നിറവേറ്റും;
കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്;
അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!

കര്‍ത്താവേ, അങ്ങ് കരം നീട്ടി എന്നെ രക്ഷിക്കുന്നു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 16:5-11
ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല.

യേശു തന്റെ ശിഷ്യരോട് പറഞ്ഞു: ഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്റെ അടുക്കലേക്കു പോവുകയാണ്. എന്നിട്ടും നീ എവിടെപോകുന്നു എന്ന് നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല. ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയം ദുഃഖപൂരിതമായിരിക്കുന്നു. എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്ക്കും. അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും – അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും , ഞാന്‍ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങള്‍ ഇനിമേലില്‍ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും , ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ പെസഹാരഹസ്യങ്ങള്‍വഴി
ഞങ്ങളെന്നും കൃതജ്ഞതാനിര്‍ഭരരായിരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങളുടെ നവീകരണത്തിന്റെ നിരന്തര പ്രവര്‍ത്തനം
ഞങ്ങള്‍ക്ക് നിത്യാനന്ദത്തിന് നിദാനമായി ഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ലൂക്കാ 24:46,26

ക്രിസ്തു സഹിക്കുകയും
മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുകയും
അങ്ങനെ തന്റെ മഹത്ത്വത്തിലേക്കു പ്രവേശിക്കുകയും ചെയ്യേണ്ടിയിരുന്നു,
അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകള്‍ ശ്രവിക്കണമേ.
ഞങ്ങളുടെ പരിത്രാണത്തിന്റെ ഈ പരമപരിശുദ്ധവിനിമയം
ഞങ്ങള്‍ക്ക് ഇഹലോക ജീവിതത്തില്‍ സഹായം പ്രദാനംചെയ്യുകയും
നിത്യാനന്ദത്തിന് ഞങ്ങളെ അര്‍ഹരാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

One thought on “ദിവ്യബലി വായനകൾ Tuesday of the 6th week of Eastertide 

Leave a comment