പരിശുദ്ധാത്മാവിനോടുള്ള നൊവേന – ആറാം ദിവസം

പരിശുദ്ധാത്മാവിനോടുള്ള നൊവേന – ആറാം ദിവസം

കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3).

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).

അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

“കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.” (സങ്കീ. 107:1)

ആറാം ദിവസം- ആത്മാവിന്‍റെ ഫലങ്ങള്‍

“ദൈവം അയച്ചവന്‍ ദൈവത്തിന്‍റെ വാക്കുകള്‍ സംസാരിക്കുന്നു. ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്” (യോഹ. 3: 34).

പിതാവിന്‍റെയും പുത്രന്‍റെയും നിത്യസ്നേഹമായ പരിശുദ്ധാത്മാവേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു. യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്‍റെ നിയമം എന്നെ പാപത്തിന്‍റെയും മരണത്തിന്‍റെയും നിയമത്തില്‍ നിന്നു സ്വതന്ത്രനാ(യാ)ക്കിയതിനാല്‍ ഞാനങ്ങേക്കു നന്ദി പറയുന്നു (റോമ. 8:12). ആത്മീയ കാര്യങ്ങളില്‍ മനസ്സുവയ്ക്കാനും അത്മീയാഭിലാഷങ്ങളില്‍ താല്‍പര്യം ജനിപ്പിച്ചതിലും ഞാനങ്ങയെ സ്തുതിക്കുന്നു. ഇതുവഴി ദൈവിക ജീവനിലേക്കും സമാധാനത്തിലേക്കും ഞങ്ങളെ നയിക്കുന്നതിനെയോര്‍ത്ത് അങ്ങയെ മഹത്വപ്പെടുത്തുന്നു (റോമ 8:6).

നിത്യസ്നേഹമായ പരിശുദ്ധാത്മാവേ, ദൈവസ്നേഹത്താല്‍ എപ്പോഴും അങ്ങയോട് യോജിച്ചിരിക്കുന്നതിനു വേണ്ടി സ്നേഹത്തിന്‍റെ ഫലം ഞങ്ങള്‍ക്ക് (എനിക്ക്) തരേണമേ. വിശുദ്ധമായ ആശ്വാസത്താല്‍ നിറഞ്ഞവരാകുവാന്‍ വേണ്ടി സന്തോഷത്തിന്‍റെ തൈലത്താല്‍ ഞങ്ങളെ അഭിഷേകം ചെയ്യണമേ. നീതിയുടെ ഫലം സമാധാനവും നീതിയുടെ പരിണിതഫലം നിത്യമായ പ്രശാന്തതയും എന്നന്നേക്കുമുള്ള പ്രത്യാശയുമാണെന്ന് വ്യക്തമാക്കിയ പരിശുദ്ധാത്മാവേ, ആത്മശാന്തതയുടേയും സമാധാനത്തിന്‍റെയും ഫലങ്ങളാല്‍ ഞങ്ങളെ നിറയ്ക്കണമേ. എന്‍റെ ഹിതത്തിന് വിരുദ്ധമായവയെല്ലാം എളിമയോടെ സ്വീകരിക്കാന്‍ ക്ഷമയുടെ ഫലം എന്നില്‍ നിറയ്ക്കണമേ.
അയല്‍ക്കാരുടെ ആവശ്യങ്ങള്‍ സന്മനസ്സോടെ ചെയ്തുകൊടുക്കുവാന്‍ ദയാശീലം എനിക്കു തരേണമേ. പ്രതിഫലം ആഗ്രഹിക്കാതെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുവാന്‍ നീതിയുടെ തൈലം കൊണ്ട് എന്നെ അഭിഷേകം ചെയ്യണമേ. ദൈവം സ്നേഹമാകുന്നു, സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാകുന്നു എന്നു വെളിപ്പെടുത്തിയ പരിശുദ്ധാത്മാവേ, കാലതാമസത്തില്‍ നിരുത്സാഹരാകാതെ പ്രാര്‍ത്ഥനാചൈതന്യത്തോടെ കാത്തിരിക്കാന്‍ ശാന്തതയുടെ ആത്മാവിനാല്‍ എന്നെ നയിക്കണമേ.
ദുഃസ്വഭാവങ്ങളും ആവലാതികളും പരാതികളും നിര്‍വ്വീര്യമാക്കി, വിശ്വാസത്തിലും ദൈവഭക്തിയിലും അഭിവൃദ്ധി പ്രാപിക്കാന്‍ വിനയത്തിന്‍റെ വസ്ത്രം എന്നെ അണിയിക്കണമേ. എന്‍റെ ശരീരം നിത്യവും അങ്ങയുടെ ആലയമായി സൂക്ഷിക്കാന്‍ പരിശുദ്ധിയുടെ പരിമളതൈലത്താല്‍ എന്നെ അഭിഷേകം ചെയ്യണമേ. നിഷ്ക്കളങ്ക സ്നേഹത്താല്‍ ഏവരെയും സ്നേഹിക്കുവാന്‍ എന്‍റെ ആത്മാവിനെ നിരന്തരം സഹായിക്കണമേ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

പരിശുദ്ധാത്മാവേ, എന്നില്‍ വന്ന് വസിക്കണമേ, നയിക്കണമേ.
(5 പ്രാവശ്യം)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s