വിമലഹൃദയ പ്രതിഷ്ഠ
പരിശുദ്ധ കന്യകയായ ദൈവമാതാവേ! ഞങ്ങള്‍ക്കു മാതാവായി നിയമിക്കപ്പെട്ടിരിക്കുന്ന പരലോക ഭൂലോകങ്ങളുടെയും രാജ്ഞി! സര്‍വ്വ വല്ലഭനായിരിക്കുന്ന കര്‍ത്താവിന്റെ അമ്മേ! സകല സൃഷ്ടികളിലും ഉത്തമസൃഷ്ടിയായ നാഥേ!സകല ആരാധനയ്ക്കും യോഗ്യമായ ഏകത്രീത്വത്തിന് ഏറ്റവും പ്രസാദിച്ച കന്യകയെ, അങ്ങേയ്ക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ മാസത്തിന്റെ അന്ത്യത്തില്‍ അങ്ങേപ്പക്കല്‍ നന്ദിയുള്ള മനസ്സോടുകൂടി ഞങ്ങളെ മുഴുവനും കാഴ്ച്ചവയ്ക്കുന്നതിനു ഞങ്ങള്‍ വരുന്നു. ഞങ്ങളാല്‍ കഴിയുംവണ്ണം എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളെ അങ്ങേയ്ക്ക് കാഴ്ചവയ്ക്കുന്നതിനും മോക്ഷവാസികളെല്ലാവരും ചെയ്തുവരുന്ന സ്തോത്രങ്ങള്‍ എല്ലാം കാണിക്കയായി അങ്ങേയ്ക്കു സമര്‍പ്പിക്കുന്നതിനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
അങ്ങേ സിംഹാസനത്തിന് പക്കല്‍ സാഷ്ടാംഗം വീണ് ഞങ്ങളെ കാക്കുന്ന ദൈവദൂതന്മാരുടെയും എല്ലാ മോക്ഷവാസികളുടെയും സമക്ഷത്തില്‍ ഏറ്റവും വണക്കത്തോടും തീക്ഷ്ണമായ സ്നേഹത്തോടും കൂടി അങ്ങയെ ഞങ്ങള്‍ രാജ്ഞിയായും നാഥയായും സങ്കേതമായും മാതാവായും കരുതിക്കൊണ്ടു സ്ഥിരമായ മനസ്സോടും കറയറ്റ സ്നേഹത്തോടും കൂടെ ഞങ്ങളുടെ ശരീരത്തെയും ആത്മാവിനെയും അവയവങ്ങളെയും ശക്തികളെയും മറ്റു ഞങ്ങള്‍ക്കുള്ള സകലത്തെയും അങ്ങേയ്ക്കു ഞങ്ങള്‍ കാഴ്ച വയ്ക്കുന്നു. അങ്ങേയ്ക്കു യോഗ്യമായ വണക്കത്തെ പ്രസിദ്ധപ്പെടുത്തിയും അങ്ങേ ശത്രുക്കളോടെതിര്‍ത്തും ശേഷം പേരെ അങ്ങേപ്പക്കല്‍ ചേര്‍ത്തുകൊണ്ട് എല്ലാ ദിവസവും അങ്ങേ ഞങ്ങള്‍ സ്തുതിക്കുന്നതാണ്. ഇടവിടാതെ ഞങ്ങളെ നിരൂപിച്ചുകൊണ്ട് ഞങ്ങള്‍ക്കു വേണ്ട ഉപകാരങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കുന്ന അങ്ങയെ മറക്കുന്നതെങ്ങനെ? പരിശുദ്ധ മറിയമേ! ഇന്നു തുടങ്ങി ഞങ്ങളുടെ മരണപര്യന്തം അങ്ങേ മക്കളായിട്ടും ശുശ്രൂഷകരായിട്ടും ദാസരായിട്ടും ഞങ്ങള്‍ ജീവിക്കുന്നുണ്ട്. അങ്ങേ ഭരണത്തിന് കീഴില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത് എത്രയോ ഭാഗ്യം.
കണ്ണുനീരിന്റെ ഉറവയായ ഈ സ്ഥലത്തില്‍ നിന്ന് അങ്ങയെ നോക്കി പ്രലപിച്ചു കൊണ്ട് അങ്ങേ സഹായം പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ അകപ്പെട്ടിരിക്കുന്ന ആപത്തുകളെയും ഞങ്ങളുടെ ശത്രുക്കളുടെ ക്രൂരതയും തൃക്കണ്‍പാര്‍ക്കണമേ. ഞങ്ങളുടെ മേല്‍ അലിവായി ഞങ്ങള്‍ക്കുവേണ്ടി സര്‍വേശ്വരന്റെ പക്കല്‍ പ്രാര്‍ത്ഥിച്ച് ഞങ്ങളെ രക്ഷിച്ചു കൊള്ളണമേ. സകല നന്മകളും കൃപയും നിറഞ്ഞ മാതാവേ! അങ്ങേയ്ക്കു കാഴ്ചവയ്ക്കപ്പെട്ട ഞങ്ങളെ സഹായിച്ചു കാത്തുകൊള്ളണമേ. ഞങ്ങള്‍ക്കു വരാനിരിക്കുന്ന തിനമകളെ നീക്കി ഞങ്ങളുടെ ആത്മീയ ശത്രുക്കളെ പരാജയപ്പെടുത്തണമേ. ഞങ്ങളുടെ ബലഹീനത നീക്കി സ്ഥിരപ്പെടുത്തണമേ.ഈ ലോകത്തില്‍ ഞങ്ങള്‍ ജീവിച്ചിരിക്കും വരെയും ഞങ്ങളെ കൈവിടാതെ കൊടുങ്കാറ്റിന്റെ ആധിക്യത്തില്‍ ക്ഷോഭിച്ച സമുദ്രത്തെപ്പോലെയുള്ള ഈ ലോകത്തില്‍ ഞങ്ങളെ നാശം കൂടാതെ നടത്തി അങ്ങയോടുകൂടെ സകല ഭാഗ്യങ്ങളും പ്രാപിക്കുംവരെയും അമ്മേ! ഞങ്ങളെ കൈ വിടരുതേ.
ആമ്മേന്‍.

Categories: Uncategorized