പ്രിയപ്പെട്ട ലൂസി ചേച്ചിക്ക്

പ്രിയപ്പെട്ട ലൂസി ചേച്ചിക്ക്, (സ്വന്തം സഹോദരിയെ ആരും പറയാൻ മടിക്കുന്ന തലക്കെട്ടുകൾ നൽകി വിശേഷിപ്പിച്ചതിനാൽ ഇനി സിസ്റ്റർ എന്ന് വിളിക്കാൻ ഞങ്ങൾക്ക് അല്പം ബുദ്ധിമുട്ട് ഉണ്ട് ).

കഴിഞ്ഞ ദിവസം ഞാൻ ഒരു വീഡിയോ കണ്ടു. പൊട്ടിച്ചിരിച്ചു പോയി. ഞാൻ ആരെയൊക്കെ ആ വീഡിയോ കാണിച്ചോ അവരെല്ലാം പിന്നേം പിന്നേം അത് കണ്ടു ചിരിച്ചു, അപ്പൊ ഞാൻ ചേച്ചിയെ ഓർത്തു പോയി. ഒത്തിരി നാളായില്ലേ ചേച്ചി മനസ്സ് തുറന്നു ഒന്ന് ചിരിച്ചിട്ട്. ചേച്ചിയുടെ ആക്കിയുള്ള, പരിഹാസച്ചിരി പലയിടത്തും കണ്ടു. അതല്ലിത് ഇവിടെ യഥാർത്ഥത്തിൽ ഹൃദയത്തിൽ നിന്നുള്ള ചിരിയാണ്. ചേച്ചിയെ ആ വീഡിയോ കാണിക്കാൻ പറ്റിയില്ലല്ലോ അതുകൊണ്ട് ഞാൻ ആ വീഡിയോയുടെ സാരാംശം പറയാം.

രണ്ടു കായികാദ്ധ്യാപകർ കുട്ടികളെ ഒരു ഗ്രൗണ്ടിൽ റിലെ ഓടാൻ പഠിപ്പിക്കുകയാണ്. നാലാം ക്ലാസ്സിലെ കുട്ടികൾ ആണെന്ന് തോന്നുന്നു. നന്നായി വരച്ചിട്ടിരിക്കുന്ന ട്രാക്കിൽ കുട്ടികളെ നിർത്തി. 4 പേർക്കും നിൽക്കേണ്ട സ്ഥലവും ഓടേണ്ട ദൂരവും കാണിച്ചു കൊടുത്തു. പങ്കെടുക്കുന്നില്ലാത്തവരെ പുറത്തു പ്രോത്സാഹനത്തിനും നിർത്തി. ഓരോ മുതിർന്ന കുട്ടികൾ വീതം ഓരോ സ്ഥലത്തും സഹായിക്കാനും നിൽപ്പുണ്ട്. ഒന്നാമത്തെ കുട്ടിയുടെ അടുത്തും നാലാമത്തെ കുട്ടിയുടെ അടുത്തും സാറുന്മാരുണ്ട്. വിസിലടിച്ചു ഒന്നാമത്തവൻ ഓടി തുടങ്ങി, എല്ലാവരും കയ്യടിച്ചു. രണ്ടാമത്തെവന്റെ കയ്യിൽ തന്റെ കയ്യിലിരുന്ന റിലെബാറ്റ് ഏൽപ്പിച്ചിട്ടു അവന്റെ ഓട്ടം കണ്ട് അഭിമാനത്തോടെ കയ്യടിച്ചു തുടങ്ങി ഒന്നാമൻ. രണ്ടാമനും മൂന്നാമന് ബാറ്റ് കൈമാറി. മൂന്നാമത്തവൻ ആഹ്ലാദത്തോടെ തന്നെ നാലാമത്തെവന് കൊടുത്തു. പക്ഷേ നാലാമൻ സർവ്വ ശക്തിയുമെടുത്ത് ഓടിയത് ട്രാക്കിലൂടെ തന്നെ അണങ്കിലും പുറകോട്ട് ആണ് ഓടിയത്. അവന്റെ പുറകെ കായികാദ്ധ്യാപകനും ഓടാൻ തുടങ്ങി. അവനെ പിടിച്ചു നിർത്തി തിരിച്ചു ഓടിക്കാൻ ആണ് സാറിന്റെ പരിശ്രമം. എല്ലാരും ആർത്തുവിളിക്കാൻ തുടങ്ങി. ശബ്ദം കേട്ടപ്പോൾ നാലാമനോർത്തു എല്ലാവരും തന്നെ പ്രോത്സാഹിപ്പിക്കുകയാണെന്ന്. അവൻ ഓട്ടത്തിന് ശക്തി കൂട്ടി, പുറകെ ഓടിയ സാർ ഓട്ടം നിർത്തി കാരണം കൈവിട്ടു പോയി എന്ന് അദ്ദേഹത്തിന് മനസ്സിലായി. കൂട്ടത്തിൽ കാഴ്ച്ചകാരായി നിന്ന കുറെ കുട്ടികൾ റിലേയും ഓട്ടത്തിന്റെ നിയമവും അറിയില്ലാത്തവർ ആയതുകൊണ്ട് അവൻ ഓടുന്നതാണ് ശരി എന്നോർത്തു പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു.

എങ്ങനെ ഉണ്ട് ചേച്ചി ഈ വീഡിയോ?
ഇനി ഞാൻ പറയാം ചേച്ചിയെ ഓർക്കാൻ കാരണം. ഈ റിലെയിലെ ആദ്യത്തെ കുട്ടിയെ പോലെ കഴ്ട്ടപ്പെട്ട്, ത്യാഗം സഹിച്ച് സർവ്വ ശക്തിയും ഉപയോഗിച്ചവർ ആണ് ഓരോ സന്യസ്തസമൂഹത്തിൻ്റെയും സഭാസ്ഥാപകർ അവരുടെ സന്യാസമൂഹങ്ങൾ തുടങ്ങിയത്. അവർക്ക് മുന്നോട്ട് എങ്ങനെ സഭയെ കൊണ്ട് പോകണം എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. പഠിച്ചും, പ്രാർത്ഥിച്ചും, ഒരു നല്ല ഉദ്ദേശ്യത്തോടെ ആരംഭിച്ചതാണ് ഓരോ സമൂഹവും. അടുത്ത തലമുറക്ക് തീഷ്ണത കളയാതെ തന്നെ ആദ്യത്തെ അംഗങ്ങൾ ഓരോ സഭയുടെയും ചൈതന്യം കൈമാറി. അവയെ നന്നായി ഏറ്റു വാങ്ങിയ അടുത്ത തലമുറയും പിന്നീടുള്ള തലമറയ്ക്കും യഥാർത്ഥ ചൈതന്യവും സന്യാസ പുണ്യങ്ങളും കൈമാറികൊണ്ടിരുന്നു.

കായിക മത്സരത്തിൽ എന്ന പോലെ നിയമങ്ങളും, ചട്ടങ്ങളും മനസ്സിൽ പതിപ്പിച്ച് മുന്നിലുള്ള ലക്ഷ്യത്തെ നോക്കി സന്യാസ സമൂഹങ്ങളിലെ പുതുതലമുറയും ഓടി കൊണ്ടിരുന്നപ്പോൾ നമ്മുടെ നാലാമത്തെ റിലെക്കാരനെ പോലെ, ലൂസിചേച്ചി എങ്ങോട്ടാണ് ഓടുന്നത്… എങ്ങനെ ആണ് ഓടേണ്ടത് എന്നറിയാതെ ഓട്ടം തുടങ്ങി… ആ നാലാമനെ പോലെ പക്ഷേ ചേച്ചി ഓടിയത് പുറകോട്ടാണ്. റിലെയും ഓട്ടത്തിന്റെ നിയമവും ഒന്നും അറിയാതെ നാലാമന്റെ പുറകോട്ടുള്ള ഓട്ടത്തെ പ്രോത്സാഹിപ്പിച്ചവരെ പോലെ സന്യാസം അറിയാത്തവർ ചേച്ചിക്കും പ്രോത്സാഹനം നൽകി. ലക്ഷ്യം തെറ്റി ആണ് ഓടുന്നത് എന്നു അവർക്കും അറിയില്ലല്ലോ. ഓടുന്നത് മാത്രമാണ് അവർ കണ്ടുള്ളു. പുറകെ കുറെ ദൂരം ഓടിയ സാറിനെ പോലെ സഭയും വീണ്ടെടുപ്പിനായുള്ള ഓട്ടം നിർത്തി (തന്നെ തിരിച്ചു വരും എന്ന പ്രേതിക്ഷയോടെ).

സത്യത്തിൽ ആദ്യമോടിയവർ നിസ്സഹായതയോടെ നോക്കി നില്കുന്നത് ചേച്ചിക്ക് കാണാൻ പറ്റുന്നുണ്ടോ? “സഹോദരന് ഒരിക്കലും മാർഗ്ഗതടസ്സമോ ഇടർച്ചയോ സൃഷ്ടികയില്ലയെന്നു നിങ്ങൾ പ്രതിഞ ചെയ്യുവിൻ എന്നാണ് പൗലോശ്ലീഹാ പറഞ്ഞത്. ലൂസി ചേച്ചി മറ്റുള്ളവരെ വിശ്വാസത്തിൽ വളർത്തുന്നതിനു പകരം എത്ര പേരുടെ വിശ്വാസത്തെ ചേച്ചി തകർത്തു കളഞ്ഞു. എവിടെ എങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അത് സ്വമാതൃകയിലുടെ തിരുത്തിയ, താൻ തന്നെ മാതൃകയായി അനേകരെ മാനസാന്തരത്തിലേക്കു നയിച്ച എത്ര വിശുദ്ധർ നമുക്കുണ്ട്. ചേച്ചിയുടെ മാതൃകാ ജീവിതത്തിലൂടെ ആരെയെങ്കിലും ദൈവത്തിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞോ? വാക്കുകളും പ്രസംഗങ്ങളും കാറ്റിൽ പറന്നു പോകും. ജീവിതമാതൃക മാത്രമേ ഹൃദയങ്ങളെ സ്പർശിക്കൂ. നമുക്ക് വിശുദ്ധരായി ജീവിച്ചു പുറകോട്ട് ഓടിയ അത്രെയും ദൂരം ഒന്ന് തിരിച്ച് ശക്തിയോടെ ഓടി വിജയത്തിൽ എത്തേണ്ടേ ചേച്ചി?

വീഡിയോ സൂക്ഷിച്ചു നോക്കിയാൽ അറിയാം മറ്റു മൂന്നു കുട്ടികളെക്കാൾ നന്നായി ഓടാനുള്ള വേഷമണിഞ്ഞിരുന്നത് നാലാമൻ ആണ്. നല്ല സൂപ്പർ ഷൂസും അവന് ഉണ്ടായിരുന്നു. എന്നിട്ട് എന്ത് ഗുണം? അവൻ എല്ലാം നശിപ്പിച്ചില്ലേ… ആ വേഷം ഊരി വെച്ചു ഓട്ടക്കാരുടെ അഭിമാനം കളയാതെ അവൻ ട്രാക്കിൽ നിന്ന് പോയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി. എന്നെങ്കിലും ശക്തിയോടെ തിരിച്ച് ഓടാൻ തോന്നിയാൽ മടിക്കരുത്… ഈ പേരും പ്രശസ്തിയും ഒത്തിരി ഒന്നും നിലനിൽക്കില്ല. പ്രത്യേകിച്ച് കള്ളത്തരങ്ങൾ പറഞ്ഞും സ്വന്തം സഹോദരങ്ങളുടെ മാനവും അഭിമാനവും ചാനലുകൾ വഴിയും സോഷ്യൽ മീഡിയകൾ വഴിയും പുസ്തകമായും വിറ്റഴിച്ചിട്ട് ഉണ്ടാക്കിയതൊന്നും നിലനിൽക്കില്ല സഹോദരി… എന്തായാലും
ചേച്ചിക്ക് വിജയം നേരുന്നു…

ഒത്തിരി സ്നേഹത്തോടെ…

സി. റെജീന എസ്. എ. ബി. എസ്സ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s