Uncategorized

എല്ലാം ദൈവത്തിന്റെ ഒരു തമാശ പോലെ!

എല്ലാം ദൈവത്തിന്റെ ഒരു തമാശ പോലെ!
******************************

കഴിഞ്ഞ ദിവസം ഷാർജ കത്തോലിക്കാ ദേവാലയത്തിൽ കുർബാനക്കു പോയപ്പോൾ പള്ളി വികാരി വർഗ്ഗീസ് ചെമ്പോളിയച്ചൻ നടത്തിയ ലളിത സുന്ദരമായ പ്രസംഗം വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. അതിലെ ഒരു കൊച്ചു സംഭവം മാത്രം ഇവിടെ പറയാൻ ഉദ്ദേശിക്കുന്നു.

ഏതാനും വർഷങ്ങൾക്കു മുൻപ് അച്ചൻ ഒമാനിൽ സേവനം ചെയ്തിരുന്നപ്പോൾ ഒരു ദിവസം വളരെ നിസ്സാര വരുമാനക്കാരനായ ഒരു വിശ്വാസി അച്ചനെ കാണാൻ വന്നു. ആ വിശ്വാസിയുടെ ഭാര്യ ഗർഭിണിയാണ്. പരിശോധിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് വയറ്റിലെ കുഞ്ഞിന് അംഗവൈകല്യം ഉണ്ടാവാൻ സാധ്യതയുണ്ട് എന്നാണ്.

ഇതുകേട്ട് അവർ ആകെ വിഷമിച്ചു പോയി. കുഞ്ഞിനെ നശിപ്പിക്കാൻ അവർക്ക് മനസ്സ് വരുന്നില്ല. അതേസമയം അംഗ വൈകല്യം ഉള്ള കുഞ്ഞാണ് ജനിക്കുന്നതെങ്കിൽ നിസ്സാരമായ തന്റെ വരുമാനം കൊണ്ട് ആ കുഞ്ഞിനെ എങ്ങനെ വളർത്തും? ഈ അവസ്ഥയിൽ എന്ത് ചെയ്യണം എന്ന് ഒരു തീരുമാനം എടുക്കാൻ അവർക്ക് കഴിയുന്നില്ല എന്ന് അദ്ദേഹം അച്ചനോട് പറഞ്ഞു.

അച്ചൻ പ്രാർഥിച്ചിട്ട് അദ്ദേഹത്തോട് പറഞ്ഞു, “”ഉദരഫലം ദൈവദാനം” എന്ന വചനമാണ് എനിക്ക് ദൈവം എനിക്ക് കാണിച്ചു തരുന്നത്. നിങ്ങൾ ദൈവത്തിൽ ഉറച്ചു വിശ്വസിക്കുക. ദൈവത്തിന് അസാധ്യമായിട്ടൊന്നുമില്ല എന്ന ഉറച്ച വിശ്വാസത്തിൽ മുന്നോട്ടു പോകുക … “

അതോടെ, എന്ത് സംഭവിച്ചാലും ആ കുഞ്ഞിനെ നശിപ്പിക്കില്ല എന്ന് ആ വിശ്വാസി തീരുമാനിച്ചു.

മാസങ്ങൾ കഴിഞ്ഞു, പ്രസവത്തിനായി ആ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമയത്തിന്റെ പൂർണ്ണതയിൽ അവർ ഒരു കുഞ്ഞിനെ പ്രസവിച്ചു. യാതൊരു അംഗവൈകല്യവും ഇല്ലാത്ത ഒരു സുന്ദരനായ കുഞ്ഞ്. (ദൈവത്തിന് നന്ദി).

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന ദിവസം വലിയൊരു ബിൽ ആണ് അദ്ദേഹത്തിന് കിട്ടിയത്. അത്രയും വലിയ സംഖ്യ അദ്ദേഹത്തിന്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം ആശുപത്രി അധികൃതരോട് പറഞ്ഞു, പണം ശരിയാക്കിയിട്ട് അടുത്ത ദിവസം വരാം. അടുത്ത ദിവസം ഡിസ്ചാർജ് ചെയ്‌താൽ മതി … ” അവർ സമ്മതിച്ചു.

അടുത്ത ദിവസം അദ്ദേഹം പലരിൽ നിന്നായി എണ്ണിപ്പെറുക്കി പണം സംഘടിപ്പിച്ച് ആശുപത്രിയിൽ ഓടിയെത്തി. പണമടക്കാൻ കൌണ്ടറിൽ എത്തിയപ്പോൾ അവർ പറഞ്ഞു, “ഇന്നത്തെ സമയം കഴിഞ്ഞു. ഇനി നാളെ വന്നാൽ മതി … “

അന്നും അദ്ദേഹം തിരിച്ചു പോയി. വീണ്ടും അടുത്ത ദിവസം അദ്ദേഹം പണമടക്കാൻ കൌണ്ടറിൽ ചെന്നു. ബില്ലും പണവും നീട്ടിയപ്പോൾ കൌണ്ടറിൽ ഇരുന്നിരുന്ന വ്യക്തി അദ്ദേഹത്തോട് പറഞ്ഞു, “നിങ്ങളുടെ ബിൽ പണമടക്കേണ്ടതില്ല. ഇന്നുമുതൽ ഇത്തരം ചികിത്സകൾക്ക് പണം സ്വീകരിക്കേണ്ടതില്ല എന്ന് ഒമാൻ ഭരണാധികാരിയുടെ കൽപ്പനയുണ്ട്….”

അദ്ദേഹം സന്തോഷത്തോടെ ഭാര്യയേയും കുഞ്ഞിനേയും കൂട്ടി വീട്ടിലേക്കു തിരിച്ചു പോയി. കടം വാങ്ങിയ പണമെല്ലാം എല്ലാവർക്കും തിരിച്ചു കൊടുത്തു.

സ്നേഹിതരേ, നോക്കൂ, ഇതാണ് ദൈവത്തിന്റെ പരിപാലന. നമ്മൾ കണക്കു കൂട്ടുന്നതു പോലെയാകണമെന്നില്ല ദൈവത്തിന്റെ തീരുമാനം. നടക്കില്ല എന്ന് നമ്മൾ കരുതുന്ന പലതും നടത്താൻ ദൈവത്തിന് സാധിക്കും. അതിനു വേണ്ടത് ദൈവത്തിലുള്ള ഉറച്ച വിശ്വാസമാണ്. എന്നാൽ അതാണ്‌ പലപ്പോഴും നമുക്ക് ഇല്ലാതെ പോകുന്നത്.

ഈ മനുഷ്യൻ എല്ലാം ദൈവകരങ്ങളിൽ ഏൽപ്പിച്ചു. ദൈവത്തിന്റെ ഇഷ്ടം നടക്കട്ടെ എന്ന് വിളിച്ചു പറഞ്ഞു. ദൈവത്തിന്റെ ഇഷ്ടം അനുസരിച്ച് നല്ലൊരു കുഞ്ഞിനെ കിട്ടി.

മാത്രമല്ല, പണമടക്കാൻ ആവശ്യത്തിനു പണം അദ്ദേഹത്തിന്റെ പക്കൽ ഇല്ലാത്തത് മനസ്സിലാക്കി ഒമാൻ ഭരണാധികാരിയെക്കൊണ്ട് പുതിയൊരു നിയമം പോലും നടപ്പിലാക്കാൻ ദൈവം തുനിഞ്ഞു എന്നുള്ളതാണ്. അതിനു വേണ്ടി ഒരു ദിവസം നീട്ടിക്കൊടുക്കാനും എത്ര വിദഗ്ദമായാണ് ദൈവം അവിടെ പ്രവർത്തിച്ചത്. ചിലപ്പോൾ നമുക്കു തന്നെ തോന്നും ഇതൊക്കെ ദൈവത്തിന്റെ ഒരു തമാശയല്ലേ എന്ന്.

കൂട്ടത്തിൽ ഒരു കാര്യം കൂടി പറഞ്ഞാലേ ഈ സംഭവ കഥയ്ക്ക് അതിശയകരമായ വിരാമമാവൂ.

ഒമാൻ ഭരണാധികാരി കൊണ്ടുവന്ന ആ പുതിയ നിയമം കേവലം ഒരാഴ്ച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ വീണ്ടും പഴയ നിയമം തന്നെ പ്രാബല്യത്തിൽ വന്നു.

സത്യത്തിൽ, ഈ നിയമം ഈ മനുഷ്യനു വേണ്ടി പ്രത്യേകം കൊണ്ടുവന്നതല്ലേ എന്ന് ഞാൻ വിശ്വസിക്കുന്നു.

എല്ലാവർക്കും നല്ലത് വരട്ടെ എന്നാശംസിക്കുന്നു.

Author Unknown

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s