Uncategorized

ഒടിയുന്ന ചൂണ്ടു പലകകൾ.

ഒടിയുന്ന ചൂണ്ടു പലകകൾ.

Sign Board Damaged

ഇന്ത്യയിൽ അല്ല കേട്ടോ. രാവിലെ ഉറക്കമുണർന്നപ്പോൾ കണ്ട വാർത്തകളിൽ ഒന്ന് മുൻവൈദികനെ ബാല ലൈംഗിക പീഡനത്തിന് ശിക്ഷിച്ചു എന്നതാണ്. എന്റെ മനസിലേക്ക് സമ്മിശ്രമായ ചിന്തകൾ കടന്നു വരുവാൻ തുടങ്ങി. ഒന്ന് ഞാൻ ബഹുമാനിക്കുന്ന വൈദികർക്ക് എന്താണ് സംഭവിക്കുന്നത്? രണ്ടു ഞാൻ ഇനിയും വൈദികരെ ബഹുമാനിക്കണമോ? വീണുടയുന്ന ബിംബങ്ങൾ ആയി വൈദികരും സന്യസ്തരും മാറുന്നുവോ?

എന്റെ ചെറുപ്പത്തിൽ ഇളയപ്പൻ ഒരുപാടു കഥകൾ പറഞ്ഞു തരുമായിരുന്നു. വീരപുരുഷന്മാരായ വൈദികരുടെ ശാപങ്ങൾ ഫലിച്ചു മരിച്ചു പോയ ചില ആളുകളുടെ കഥകൾ. കൃഷിയെ ചാഴി ബാധിച്ചപ്പോൾ വിലക്കിയ വൈദികരുടെ കഥകൾ. ബാധയൊഴിപ്പിക്കാൻ പ്രാർത്ഥനയുമായി കടന്നു വരുന്ന പുരോഹിതന്റെ കഥകൾ എല്ലാം എന്നെ ഭ്രമിപ്പിച്ചിരുന്നു. അൾത്താരയിൽ തിരുവസ്ത്രങ്ങൾ അണിഞ്ഞു കടന്നു വരുന്ന പുരോഹിതൻ എനിയ്ക്ക് ഭയവും സംഭ്രമവും ജനിപ്പിക്കുന്ന ദൈവത്തിന്റെ പ്രതി പുരുഷൻ ആയിരുന്നു. മുത്തശ്ശി കഥകളിലെ വീര പുരുഷന്മാരായ മന്ത്രവാദികളെ പോലെ വൈദികരെ ആരാധിക്കുകയും ഭയക്കുകയും ചെയ്ത നാളുകൾ. വെള്ള കുപ്പായത്തിൽ പുറത്തു വരുന്ന വികാരിയച്ചനെ മനുഷ്യനായി കാണുവാൻ ഞാൻ മറന്നു.

വിമർശിക്കുന്നവരുടെ നേർക്ക് ബലിപീഠത്തിൽ നിന്നും കനലുകൾ വലിച്ചെറിയുന്ന വൈദിക സങ്കല്പ്പം എന്നിൽ രൂഢ മൂലമായി. വൈദിക വിമർശനം ചെയ്താൽ അത് തീരാത്ത പാപം ആണെന്ന് ആരൊക്കയോ എന്നെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു. ആദ്യമായി പതിനേഴു വയസുള്ളപ്പോൾ ആണ് ഒരു അച്ചനുമായി ഏറ്റു മുട്ടേണ്ടി വന്നത്. വിജയം ആർക്കായിരുന്നു എന്നത് ഞാൻ ഓർക്കുന്നില്ല എങ്കിലും ആ സംഭവം എന്നെ വല്ലാതെ മുറിവേൽപ്പിച്ചു. വളരെ കാലങ്ങൾ പിന്നീട് ഞാൻ ദൈവ വഴിയിൽ നിന്നും അകന്നു നടന്നു. ശാപത്തിന്റെ കനലുകൾ എരിയുന്ന വഴിയാണ് അത് എങ്കിൽ നീ അവിടെ പോകരുത് എന്ന് എന്നെ ഓർമ്മപെടുത്തിയതും ഒരു ധ്യാന ഗുരു ആയിരുന്നു .

കാലം ഒരുപാടു മാറി. ആരുടേയോ നന്മയിൽ ഞാൻ കണ്ടു മുട്ടിയ ചിലർ എന്നെ പിന്നെയും കൈകൾ പിടിച്ചു നടത്തി. ഞാൻ നടന്ന വഴികളിൽ പുരോഹിത സങ്കല്പം പുതിയ രൂപം പ്രാപിക്കുന്നത് ഞാൻ കണ്ടു. ഒരു പെസഹാ വ്യാഴത്തിൽ തന്റെ ബലഹീനതകൾക്ക് മാപ്പ് ചോദിച്ചു കൊണ്ട് കമിഴ്ന്ന് കിടന്നു പ്രാർത്ഥിച്ച ഒരു മെത്രാന്റെ സാന്നിദ്ധ്യം പുരോഹിതന്റെ ബലഹീനതകളും അതിനപ്പുറം അവൻ ആഗ്രഹിക്കുന്ന ദൈവകൃപയും എനിയ്ക്ക് വെളിവാക്കി തന്നു.ക്രിസ്തു പോലും ബലഹീനൻ ആയപ്പോൾ അവന്റെ പുരോഹിതൻ എത്രയോ ബലഹീനനാണ് എന്ന് വചനം എന്നെ ഓർമ്മപ്പെടുത്തി.

പുരോഹിതൻ മനുഷ്യനാണ്. ഓരോ സന്യാസിയും അവന്റെ ബലഹീനതകളെ ഇല്ലാതാക്കുവാൻ പരിശ്രമിക്കുകയും ദൈവത്തിലേക്ക് കൂടുതലായി അടുക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. എങ്കിലും പട്ടം കിട്ടുന്നത് കൊണ്ടോ, സന്യാസ വസ്ത്രം സ്വീകരിക്കുന്നത് കൊണ്ടോ ഒരാൾ പോലും മനുഷ്യൻ അല്ലാതായി മാറുന്നില്ല. ബൈബിളിലെ അഹറോൻ മുതൽ ഉള്ള പുരോഹിതരിൽ പലപ്പോഴും പാപം ആരോപിക്കപ്പെട്ടതു അവരെ ദൈവ തുല്യരായി കണക്കാക്കാതെ ഇരിക്കുവാനും അവർ മനുഷ്യർ തന്നെ ആണ് എന്ന് നമ്മെ ഓർമ്മപ്പെടുത്തുവാൻ വേണ്ടിയും ആണ്. പുരോഹിതൻ മനുഷ്യൻ ആണ് അവന്റെ വികാരങ്ങളെ രൂപപ്പെടുത്തുവാൻ തക്ക പരിശീലനം ലഭിച്ചാലും അവർക്ക് പാളിച്ചകൾ പറ്റുന്ന സമയങ്ങൾ ഉണ്ട് എന്നത് നാം മറക്കരുത്.

കേരള കത്തോലിക്കാ സഭയിലെ ചില പ്രസ്ഥാനങ്ങളിലും, വിശ്വാസികളിലും കണ്ടു വരുന്ന ഒരു പ്രവണത പുരോഹിതരെ മറ്റൊരു വർഗ്ഗമായി ചിത്രീകരിക്കുക എന്നതാണ്. പുരോഹിതൻ മനുഷ്യൻ അല്ല എന്നുള്ള നിലയിൽ ഉള്ള ചിത്രീകരണങ്ങൾ ആപത്കരമാണ്. പുരോഹിതൻ ദൈവത്തിലേക്ക് ഉള്ള ഒരു വഴികാട്ടിയോ/ചൂണ്ടു പലകയോ മാത്രമാണ് എന്ന് നാം മറക്കരുത്. ചൂണ്ടു പലകകളിൽ അഴുക്കു പുരുളും. ചിലപ്പോൾ അത് ഒടിഞ്ഞു പോകും. ചില വഴി പോക്കർ ചൂണ്ടു പലക ദിശ മാറ്റി വയ്ക്കും. ഇതു സംഭവിച്ചാലും വഴി അറിയുന്നവൻ ഭയപ്പെടില്ല. കാരണം അവൻ ആശ്രയിക്കുന്നത് ചൂണ്ടു പലകയിൽ മാത്രമല്ല. മറിച്ചു വഴിയിലെ മറ്റു അടയാളങ്ങൾ കൂടി ആണ്.

പ്രിയമുള്ളവരേ വൈദികർക് തെറ്റ് പറ്റാം. അവർ വീണു പോകാം. കാരണം നിങ്ങളെ പോലെ തന്നെ വികാര വിചാരങ്ങൾ ഉള്ള മനുഷ്യർ തന്നെ ആണ് അവർ. ഒരുപക്ഷേ നിങ്ങളെക്കാൾ ഏറെ പാപത്തിൽ വീഴുവാൻ ഉള്ള സുരക്ഷിതമായ അവസരങ്ങളും അവർക്ക് ഉണ്ട് എന്നത് നിസ്തർക്കമാണ്. പിടിക്കപ്പെടും വരെ ഏവരും നീതിമാന്മാർ ആണ് എന്നതും ഒരുപക്ഷേ സത്യമാകും. അപ്പോൾ നാം എന്താണ് ചിന്തിക്കേണ്ടത് വൈദികർ പാപികൾ ആണ് എന്നാണോ? ഒരിക്കലുമല്ല. മറിച്ചു അവരിൽ നിന്ന് കൃപ ഒഴുകി എത്തുന്നുണ്ട്. ബലഹീനരായ വൈദിക സന്യാസി സന്യസികളിൽ കൂടെ ദൈവം അവന്റെ കരുണയെ നമ്മിലേക്ക് ചൊരിയുന്നു. അവരുടെ ശുശ്രുഷകൾ ദൈവജനത്തിനു ദൈവ വഴിയിൽ സഞ്ചരിക്കുവാൻ ഊർജം പകരുന്നു.

ഒരു ജീവിതം മുഴുവനായും ദൈവ വഴികളിൽ സമർപ്പിച്ചവനെ ഒരു തെറ്റിന്റെ പേരിൽ വിധിക്കും മുൻപേ നീ നിന്നെ തന്നെ വിധിക്കണം. ചെയ്തു പോയ തെറ്റിനെ ഓർത്തു ഒരിക്കൽ എങ്കിലും നീ അനുതപിച്ചു കരഞ്ഞിട്ടുണ്ട് എങ്കിൽ സ്വന്തം ജീവിതം ദൈവ വഴിയിൽ സമർപ്പിച്ചവൻ എത്ര കരഞ്ഞിട്ടുണ്ടാകും. എങ്കിലും ക്രിസ്തു നമ്മെ ഓർമ്മപ്പെടുത്തിയത് പോലെ എല്ലാവരും അല്ല. ചില യൂദാസുമാർ ഒരിക്കലും കരയാതെ പോയിട്ടുമുണ്ടാകാം.

ഞാൻ വൈദികരെ ബഹുമാനിക്കുന്നു. വൈദികരുടെ തെറ്റുകളെ മറച്ചു വച്ചു കൊണ്ട് അവരെ സ്നേഹിക്കുന്നതിനേക്കാൾ ആ മനുഷ്യൻ നീ തന്നെ എന്ന് വിളിച്ചു പറഞ്ഞ നാഥൻ പ്രവാചകനെ പോലെ ആകുവാൻ ആണ് എനിക്ക് ഇഷ്ടം. വിധി പറയും മുൻപ് എന്നിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്റെ പാപങ്ങൾ എന്നെ പുറകോട്ട് വലിക്കാറുമുണ്ട്. ഒരുപക്ഷെ ആ വൈദികൻ ദാവീദിനെ പോലെ ചെയ്ത തെറ്റിനെ ഓർത്തു ദൈവ തിരുമുൻപിൽ കരഞ്ഞു പാപവിമോചനം നേടി വിശുദ്ധനായി മാറി കഴിയുമ്പോഴും ഞാൻ പന്നിക്കൂട്ടിൽ ദൈവത്തെ പഴിച്ചു, വൈദികരെ പഴിച്ചു കാലം കഴിക്കുന്നുണ്ടാകാം.

Author Unknown

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s