ദിവ്യബലി വായനകൾ Wednesday of week 13 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ

Wednesday of week 13 in Ordinary Time 
or Saint Junipero Serra 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

സങ്കീ 46: 2

സകല ജനതകളേ, കരഘോഷം മുഴക്കുവിന്‍,
ദൈവത്തിന്റെ മുമ്പില്‍ ആഹ്ളാദാരവം മുഴക്കുവിന്‍.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍
ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെ
സുവ്യക്തസത്യത്തിന്റെ പ്രഭയില്‍
എന്നും ഞങ്ങള്‍ പ്രശോഭിച്ചുനില്ക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ആമോ 5:14-15,21-24
നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്കു കേള്‍ക്കേണ്ടാ, നീതി ജലം പോലെ ഒഴുകട്ടെ.

ഇസ്രായേല്‍ഗോത്രത്തോട് കര്‍ത്താവ് അരുളിച്ചെയ്യുന്നു: തിന്മയല്ല, നന്മ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും. നിങ്ങള്‍ പറയുന്നതുപോലെ, അപ്പോള്‍ സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. തിന്മയെ വെറുക്കുവിന്‍, നന്മയെ സ്‌നേഹിക്കുവിന്‍. നഗരകവാടത്തില്‍ നീതി സ്ഥാപിക്കുവിന്‍. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് ജോസഫിന്റെ സന്തതികളില്‍ അവശേഷിക്കുന്നവരോടു കരുണ കാട്ടാന്‍ കനിഞ്ഞേക്കും.
നിങ്ങളുടെ ഉത്സവങ്ങളോട് എനിക്കു വെറുപ്പാണ്, അവജ്ഞയാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്കു പ്രസാദമില്ല. നിങ്ങള്‍ ദഹനബലികളും ധാന്യബലികളും അര്‍പ്പിച്ചാലും ഞാന്‍ സ്വീകരിക്കുകയില്ല. സമാധാനബലിയായി നിങ്ങള്‍ അര്‍പ്പിക്കുന്ന കൊഴുത്ത മൃഗങ്ങളെ ഞാന്‍ നോക്കുകയില്ല. നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്കു കേള്‍ക്കേണ്ടാ. നിങ്ങളുടെ വീണാനാദം ഞാന്‍ ശ്രദ്ധിക്കുകയില്ല. നീതി ജലം പോലെ ഒഴുകട്ടെ; സത്യം ഒരിക്കലും വറ്റാത്ത നീര്‍ച്ചാലുപോലെയും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 50:7,8-9,10-11,12-13,16bc-17

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

എന്റെ ജനമേ, കേള്‍ക്കുവിന്‍, ഞാന്‍ ഇതാ, സംസാരിക്കുന്നു;
ഇസ്രായേലേ, ഞാന്‍ നിനക്കെതിരേ സാക്ഷ്യം നല്‍കും;
ഞാനാണു ദൈവം, നിന്റെ ദൈവം.

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

നിന്റെ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല;
നിന്റെ ദഹനബലികള്‍ നിരന്തരം എന്റെ മുന്‍പിലുണ്ട്.
നിന്റെ വീട്ടില്‍ നിന്നു കാളയെയോ നിന്റെ ആട്ടിന്‍പറ്റത്തില്‍ നിന്നു
മുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല.

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

വനത്തിലെ സര്‍വമൃഗങ്ങളും കുന്നുകളിലെ
ആയിരക്കണക്കിനു കന്നുകാലികളും എന്റെതാണ്.
ആകാശത്തിലെ പറവകളെ ഞാന്‍ അറിയുന്നു;
വയലില്‍ ചരിക്കുന്നവയെല്ലാം എന്റെതാണ്.

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറയുകയില്ല;
ലോകവും അതിലുള്ള സമസ്തവും എന്റെതാണ്.
ഞാന്‍ കാളകളുടെ മാംസം തിന്നുമോ?
ആടുകളുടെ രക്തം കുടിക്കുമോ?

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 8:28-34
സമയത്തിനുമുമ്പ് ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ?

അക്കാലത്ത്, യേശു മറുകരെ, ഗദറായരുടെ ദേശത്തെത്തിയപ്പോള്‍, ശവക്കല്ലറകളില്‍ നിന്ന് ഇറങ്ങിവന്ന രണ്ടു പിശാചുബാധിതര്‍ അവനെ കണ്ടുമുട്ടി. ആര്‍ക്കും ആ വഴി സഞ്ചരിക്കാന്‍ സാധിക്കാത്തവിധം അവര്‍ അപകടകാരികളായിരുന്നു. അവര്‍ അട്ടഹസിച്ചുപറഞ്ഞു: ദൈവപുത്രാ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? സമയത്തിനുമുമ്പ് ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ? അവരില്‍ നിന്ന് അല്‍പം അകലെ വലിയൊരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. പിശാചുക്കള്‍ അവനോട് അപേക്ഷിച്ചു: നീ ഞങ്ങളെ പുറത്താക്കുന്നെങ്കില്‍ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കണമേ! അവന്‍ പറഞ്ഞു: പൊയ്‌ക്കൊള്ളുവിന്‍. അവ പുറത്തുവന്നു പന്നികളില്‍ പ്രവേശിച്ചു. പന്നിക്കൂട്ടം മുഴുവന്‍ കിഴുക്കാംതൂക്കായ നിരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍ മുങ്ങിച്ചത്തു. പന്നി മേയ്ക്കുന്നവര്‍ ഭയപ്പെട്ടോടി, പട്ടണത്തിലെത്തി, എല്ലാകാര്യങ്ങളും, പിശാചുബാധിതര്‍ക്കു സംഭവിച്ചതും അറിയിച്ചു. അപ്പോള്‍, പട്ടണം മുഴുവന്‍ യേശുവിനെ കാണാന്‍ പുറപ്പെട്ടുവന്നു. അവര്‍ അവനെ കണ്ടപ്പോള്‍ തങ്ങളുടെ അതിര്‍ത്തി വിട്ടുപോകണമെന്ന് അപേക്ഷിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, അങ്ങയുടെ രഹസ്യങ്ങളുടെ ഫലം
കനിവാര്‍ന്ന് അങ്ങ് ഉളവാക്കുന്നുവല്ലോ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷകള്‍,
വിശുദ്ധമായ ഈ കാഴ്ചദ്രവ്യങ്ങള്‍ക്കു
യോജിച്ചതാക്കി തീര്‍ക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 102: 1

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
എന്റെ അന്തരംഗമേ, അവിടത്തെ വിശുദ്ധനാമം പുകഴ്ത്തുക.

Or:
യോഹ 17: 20-21

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അവരും നമ്മില്‍ ഒന്നായിരിക്കുന്നതിനും അങ്ങനെ,
അവിടന്ന് എന്നെ അയച്ചുവെന്ന് ലോകം വിശ്വസിക്കുന്നതിനും വേണ്ടി
പിതാവേ, ഞാന്‍ അങ്ങയോട് പ്രാര്‍ഥിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളര്‍പ്പിക്കുകയും
ഉള്‍ക്കൊളളുകയും ചെയ്ത ഈ ദിവ്യബലി,
ഞങ്ങള്‍ക്ക് ജീവന്‍ നല്കുന്നതാകട്ടെ.
അങ്ങനെ, അങ്ങയോടുള്ള നിരന്തര സ്‌നേഹത്താല്‍ ഒന്നായിത്തീര്‍ന്ന്
എന്നും നിലനില്ക്കുന്ന ഫലം ഞങ്ങള്‍ പുറപ്പെടുവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment