ദിവ്യബലി വായനകൾ Thursday of week 13 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 2/7/2020

Thursday of week 13 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

സങ്കീ 46: 2

സകല ജനതകളേ, കരഘോഷം മുഴക്കുവിന്‍,
ദൈവത്തിന്റെ മുമ്പില്‍ ആഹ്ളാദാരവം മുഴക്കുവിന്‍.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍
ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെ
സുവ്യക്തസത്യത്തിന്റെ പ്രഭയില്‍
എന്നും ഞങ്ങള്‍ പ്രശോഭിച്ചുനില്ക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ആമോ 7:10-17
എന്റെ ജനമായ ഇസ്രായേലില്‍ ചെന്ന് പ്രവചിക്കുക.

അക്കാലത്ത്, ബഥേലിലെ പുരോഹിതനായ അമാസിയാ ഇസ്രായേല്‍ രാജാവായ ജറോബോവാമിന്റെ അടുത്ത് ആളയച്ചുപറഞ്ഞു: ആമോസ് നിനക്കെതിരേ ഇസ്രായേല്‍ ഭവനത്തിന്റെ മധ്യേ ഗൂഢാലോചന നടത്തിയിരിക്കുന്നു. അവന്റെ വാക്കുകള്‍ പൊറുക്കാന്‍ നാടിനു കഴിയുന്നില്ല. കാരണം, ജറോബോവാം വാളിനിരയാകും, ഇസ്രായേല്‍ സ്വന്തം നാട്ടില്‍ നിന്ന് പ്രവാസത്തിലേക്കു പോകും എന്ന് ആമോസ് പറയുന്നു. അമാസിയാ ആമോസിനോടു പറഞ്ഞു: ദീര്‍ഘദര്‍ശീ, യൂദാനാട്ടിലേക്ക് ഓടുക. അവിടെ പ്രവചിച്ച്, അഹര്‍വൃത്തി കഴിച്ചുകൊള്ളുക. ഇനിമേല്‍ ബഥേലില്‍ പ്രവചിക്കരുത്. ഇതു രാജാവിന്റെ ശ്രീകോവിലും രാജ്യത്തിന്റെ ക്‌ഷേത്രവുമാണ്. ആമോസ് മറുപടി പറഞ്ഞു: ഞാനൊരു പ്രവാചകനല്ല, പ്രവാചകപുത്രനുമല്ല. ഞാന്‍ ആട്ടിടയനാണ്. സിക്കമൂര്‍മരം വെട്ടിയൊരുക്കുകയായിരുന്നു എന്റെ ജോലി. ആടുമേയിച്ചു നടന്ന എന്നെ വിളിച്ച് കര്‍ത്താവ് അരുളിച്ചെയ്തു: എന്റെ ജനമായ ഇസ്രായേലില്‍ചെന്ന് പ്രവചിക്കുക. അതിനാല്‍, ഇപ്പോള്‍ കര്‍ത്താവിന്റെ വാക്കു കേള്‍ക്കുക. ഇസ്രായേലിനെതിരേ പ്രവചിക്കരുതെന്നും ഇസഹാക്കിന്റെ ഭവനത്തിനെതിരേ പ്രസംഗിക്കരുതെന്നും നീ പറയുന്നു. അതിനാല്‍, കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തില്‍ വേശ്യയായിത്തീരും. നിന്റെ പുത്രന്മാരും പുത്രികളും വാളിനിരയാകും, നിന്റെ ഭൂമി അളന്നു പങ്കിടും. അശുദ്ധദേശത്തു കിടന്നു നീ മരിക്കും. ഇസ്രായേല്‍ തീര്‍ച്ചയായും സ്വദേശംവിട്ട് പ്രവാസത്തിലേക്കു പോകും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 19:8,9,10,11

കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണമാണ്.

കര്‍ത്താവിന്റെ നിയമം അവികലമാണ്;
അത് ആത്മാവിനു പുതുജീവന്‍ പകരുന്നു.
കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്;
അതു വിനീതരെ വിജ്ഞാനികളാക്കുന്നു:

കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണമാണ്.

കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്;
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്;
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണമാണ്.

ദൈവഭക്തി നിര്‍മലമാണ്;
അത് എന്നേക്കും നിലനില്‍ക്കുന്നു;
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്;
അവ തികച്ചും നീതിപൂര്‍ണമാണ്.

കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണമാണ്.

അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്;
അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.

കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണമാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 9:1-8
മനുഷ്യര്‍ക്ക് ഇത്തരത്തിലുള്ള അധികാരം കൊടുത്ത ദൈവത്തെ സ്തുതിച്ചു.

അക്കാലത്ത്, യേശു തോണിയില്‍ കയറി കടല്‍ കടന്ന് സ്വന്തം പട്ടണത്തിലെത്തി. അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന്‍ തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ നിയമജ്ഞരില്‍ ചിലര്‍ പരസ്പരം പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറയുന്നു. അവരുടെ വിചാരങ്ങള്‍ ഗ്രഹിച്ച യേശു ചോദിച്ചു: നിങ്ങള്‍ ഹൃദയത്തില്‍ തിന്മ വിചാരിക്കുന്നതെന്ത്? ഏതാണ് എളുപ്പം, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിനാണിത്. അനന്തരം, അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റ് നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്കു പോവുക. അവന്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി. ഇതുകണ്ട് ജനക്കൂട്ടം ഭയചകിതരായി. മനുഷ്യര്‍ക്ക് ഇത്തരം അധികാരം നല്‍കിയ ദൈവത്തെ മഹത്വപ്പെടുത്തി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, അങ്ങയുടെ രഹസ്യങ്ങളുടെ ഫലം
കനിവാര്‍ന്ന് അങ്ങ് ഉളവാക്കുന്നുവല്ലോ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷകള്‍,
വിശുദ്ധമായ ഈ കാഴ്ചദ്രവ്യങ്ങള്‍ക്കു
യോജിച്ചതാക്കി തീര്‍ക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 102: 1

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
എന്റെ അന്തരംഗമേ, അവിടത്തെ വിശുദ്ധനാമം പുകഴ്ത്തുക.
Or:
യോഹ 17: 20-21

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അവരും നമ്മില്‍ ഒന്നായിരിക്കുന്നതിനും അങ്ങനെ,
അവിടന്ന് എന്നെ അയച്ചുവെന്ന് ലോകം വിശ്വസിക്കുന്നതിനും വേണ്ടി
പിതാവേ, ഞാന്‍ അങ്ങയോട് പ്രാര്‍ഥിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളര്‍പ്പിക്കുകയും
ഉള്‍ക്കൊളളുകയും ചെയ്ത ഈ ദിവ്യബലി,
ഞങ്ങള്‍ക്ക് ജീവന്‍ നല്കുന്നതാകട്ടെ.
അങ്ങനെ, അങ്ങയോടുള്ള നിരന്തര സ്‌നേഹത്താല്‍ ഒന്നായിത്തീര്‍ന്ന്
എന്നും നിലനില്ക്കുന്ന ഫലം ഞങ്ങള്‍ പുറപ്പെടുവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment