Uncategorized

നേർച്ചപ്പെട്ടിയിലെ കള്ളനാണയം

ജീവിത ലക്ഷ്യങ്ങൾ വഴിപിഴച്ചപ്പോൾ സഭാവിരുദ്ധ കൂട്ടായ്മകളിൽ ചേക്കേറി, സ്വത്തിന്റെയും സ്ഥാനമാനങ്ങളുടെയും പേരിൽ സ്വയം അവഹേളിതയാവുകയും സഹജീവിതങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ചിലർ… ഭൂരിപക്ഷം വേദന പൂണ്ട നിശബ്ദതയെ പുൽകുമ്പോഴും അടക്കാനാവാത്ത ആത്മരോഷത്താൽ ചിലർ പ്രതികരിക്കുന്നു. ആ പ്രതികരണം ഇനിയെങ്കിലും നമ്മുടെ കണ്ണുകൾക്ക് വെളിച്ചം പകരട്ടെ.

നേർച്ചപ്പെട്ടിയിലെ കള്ളനാണയം

ഇത്രയൊക്കെ ആയിട്ടും ഇനിയും എന്തേ നീ പ്രതികരിക്കാത്തത്?
നിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടോ? മനസ്സിന്റെ ഉള്ളിൽ നിന്നും ഞങ്ങളെ സ്നേഹിക്കുന്ന അനേകരുടെ അധരങ്ങളിൽ നിന്നും ഉയരുന്ന നിലയ്ക്കാത്ത ചോദ്യങ്ങൾക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ ആവാത്തതിനാൽ ഈ എളിയ സന്യസ്ത വീണ്ടും തൂലിക ചലിപ്പിക്കുകയാണ്.

ക്രൈസ്തവ സന്യാസവും, മഠങ്ങളും സന്യാസിനിമാരും തെരുവു ചർച്ചകളിൽ ഇടം നേടിയിട്ട് ഏകദേശം രണ്ട് വർഷത്തോളമായി. സന്യാസിനീ മഠങ്ങളുടെ ചുവരുകൾക്കുള്ളിൽ ഇരുളിമ സൃഷ്ടിച്ചുകൊണ്ട് മനനം ചെയ്തെടുക്കുന്ന പൈങ്കിളി കഥകൾക്ക് ഇണങ്ങുന്ന വേഷം ധരിച്ച് നെറ്റിയിൽ സത്യം എന്ന ലേബലും ഒട്ടിച്ച് സോഷ്യൽമീഡിയ ചന്തയിൽ നിരത്തിവച്ച്, കിട്ടുന്ന ലൈക്കുകളിൽ കോൾമയിർകൊള്ളുന്ന ദൂഷണ പ്രിയരുടെ പ്രവർത്തനം ദാക്ഷിണ്യമില്ലാതെ ഇന്നും തുടരുകയാണ്. എല്ലാം തികഞ്ഞവർ എന്നവകാശപ്പെടാൻ കഴിയില്ലെങ്കിലും, രാഷ്ട്രീയ-സാമുദായിക ചൂതാട്ട കമ്പോളങ്ങളിൽ എത്തി നോക്കാതെ, ചിന്തകൾക്കൊണ്ടോ വാക്കുകൾക്കൊണ്ടോ പ്രവൃത്തികൾക്കൊണ്ടോ കഴിവതും ആർക്കും ഒരു ഉപദ്രവവുമുണ്ടാക്കാതെ, സമൂഹത്തിന്റെ ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കും അവഗണനകൾക്കും ഇരയായി പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട അനേകരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ സുഖസന്തോഷങ്ങൾ എല്ലാം വെടിഞ്ഞ് ജീവിതം ബലിയായി നൽകിയവരാണ് ഞങ്ങൾ സന്യസ്തര്‍.

നിരുപദ്രവകാരികൾ ആയിരുന്നിട്ടും ഞങ്ങളെ ഇത്രമാത്രം ക്രൂരമായി വേട്ടയാടുന്നതിന്റെ പിന്നിലുള്ള ലക്ഷ്യം എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. എന്തിനും ഏതിനും പ്രതികരിക്കാത്തത് പ്രതികരണ ശേഷി നഷ്ടപ്പെട്ടതുകൊണ്ടല്ല; മറുപടി ഇല്ലാഞ്ഞിട്ടുമല്ല. ഞങ്ങളുടെ ജീവിതക്രമം സൗമ്യതയുടേതായതുകൊണ്ടാണ്. ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നവർ തുല്യശക്തികളോടാണ് ഏറ്റുമുട്ടേണ്ടത്. ദുർബലരെ ആക്രമിച്ച് കീഴ്പെടുത്തി ശൂരത്വം വിളമ്പുന്നത് ഭീരുത്വമോ മാനസിക വൈകല്യമോ ആണ്. ഈ വൈകല്യം കൊറോണ വൈറസിനേപ്പോലെ സമ്പർക്കംകൊണ്ട് പടരുന്നതാണ്. നിങ്ങളുടെ ജീവിതത്തിൻ്റെ കണക്ക് പട്ടികവെച്ച് ഞങ്ങളുടെ ജീവിതം കൂട്ടി കിഴിക്കുന്നത് മൗഢ്യമാണ് എന്നുമാത്രം ഓർമ്മിപ്പിക്കുന്നു.

നിയതമായ ചട്ടക്കൂട് അനുശാസിക്കുന്നതും, വർഷങ്ങൾ നീളുന്ന പഠനത്തിലൂടെയും, പരിശീലനത്തിലൂടെയും പരീക്ഷണത്തിലൂടെയും ആണ് ഞങ്ങൾ സന്യസ്തരായി തീർന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ അട്ടഹാസങ്ങൾ മലകളിൽ തട്ടി പ്രതിധ്വനിക്കുകയല്ലാതെ ഞങ്ങൾ ബഹുഭൂരിപക്ഷത്തിന്റെ മേലും ഏശില്ല. നൂറ്റാണ്ടുകളായി പവിത്രമായി നിലനില്ക്കുന്ന സന്യാസ ഭവനങ്ങൾ ദുരൂഹതകൾ ഉറങ്ങുന്ന കൂടാരമാണെന്നും, സന്യാസിനികൾ വൈദികരുടെ കളിപ്പാട്ടങ്ങൾ ആണെന്നും ആരോപിച്ചുകൊണ്ട് ഉദ്ദേശലക്ഷ്യങ്ങൾ ഒന്നും ഉരിയാടാതെ കാഴ്ചയിൽ ഞങ്ങളെ പോലെ തോന്നിക്കുന്ന ഒരു മുൻസന്യാസിനിയുടെ ചാരിത്ര്യപ്രസംഗം “ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ” എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ലൈക്കുകളും ഷെയറുകളും കൊണ്ട് തിളങ്ങിനിൽക്കുന്ന കാലമാണല്ലോ ഇത്. സ്വയം തിരഞ്ഞെടുത്ത ജീവിതയാത്രയിൽ നീണ്ട 35 വർഷക്കാലം നടന്നു നീങ്ങിയിട്ടും ആരിലും ഒരു നന്മയും കണ്ടെത്താൻ കഴിയാത്ത, ദൂഷണങ്ങൾ മാത്രം വിളിച്ചോതുന്ന, സമസ്ത സന്യസ്തരും പവിത്രമായി കരുതുന്ന സഭാവസ്ത്രത്തെ കൈക്കല കീറാക്കി മാറ്റിയ ആ സ്ത്രീ കുടിവെള്ളത്തിലേക്ക് അഴുക്കുചാൽ വെട്ടിതിരിച്ചുവിട്ടത് പുണ്യത്തിനാണെന്നുകൂടി പറഞ്ഞുകേട്ടപ്പോൾ പുച്ഛം തോന്നി. ആ പുച്ഛമാണ് ഈ എഴുത്തിന് പ്രചോദനമേകിയതും.

ഓരോ പെൺകുട്ടിയും സന്യസ്ത ആകുന്നതിന്റെ പിന്നിൽ ഒരു ലക്ഷ്യം ഉണ്ടാകും. എന്തായിരുന്നിരിക്കും അവരുടെ ലക്ഷ്യം? സന്യാസം എന്നാൽ ആരും ചോദിക്കുകയും പറയുകയും ചെയ്യാതെ എന്തു തോന്നിയവാസവും കാണിക്കാൻ ഉള്ള ലൈസൻസ് ആണെന്നാണോ അവർ കരുതിയത്? അവരുടെ അതിരുവിട്ട പെരുമാറ്റങ്ങൾക്ക് നേതൃത്വം വിലക്ക് ഏർപ്പെടുത്തിയപ്പോൾ അതിൽ അമർഷം പൂണ്ട് അവർ സഭയെയും സന്യാസത്തേയും അധിക്ഷേപിച്ചത് ‘വെടക്കാക്കി തനിക്കാക്കുക’ എന്ന ലക്ഷ്യത്തോടെയായിരുന്നു എന്നുവേണം കരുതാൻ. ഒരു ലക്ഷത്തോളം വരുന്ന സന്യസ്തരിൽ ഒരാൾ ലംഘിക്കുന്ന അതിരുകൾ മറ്റെല്ലാവർക്കും അസ്വസ്ഥത ഉളവാക്കും. അങ്ങനെ തന്നിഷ്ടക്കാരാകാതെ മാതൃ വൃക്ഷത്തോട് ചേർന്ന് നിൽക്കാനാണ് ആദ്യവ്രതമായ അനുസരണം സ്വായത്തമാക്കുന്നത്. ഈ അനുസരണമെന്ന വ്രതത്തേയാണ് ഛിദ്രശക്തികളുടെ ഇഷ്ടക്കാരി ആകാൻ ദുർവ്യാഖ്യാനം നടത്തി ‘അരുതായ്മകൾക്ക് വഴങ്ങുക’ എന്നാക്കി തീർത്ത് ഈ മഹതി മലീമസമാക്കിയത്. ലക്ഷക്കണക്കായ സന്യസ്തർ പവിത്രമായി കാത്തുസൂക്ഷിക്കുന്ന പരിശുദ്ധമായ കന്യാവ്രതത്തെയാണ് ഈ സ്ത്രീ നടത്തിയ അഭിമുഖങ്ങളിലും എഴുത്തുകളിലും ചീന്തിയെറിഞ്ഞത്. ഇവർ ജീവിതത്തിൽ കണ്ടുമുട്ടിയവരെല്ലാം അധമ വികാരങ്ങൾക്ക് അടിപ്പെട്ടവരായിരുന്നു എന്ന വാദം ഏറെ വിചിത്രം തന്നെ.

ഒരിക്കൽ ഒരു പൂച്ചയും ആടും കൂടി ഇരതേടി പോയി. ആടിനുള്ള തീറ്റ പൂച്ചയും പൂച്ചയ്ക്കുള്ളത് ആടും കണ്ടെത്തണം. പരസ്പരം കണ്ടെത്തിയ തീറ്റകൾ ഒന്നും ഇരുവർക്കും സ്വീകാര്യമായില്ല. അങ്ങനെ ഒടുവിൽ അവരവർക്കുള്ള ആഹാരം അവരവർ തന്നെ കണ്ടെത്താൻ തീരുമാനിച്ചു. അപ്പോൾ മുതൽ കാണുന്നതെല്ലാം ഇരുവർക്കും ഇഷ്ടഭക്ഷണമായി തീർന്നു എന്നാണ് കഥ. ഇവിടെയും സംഭവിച്ചിരിക്കുന്നത് ഇതൊക്കെ തന്നെയാണ്. അന്വേഷിപ്പിൻ നിങ്ങൾ കണ്ടെത്തും എന്നാണല്ലോ തിരുവചനം. നിങ്ങൾ എന്ത് അന്വേഷിക്കുന്നുവോ അതെ കണ്ടെത്തൂ.

സ്നേഹനാഥനായ ഈശോയുടെ കരുണയും സ്നേഹവും ആണ് ഞങ്ങൾ ആഗ്രഹിച്ചതും അന്വേഷിച്ചതും കണ്ടെത്തിയതും. ആ കരുതലിലും തണലിലും എന്നും ആയിരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതും. ആയതിനാൽ നിങ്ങളുടെ ഹൃദയം എവിടെയാണോ അവിടെയാണ് നിങ്ങളുടെ നിക്ഷേപവും. അധമ വിചാരങ്ങളാൽ നയിക്കപ്പെടുന്ന ഒരു സ്ത്രീക്ക് സന്യസ്തയായി ജീവിക്കാനാവില്ല.

രണ്ടാം ക്രിസ്തുവായി സ്വയം പ്രഖ്യാപിച്ചത് വായിക്കാനിടയായി. ഈശോ നാഥൻ മനുഷ്യനായി പിറക്കാൻ സ്വയം ശൂന്യവത്കരിച്ചപ്പോൾ അവർ ന്യായീകരണ പ്രസംഗങ്ങളിലൂടെ സ്വയം പുണ്യവത്കരിക്കാൻ നന്നെ പാടുപെടുന്നു. തിരുസഭയുടെ സന്യസ്തർക്ക് വേണ്ടി നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തട്ടെ. കാരണം ഞങ്ങളാരും ആ സ്ത്രീയുടെ പിന്നിൽ അണിനിരക്കാൻ ആഗ്രഹിക്കുന്നില്ല. ഈ കാലമത്രയും നിങ്ങൾ തിമിർത്താടിയിട്ടും ലക്ഷക്കണക്കായ സന്യസ്തരിലാരും വരുടെ പിന്നിൽ അണിനിരന്നില്ല എന്നതാണ് ഇത് എന്റെ മാത്രം അഭിപ്രായമല്ല എന്നുള്ളതിന്റെ തെളിവ്.

തന്നോട് സൗഹൃദം പുലർത്തിയവരെ സ്ഥലം മാറ്റിയതായി അവർ പറഞ്ഞല്ലോ? എന്തുകൊണ്ടാണ് ആ ഉത്തരവുകളെ ധിക്കരിച്ച് അവർ നിങ്ങളോടൊപ്പം നിൽക്കാൻ തയ്യാറാകാതിരുന്നത്? ഒറ്റ ഉത്തരമേയുള്ളൂ. നാശത്തെ മുമ്പിൽ കാണാനുള്ള വിവേകം അവർക്കുണ്ടായിരുന്നു, അതുകൊണ്ടുതന്നെ. പിശാചിൻ്റെ മുമ്പിൽ കുമ്പിടുമ്പോൾ കിട്ടുന്ന പട്ടണത്തിന് വേണ്ടിയല്ല ഞങ്ങൾ സന്യസ്തരായത്. ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്ന ഒരു നിത്യതയുണ്ട്. അവിടെ എത്തിച്ചേരാൻ ഈ ജീവിതം പവിത്രമായി കാത്തു സൂക്ഷിച്ചെ മതിയാകൂ. ഈ വാക്കുകളൊന്നും അവരുടെ മുമ്പിൽ വിലപ്പോകില്ല എന്നറിയാം.

എല്ലാ വേഷവും നന്നായി ഇണങ്ങും എന്ന് ആ സ്ത്രീ തെളിയിച്ചു. അൾത്താര മുന്നിൽ വിശുദ്ധ ഗ്രന്ഥം സാക്ഷിയാക്കി നല്കിയ വാഗ്ദാനങ്ങളത്രയും കാറ്റിൽ പറത്തി. സഭ്യതയുടെ അതിർവരമ്പുകളെ എത്ര ലാഘവത്തോടെയാണ് ഭേദിച്ച് സഞ്ചരിച്ചത്. എന്നാൽ ഇവയൊന്നും ഞങ്ങൾക്ക് സ്വീകാര്യമല്ല. മഹത്വത്തിന്റെയും ലാളിത്യത്തിന്റെയും ഈ വസ്ത്രത്തിനപ്പുറം മറ്റൊന്നിനെ ഉൾക്കൊള്ളാൻ ഞങ്ങൾക്കാവില്ല. കടിഞ്ഞാണില്ലാത്ത നാവിന് ഉടമകളാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വസിക്കുന്ന ഭവനത്തിന് തുരങ്കം വയ്ക്കാൻ ഇറങ്ങിപ്പുറപ്പെട്ട അവർ ഒരു കാര്യം മനസ്സിലാക്കുന്നത് നല്ലതാണ്. ഈശോ നാഥൻ പാറമേൽ പണിതുയർത്തിയിരിക്കുന്ന ഉറപ്പുള്ള ഭവനമാണ് തിരുസഭ. അവർ ഉടുവസ്ത്രമുരിഞ്ഞ് അതിൽ അടിച്ചാൽ പാറ പിളരില്ല, വസ്ത്രം കീറുകയേയുള്ളൂ.

ദേവാലയ ശുദ്ധീകരണം നടത്തിയ ഈശോയല്ല ആ സ്ത്രീയുടെ ഉള്ളിൽ കുടിയിരിക്കുന്നത്. ഈശോയുടെ കയ്യിൽ നിന്നും അപ്പവും വാങ്ങി ഭക്ഷിച്ചു പുറത്തേക്കു പോയി, ഈശോയെ വധിക്കുവാൻ കാത്തുനിന്ന പടയാളികളെ കൂട്ടി വന്ന് ഈശോയെ അവർക്ക് കാട്ടിക്കൊടുത്ത ഒരുവനുണ്ടല്ലൊ, യൂദാസ്. ആ യൂദാസിനെയാണ് നിങ്ങൾ അനുഗമിക്കുന്നത്. ഒരുവനിൽ നിന്ന് ഒരു ആശുദ്ധാത്മാവിനെ പുറത്താക്കിയാൽ അവൻ പുറത്തുപോയി തന്നേക്കാൾ ദുഷ്ടരായ മറ്റ് ഏഴ് അശുദ്ധാത്മാക്കളേയും കൂട്ടികൊണ്ടുവന്ന് അവിടെ പ്രവേശിച്ച് വാസമുറപ്പിക്കുന്നു എന്ന തിരുവചനം നിങ്ങളിൽ അന്വർത്ഥമായിരിക്കുന്നു. അവരെ അടിമയാക്കിയ പൈശാചിക ശക്തികൾക്ക് മുമ്പിൽ കൂടുതൽ കരുതലോടെ നിൽക്കാൻ അവരുടെ ഈ തകർച്ച ഞങ്ങൾക്ക് പ്രചോദനമേകുന്നു. സഭാവിരുദ്ധരുടെ തണലിൽ കഴിയുന്ന അവർക്ക് തിരുസഭയുടെ നന്മകളെ കാണാനോ അതിന്റെ ഭാഗഭാക്കാകാനോ ഒരിക്കലും കഴിയില്ല.

ആ സ്ത്രീ സന്യാസത്തെ സ്നേഹിക്കുകയല്ല ചെയ്തത്, വെറുക്കുകയാണ്. തിരുസഭയെ വളർത്താൻ അല്ല ശ്രമിച്ചത്, ശിഥിലമാക്കാനാണ്. ഈശോയെ അനുധാവനം ചെയ്യാൻ അല്ല ശ്രമിച്ചത്, വചനാധിഷ്ഠിത ജീവിതങ്ങളെ വികലമാക്കാൻ ആണ്. അവർ നിരത്തിയ അനുഭവ പരമ്പരകൾ ഒന്നും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ആയതിനാൽ ഞങ്ങളുടെ സംരക്ഷണ ഉത്തരവാദിത്വം അവരോ കൂടെയുള്ളവരോ ഏറ്റെടുക്കേണ്ടതില്ല. നിങ്ങളുടെ സംരക്ഷണം ഞങ്ങൾക്ക് ആവശ്യവുമില്ല. ഞങ്ങൾ സഭയോട് ചേർന്ന് നിൽക്കുന്ന സന്യസ്തർ. ഏറ്റെടുത്തിരിക്കുന്ന വ്രതങ്ങൾ കാത്തു സൂക്ഷിക്കുവാൻ ഉള്ള പ്രാപ്തിയും ആത്മബലവും ഞങ്ങളുടെ നാഥനായ ഈശോ ഞങ്ങൾക്ക് നൽകിയിട്ടുണ്ട്. ആ തണലിൽ ഞങ്ങൾ എന്നും സുരക്ഷിതരാണെന്ന വിശ്വാസവും ഞങ്ങൾക്കുണ്ട്. ആയതിനാൽ നിങ്ങളുടെ ചന്തയിൽ ഞങ്ങളെ വില്പനക്ക് വെക്കേണ്ടതില്ല. സ്വയം വില്പനചരക്കാകുക.

സി. ജിസ്മി സെബാസ്റ്റ്യൻ SMC

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s