Uncategorized

വചനഭേരി 40

✝ വചനഭേരി 40 🛐🔥

ഞാൻ വരുന്നതുവരെ വിശുദ്ധലിഖിതങ്ങള്‍ വായിക്കുന്നതിലും ഉപദേശങ്ങള്‍ നല്‌കുന്നതിലും അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം.

1 തിമോത്തേയോസ്‌ 4 : 13

മൂന്നു കാര്യങ്ങളിലാണത്രെ ശ്രദ്ധാലുവായിരിക്കേണ്ടത്:

1) വിശുദ്ധ ലിഖിതം വായിക്കുക

2) ഉപദേശങ്ങൾ നൽകുക

3) പഠിപ്പിക്കുക

‘ വിശ്വാസത്തിൽ എന്റെ യഥാർത്ഥ സന്താനം ‘

എന്നാണ് തിമോത്തേയോസിനെ പൗലോസ് അപ്പസ്തോലൻ വിശേഷിപ്പിച്ചത്.
തിമോത്തേയോസിനും തീത്തോസിനുമുള്ള ലേഖനങ്ങൾ ‘അജപാലകർക്കുള്ള ലേഖനങ്ങൾ ‘ എന്ന പേരിലാണ് അറിയപ്പെടുന്നത്. അത്തരമൊരു കത്തിൽ ഇക്കാര്യങ്ങൾ വലിയ പ്രാധാന്യത്തോടെ അദ്ദേഹം അനുശാസിക്കുന്നതിൽ അത്ഭുതമില്ല.

ഇടവകയിലെ വിശ്വാസപരിശീലകനായ സാറിന് അടുത്തയിടെ ഒരനുഭവമുണ്ടായി. 31 വർഷമായി തുടരുന്ന സപര്യയാണ് അദ്ദേഹത്തിന് വിശ്വാസപരിശീലനം. ഞായറാഴ്ചകൾക്കു വേണ്ടിയാണ് അദ്ദേഹം ജീവിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും സൗഭാഗ്യവും സമ്പത്തുമായി ഈ ശുശ്രൂഷയെ കാണുന്ന ഒരു മനുഷ്യൻ.

മാഷ് ഒരു കുട്ടിക്ക് വീട്ടിൽ ക്ലാസെടുക്കുകയാണ്. അത്തരത്തിലൊന്ന് ആദ്യമാണെങ്കിലും ആറാം ക്ലാസുകാരിയല്ലേ, വേഗം തീർത്തുപോകാമെന്ന് കരുതിയാണ് അദ്ദേഹം ക്ലാസ് ആരംഭിച്ചത്. പ്രവചനങ്ങൾ പൂർത്തിയാവുന്നു എന്നതാണ് ഒന്നാം പാഠത്തിന്റെ തലക്കെട്ട്. മാതാവ്, ഗബ്രിയേൽ മാലാഖ, യൗസേപ്പിതാവ്, ആദം, ഹവ്വ, സർപ്പം, ആട്ടിടയർ, പൗരസ്ത്യദേശത്തു നിന്നുള്ള ജ്ഞാനികൾ ഒക്കെ പാഠത്തിൽ കടന്നുവരുന്നുണ്ട്.

നസറത്ത് എന്ന പട്ടണത്തിൽ ദാവീദിന്റെ വംശത്തിൽ പെട്ട ജോസഫ് എന്ന പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന മറിയം എന്ന പെൺകുട്ടിയുടെ കൊച്ചുവീട്ടിലെ പ്രാർത്ഥനാമുറിയിൽ മുഖ്യദൂതനായ ഗബ്രിയേൽ മാലാഖ മംഗളവാർത്തയുമായി വന്ന കാര്യം പറഞ്ഞ് മാഷ് ക്ലാസ് ആരംഭിച്ചു.

ഉടനെ വന്നു കുട്ടിയുടെ ആദ്യ ചോദ്യം. തിരമാലകൾ പോലെ ആർത്തലച്ച് വരാനിരിക്കുന്ന ചോദ്യങ്ങളുടെ തുടക്കമാണതെന്ന് മാഷ് സ്വപ്നേപി നിനച്ചതില്ല.

❓ ——സാറേ, മരിച്ചുപോയ മനുഷ്യരാണോ മാലാഖമാരായി🧚🏽‍♂️ മാറുന്നത്.

🌷അല്ല. മാലാഖമാരെ ദൈവം മാലാഖമാരായി ത്തന്നെ സൃഷ്ടിച്ചതാണ്.

❓ —— സാറേ, മാലാഖമാരായിരുന്നെങ്കിൽ നമുക്ക് മരിക്കേണ്ടി വരില്ലായിരുന്നു അല്ലേ

🌷ശരിയാണ്. മാലാഖമാർക്ക് മരണമില്ല. മനുഷ്യരായതിനാൽ നാം മരിച്ചേ പറ്റൂ.

❗ശ്ശോ, കഷ്ടമായിപ്പോയി. മാലാഖയായാൽ മതിയായിരുന്നു.

❓—– സാറേ, മിഖായേൽ, ഗബ്രിയേൽ, റപ്പായേൽ ……. ഈ മാലാഖമാരൊക്കെ ആണുങ്ങൾ ആയതെന്താ?

(😳🙄
എത്ര നിഷ്കളങ്കമായ ചോദ്യം )

🌷 പ്രധാനമാലാഖമാർ മാത്രമാണ് അങ്ങനെയുള്ളത്. മുഖ്യദൂതൻമാർക്ക് ഭാരിച്ച ഒത്തിരി ജോലികളുണ്ടല്ലോ. നോക്കൂ, മിഖായേൽ മാലാഖയ്ക്ക് സാത്താനും അവന്റെ സൈന്യത്തിനുമെതിരെയുദ്ധം ചെയ്യണം, ഗബ്രിയേൽ മാലാഖയ്ക്ക് ദൈവത്തിൽ നിന്നുള്ള സന്ദേശങ്ങളുമായി ലോകം മുഴുവൻ പറന്നെത്തണം. റാഫേൽ മാലാഖയ്ക്ക് അന്ധകാരമുള്ളിടത്തൊക്കെ പ്രകാശവും ദൈവത്തിൽ നിന്നുള്ള സൗഖ്യവും നൽകണം. അതുകൊണ്ട് അവർ ആണുങ്ങളായെന്നേയുള്ളൂ. സാധാരണ മാലാഖമാരിൽ ഇഷ്ടം പോലെ പെണ്ണ്മാലാഖമാരുമുണ്ട്

❗ഓഹോ, അതുശരി

മാഷ് ആദ്യപാപത്തെക്കുറിച്ച് പറഞ്ഞു തുടങ്ങി. രക്ഷകനെ ആവശ്യമായി വന്നതെന്ത് എന്ന് വിശദീകരിക്കുകയാണ് ലക്ഷ്യം. ദാ, വരുന്നു ഒരു മില്യൻ ഡോളർ ചോദ്യം.

❓—-സാറേ, ഈ സാത്താനെ സൃഷ്ടിച്ചത് ആരാ

😳😳🙄🙄
ആരാ എന്നൊക്കെ നീട്ടി ചോദിച്ച് അവസാനിപ്പിക്കുന്നത് കേട്ടപ്പോൾ കുട്ടിയുടെ നിഷ്കളങ്കത കൂടിവരുന്നതായി മാഷിന് തോന്നി.
മാഷ് ഒരു നിമിഷം പുസ്തകത്തിന്റെ പുറംചട്ട മറിച്ചുനോക്കി താൻ നിൽക്കുന്നത് ആറാം ക്ലാസിൽ തന്നെയാണെന്ന് ഉറപ്പുവരുത്തി.
നീത് ഷെയും കമ്യൂവും സാർത്രും മുതൽ തൊട്ടടുത്തുള്ള ബ്രാഞ്ച് സെക്രട്ടറിയായ ചേട്ടൻ വരെയുള്ള ഒരുപാട് മനുഷ്യർ മാഷ്ടെ ഉള്ളിലൂടെ ഘോഷയാത്രയായി കടന്നുപോയി.

🌷സാത്താനെ ആരും സൃഷ്ടിച്ചതല്ല. മിഖായേലിനെയും ഗബ്രിയേലിനെയും റാഫേലിനെയും പോലെ ദൈവത്തിന് വളരെ പ്രിയങ്കരനായ ഒരു മുഖ്യദൂതനായിരുന്നു ലൂസിഫറും. ബുദ്ധിമാനും ശക്തനുമായിരുന്ന ഒരു പ്രധാനമാലാഖ. പക്ഷേ, അഹങ്കാരം മൂത്ത് സാത്താനായി നിപതിച്ചതാണ്. fallen angel ആണ് സാത്താനായത്.

” ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു ! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയിൽ വെട്ടിവീഴ്ത്തി !”

എന്ന് ഏശയ്യാ പ്രവാചകൻ എഴുതിയിട്ടുണ്ട് (14/12).

സാത്താൻ സ്വർഗ്ഗത്തിൽനിന്ന് ഇടിമിന്നൽപോലെ നിപതിക്കുന്നതു കണ്ടു എന്ന് ഈശോയും പറഞ്ഞിട്ടുണ്ട്.
( ലൂക്കാ. 10/ 18 )

❓ആ പ്രധാനമാലാഖ അഹങ്കാരം കാട്ടിയില്ലായിരുന്നെങ്കിൽ സാത്താൻ ഉണ്ടാകുമായിരുന്നേയില്ല?

🌷ഇല്ല

മണ്ടൻ, വൃത്തികെട്ടവൻ എന്നീ പദങ്ങളാൽ കുട്ടി ലൂസിഫറിനെ ശകാരിക്കുന്നു.

ആദിമാതാപിതാക്കളുടെ പാപം മൂലം മരണം ലോകത്തിലേക്ക് പ്രവേശിച്ചതിനെ പറ്റി പറഞ്ഞ് മാഷ് തുടരുകയാണ്.

❓—- സാറേ, ഈ ആദവും ഹൗവ്വയും പാപം ചെയ്തതിന് നമ്മൾ എന്ത് വേണം. അതിന് നമ്മൾ മരിക്കുന്നതെന്തിനാ

🙄😳
തമ്പുരാനേ! കുഴഞ്ഞല്ലോ. ആറാം ക്ലാസിൽ ഉദ്ഭവപാപത്തെപ്പറ്റി വിശദീകരിക്കേണ്ടി വരുമെന്ന് കരുതിയതല്ലല്ലോ.

🌷ആദ്യമനുഷ്യർ എന്ന നിലയിൽ മനുഷ്യവംശത്തിന്റെയാകെ പ്രതിനിധികളാണ് ആദവും ഹൗവ്വയും. അവർ ചെയ്ത തെറ്റിന്റെ ഫലം സകല മനുഷ്യരിലേക്കും പ്രവഹിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ക്ലാസിലെ ഒരു കുട്ടി തെറ്റു ചെയ്യുകയും അത് കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ മുഴുവൻ കുട്ടികളെയും ടീച്ചർ ശിക്ഷിക്കാറില്ലേ, അതുപോലെ …….
തന്നെയുമല്ല, തെറ്റ് ഏറ്റുപറയാനല്ല ആദവും ഹൗവ്വയും ശ്രമിച്ചത്. പരസ്പരം പഴിചാരാനും ദൈവത്തെപ്പോലും കുറ്റപ്പെടുത്താനുമാണ്.
ഒരുപക്ഷേ നിരുപാധികം തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ചിരുന്നെങ്കിൽ ദൈവം ക്ഷമിക്കുമായിരുന്നു.

❗😡🥶🥵

വൃത്തികെട്ടവർ എന്നൊക്കെ പറഞ്ഞ് കുട്ടി ആദത്തെയും ഹൗവ്വയെയും ശകാരിക്കുന്നു.

❓—– സാറേ, മരണം ഇല്ലായിരുന്നെങ്കിൽ ഭൂമി നിറയെ മനുഷ്യരായിരിക്കില്ലേ. അവർക്ക് ദൈവം എങ്ങനെ ഭക്ഷണം കൊടുക്കുമായിരുന്നു?

🌷അക്കാര്യം ദൈവത്തിന് വിടുന്നതല്ലേ നല്ലത്. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്നാണല്ലോ നാം വിശ്വസിക്കുന്നത്.

❓—– സാറേ,നൻമ മാത്രം ചെയ്യുന്ന തരത്തിൽ ദൈവത്തിന് മനുഷ്യനെ സൃഷ്ടിക്കാമായിരുന്നില്ലേ. എങ്കിൽപ്പിന്നെ ഈ പ്രശ്നമൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ. നമുക്ക് മരിക്കേണ്ടിയും വരില്ലായിരുന്നു.

🌷 അത് പരമബോറല്ലേ?
മനുഷ്യൻ വെറും റോബട് പോലെ ആയിപ്പോകില്ലേ? അതല്ല ദൈവം ആഗ്രഹിച്ചത്. സ്വാതന്ത്ര്യമാണ് ദൈവം മനുഷ്യന് നൽകിയ എറ്റവും വലിയ ദാനം. നൻമയോ തിൻമയോ ചെയ്യാൻ മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. അതുപയോഗിച്ച് മനുഷ്യൻ നൻമ തിരഞ്ഞെടുക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.

❗ok

പരിശുദ്ധാത്മാവിനാൽ മറിയം ഗർഭം ധരിച്ചതിനെപ്പറ്റി മാഷ് പറഞ്ഞുതുടങ്ങി.

❓—- സാറേ, ഈ പരിശുദ്ധാത്മാവ് സത്യത്തിൽ ആരുടെയാണ്; പിതാവിന്റെയാണോ ഈശോയുടെയാണോ

🌷 പിതാവിന്റെയാണ് എന്നാണ് ഈശോ പഠിപ്പിച്ചത്. പക്ഷേ, നമുക്ക് പരിശുദ്ധാത്മാവിനെ തരുന്നത് ഈശോയാണ്.

❗ok

കൂടുതൽ സങ്കീർണ്ണമായ ചോദ്യങ്ങൾ ഒഴിഞ്ഞതിന്റെ ആശ്വാസത്തോടെ മാഷ് തിരുപ്പിറവിയിലേക്ക് കടന്നു. ബേത്‌ലെഹെമിലേക്കുള്ള ജോസഫിന്റെ യാത്രയെക്കുറിച്ച് പറഞ്ഞു തുടങ്ങി.
ദാ , വരുന്നൂ ചോദ്യശരങ്ങൾ

❓ ദൈവം യൗസേപ്പിതാവിനെ ചതിച്ചില്ലേ. യൗസേപ്പിതാവിനെ എല്ലാവരും നീതിമാൻ, നീതിമാൻ എന്നൊക്കെ വിളിക്കും. പക്ഷേ യൗസേപ്പിതാവിന് ഒരു നീതിയും കിട്ടിയില്ല.

❓യൗസേപ്പിതാവിനെ ദൈവം മരിപ്പിച്ചത് എന്താണ്‌. മാതാവിനെ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോയല്ലോ. രണ്ടു പേരും equal അല്ലേ. ഈശോയ്ക്ക് പോലും സ്വന്തം പിതാവിനെയും മാതാവിനെയും മാത്രമാണ് ഇഷ്ടം; യൗസേപ്പിതാവിനെ ഇഷ്ടമല്ല😢

❗ഇതൊക്കെ ഞാൻ എണ്ണിയെണ്ണി ദൈവത്തോടു ചോദിക്കും. എന്റെ ചോദ്യം കേട്ട് പിതാവ് പോലും അസഹ്യപ്പെടും.😡

ഒടേതമ്പുരാനേ!
ദൈവപിതാവിനും പുത്രൻതമ്പുരാനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണല്ലോ. യൗസേപ്പിതാവിനെ ചതിച്ചത്രേ; അനീതി കാട്ടിയത്രെ……..
ഈ കുട്ടി എന്താണാവോ ഉദ്ദേശിക്കുന്നത്?

എന്താ ഇപ്പൊ പറയാ?
നിയമസഭയിലും മറ്റും ചോദ്യങ്ങൾക്കു നൽകുന്ന മറുപടി മാഷ്ടെ മനസ്സിലേക്ക് വന്നു.

‘ പരിശോധിച്ചു പറയാം’

‘ വിവരം ശേഖരിച്ചുകൊണ്ടിരിക്കുന്നു ‘

എന്നൊക്കെ പറഞ്ഞാലോ….

ഛെ! മോശം. ആറാം ക്ലാസിലെ കുട്ടിയോടോ?

🌷 ദൈവം യൗസേപ്പിതാവിനെ ചതിച്ചില്ല; അനീതിയും കാട്ടിയില്ല. ഏത് അനുഭവങ്ങളായാലും അത് ദൈവകരങ്ങളിൽ നിന്ന് സ്വീകരിക്കുകയും പോസിറ്റീവായി അതിനോടു പ്രതികരിക്കുകയും വിശ്വസ്തതയോടെ അത് നിറവേറ്റാൻ പരിശ്രമിക്കുകയും ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണമാണ് യൗസേപ്പിതാവ്. മാതാവും യൗസേപ്പിതാവും തുല്യരല്ല. ഈശോ ദൈവപുത്രനാണല്ലോ അതിനാൽ ഈശോയുടെ അമ്മയെന്ന നിലയിൽ മാതാവ് ദൈവമാതാവാണ്. യൗസേപ്പിതാവ് ഈശോയുടെ വളർത്തു പിതാവ് മാത്രമാണ്. എങ്കിലും രക്ഷാകരസംഭവത്തിൽ വളരെ പ്രത്യേകമായ പങ്കുവഹിച്ച ആളെന്ന നിലയിൽ ദൈവപിതാവിന്റെ മുമ്പിൽ സവിശേഷമായ സ്ഥാനവും മഹിമയും യൗസേപ്പിതാവിനുണ്ട്. പിന്നെ, മരിപ്പിക്കുന്നതും സ്വർഗ്ഗത്തിലേക്ക് നേരിട്ടു കൊണ്ടുപോകുന്നതുമൊക്കെ പിതാവിന്റെ ഇഷ്ടമാണ്. ഈശോയ്ക്കും യൗസേപ്പിതാവിനെ ഇഷ്ടമായിരുന്നു. അതുകൊണ്ടല്ലേ മുപ്പത് വയസ്സു വരെ യൗസേപ്പിതാവിനെ സഹായിച്ച് വീട്ടിൽ തന്നെ ജീവിച്ചത്.

❗ ഞാൻ പിതാവിനോടു ചോദിക്കും😡

വിശദീകരണം കുട്ടിക്ക് തൃപ്തികരമായില്ലെന്ന് വ്യക്തം.

കാലിത്തൊഴുത്തിൽ മറിയം തന്റെ ‘കടിഞ്ഞൂൽ പുത്രന് ‘ ജൻമം നൽകിയ കാര്യം പറയുകയാണ് മാഷ്.

❓—– സാറേ, ഭൂമിയിലേക്കു വരുന്നതിനുമുമ്പ് സ്വർഗ്ഗത്തിലും ഈശോ വാവയായിരുന്നോ; അതോ വലിയ ആളായിരുന്നോ?

🙄 എന്റെ കർത്താവേ, സത്യത്തിൽ സ്വർഗ്ഗത്തിൽ അങ്ങ് എങ്ങനെയായിരുന്നു?
വിശുദ്ധ കുർബ്ബാനയിലെ മൂന്നാം പ്രണാമജപം മാഷ്ടെ ഉള്ളിലേക്ക് ഇരമ്പിയെത്തി.

” അങ്ങയിൽ മറഞ്ഞിരിക്കുന്ന ആത്മജാതനും അങ്ങയുടെ സദൃശനും അങ്ങയിൽനിന്നുള്ള പ്രകാശവും അങ്ങയുടെ സത്തയുടെ പ്രതിച്ഛായയുമായ വചനമാകുന്ന ദൈവം…… “

🌷അല്ല, അതിപ്പോ വാവയായിരിക്കാൻ ഒരു സാധ്യതയുമില്ല. വലിയ ആളായിരുന്നോന്ന് ചോദിച്ചാൽ അതിനും സാധ്യതയില്ല. ഈശോ പിതാവിന്റെ മാറിൽ മയങ്ങുകയായിരുന്നു
എന്നു വേണം കരുതാൻ
( കർത്താവേ, കാത്തോളണേ🙏🏻)

മനസ്സിലായോ എന്നുപോലും ചോദിക്കാൻ മാഷിന് ധൈര്യം വന്നില്ല.
അടുത്ത ഭാഗത്തേക്കു കടക്കാമെന്ന് കരുതവെ വീണ്ടും ചോദ്യം

❓ഈശോയുടെ ഫോട്ടോ വരച്ചത് ആരാ

🌷 ഉണ്ണീശോയുടെയാണോ വലിയ ഈശോയുടെയാണോ?

❓വലിയ ഈശോയുടെ

🌷ചരിത്രകാരനും വൈദ്യനും സുവിശേഷകനുമായ വിശുദ്ധ ലൂക്കായാണ് ഈശോയുടെ ചിത്രം വരച്ചതെന്നാണ് കരുതുന്നത്.

❓Ok
—– സാറേ, പിതാവിനും ഫോട്ടോയുണ്ട്, ഈശോക്കും ഫോട്ടോയുണ്ട് ; പരിശുദ്ധാത്മാവിന് മാത്രം ഫോട്ടോ ഇല്ലാത്തതെന്താ

🌷പ്രാവ്, അഗ്നി, ജലം, കാറ്റ് എന്നീ പ്രതീകങ്ങളിലൂടെയാണ് ബൈബിൾ പരിശുദ്ധാത്മാവിനെ അവതരിപ്പിക്കുന്നത്.

❓അപ്പോൾ പ്രാവാണോ പരിശുദ്ധാത്മാവിന്റെ ഫോട്ടോ?

🌷 അങ്ങനെയല്ല, നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു രൂപം അല്ലെങ്കിൽ പ്രതീകമാണ് പ്രാവ്.
*OK*

കുട്ടി ഇങ്ങോട്ട് പറയില്ലെന്ന് തോന്നിയതിനാൽ മാഷ് കട്ടിയിൽ ഒരു ok അങ്ങോട്ടു പറഞ്ഞു.

ആട്ടിടയരുടെ സന്ദർശനം വിവരിച്ചതിനുശേഷം മാഷ് ജ്ഞാനികളുടെ സന്ദർശനം വിശദീകരിച്ചു.

❓—-സാറേ, ആ മൂന്നു ജ്ഞാനികളുടെ പേരെന്താ

🌷ഗാസ്പർ, മെൽക്കിയോർ, ബൽത്താസർ

❓ആ ജ്ഞാനികൾക്ക് നക്ഷത്രം നോക്കി നേരെ കാലിത്തൊഴുത്തിലേക്ക് ചെന്നാൽ പോരായിരുന്നോ? ഹേറോദേസിന്റെ കൊട്ടാരത്തിൽ ചെല്ലേണ്ട വല്ല കാര്യവുമുണ്ടോ? അതുകൊണ്ടല്ലേ ഒരുപാട് ശിശുക്കൾ കൊല്ലപ്പെട്ടത്?

🌷യഹൂദരുടെ രാജാവായി ജനിച്ചവനെ തേടിയാണ് ജ്ഞാനികൾ എത്തിയത്. രാജകുമാരൻമാർ സാധാരണയായി രാജകൊട്ടാരങ്ങളിലാണല്ലോ ജനിക്കുന്നത്. അതുകൊണ്ടാണ് അവർ ഹേറോദേസിന്റെ കൊട്ടാരത്തിലെത്തിയത്. തന്നെയുമല്ല, ക്രൂരനും അധികാരക്കൊതിയനുമായ അയാൾ അത്തരമൊരു കടുംകൈ ചെയ്യുമെന്ന് അവർ കരുതിയതുമില്ല.

❗😡🥶🥵
ലൂസിഫറും ആദവും ഹൗവ്വയും കേട്ടതുപോലെ ഹേറോദേസും കുട്ടിയുടെ വായിൽ നിന്ന് ശകാരം കേൾക്കുന്നു.

❗ എന്നാലും ഈശോയ്ക്ക് വേണ്ടി അത്രയും ശിശുക്കൾ കൊല്ലപ്പെട്ടത് കഷ്ടമായിപ്പോയി

🌷 അതെ, കഷ്ടമാണ്. മനുഷ്യന്റെ ക്രൂരതയും സ്വാർത്ഥതയും കാരണമാണല്ലോ യുദ്ധങ്ങൾ, കലാപങ്ങൾ, പലായനങ്ങൾ എന്നിങ്ങനെ പല ദുരിതങ്ങളും ഉണ്ടാകുന്നത്.

പുൽക്കൂട്ടിൽ ജനിച്ച ഈശോ തന്റെ പരസ്യജീവിതം, പീഢാസഹനം, കുരിശുമരണം, പുനരുത്ഥാനം എന്നിവയാൽ ലോകരക്ഷകനായ കാര്യം പറഞ്ഞ് മാഷ് ക്ലാസ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്.
ഉടനെ വന്നു അടുത്ത ചോദ്യം:

❓പീലാത്തോസ് ഈശോയെ വിട്ടയച്ചിരുന്നെങ്കിൽ ഈശോ എങ്ങനെ രക്ഷിക്കുമായിരുന്നു

😡🙄 സത്യത്തിൽ മാഷിന് ദേഷ്യം വന്നു. എങ്കിലും പ്രകടിപ്പിച്ചില്ല.

🌷നേരത്തേ സാറ് പറഞ്ഞല്ലോ; ദൈവം എന്തുചെയ്യുമായിരുന്നു എന്ന് നാം ചിന്തിക്കേണ്ട കാര്യമില്ലെന്ന്. plan A പൊട്ടിയാൽ ദൈവത്തിന്റെ കൈയിൽ plan B മുതൽ plan Z വരെയുണ്ടല്ലോ.

❗OK

❓— സാറേ, ഒരു സംശയം. ആദത്തിന്റെയും ഹൗവ്വയുടെയും പാപം മൂലമാണ് മരണമുണ്ടായതെന്ന് പറഞ്ഞല്ലോ. അങ്ങനെയെങ്കിൽ ഈശോ കുരിശിൽ മരിച്ച് നമ്മെ രക്ഷിച്ചശേഷവും നമ്മൾ മരിക്കുന്നതെന്താ?

😢😳🙄😡✝🛐💔
ഇത് വല്യ തൊന്തരവായല്ലോ കൊച്ചേ ! പോയി വികാരിയച്ചനോടോ മറ്റോ ചോദിക്കൂ !!

എന്ന് പറയാനാണ് ആദ്യം തോന്നിയത്. പരിശുദ്ധ റൂഹാതമ്പുരാൻ തുണച്ചു. വിശുദ്ധ ക്രിസോസ്റ്റമിന്റെ വാക്കുകൾ ഉള്ളിലേക്ക് ഓടിയെത്തി.

” നമുക്ക് പറുദീസ നഷ്ടപ്പെട്ടെങ്കിലും നിത്യജീവൻ ലഭിച്ചു. ആയതിനാൽ ലാഭം നഷ്ടത്തേക്കാൾ വലുതാണ് “

🌷മരണം ഒരു കാരണവശാലും ഒഴിവാക്കാനാകില്ല. എങ്കിലും നമുക്ക് പ്രത്യാശയുണ്ട്. നാം നശിക്കില്ല. ഈശോ നമുക്ക് നിത്യജീവൻ നേടിത്തന്നിരിക്കുന്നു. ഈശോ നേടിവച്ചിരിക്കുന്ന രക്ഷ ഓരോ മനുഷ്യനും വിശ്വാസവും പ്രത്യാശയും സ്നേഹവുമുള്ള ജീവിതം വഴി കരസ്ഥമാക്കണം.

❗ok

🌷സംശയങ്ങളും ചോദ്യങ്ങളുമൊക്കെ തീർന്നോ?

❗തീർന്നു —-സാറേ

🌷നമുക്കും ഈശോയെ നമ്മുടെ നാഥനും രക്ഷകനുമായി ഏറ്റുപറഞ്ഞ് ആരാധിക്കാം.

മാഷ് പാഠപ്പുസ്തകത്തിലെ അവസാന വാചകം വായിച്ചു നിർത്തി.

🌷ഈശോമിശിഹായ്ക്ക്

❗സ്തുതിയായിരിക്കട്ടെ

കുട്ടി ഓടിവന്ന് മാഷ്ടെ കൈപിടിച്ചിട്ട് പറഞ്ഞു:

❗—-സാറിന്റെ ക്ലാസ് *പൊളി* ആയിരുന്നു.

മാഷ്ടെ ഉള്ളൊന്നു കാളി😳
തന്റെ കുട്ടിക്കാലത്തുള്ള അർത്ഥമല്ല പൊളി എന്ന വാക്കിന് ഇപ്പോഴുള്ളതെന്ന് അൽപം വൈകിയാണ് ഓർമ്മയിലെത്തിയത്.

കുട്ടി പുസ്തകവുമായി മുറിയിൽ നിന്ന് ഓടിപ്പോയി. 45 മിനിറ്റിൽ തീർക്കാൻ വന്ന ക്ലാസ് രണ്ടേകാൽ മണിക്കൂറായതിന്റെ ക്ഷീണത്തിൽ കസേരയിൽ വിശ്രമിക്കെ ഒട്ടേറെ ചോദ്യങ്ങൾ മാഷ്ടെ ഉള്ളിൽ മുഴങ്ങി.

☘ ആറാം ക്ലാസിലെ കുട്ടിയുടെ ഉള്ളിൽ ഇത്രയും ചോദ്യങ്ങളുണ്ടെങ്കിൽ 10, 11, 12 ക്ലാസുകളിലെ കൗമാരക്കാരുടെ ഉള്ളിലും അതിലും മുതിർന്ന യുവജനങ്ങളുടെ മനസ്സിലും ഏതെല്ലാം തരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും ?

☘ സ്വതന്ത്രവും നിർഭയവുമായി ചോദ്യങ്ങൾ ഉയർത്താൻ നാം അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?

☘ അതിനുള്ള വേദിയും അവസരവും നാം ഒരുക്കാറുണ്ടോ?

☘ അവർ ഉയർത്തുന്ന ചോദ്യങ്ങളോടുള്ള അധികാരികൾ / പുരോഹിതർ/ സമർപ്പിതർ / അധ്യാപകർ / മാതാപിതാക്കൾ എന്നിവരുടെയൊക്കെ മനോഭാവം എന്താണ്?

☘ ഹൃദയതുറവിയോടെ അവരെ കേൾക്കാനും ആത്മാർത്ഥതയോടെ ഉത്തരം നൽകാനുമുള്ള ക്ഷമയും സന്നദ്ധതയും പ്രാപ്തിയും ജ്ഞാനവും നമുക്കുണ്ടോ?

☘ ചോദ്യങ്ങളെ നാം ഭയപ്പെടുന്നുണ്ടോ? സത്യസന്ധമായി ഉത്തരം നൽകാൻ കഴിയാത്തതിനാൽ ചോദ്യങ്ങൾ ഉയർത്തുന്നവരെ അടിച്ചിരുത്താനും ആക്ഷേപിക്കാനും ‘റിബൽ ‘ ആയി ചിത്രീകരിക്കാനും നാം ശ്രമിക്കാറുണ്ടോ?

☘ വിശാലമായ അർത്ഥത്തിൽ വിശ്വാസപരിശീലകരും മാതാപിതാക്കളുമൊക്കെ അജപാലകരുടെ ഗണത്തിൽ ഉൾപ്പെടുമെന്നതിനാൽ ആമുഖവചനത്തിൽ അപ്പസ്തോലൻ ആഹ്വാനം ചെയ്യുന്ന മൂന്നു കാര്യങ്ങളിൽ അവർ പ്രാപ്തി കൈവരിക്കേണ്ടതല്ലേ?

☘ യേശു ഒരിക്കലും ചോദ്യങ്ങളെ ഭയപ്പെട്ടിരുന്നില്ല. എത്ര കൗശലമാർന്ന ചോദ്യങ്ങളെയും കണിശമായി നേരിടാനും നിശിതമായ ചോദ്യങ്ങൾ ഉയർത്താനും -ബാലനായിരുന്നപ്പോൾ മുതൽ മരണവിധി കാത്ത് പീലാത്തോസിന്റെ മുമ്പിൽ നിൽക്കുമ്പോൾ വരെ — ശ്രദ്ധിച്ചിരുന്നു.
സത്യത്തിന്റെ സുവർണ്ണകവാടം തുറക്കാനുള്ള താക്കോൽ ചോദ്യങ്ങളാണെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. അതേ സമീപനമല്ലേ എല്ലാത്തരത്തിലുമുള്ള അജപാലകർക്കും അഭികാമ്യമായിരിക്കുന്നത്?

ഏതായാലും അധ്യാപനത്തിന്റെ അത്യപൂർവ്വമായ ഒരു സെഷൻ നൽകിയ തമ്പുരാന് നന്ദി പറഞ്ഞ് മാഷ് എഴുന്നേറ്റു.

ബൈ ദി വേ,

മാഷ്ടെ പേര് താഴെ കൊടുത്തിട്ടുണ്ട്. കുട്ടി അദ്ദേഹത്തിന്റെ ഇളയപുത്രി *Joan* ആണ്. കുട്ടിക്ക് യൗസേപ്പിതാവിനോട് വൈകാരികമായ അടുപ്പം വരാൻ ചരിത്രപരമായ ഒരു കാരണമുണ്ട്:

കുട്ടി ജനിച്ചത് മാർച്ച് 19 ന് ആണ്.

സാറിന് മുമ്പുള്ള എല്ലാ വരകളും *പപ്പ* ചേർത്ത് വായിക്കണേ😂

ഭാവുകങ്ങൾ🙏🏻🌹

സജീവ് പാറേക്കാട്ടിൽ

Categories: Uncategorized

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s