Uncategorized

ഈശോമിശിഹയാണോ ഈസാനബി

ഈശോമിശിഹായല്ല ഈസനബി

“ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ”. ഈ ലേഖനം ഖുർആനിലെ ഈസാ എന്ന നബി(പ്രവാചകൻ)യും നമ്മുടെ കർത്താവും ദൈവവുമായ ഈശോമിശിഹായും തമ്മിൽ പേരിലെ സാദൃശ്യമല്ലാതെ മറ്റൊരു ബന്ധവുമില്ല എന്നു തെളിയിക്കുന്നതിന്റെ പഠനാത്മകമായ ഒരു അവതരണമാണ്. ഞാൻ ഒരു വർഗ്ഗീയവാദിയോ മൗലികവാദിയോ അല്ല. എന്നാൽ എന്റെ ദൈവമായ ഈശോമിശിഹായെ ആഴത്തിൽ അറിയുന്നത് അങ്ങേയറ്റം ആസ്വദിക്കുന്ന ഒരു നസ്രാണിയാണ്.

കുറച്ചു ഖുർആൻ മുൻപും പഠിച്ചിട്ടുണ്ട്. തെറ്റാതെ നിസ്കരിക്കാനും 2 സൂറത്തുകൾ ഓതാനും അറിയാം. പക്ഷേ ഈസാനബിയെ കൂടുതലായി അറിയാൻ ശ്രമിച്ചിരുന്നില്ല. ഇന്നത്തെ കാലഘട്ടത്തിൽ ഈസാനബിയെയും ഈശോമിശിഹായെയും ഒരേ വ്യക്തിത്വമായി പലരും അറിഞ്ഞും അറിയാതെയും അവതരിപ്പിക്കുന്നത് കാണുന്നു. പേരിലെ സാമ്യംകൊണ്ടും ചില തെറ്റിദ്ധാരണകൾ കൊണ്ടും ഞാനും ഖുർആനിൽ ഈശോയെക്കുറിച്ചും ഈശോയുടെ അമ്മയായ മർത്ത് മറിയത്തെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്.
തീർത്തും അബദ്ധവും തെറ്റുമാണ് ഈ ധാരണ.

ബൈബിളിൽ പറഞ്ഞിരിക്കുന്ന//നടന്നിരിക്കുന്ന കാര്യങ്ങളോട് താരതമ്യം തോന്നിപ്പിക്കുന്ന പല സംഭവങ്ങളും പിന്നീട് വന്ന ഖുർആനിൽ ചിത്രീകരിച്ചു കാണുന്നുണ്ട്.
ആദ്യമായി നമുക്ക് യോഹന്നാൻ മാംദാനയുടെ (സ്നാപകയോഹന്നാൻ) ജനനത്തെ ശ്രദ്ധിക്കാം. വിശുദ്ധബൈബിളിൽ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണ് അദ്ദേഹം. (ലൂക്കാ 1: 5-25) പിതാവ് സക്കറിയയും മാതാവ് എലിസബത്ത് ആണെന്നും നമുക്കറിയാം. പ്രായമേറിയ സമയത്ത് ദൈവകൃപയാൽ ഉണ്ടായ പുത്രൻ. കർത്താവിന്റെ ദൂതനാണ് ഈ ദിവ്യജനനം അറിയിക്കുന്നത്, കൂടാതെ വചനം അവിശ്വസിച്ചതുകൊണ്ട് പുത്രന്റെ ജനനം വരെ മൂകനായിരിക്കും എന്നൊരു കുഞ്ഞുശിക്ഷയും കൊടുക്കുന്നുണ്ട്.

ഇനി ഖുർആനിലെക്ക് വരികയാണെങ്കിൽ അവിടെയും ഒരു സക്കരിയ്യ ഉണ്ട്. (സൂറത്ത് 19: 7-10) ഭാര്യയുടെ പേരില്ല. പ്രായധിക്യമുള്ള സക്കരിയ്യയെ പുത്രന്റെ വാർത്ത അറിയിക്കുന്നത് അല്ലാഹു നേരിട്ടാണ്. (ഒരു സൂറത്തിൽ മലക്കുകൾ എന്നും പറയുന്നു). കൂടാതെ ദൃഷ്ടാന്തം ആവശ്യപ്പെട്ടപ്പോൾ 3 ദിനരാത്രങ്ങൾ നീ മൂകനായി കഴിയും എന്നതാണ് ഈ വാർത്തയുടെ ദൃഷ്ടാന്തമായി പറയുന്നതും. സക്കരിയ്യയുടെ മകനായ യഹ്‌യപ്രവാചകന്റെ ജീവിതത്തെക്കുറിച്ചു വളരെകൂടുതലൊന്നും ഖുർആനിൽ പറയുന്നില്ല.

ഇനി നമുക്ക് മറിയംബീവിയിലെക്കും മകൻ ഈസാനബിയിലേക്കും ശ്രദ്ധിക്കാം. പഠനാത്മകമായ കുറിപ്പ് ആയതു കൊണ്ട് നമ്മുടെ ദൈവമായ ഈശോമിശിഹായെയും അമ്മയായ മർത്ത് മറിയത്തെയും കൂടി നമുക്കൊന്നു വിചിന്തനം ചെയ്യാം. മറിയത്തിന്റെ പിതാവ് യോവാക്കീമും അമ്മ അന്നായുമാണന്ന് നമുക്കറിയാം. എന്നാൽ ഖുർആനിലെ മറിയമിന്റെ പിതാവിന്റെ പേര് ഇമ്രാൻ, അമ്മയുടെ പേര് ഖുർആനിൽ പറയുന്നില്ല. ഇമ്രാന്റെ കുടുംബത്തിന് വളരെ പ്രാധാന്യം അല്ലാഹു കൊടുക്കുന്നു എന്നും ഖുർആനിൽ പറയുന്നു.

ഇനി ഈശോമിശിഹായും ഈസാനബിയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നു മാത്രമല്ല, സാദൃശ്യപ്പെടുത്തുന്നത് സത്യത്തിന് തീർത്തും നിരക്കാത്തത് ആണെന്നാണ് വാസ്തവം. ഈശോയുടെ ജനനത്തിന് ഒത്തിരിയേറെ പ്രത്യേകതകൾ, സവിശേഷതകൾ ഉണ്ട്.

 1. ദൈവപുത്രനാണ് ഈശോമിശിഹാ. സ്വർഗ്ഗസ്ഥനായപിതാവിന്റെ ഏകജാതൻ (യോഹ 3:16). ത്രിത്വത്തിൽ രണ്ടാമൻ.
  പിതാവ് തുല്യ ആദരവ് കൊടുക്കുന്ന പുത്രൻ. ത്രിത്വത്തിൽ മൂന്നാമനായ ദൈവാത്മാവിനാൽ കന്യകാമറിയത്തിൽ ജനിച്ച ദൈവപുത്രൻ. (ഈസാനബി അല്ലാഹുവിന്റെ പല പ്രവാചകൻമാരിൽ ഒരാൾ മാത്രമാണ്, അല്ലാഹുവിന്റെ അടിമയാണ് -ദാസനാണ്).
  ഇവൻ എന്റെ പ്രിയപുത്രൻ എന്നു പിതാവ് സാക്ഷ്യപ്പെടുത്തിയ നമ്മുടെ ദൈവമാണ് അപരിമേയനായ ഈശോമിശിഹാ.
 2. മാർയൗസേപ്പ് പിതാവുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന മർത്തുമറിയത്തിനാണ് ഗബ്രിയേൽ മാലാഖ “ദൈവകൃപയാൽ പരിശുദ്ധാത്മാവിനാൽ ഗർഭംധരിക്കും” എന്ന സന്ദേശം കൊടുക്കുന്നത്. (വീട്ടുകാരിൽ നിന്നു മാറി താമസിക്കുന്ന മറിയംബീവിക്കാണ് ജിബ്‌രീൽ പ്രത്യക്ഷപ്പെടുന്നത് -19 :16). –ഈ മറിയത്തെ ഹാറൂണിന്റെ സഹോദരി എന്നും വിളിക്കുന്നുണ്ട് 19:28 –പഴയ നിയമത്തിൽ നമുക്കൊരു മിരിയാമിനെ അറിയാം–മോശയുടെയും അഹറോന്റെയും സഹോദരി. അല്ലാഹുവിനു പുത്രനില്ല, പുത്രന്റെ ആവശ്യമില്ല എന്നു ഖുർആനിൽ പറയുന്നുണ്ട്. ഈസാനബി ഞാൻ അല്ലാഹുവിന്റെ അടിമയാണെന്നും ഖുർആനിൽ പറയുന്നുണ്ട്).
 3. ബേത്ലഹേമിലേക്കുള്ള യാത്രയും സത്രഅന്വേഷണവും കാലിതൊഴുത്തിലെ ദിവ്യജനനവും നമ്മുടെ വിശ്വാസത്തിന്റെ മണിമുത്തുകളാണ് (ലൂക്ക 4:7). (ഖുർആനിൽ ഈന്തപനയുടെയും ഈന്തപഴത്തിന്റെയും അത്ഭുതഅരുവിയുടെയും തണലും സംരക്ഷണവുമാണ് ഈസാനബിയുടെ ജനനത്തിൽ -19 : 24,25).
  ലോകരക്ഷകനായ ഈശോയുടെ ജനനം കാലിതൊഴുത്തിൽ -പുൽക്കൂടിലാണ്, ഈന്തപ്പനയുടെ ചുവട്ടിൽ അല്ല.
 4. ദൈവപുത്രനെ കാണാൻ അങ്ങോട്ടു ചെല്ലലും മാലാഖമാരുടെ കീർത്തനങ്ങളും നമ്മുടെ ബൈബിളിൽ ഭംഗിയായി കാണിച്ചിരിക്കുന്നു (ലൂക്ക 2:8-18). (ഈസാനബിയെ മറിയംബീവി ആളുകളുടെ അടുത്തേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത് -സൂറ19:27).
 5. ഈശോയുടെ ദൈവപുത്രത്വത്തിന്റെ വലിയൊരു ദർശനമാണ് വിശുദ്ധബൈബിളിലെ 12ആം വയസിലെ ദേവാലയസന്ദർശനവും വേദശാസ്ത്രികളോടുള്ള തർക്കവും (ലൂക്ക 2: 42-49). (ഈസാനബിയുടെ ശൈശവഅത്ഭുതം തൊട്ടിലിൽ കിടക്കുന്ന കുഞ്ഞുപ്രായത്തിലെ സംസാരിക്കും എന്നുള്ള പ്രവചനവും സംസാരിച്ചതുമാണ്. ആ സംസാരിച്ചതോ അല്ലാഹുവിന്റെ ദാസനാകുന്നു എന്നതും -19: 29,30).

വെളുത്തതെല്ലാം പാലല്ലെന്നു മാത്രമല്ല, ചില വെളുത്തിരിക്കുന്നവ പാലിൽ ഒരു തുള്ളി വീണാൽ അതിന്റെ സത്തയെ മാറ്റുന്ന തൈര് ആണെന്നും നമ്മൾ ഓർക്കുന്നത് നല്ലതാണ്.

അല്ലാഹുവിന്റെ ദാസനായ ഈസാനബി പറയുന്നത് അല്ലാഹുവിനെയാണ് ആരാധിക്കേണ്ടത് എന്നാണ്.

ദൈവപുത്രനായ ഈശോമിശിഹാ പഠിപ്പിച്ചതും മാതൃക നൽകിയതും സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിനെ ആരാധിക്കാനും മഹത്വപ്പെടുത്തുവാനുമാണ്. ആ പിതാവിലേക്കു എത്തിചേരുവാനുള്ള ഒരേയൊരു മാർഗ്ഗം പുത്രനായ ഈശോമിശിഹാ മാത്രമാണ് (യോഹ 14 :6). നമ്മുടെ ആത്മീയസഹായകനായി നമ്മെ പഠിപ്പിക്കുകയും അനുസ്മരിപ്പിക്കുകയും ചെയ്യുന്നത് പുത്രന്റെ നാമത്തിൽ പിതാവ് അയക്കുന്ന ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവ് ആണ് (യോഹ 14 : 26).

നമ്മുടെ വിശ്വാസത്തിന്റെ ആണിക്കല്ലായ ത്രിത്വം “പിതാ-പുത്രാ-പരിശുദ്ധാത്മാ” എന്ന ദൈവികവെളിപ്പെടുത്തൽ ഇസ്ലാമിന് തീരെ പരിചിതമല്ല, സ്വീകാര്യമല്ല.

ഇസ്ലാമും ക്രിസ്ത്യാനിയും വിശ്വാസത്തിന്റെ കാര്യത്തിൽ ഒരുതരി പോലും ബന്ധമില്ല എന്നത് മനസ്സിൽ അരക്കിട്ടുഉറപ്പിക്കാൻ പോന്നതാണ് ഖുർആനിലെ 4ആം സൂറത്തിലെ 171. ‘ത്രിത്വം എന്ന വാക്ക് നിങ്ങൾ മിണ്ടരുത്’ എന്നാണ് പറഞ്ഞിരിക്കുന്നത്. അവരുദ്ദേശിക്കുന്ന ത്രിത്വം അല്ലാഹുവും മറിയംബീവിയും ഈസാനബിയും ആണെന്ന് തോന്നുന്നു.
പരിശുദ്ധാത്മാവ് എന്ന ആശയം ഇസ്ലാമിനില്ല.

5ആം സൂറത്തിലെ 116 ഇൽ നിന്നു മനസ്സിലാക്കാവുന്നത് അല്ലാഹുവിന്റെ ഹൃദയഗതികൾ ഈസാനബിക്ക് തെല്ലും അറിയില്ല (നിന്റെ മനസ്സിലുള്ളത് ഞാൻ അറിയില്ല) എന്നത് ആണ്. എന്നാൽ വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നത് പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നത് പോലെ –അഭേദ്യമായ, പരസ്പരപൂരകമായ ബന്ധമാണത്– ഞാൻ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും –പുത്രത്വത്തിന്റെ ബന്ധം, അടിമത്വത്തിന്റെയല്ല– അറിയുന്നു എന്നാണ് (യോഹ 10 : 14).

ഈശോ പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു (യോഹ 8 : 19). ഈശോ ആരുടെയും അടിമയൊ ദാസനോ പ്രവാചകനോ അല്ല. ദൈവസ്നേഹം വെളിപ്പെടുത്താൻ സ്വയം ശൂന്യനായ മനുഷ്യപുത്രനായ ദൈവപുത്രൻ.

AD 570 ഇൽ ജനിച്ച ഇസ്‌ലാംമതസ്ഥാപകനായ മുഹമ്മദ്നബിയെയും മതഗ്രന്ഥമായ ഖുർആനെയും ബഹുമാനിച്ചു കൊണ്ടു തന്നെ പറയുന്നു (കുറച്ചുകൂടി മനസ്സിലാക്കാൻ ഖുർആനിലെ ഒരു സൂറത്തിലെ 2 വരികൾ തന്നെ ഉദ്ധരിക്കുന്നു).

(സൂറ 109 :2,6) നിങ്ങൾ ആരാധിച്ചുവരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല… നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്കെന്റെ മതവും. (ലാഅഹ്ബുദ്ദു മാത്തഹ്ബുദ്ദൂൻ… ലകും ദീനുകും വ്വലിയദീൻ).

✍️ റോസ് മരിയ (അച്ചു).

Categories: Uncategorized

4 replies »

 1. ഈ അടുത്തക്കാലത്ത് യേശുവിന്റെ യഥാർത്ഥ മുഖചിത്രമെന്ന രീതിയിൽ ഒരു ഫോട്ടോ online ൽ കണ്ടാരുന്നു

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s