ദിവ്യബലി വായനകൾ Wednesday of week 18 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ, 5/8/2020

Dedication of the Basilica of Saint Mary Major 
or Wednesday of week 18 in Ordinary Time 

Liturgical Colour: White.

പ്രവേശകപ്രഭണിതം

പരിശുദ്ധ അമ്മേ, സ്വസ്തി;
സ്വര്‍ഗവും ഭൂമിയും എന്നുമെന്നേക്കും ഭരിക്കുന്ന രാജാവിന് നീ ജന്മംനല്കി.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങള്‍ ക്ഷമിക്കണമേ.
ഞങ്ങളുടെ പ്രവൃത്തികള്‍കൊണ്ട്
അങ്ങയെ പ്രീതിപ്പെടുത്താന്‍ പ്രാപ്തിയില്ലാത്ത ഞങ്ങള്‍,
ഞങ്ങളുടെ കര്‍ത്താവായ അങ്ങയുടെ പുത്രന്റെ മാതാവിന്റെ
മാധ്യസ്ഥ്യത്താല്‍ രക്ഷിക്കപ്പെടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

വെളി 21:1a-5
വിശുദ്ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.

ഞാന്‍, യോഹന്നാന്‍, ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി. വിശുദ്ധ നഗരമായ പുതിയ ജറുസലേം ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വര്‍ഗത്തില്‍ നിന്ന്, ദൈവസന്നിധിയില്‍ നിന്ന്, ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. സിംഹാസ നത്തില്‍ നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടുകൂടെ ആയിരിക്കുകയും ചെയ്യും. അവിടുന്ന് അവരുടെ മിഴികളില്‍ നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി. സിംഹാസനത്തിലിരിക്കുന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
1 സാമു 2:1,4-8

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.
എന്റെ ശിരസ്സ് കര്‍ത്താവില്‍ ഉയര്‍ന്നിരിക്കുന്നു.
എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു.
എന്തെന്നാല്‍, അവിടുത്തെ രക്ഷയില്‍ ഞാന്‍ ആനന്ദിക്കുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

വീരന്മാരുടെ വില്ലുകള്‍ തകരുന്നു.
ബലഹീനരാകട്ടെ ശക്തിപ്രാപിക്കുന്നു.
സുഭിക്ഷം അനുഭവിച്ചിരുന്നവര്‍
ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു.
വിശപ്പ് അനുഭവിച്ചിരുന്നവര്‍ സംതൃപ്തി അടയുന്നു,
വന്ധ്യ ഏഴു പ്രസവിക്കുന്നു.
സന്താന സമ്പത്തുള്ളവള്‍ നിരാലംബയാകുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

കര്‍ത്താവ് ജീവന്‍ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു.
അവിടുന്നു പാതാളത്തിലേക്കിറക്കുകയും
അവിടെനിന്നു കയറ്റുകയും ചെയ്യുന്നു.
ദരിദ്രനും ധനികനും ആക്കുന്നത് കര്‍ത്താവാണ്.
താഴ്ത്തുന്നതും ഉയര്‍ത്തുന്നതും അവിടുന്നു തന്നെ.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

ദരിദ്രനെ അവിടുന്നു ധൂളിയില്‍ നിന്ന് ഉയര്‍ത്തുന്നു.
അഗതിയെ കുപ്പയില്‍ നിന്നു സമുദ്ധരിക്കുന്നു.
അങ്ങനെ അവരെ പ്രഭുക്കന്മാരോടൊപ്പം ഇരുത്തി,
ഉന്നതസ്ഥാനങ്ങള്‍ക്ക് അവകാശികളാക്കുന്നു.

എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 11:27-28
നിന്നെ വഹിച്ച ഉദരം ഭാഗ്യമുള്ളത്; ദൈവവചനം കേട്ട് അതു പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍.

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവന്‍ പറഞ്ഞു: ദൈവവചനംകേട്ട് അതു പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളോടൊപ്പം
അങ്ങയുടെ ജനത്തിന്റെ പ്രാര്‍ഥനകളും അങ്ങ് സ്വീകരിക്കണമേ.
അങ്ങനെ, അങ്ങയുടെ പുത്രന്റെ മാതാവായ
പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍,
എല്ലാ പ്രാര്‍ത്ഥനകളും കേള്‍ക്കപ്പെടാനും
എല്ലാ അപേക്ഷകളും ഫലമണിയാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, അങ്ങയുടെ ജാതനായ ഏകപുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങളുടെ സഹായത്തിനുവരട്ടെ.
അവിടന്ന് പരിശുദ്ധ കന്യകയില്‍ നിന്ന് ജന്മമെടുത്തപ്പോള്‍,
അവളുടെ കന്യാത്വത്തിന്റെ സമഗ്രത
കുറയ്ക്കാതെ പവിത്രീകരിച്ചുവല്ലോ.
അവിടന്നു ഞങ്ങളില്‍നിന്നു ദുഷ്പ്രവൃത്തികള്‍
ഇപ്പോള്‍ നീക്കികളഞ്ഞുകൊണ്ട്,
ഞങ്ങളുടെ സമര്‍പ്പണം അങ്ങേക്കു
സ്വീകാര്യമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതംcf. ലൂക്കാ 11:27

നിത്യപിതാവിന്റെ പുത്രനെ വഹിച്ച കന്യകമറിയത്തിന്റെ ഉദരം ഭാഗ്യപ്പെട്ടതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയകൂദാശ സ്വീകരിച്ചുകൊണ്ട്
അങ്ങയുടെ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, പരിശുദ്ധ കന്യകമറിയത്തിന്റെ സ്മരണാഘോഷത്തില്‍
സന്തോഷിക്കുന്ന ഞങ്ങള്‍,
പരിശുദ്ധ കന്യകയുടെ മാതൃകയാല്‍
ഞങ്ങളുടെ പരിത്രാണത്തിന്റെ രഹസ്യം
സമുചിതം ശുശ്രൂഷിക്കാന്‍ പ്രാപ്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment