സീറോ മലബാർസഭക്കൊരു പൊൻതൂവൽ കൂടെ…

സീറോ മലബാർ സഭയുടെയും സന്യാസ ജീവിതത്തിന്റെയും വിശിഷ്യ CMC സന്യാസിനി സമൂഹത്തിന്റെയും ചരിത്ര വഴികളിൽ അഭിമാനത്തിന്റെ ഒരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ട ഒരു ദിനമാണ് 2020 ഓഗസ്റ്റ് 16. കൂനമ്മാവിൽ വിശുദ്ധ ചാവറയച്ചനും, വന്ദ്യ ലെയോപോൾദ് അച്ചനും കൂടി മലയാളക്കരയിലെ സ്ത്രീകൾക്കായി കൊളുത്തിയ ആത്മീയ ജീവിത പന്ഥാവിലേക്കു ഒരു അമേരിക്കൻ യുവതി കൂടി ചേർക്കപ്പെട്ട ദിനം. ഡിയാന ലോവ് എന്ന നോവിസ് സിസ്റ്റർ ഡിയാന തെരേസ് CMC ആയി മാറികൊണ്ട് അമേരിക്കൻ ജനതയുടെ ഇടയിലേക്ക് സമർപ്പിത ജീവിതത്തിന്റെ ആനന്ദം പകരാൻ ഇറങ്ങിത്തിരിക്കുമ്പോൾ, സിസ്റ്ററിന്റെ ജീവിത സമർപ്പണം അനേകരിൽ വിശ്വാസത്തിന്റെ കൈത്തിരി കൊളുത്തുവാൻ ഇടവരുത്താൻ പ്രാർത്ഥന കൊണ്ടും സ്നേഹം കൊണ്ടും ഈ യുവസന്യാസിനിയുടെ വഴികളെ നമ്മുക്കും ശക്തിപ്പെടുത്താം.

മൈക്കിൾ – സിൻഡി ദമ്പതികളുടെ 6 മക്കളിൽ മൂന്നാമത്തെ പുത്രിയായി അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്തിലെ കെനോഷ എന്ന പട്ടണത്തിൽ ജനിച്ചു വളർന്നു. കെനോഷ ഹോളി റോസറി ഇടവകാംഗമായ ഡിയാന സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സ്പെയിനിൽ ഉപരിപഠനം നടത്തി അമേരിക്കയിൽ തിരിച്ചെത്തി അധ്യാപികയായി ജോലി ചെയുമ്പോഴാണ് തന്റെ ദൈവവിളി തിരിച്ചറിയുന്നത്. മിൽവൗക്കി അതിരൂപതയിലുള്ള ഒരു സ്കൂളിൽ അദ്ധ്യാപിക ആയിരിക്കുമ്പോൾ തന്നെ കാമ്പസ് മിനിസ്ട്രിയിലുള്ള തന്റെ സജീവ പ്രവർത്തനം വഴിയായി തന്റെ വിശ്വാസ പ്രഘോഷണം നടത്തുമ്പോഴും ദൈവം മറ്റെന്തിനോ വേണ്ടി തന്നെ വിളിക്കുന്നു എന്ന ആന്തരിക പ്രചോദനം ഡിയാനയിൽ നാൾക്കുനാൾ വളർന്നു. ഈ ആന്തരിക പ്രചോദനം നിരന്തരം തന്നെ വേട്ടയാടിയപ്പോൾ കൃത്യമായി വിവേചിച്ചറിയുന്നതിന് അനുദിനം ദിവ്യബലിയിൽ പങ്കെടുക്കുന്നതും കൂടെക്കൂടെ ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്നതും അവൾ ശീലമാക്കി. ഈ അവസരത്തിൽ ആണ് CMC സിസ്റ്റേഴ്സ് ഡിയാനയുടെ ഇടവകയിൽ സേവനം അനുഷ്ഠിക്കുന്നതിനായി കടന്നു ചെന്നത്. സിസ്റ്റേഴ്‌സുമായുള്ള നിരന്തര സമ്പർക്കം സന്യാസ ജീവിതത്തിന്റെ ധന്യത ആഴത്തിൽ അറിയുന്നതിനും തന്റെ ആന്തരിക പ്രചോദനത്തോട് ശരിയായി പ്രത്യുത്തരിക്കുന്നതിനും ഡിയാനയെ സഹായിച്ചു. ഷിക്കാഗോയിലുള്ള സീറോമലബാർ കത്തീഡ്രലിൽ സിസ്റ്റേഴ്സിനൊപ്പം പ്രാർത്ഥനകളിലും മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്ത ഡിയാനയെ “വിശുദ്ധരാകുക മറ്റുള്ളവരെ വിശുദ്ധിയിലേക്ക് ആനയിക്കുക” എന്ന CMC സഭയുടെ കാരിസം ആഴത്തിൽ സ്പർശിച്ചു . അങ്ങനെ ദൈവം തന്നെക്കുറിച്ചു കാണുന്ന സ്വപ്നത്തിനുള്ള പ്രത്യുത്തരമായി 2016-ൽ CMC സന്യാസിനി സമൂഹത്തിൽ അർത്ഥിനി ആയി ചേരുകയും 4 വർഷത്തെ സന്യാസ പരിശീലനം പൂർത്തിയാക്കി സന്യാസ വസ്ത്രം സ്വീകരിച്ച് ആദ്യ വ്രതസമർപ്പണം നടത്തി.
സിസ്റ്റർ ഡിയാന തെരേസ് അനേക യുവഹൃദയങ്ങൾക്കു പ്രചോദനവും ദൈവമക്കൾക്കു പ്രത്യാശയുടെ അടയാളവുമായി മുന്നേറട്ടെ.

Voice of Nuns

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s