ദിവ്യബലി വായനകൾ Thursday of week 21 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

Thursday of week 21 in Ordinary Time

Saint Monica on Thursday of week 21 in Ordinary Time.
____

ഒന്നാം വായന

1 കോറി 1:1-9

അവിടുന്ന് എല്ലാ വിധത്തിലും നിങ്ങളെ സമ്പന്നരാക്കി.

യേശുക്രിസ്തുവിന്റെ അപ്പോസ്തലനായി ദൈവഹിതാനുസരണം വിളിക്കപ്പെട്ട പൗലോസും സഹോദരന്‍ സൊസ്‌തേനെസ്സും കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്ക് എഴുതുന്നത്: യേശുക്രിസ്തുവില്‍ വിശുദ്ധരായവര്‍ക്കും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമം എല്ലായിടത്തും വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും സമാധാനവും. യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കു കൈവന്ന ദൈവകൃപയ്ക്കു ഞാന്‍ നിങ്ങളെ പ്രതി ദൈവത്തിനു സദാ നന്ദിപറയുന്നു. എന്തുകൊണ്ടെന്നാല്‍, അവിടുന്ന് എല്ലാ വിധത്തിലും, പ്രത്യേകിച്ച്, വചനത്തിലും വിജ്ഞാനത്തിലും നിങ്ങളെ സമ്പന്നരാക്കി. ക്രിസ്തുവിനെപ്പറ്റിയുള്ള സാക്ഷ്യം നിങ്ങളില്‍ ഉറപ്പിക്കപ്പെട്ടതിന്റെ ഫലമായി, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ വെളിപാടു കാത്തിരിക്കുന്ന നിങ്ങള്‍ക്ക് യാതൊരു ആത്മീയ ദാനത്തിന്റെയും കുറവില്ല. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദിനത്തില്‍ നിങ്ങള്‍ കുറ്റമില്ലാത്തവരായി ഇരിക്കേണ്ടതിന് അവസാനം വരെ അവിടുന്നു നിങ്ങളെ പരിപാലിക്കും. തന്റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ സഹവാസത്തിലേക്കു നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തനാണ്.

കർത്താവിന്റെ വചനം.


പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 145:2-3,4-5,6-7

R. കര്‍ത്താവേ, ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും; ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും. അനുദിനം ഞാന്‍ അങ്ങയെ പുകഴ്ത്തും; അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

R. കര്‍ത്താവേ, ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

കര്‍ത്താവു വലിയവനും അത്യന്തം സ്തുത്യര്‍ഹനുമാണ്; അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്. തലമുറ തലമുറയോട് അങ്ങേ പ്രവൃത്തികളെ പ്രകീര്‍ത്തിക്കും; അങ്ങേ ശക്തമായ
പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും.

R. കര്‍ത്താവേ, ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

അവിടുത്തെ പ്രതാപത്തിന്റെ
മഹത്വപൂര്‍ണമായ തേജസ്സിനെപ്പറ്റിയും അങ്ങേ അദ്ഭുത പ്രവൃത്തികളെപ്പറ്റിയും ഞാന്‍ ധ്യാനിക്കും. അങ്ങേ ഭീതിജനകമായ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി മനുഷ്യര്‍ പ്രഘോഷിക്കും; ഞാന്‍ അങ്ങേ മഹത്വം വിളംബരം ചെയ്യും.

R. കര്‍ത്താവേ, ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.


സുവിശേഷ പ്രഘോഷണവാക്യം

യോഹ 15:15

അല്ലേലൂയാ, അല്ലേലൂയാ!

ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു.

അല്ലേലൂയാ!

Or:

മത്താ 24:42,44

അല്ലേലൂയാ, അല്ലേലൂയാ!

ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും
മനുഷ്യപുത്രന്‍ വരുന്നത്.

അല്ലേലൂയാ!


സുവിശേഷം

മത്താ 24:42-51

നിങ്ങള്‍ തയ്യാറായിരിക്കണം.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കള്ളന്‍ രാത്രിയില്‍ ഏതു സമയത്താണു വരുന്നതെന്ന് ഗൃഹനാഥന്‍ അറിഞ്ഞിരുന്നെങ്കില്‍, അവന്‍ ഉണര്‍ന്നിരിക്കുകയും തന്റെ ഭവനം കവര്‍ച്ച ചെയ്യാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്നു നിങ്ങള്‍ അറിയുന്നു. അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.
തന്റെ ഭവനത്തിലുള്ളവര്‍ക്ക് കൃത്യസമയത്തു ഭക്ഷണം കൊടുക്കാന്‍ യജമാനന്‍ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍ ആരാണ്? യജമാനന്‍ വരുമ്പോള്‍ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, യജമാനന്‍ അവനെ തന്റെ വസ്തുക്കളുടെയെല്ലാം മേല്‍നോട്ടക്കാരനായി നിയമിക്കും. എന്നാല്‍, ദുഷ്ടനായ ഭൃത്യന്‍ എന്റെ യജമാനന്‍ താമസിച്ചേ വരൂ എന്നു പറഞ്ഞ് തന്റെ സഹഭൃത്യന്മാരെ മര്‍ദിക്കാനും മദ്യപന്മാരോടുകൂടെ ഭക്ഷിക്കാനും പാനംചെയ്യാനും തുടങ്ങിയാല്‍ പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനന്‍ വന്ന്, അവനെ ശിക്ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തില്‍ തള്ളുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s