പുലർവെട്ടം 371

{പുലർവെട്ടം 371}

Recycling നമുക്ക് താല്പര്യമുള്ള പാഠമാണ്. മൂന്നു തലങ്ങളിലായി അതു സംഭവിക്കുന്നുണ്ട്. ചെറുപ്പകാലത്ത് പുതിയ പാഠപുസ്തകങ്ങൾ വാങ്ങിയതായി ഒരോർമ്മയില്ല. ‘ചെറുതായി’ പോയ ഉടുപ്പുകളും കൈമാറി എത്തുമായിരുന്നു. അതുപോലെ ഒട്ടനവധി കാര്യങ്ങൾ. അടുത്തയിടെ ഒരു ചെറിയ കാന്റീനേക്കുറിച്ച് ആലോചിക്കുമ്പോൾ കാഞ്ഞിരമറ്റത്തെ അത്തരം കടകളേക്കുറിച്ച് കേട്ടു. അടഞ്ഞുപോയ റെസ്റ്ററന്റുകളിൽ നിന്നും ഫർണിച്ചർ മാർട്ടുകളിൽ നിന്നുമൊക്കെയുള്ള വലിയൊരു ശേഖരമുണ്ട് അവിടെ. നമ്മുടെ ജിജോ കുര്യൻ അച്ചൻ പഴയ വീടുകളുടെ ഓടുകൾ ക്യാബിൻ വീടുകളുടെ ചെലവു കുറയ്ക്കാൻ ഉപയോഗിക്കുന്നുണ്ട്. ചെറിയ മാറ്റങ്ങൾ വരുത്തി ഉപയോഗിക്കുകയാണ് അടുത്ത ചുവട്. പ്ലാസ്റ്റിക് കുപ്പികൾ പൂപ്പാത്രമാക്കുകയും പുലരിയിലെ പുട്ട് അന്തിയിൽ ഉപ്പുമാവാക്കുകയും… അങ്ങനെ അതുംപല രീതിയിൽ നമുക്കു ചുറ്റും അതു നടക്കുന്നുണ്ട്. തേഡ് ലെവലിൽ, കുറേക്കൂടി സങ്കേതികജ്ഞാനം ആവശ്യമുള്ള രാസപ്രക്രിയയിലൂടെ മാറ്റം വരുത്തി ഉപയോഗിക്കുന്ന രീതി. പ്ലാസ്റ്റിക് ശേഖരിക്കുന്നവർ മിക്കവാറും അങ്ങനെയാണ് കാര്യങ്ങൾ മാറ്റുന്നത്. മാലിന്യസംസ്കരണത്തിന്റെ പദമായി മാത്രം റീസൈക്കിളിങ് എടുത്തുകൂടാ എന്നു പറയാനാണ് ആഗ്രഹിക്കുന്നത്. ഓരോ ചരിത്രസന്ധിയിലും പല രീതിയിൽ അതു നടന്നിട്ടുണ്ട്. മഹായുദ്ധങ്ങളുടേയും സംക്രമികരോഗങ്ങളുടേയും ക്ഷാമത്തിന്റേയും കാലത്ത് റീസൈക്കിളിങ് എന്നതിന് മനുഷ്യന്റെ ദാരിദ്ര്യത്തെ അഭിമുഖീകരിക്കുക എന്ന നൈതികമായ ധർമ്മമായിരുന്നു. നഗരങ്ങൾ വികസിക്കുകയും ഗ്രാമങ്ങൾ നഗരമാലിന്യത്തിന്റെ ഡസ്റ്റ് ബിന്നുകളായിത്തീരുകയും ചെയ്തപ്പോൾ അതൊരു പാരിസ്ഥിതികവിവേകത്തിന്റെ പര്യായമായി. എന്നാലും അതിൽ ഒതുങ്ങുന്നതല്ല അതിന്റെ ആന്തരികധ്വനികൾ എന്നത് ആ പദത്തെ സ്പിരിച്വാലിറ്റിയോട് ഇന്ന് അടുത്തുനിർത്തുന്നു. പുനഃസൃഷ്ടികളിൽ മൃതിതാളങ്ങളില്ല, ഉപേക്ഷകളില്ല, അവഗണനയില്ല, വിസ്മൃതിയില്ല. മരണശേഷം തന്റെ ശരീരം വൈദ്യവിദ്യാർത്ഥികൾക്ക് പഠിക്കാനായി എഴുതിവയ്ക്കുന്ന ഒരാളെ എടുക്കുക. എന്തു തുടർച്ചയാണ് അയാൾ അതിൽ കോറിയിടുന്നത്. രൂപാന്തരീകരണത്തിന്റേയും രക്ഷയുടേയും ആഭിമുഖ്യങ്ങൾ അതിൽ വേരോടിയിട്ടുണ്ട്. ഈ ദിനങ്ങളിൽ വ്യാപകമായ രീതിയിൽ നടക്കുന്ന പഴയ ഫോണുകൾ, ടിവികൾ എന്നിവയുടെ സമാഹാരണത്തിലും വിതരണത്തിലും എല്ലാം മനുഷ്യരുമായി ബന്ധപ്പെട്ട് ചില ആകുലതകളുണ്ടെന്നും കൂടി ഓർമിക്കണം. ഉപയോഗശൂന്യമായതെല്ലാം കളയേണ്ടതാണോ- മനുഷ്യനടക്കം? ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ തേടി നടക്കുന്നവരിലാണ് വീണ്ടെടുപ്പിന്റേയും വിശുദ്ധിയുടേയും ജീവിതാന്വേഷണങ്ങളുള്ളത്. അനുരഞ്ജനങ്ങളുടെ ദൂതു പറയുന്ന ഏതൊരു ഗുരുവും ഈ പുനഃചംക്രമണത്തിലാണ് വിശ്വസിക്കുന്നത്. അതുകൊണ്ടാണ് അവർ ആരെയും എന്നേക്കുമായി വിട്ടുകളയാത്തത്. സ്വീകാര്യതയാണ് ജീവന്റെ ലക്ഷണം; എന്നേക്കുമുള്ള ഉപേക്ഷകൾ തരിശുഭൂമിയുടേയും- wasteland. കവളപ്പാറയിൽ മകന്റെ നാമാവശേഷമായ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു വർഷം കൊണ്ട് കൃഷിയുടെ പച്ചപ്പുണ്ടാക്കിയ വയോധികനായ മനുഷ്യനേക്കുറിച്ചുള്ള വാർത്തയിൽ അധ്വാനത്തിന്റെ ഗുണപാഠം മാത്രമല്ല, വീണ്ടെടുപ്പിന്റെ ആത്മീയത കൂടിയുണ്ട്ചില സുവാർത്തകൾ എന്തുകൊണ്ടാണ് നമ്മുടെ റെറ്റിനയിൽ പതിയാത്തത്? വീടുവീടാന്തരം കയറിയിറങ്ങി ഡി വൈ എഫ് ഐ ചെറുപ്പക്കാർ ‘റിസൈക്കിൾ കേരള’ എന്ന ക്യാംപെയ്നിലൂടെ മുഖ്യന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ശേഖരിച്ചു നൽകിയത് 10,95,86,537 രൂപയാണ്. രാഷ്ട്രീയത്തിന്റെ ഈ ഹരിതഭാവനയ്ക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ!

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Fr Bobby Jose Kattikadu OFM Cap.

Leave a comment