സമൂഹമാധ്യമങ്ങളിൽ തേജോവധം ചെയ്യപ്പെടുന്ന സി. ദിവ്യ

2018 – ൽ വലിയ പ്രളയകാലത്ത് അനേകരെ സഹായിക്കുകയും തളർവാത രോഗിയെ കരുണയോടെ ശുശ്രൂഷിക്കുകയും ചെയ്തപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന ഒരു ക്രൈസ്തവ സന്യാസിനിയായിരുന്നു ഇന്ന് സമൂഹമാധ്യമങ്ങളിൽ തേജോവധം ചെയ്യപ്പെടുന്ന സി. ദിവ്യ

നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്‌കൂളിന്റെ സമർത്ഥയായ പ്രധാനാധ്യാപിക വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവൾ. സി. ദിവ്യയ്ക്കെതിരെ നടന്ന പ്രചരണങ്ങൾക്ക് പിന്നിൽ സ്‌കൂളിന്റെ സൽപ്പേര് കളങ്കപ്പെടുത്തുക എന്ന ലക്‌ഷ്യം? ഒരു ക്രൈസ്തവ സന്യാസിനിക്കെതിരെ നടന്ന വ്യാപകമായ ദുഷ്പ്രചാരണത്തിന് പിന്നിൽ വർഗ്ഗീയ ലക്ഷ്യങ്ങളോ?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ക്രൈസ്തവ സന്യാസിനിയുടെ ഒന്നു രണ്ട് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ട്, കേട്ടാൽ അറയ്ക്കുന്ന തെറികളും, കമൻ്റുകളും ഫേസ്‌ബുക്കിൽ എഴുതി നിറച്ച ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ അത്മരോഷത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ തേടി ഞങ്ങൾ സമർപ്പിത കൂട്ടായ്മ നടത്തിയ അന്വേഷണത്തിൻ്റെ വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു:

സിസ്റ്റർ ദിവ്യ തൻ്റെ സ്കൂളിലെ ഇരുപത്തൊന്ന് ക്ളാസുകളിലുള്ള കുട്ടികൾക്കാണ് ഓണത്തിൻ്റെ ഈ വീഡിയോ സന്ദേശം അയച്ചത്. ആ വീഡിയോയിൽ അടങ്ങിയ സന്ദേശത്തെക്കുറിച്ച് ജാതിമതഭേദമന്യേ പലരും വളരെ നല്ല അഭിപ്രായം പറഞ്ഞിരുന്നതിന് തെളിവുകളുണ്ട്. ഫേസ്‌ബുക്ക് ഉപയോഗിക്കാത്തതിനാൽ അതേച്ചൊല്ലി നടന്ന വിവാദങ്ങളൊന്നും ആദ്യ ഘട്ടത്തിൽ സിസ്റ്റർ അറിഞ്ഞിരുന്നില്ല. പിറ്റേദിവസം സ്‌കൂളിൽ ജോലിയിലേർപ്പെട്ടിരുന്നപ്പോഴാണ് ആ വീഡിയോയിലെ ചില പരാമർശങ്ങളെ ചൊല്ലി ചിലർ വലിയ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്ന് ചിലർ പറഞ്ഞ് സിസ്റ്റർ അറിയുന്നത്.

തുടർന്ന്, ഈ വിവാദം കൂടുതൽ വഷളാകാതിരിക്കാനായി മേലധികാരിയുമായി കൂടിയാലോചിച്ചത് പ്രകാരം, മാപ്പ് ചോദിച്ചു കൊണ്ട് ഒരു വീഡിയോ റെക്കോർഡ് ചെയ്യാൻ സിസ്റ്റർ ദിവ്യ തീരുമാനിക്കുകയുണ്ടായി. തുടർന്ന്, “ഓണസന്ദേശമായി താൻ വീഡിയോയിൽ പറഞ്ഞ വാക്കുകളാൽ ആർക്കെങ്കിലും വേദന ഉണ്ടായെങ്കിൽ അങ്ങേയറ്റം ഖേദിക്കുന്നു, എല്ലാവരോടും ഞാൻ മാപ്പപേക്ഷിക്കുന്നു” എന്ന സന്ദേശം ഉൾക്കൊള്ളുന്ന വീഡിയോ സ്‌കൂളിന്റെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലേയ്ക്ക് പോസ്റ്റ് ചെയ്യുകയുമുണ്ടായി. തുടർന്നുള്ള സമയത്ത് അപരിചിതനായ ഒരാൾ സിസ്റ്ററെ കാണാനെത്തി. ആഗതൻ ഒരു വിദ്യാർത്ഥിയുടെ പിതാവ് ആണെന്ന് തെറ്റിദ്ധരിച്ച് സിസ്റ്റർ സംസാരിച്ചെങ്കിലും, താൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണെന്ന് അയാൾ സ്വയം പരിചയപ്പെടുത്തി. അയാൾ യൂണിഫോമിലായിരുന്നില്ല. “കറുകച്ചാൽ പോലീസ് സ്റ്റേഷൻ വരെ വരണം. കാരണം, ഒരു പരാതിയുണ്ട്, അല്പം പ്രശ്നമാണ്.” എന്നാണ് തുടർന്ന് അദ്ദേഹം സി. ദിവ്യയോട് പറഞ്ഞത്.

“ഓണത്തിന് നിങ്ങൾ യേശുവിൻ്റെ സുവിശേഷം ആണോ കുട്ടികളോട് ആശംസിക്കുന്നത്?” എന്നും ആ പോലീസ് ഉദ്യോഗസ്ഥൻ സി. ദിവ്യയോട് ചോദിച്ചു. “ഞാൻ എപ്പോഴും കുട്ടികൾക്ക് കൊടുക്കുന്ന സന്ദേശങ്ങളിൽ യേശുവിനെ പറ്റിയുള്ള ഒരു കാര്യമെങ്കിലും പറയാറുണ്ട്, അതുകൊണ്ട് എനിക്ക് അതിൽ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല” എന്നായിരുന്നു സിസ്റ്റർ ദിവ്യയുടെ മറുപടി. വന്നയാൾ പോലീസുദ്യോഗസ്ഥൻ ആണോ എന്ന് ആദ്യം സി. ദിവ്യയ്ക്ക് സംശയം തോന്നിയതിനാൽ അദ്ദേഹത്തോട് വിശദ വിവരം ചോദിച്ചറിഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ നിന്ന് എസ്. ഐ സിസ്റ്റർ ദിവ്യയെ വിളിച്ച് എത്രയും വേഗം സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. അതേസമയം തന്നെ സ്‌കൂളിന് വെളിയിൽ ചിലർ സംഘടിക്കുന്നതായും അവർ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്നതായുമുള്ള വിവരങ്ങളും സിസ്റ്ററിന് ലഭിച്ചിരുന്നു.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) സംബന്ധമായ പരിപാടികൾക്കും മറ്റും കറുകച്ചാൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്‌കൂളിൽ എത്തിച്ചേരുന്ന പതിവ് ഉണ്ടായിരുന്നതിനാൽ സി ഐ ഉൾപ്പെടെയുള്ള മിക്കവാറും ഉദ്യോഗസ്ഥരും സി. ദിവ്യയ്ക്ക് പരിചിതരായിരുന്നു. അതിനിടയിൽ കറുകച്ചാൽ സിഐയും സിസ്റ്ററിനെ വിളിച്ചിരുന്നു. “സിസ്റ്റർ വന്നാൽ സിസ്റ്ററിന് തന്നെ കൊള്ളാം” എന്നായിരുന്നു പരുഷ സ്വരത്തിൽ അദ്ദേഹം പറഞ്ഞത്. ഫോണിലും നേരിട്ടും പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് അധികാരികളുടെ അറിവോടെ സിസ്റ്റർ ദിവ്യ പോലീസ് സ്റ്റേഷനിലേയ്ക്ക് പോകാൻ തീരുമാനിച്ചു. അതോടൊപ്പം, സ്റ്റേഷനിലേക്ക് പോകാൻ കൂടെ ഒരാളെയും ഒരു ഓട്ടോയും സിസ്റ്റർ ദിവ്യ സംഘടിപ്പിക്കുകയുണ്ടായി.

ഒരുതരത്തിലും താൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉത്തമബോധ്യം ഉള്ളതിനാൽ ഉറച്ച മനസ്സോടെയാണ് സി. ദിവ്യ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടത്. അവിടെയെത്തിയപ്പോൾ കുറേപ്പേർ തനിക്ക് മുമ്പേ അവിടെ എത്തിച്ചേർന്നിരിക്കുന്നതായി സിസ്റ്റർ കാണുകയുണ്ടായി. ആജ്ഞാസ്വരത്തിൽ ഫോൺവിളിച്ച് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട സിഐ അവിടെ ഉണ്ടായിരുന്നില്ല. സ്‌കൂളിലെ പ്രോഗ്രാമുകൾക്കായി പോലീസ് ഉദ്യോഗസ്ഥരെ ക്ഷണിക്കാനും മറ്റും ആ പോലീസ് സ്റ്റേഷനിൽ വന്ന് സി. ദിവ്യയ്ക്ക്‌ പരിചയമുള്ള ആ സ്റ്റേഷനിൽ സൗഹാർദ്ദപൂർവ്വമായ ഒരാന്തരീക്ഷമായിരുന്നില്ല അന്നുണ്ടായിരുന്നത്. പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥർ പോലും ഒരു കുറ്റവാളിയെ എന്നതുപോലെയാണ് സിസ്റ്ററിനെ കണ്ടത്. “ഓണം ആഘോഷിക്കാൻ വന്നതാണോ പോലീസ് സ്റ്റേഷനിലേക്ക്?” എന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പരിഹാസച്ചോദ്യത്തോട് പോലും സിസ്റ്റർ ദിവ്യ ശാന്തമായാണ് പ്രതികരിച്ചത്.

പോലീസ് സ്റ്റേഷനിലേക്ക് കയറിയ ഉടൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ സിസ്റ്റർ ദിവ്യയോട് ചോദിച്ചു, “അവർ എന്താവശ്യപ്പെട്ടാലും അത് ചെയ്യാൻ സിസ്റ്റർ റെഡിയാണോ?” ആ ചോദ്യം വിശദീകരിക്കാൻ സിസ്റ്റർ ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ വിശദീകരണം ലഭിക്കുകയുണ്ടായില്ല. സിസ്റ്റർ ദിവ്യ കയറിച്ചെന്നപ്പോൾ എസ്ഐയുടെ റൂമിൽ എസ് ഐ യും, രണ്ട് പോലീസുകാരും, ഒരു വൃദ്ധനും ഒരു യുവാവുമായി മറ്റ് രണ്ടുപേർ പരാതിക്കാരായും ഉണ്ടായിരുന്നു. ഒരു സ്ത്രീയെ ചോദ്യം ചെയ്യാനായി നിർബ്ബന്ധിതമായി സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്താൻ പാടില്ല എന്ന നിയമമുണ്ടായിരിക്കെ, അത് പാലിക്കപ്പെടാതിരിക്കുക മാത്രമല്ല, ഒരു വനിതാപോലീസിന്റെ സാന്നിധ്യം പോലുമില്ലാതെയായിരുന്നു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ. തുടർന്നുള്ള സംഭാഷണത്തിൽ, ഭയത്തിൻ്റെ നിഴലുകൾ അല്പംപോലും കണ്ണുകളിൽ പ്രതിഫലിക്കാതെ വളരെ ശാന്തമായി അവർ ചോദ്യങ്ങൾക്ക് മറുപടി നൽകിയപ്പോൾ പൊലീസുകാർക്കും ഒപ്പം വാദികൾക്കു പോലും അല്പം സങ്കോചം ഉണ്ടായി.

പരാതിയുടെ പകർപ്പ് നൽകുകയോ, പരാതി വാസ്തവത്തിൽ എന്താണെന്ന് പറയുക പോലുമോ ചെയ്യാതെയായിരുന്നു ചോദ്യം ചെയ്യൽ. “സുവിശേഷം പ്രസംഗിക്കുകയാണോ സ്കൂളിൽ?” എന്ന ആദ്യത്തെ മുനവച്ചുള്ള ചോദ്യത്തിന് ചങ്കുറപ്പോടെ തന്നെ സി. ദിവ്യ പറഞ്ഞു: “ജീവൻ ത്യജിക്കേണ്ടി വന്നാൽ പോലും എവിടെ വേണമെങ്കിലും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കാൻ എനിക്ക് മടിയില്ല”. അടിസ്ഥാനരഹിതമായ മറ്റ് രണ്ട് ആരോപണങ്ങൾ കൂടി അവർ ഉയർത്തിയിരുന്നു. അവ വാസ്തവവിരുദ്ധമാണ് എന്ന് സി. ദിവ്യ തന്നെ തെളിവ് സഹിതം വ്യക്തമാക്കിയപ്പോൾ എസ്. ഐ യുടെ വായിൽനിന്ന് അറിയാതെ പുറത്തേക്ക് വന്ന വാക്കുകൾ ഇപ്രകാരമായിരുന്നു: “ഈ പാവം സിസ്റ്ററിനെ നമ്മൾ എന്തിന് ഇവിടെ വിളിച്ചുവരുത്തി?”. എങ്കിലും, ആരുടെയോ നിർബ്ബന്ധത്തിന് വഴങ്ങിയെന്നവിധമാണ് പോലീസുദ്യോഗസ്ഥർ തുടർന്നും സംസാരിച്ചത്.

സിസ്റ്റർ ദിവ്യയെ ശത്രുവായി കണ്ട് അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കാൻ പോന്ന രീതിയിൽ അവർക്ക് വൈരാഗ്യം ഉണ്ടാകാൻ പ്രധാന കാരണമായി തീർന്നത്, സിസ്റ്റർ ദിവ്യ പ്രധാന അധ്യാപികയായിരിക്കുന്ന സ്കൂളിന്റെ പഠനനിലവാരം ഉയർന്നതായതിനാൽ മറ്റ് സ്കൂളുകളിലെ കുട്ടികൾ കൂടി ആ സ്കൂളിലേക്ക് പോകുന്നു എന്നതാണ്. ആ ആരോപണം അവർ പോലീസ് സ്റ്റേഷനിൽ വച്ച് അവർ ഉന്നയിക്കുകയുമുണ്ടായി. അതിന് സിസ്റ്റർ സിസ്റ്റർ ദിവ്യ നൽകിയ മറുപടി ഇപ്രകാരമായിരുന്നു: “ഞാൻ പോയാലും മറ്റൊരു സിസ്റ്റർ എൻ്റെ സ്ഥാനത്ത് വരും, സ്വാഭാവികമായും സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളുകളിലേക്ക് കുട്ടികൾ വരുന്നത് ഒരു പുതിയ സംഭവം അല്ലല്ലോ?” “നിങ്ങൾ ജോലി ചെയ്യുന്നു, പക്ഷെ ആ സ്ഥലം യഥാർത്ഥത്തിൽ ഞങ്ങളുടേതാണ്” എന്നായിരുന്നു തുടർന്ന് വർഗീയ വിധ്വേഷത്തോടെയുള്ള അവരുടെ വാദം. മതസൗഹാർദ്ദം എന്നുപറഞ്ഞ് അഹങ്കരിച്ചിരുന്ന കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയാൻ ഏറെ വൈകിയ ഒന്നാണ് വർഗീയ വാദത്തിൻ്റെ വിത്തുകൾ കേരളത്തിൻ്റെ മുക്കിലും മൂലയിലും വരെ പൊട്ടിമുളച്ചു കഴിഞ്ഞിരിക്കുന്നു എന്ന യാഥാർത്ഥ്യം.

സിസ്റ്റർ ദിവ്യ വാമനനെ നിന്ദിച്ചു എന്ന ആരോപണത്തിനു മുൻപിൽ എതിരാളികളോട് തന്നെ വാമനനെ പറ്റിയുള്ള ഐതിഹ്യം വിവരിക്കാൻ ആവശ്യപ്പെട്ടപ്പോൾ എതിരാളികൾ അൽപ്പം പരുങ്ങുകയുണ്ടായി. താൻ ചെറുപ്പത്തിൽ പഠിച്ച മഹാബലിയുടെ ഐതിഹ്യം അവരോട് വിശദീകരിച്ചപ്പോൾ പ്രത്യേക മറുവാദങ്ങളൊന്നും അവർക്കുണ്ടായിരുന്നുമില്ല. ഒടുവിൽ, വാമനൻ ഞങ്ങളുടെ മൂർത്തിയാണെന്നും ഇപ്പോൾ ഇങ്ങനെയാണ് ഓണത്തെക്കുറിച്ച് തങ്ങൾ കരുതുന്നതെന്നും പറയാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളൂ. എന്നാൽ, ഞാൻ ഇറക്കിയ വീഡിയോ മൂലം നിങ്ങൾക്ക് വേദനിച്ചുവെങ്കിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു എന്ന് പറയുവാനുള്ള എളിമയും സിസ്റ്റർ ദിവ്യയ്ക്ക് ദൈവം നൽകി.

മാപ്പ് ഒരു പേപ്പറിൽ എഴുതി തരണമെന്ന ആവശ്യമുയർന്നപ്പോൾ സി. ദിവ്യ ഇപ്രകാരം പറഞ്ഞു: “ക്ഷമ ചോദിച്ചു കൊണ്ട് ഞാനൊരു വീഡിയോ 21 ക്ലാസ്സുകളുടെ ഗ്രൂപ്പുകളിലേയ്ക്കും അയച്ചിട്ടുണ്ട്. ഇപ്പോൾ ഇവരോട് ഞാൻ നേരിട്ട് ക്ഷമ ചോദിക്കുകയും ചെയ്തു. ഇനിയും ഞാൻ നിങ്ങൾക്ക് മാപ്പ് എഴുതി തരണമോ?” എന്നാൽ, “സിസ്റ്റർ മാപ്പുപറഞ്ഞ് ഇട്ട വീഡിയോ ഞങ്ങൾ അപ്പോൾ തന്നെ കണ്ടിരുന്നു, പക്ഷേ അതുകൊണ്ട് ഞങ്ങൾ തൃപ്തരല്ല. കാരണം അതിൽ സിസ്റ്ററിൻ്റെ മുഖം ക്ലിയർ അല്ല, ഇരുണ്ടതാണ്” എന്നതായിരുന്നു ലഭിച്ച മറുപടി . എന്നാൽ, എതിരാളികളും പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ച പോലീസുകാരും ഒറ്റക്കെട്ടാണെന്ന് മനസ്സിലായപ്പോൾ സിസ്റ്റർ ദിവ്യയ്ക്ക് അവരുടെ നിർബന്ധത്തിനു വഴങ്ങേണ്ടിവന്നു. മാപ്പ് തയ്യാറാക്കാനായി സിസ്റ്റർ തന്റെ അഡ്രസ്സ് എഴുതിയശേഷം താൻ മാപ്പ് പറയേണ്ടയാളുടെ അഡ്രസ്സ് ചോദിച്ചപ്പോൾ മറുപടി പറയാൻ അവർ വിഷമിച്ചു. തങ്ങളുടെ പേര് മാപ്പപേക്ഷയിൽ വയ്ക്കാൻ പരാതിക്കാരായ ഇരുവർക്കും സമ്മതമായിരുന്നില്ല. സംഘടനയുടെ പേരുപോലും പറയാതെ ജനറൽ സെക്രട്ടറി എന്ന് മാത്രം പറയുവാനുള്ള ധൈര്യമേ അവർക്കുണ്ടായിരുന്നുള്ളൂ. അതിനാൽ, “ജനറൽ സെക്രട്ടറി, ചങ്ങനാശേരി താലൂക്ക്” എന്ന് മാത്രമാണ് സിസ്റ്റർ എഴുതി നൽകിയിരിക്കുന്ന മാപ്പിൽ ഉള്ളത്. എന്നാൽ, ശശികല അധ്യക്ഷയായുള്ള ‘ഹിന്ദു ഐക്യവേദി’യാണ് ഈ പരാതിയ്ക്ക് പിന്നിൽ എന്ന് അവർതന്നെ വെളിപ്പെടുത്തുകയുണ്ടായി.

തുടർന്ന്, എതിരാളികൾ പറഞ്ഞതുപോലെതന്നെ സി. ദിവ്യ ഇങ്ങനെ കുറിച്ചു: “ഞാൻ ഓണാഘോഷത്തിൻ്റെ ഭാഗമായി എന്റെ സ്റ്റുഡന്റ്സിന് സെൻഡ് ചെയ്ത വീഡിയോയിൽ വാമന മൂർത്തിയെ സംബന്ധിച്ച് പരാമർശിച്ചത് എന്റെ അറിവില്ലായ്മകൊണ്ട് മാത്രമാണെന്ന് ഞാൻ സമ്മതിക്കുന്നു. ഇതിന്റെ ഫലമായി ഹിന്ദു സമൂഹത്തിനുണ്ടായ മനോവേദന ഞാൻ മനസ്സിലാക്കിക്കൊണ്ട് എല്ലാവരോടും മാപ്പ് ചോദിക്കുന്നു.’ “ഹിന്ദു സമൂഹത്തിന്” എന്ന് എഴുതുവാൻ എതിരാളികൾ പറഞ്ഞപ്പോൾ സിസ്റ്റർ ദിവ്യ എഴുത്ത് നിർത്തിയിട്ട് അവരോട് പറഞ്ഞു, “ഒരിക്കലും എനിക്ക് വിശ്വസിക്കാനാവുന്നില്ല, കാരണം എൻ്റെ സ്കൂളിൽ ഭൂരിഭാഗവും ഹിന്ദു കുട്ടികളാണ് പഠിക്കുന്നത്. അവർക്കൊന്നും ഒരു തരത്തിലും ഞാനൊരിക്കലും വേദന നൽകിയിട്ടില്ല”. യാതൊരു ഭയവും ഇല്ലാതെ തൻ്റെ ഭാഗം വ്യക്തമായി തന്നെ പറഞ്ഞിട്ട് പൊലീസുകാരും എതിരാളികളും പറഞ്ഞതനുസരിച്ച് അവരുടെ വാക്കുകളിൽ തന്നെ സിസ്റ്റർ മാപ്പെഴുതി കൊടുക്കുകയാണുണ്ടായത്.

മാപ്പ് എഴുതിക്കൊടുത്തു കഴിഞ്ഞപ്പോൾ എതിരാളികളുടെ അടുത്ത ആവശ്യം അതൊരു വീഡിയോ ആക്കണം എന്നായിരുന്നു. അതിൻ്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ തങ്ങളുടെ ആവശ്യത്തിൽ തന്നെ ഉറച്ചു നിന്നു. കന്യാസ്ത്രീ മാപ്പ് പറയുന്ന വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ആഘോഷിക്കണം എന്നതായിരുന്നു അവരുടെ തീരുമാനം. പോലീസ് ഉദ്യോഗസ്ഥരും പരാതിക്കാർക്കൊപ്പം നിലകൊണ്ടതിനാൽ അവരുടെ ആവശ്യം സിസ്റ്റർ ദിവ്യയ്ക്ക് അംഗീകരിക്കേണ്ടിവന്നു. പോലീസ് സ്റ്റേഷന് മുന്നിൽ മറ്റെല്ലാവരുടെയും സാന്നിധ്യത്തിൽ മാപ്പ് പറയണമെന്നതായിരുന്നു അവരുടെ ആവശ്യമെങ്കിലും അത് അംഗീകരിക്കാൻ സിസ്റ്റർ തയ്യാറായില്ല. തുടർന്ന് എസ്ഐയുടെ മുറിയിൽ വച്ച് പരാതിക്കാരുടെയും എസ്‌ഐയുടെയും പോലീസുകളുടെയും സാന്നിദ്ധ്യത്തിലാണ് വീഡിയോ എടുത്തത്. വീഡിയോ റെക്കോർഡ് ചെയ്യാനായി പോലീസുകാരുടെയോ പരാതിക്കാരുടെയോ ഫോൺ ഉപയോഗിക്കാൻ അവർ മടിച്ചതിനാൽ അതിനും സിസ്റ്റർ ദിവ്യയുടെ ഫോൺ ഉപയോഗിക്കേണ്ടി വന്നു. എല്ലാം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം പോലീസ് സ്റ്റേഷൻ്റെ പടിയിറങ്ങുമ്പോൾ സിസ്റ്റർ തിരിഞ്ഞുനിന്ന് അവരോട് പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു: “നിങ്ങൾ പറഞ്ഞതുപോലെ എല്ലാം ഞാൻ ചെയ്തു. ഇപ്പോൾ ഞാൻ പോകുന്നു, നാളെ ഇത് പോരാ എന്ന് എന്നെ വിളിച്ച് പറയരുത്”.

കഴിഞ്ഞ പത്തുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ കടുത്ത അവഹേളനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സിസ്റ്റർ ദിവ്യയ്ക്കുണ്ടായ അനുഭവങ്ങൾ ഇപ്രകാരമാണ്. താൻ പറഞ്ഞതിലോ ചെയ്തതിലോ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകൾ ഉണ്ടെന്ന് കരുതുന്നില്ലെങ്കിലും, ആർക്കെങ്കിലും തന്റെ വാക്കുകൾ വേദനയുളവാക്കിയെങ്കിൽ നിരുപാധികം മാപ്പപേക്ഷിക്കുകയായിരുന്നു സി. ദിവ്യ. താൻ മൂലം സമൂഹത്തിലോ സ്‌കൂളിലോ യാതൊരുവിധ അസ്വസ്ഥതകളും ഉണ്ടാകരുതെന്ന് മാത്രമാണ് സിസ്റ്റർ ആഗ്രഹിച്ചതും ഇപ്പോഴും ആഗ്രഹിക്കുന്നതും. എന്നാൽ, ആ നന്മ തിരിച്ചറിയാൻ പോലീസ് ഉദ്യോഗസ്ഥർക്കോ പരാതിക്കാർക്കോ ഇനിയും കഴിഞ്ഞിട്ടില്ല. പോലീസ് ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തപ്പെട്ടവരുടെയും ഭാഗത്തുനിന്ന് ഇക്കാര്യത്തിലുണ്ടായ വീഴ്ചയിൽ ഞങ്ങൾ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഒപ്പം, വാസ്തവം തിരിച്ചറിഞ്ഞ് വിവേകപൂർവ്വം പ്രതികരിക്കാൻ എല്ലാ നല്ലവരായ വ്യക്തികളോടും അപേക്ഷിക്കുകയും ചെയ്യുന്നു.

#Voice_of_Nuns

Leave a comment