Pularvettom

പുലർവെട്ടം 322

{പുലർവെട്ടം 322}

“ഐ വാണ്ട് സംബഡി ഹൂ ക്യാൻ ഡൂ ഇറ്റ് ജന്റ്‌ലി; സംബഡി ഹൂ ക്യാൻ ബ്രെയ്ക് ദ് ന്യൂസ് വിത്തൗട്ട് ബ്രെയ്ക്കിങ് ഹാർട്സ്.” മകളുടെ മരണം അമ്മയെ അറിയിക്കാനായി പോകേണ്ട ഒരാളെ തിരയുകയാണ് വിക്ടർ ലീനസിന്റെ കഥാപാത്രം. അത്തരക്കാർക്കായിരുന്നു മരണവിശേഷമറിയിക്കാനുള്ള നറുക്ക്. വളരെ വെളുപ്പിനെ വീട്ടിലേക്കെത്തിയ ഒരു ബന്ധു അപ്പനെ വിളിച്ച് അപ്പൂപ്പനിൽ നിന്ന് അകറ്റിനിർത്തി പറഞ്ഞ വിശേഷമാണ് മരണവുമായി ബന്ധപ്പെട്ട ഏറ്റവും ആദ്യത്തെ ഓർമയെന്നു തോന്നുന്നു. അമ്മായിയുടെ മുതിർന്ന മകൻ പുഴയിൽ മുങ്ങിമരിച്ചു. എന്തോ ആപത്തുണ്ടെന്ന് മനസിലാക്കാനുള്ള സാമാന്യവിവേകം എല്ലാവർക്കുമുണ്ടായിരുന്നു. ബന്ധു പടി കടക്കുന്നതിനു മുൻപ് അപ്പൂപ്പൻ നിലവിളിച്ച് മോഹാലസ്യപ്പെട്ടു. അതൊരു വല്ലാത്ത നിമിഷമാണ്.

ഏതെങ്കിലുമൊരു ഘട്ടത്തിൽ ഉറ്റവരുടെ വിയോഗത്തിന് സാക്ഷികളാകേണ്ട ബാധ്യത നമുക്കുണ്ട്. എല്ലാവരും പ്രാർത്ഥിക്കുന്നത് പ്രിയമുള്ളവരുടെ ദീർഘായുസിനുവേണ്ടിയാണ്. എന്നിട്ടും പല രീതിയിൽ നമുക്കു ചുറ്റി നിന്ന് മരണം അടക്കം പറയുന്നു. ദാവീദ് തന്റെ രോഗിയായ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുകയാണ്. ഏഴു ദിവസം നിലത്തുനിന്ന് എഴുന്നേൽക്കാൻ പോലും കൂട്ടാക്കാതെ അവൻ ഉപവസിച്ച് പ്രാർത്ഥിച്ചു. കുഞ്ഞ് മരിച്ചു. ദാവീദിനോടു വിവരം പറയാൻ സേവകർ ഭയപ്പെട്ടു. അവർ അന്യോന്യം പറഞ്ഞു: “നമ്മളിതെങ്ങനെ പറയും? അവൻ വല്ല സാഹസവും കാണിച്ചേക്കും.” സേവകർ അടക്കം പറയുന്നതു കണ്ടപ്പോൾ കുഞ്ഞിന്റെ വിയോഗം സംഭവിച്ചെന്ന് അയാൾക്കു മനസ്സിലായി. “കുട്ടി മരിച്ചോ?” അതെയെന്ന് അവർ പറഞ്ഞു. അപ്പോൾ ദാവീദ് തറയിൽ നിന്നെഴുന്നേറ്റ് കുളിച്ച് തൈലം പൂശി വസ്ത്രം മാറി ദേവാലയത്തിൽ പോയി പ്രാർത്ഥിച്ചു. കൊട്ടാരത്തിൽ തിരിച്ചെത്തി ഭക്ഷണം ചോദിച്ചു. ഭക്ഷിച്ചു.

ദാസന്മാർ ചോദിച്ചു, “ഈ ചെയ്തതെന്ത്? കുഞ്ഞ് ജീവിച്ചിരിക്കുമ്പോൾ അങ്ങ് ഉപവസിച്ച് കരഞ്ഞു; മരിച്ചപ്പോഴാവട്ടെ അങ്ങെഴുന്നേറ്റ് ഭക്ഷിച്ചിരിക്കുന്നു.” ദാവീദ് ഇങ്ങനെ ഉത്തരം കൊടുത്തു: “ഇനി ഞാൻ ഉപവസിക്കുന്നതെന്തിന്? ഞാനവന്റെ അടുക്കൽ ചെല്ലുകയല്ലാതെ അവൻ എന്റെ അടുക്കലേക്ക് വരികില്ല.” സ്വന്തം ഉള്ളംകൈയിലെ മരണത്തേക്കുറിച്ചുള്ള ബോധമാണ് ഉറ്റവരുടെ വിയോഗത്തെ സാത്വികമായി നേരിടാൻ പ്രേരിപ്പിക്കുന്ന ഘടകം. അയാൾ ദേവാലയത്തിലേക്കു പോയതും ഇതിനോടു ചേർത്തു വായിക്കാവുന്നതാണ്. ‘ആരാധന’യെന്നതിനുള്ള ഹീബ്രു പദത്തിന് ‘സാഷ്ടാംഗം പ്രണമിക്കുക’ എന്നു കൂടി സൂചനയുണ്ട്. ‘നീയാണ് ജീവന്റെ കണക്കുപുസ്തകം സൂക്ഷിക്കുന്നത്; നിനക്കിഷ്ടമുള്ളതുപോലെ.’ പിന്നെ ജീവിതം തുടരുകയാണ്.

കുലീനമായി മരണവൃത്താന്തങ്ങളെ സ്വീകരിക്കുക- ദാവീദ് അതാണ് ചെയ്തത്. കുറഞ്ഞത് നാലു ദിവസം ഉറ്റവർ ഉപവസിച്ച് വിലപിക്കുക എന്നതായിരുന്നു കിഴക്കിന്റെ രീതി. അതിനുശേഷമാണ് ബന്ധുക്കളും ചങ്ങാതിമാരും അയാളെ കുളിക്കാൻ പ്രേരിപ്പിച്ച്, പുതുവസ്ത്രങ്ങൾ ധരിപ്പിച്ച്, ഭക്ഷണത്തിനു നിർബന്ധിച്ച്, സാധാരണ ജീവിതത്തിന്റെ നിറങ്ങളിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നത്. ഇവിടെയാവട്ടെ, ഒരു ഞൊടിയിടയിൽ ദാവീദ് ചെയ്തതെല്ലാം ഈ പറഞ്ഞതുതന്നെയായിരുന്നു. ദുഃഖമില്ലാത്തതുകൊണ്ടും ഉറ്റവരുടെ അഭാവം ഉണ്ടാക്കാവുന്ന ശൂന്യതയേക്കുറിച്ച് മതിപ്പില്ലാത്തതുകൊണ്ടും അയാളങ്ങനെ ചെയ്തുവെന്ന് ഒരാൾ പോലും കരുതുന്നുണ്ടാവില്ല. ജീവിതത്തിൽ ഒരു ‘യെസ് ഫാക്റ്റർ’ ഉണ്ട്. അതിന്റെ താക്കോൽ അത്രയെളുപ്പത്തിൽ ലഭിക്കുന്നതല്ല. അഗാധമായ വിശ്വാസത്തിൽ നിന്നാണ് അതിലേക്ക് ഒരാൾക്കെത്താനാവുന്നത്. അതിനുശേഷം ജീവിതം അതിന്റെ പഴയ താളം വീണ്ടെടുക്കുന്നു.

“ഈ മഞ്ഞ് എന്റേതെന്നു കരുതുന്നതോടെ തൊപ്പിയിലെ ഭാരം ലഘൂകരിക്കപ്പെടുന്നു.”

– നിഷിയാമ സോയിൽ

-ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Categories: Pularvettom

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s