{പുലർവെട്ടം 325}
അതായിരുന്നു വയൽവരമ്പുകളിൽ നിന്ന് കണ്ടിരുന്ന ഏറ്റവും ഹൃദ്യമായ കാഴ്ച- ജലചക്രം. പാടത്തെ വെള്ളം വറ്റിക്കുവാനും തേവുവാനും വേണ്ടിയായിരുന്നു അത്. വിശ്രമമില്ലാതെ ചക്രം ചവിട്ടുന്ന മനുഷ്യർ. ഓരോ തട്ടിലും ഈരണ്ടു പേർ ഇരുന്ന് ചവിട്ടുന്നു. അതിന്റെ വലിപ്പത്തിന് ആനുപാതികമായാണ് ദളങ്ങളുടെ എണ്ണം. പാടം വറ്റുന്നതുവരെ നിർത്താതെ ചവിട്ടുകയാണ് അതിന്റെ രീതിയെന്ന് വായിച്ചു. ആറാറു മണിക്കൂർ ഇടവിട്ട് ചക്രക്കാർ മാറിക്കൊണ്ടിരിക്കും. വെള്ളം വറ്റുന്നതനുസരിച്ച് വരമ്പത്ത് ആൾക്കൂട്ടം വർദ്ധിച്ചുവരുന്നുണ്ടാവും; വയലിൽ സുഖവാസത്തിന് എത്തിയ മത്സ്യങ്ങളുടെ നേരം കുറിച്ചിരിക്കുന്നു.
അത്തരമൊരു കാഴ്ച ചേറിലെന്നതുപോലെ ഉള്ളിൽ പതിഞ്ഞതുകൊണ്ടാവണം അവർ പ്രതിസന്ധികളിൽ മറ്റാരേക്കാളും നിസ്തോഭരായി അനുഭവപ്പെട്ടു. കായൽച്ചിറ കുത്തിവളച്ച് വയലാക്കിയ ഒരു ഇച്ഛാശക്തി അവരുടെ ധമനികളിലുണ്ട്. സമുദ്രനിരപ്പിനു താഴെ കൃഷിയിടമുള്ള ഭൂപടത്തിലെ അപൂർവം ഇടങ്ങളിലൊന്നാണിത്; 2.2 മീറ്റർ വരെ താഴ്ചയിലാണത്. ഒരിക്കൽ കൊടുംവനമായിരുന്നു ആ ഇടം. കാട്ടുതീയിൽ അതു വെണ്ണീറായെന്നും ആ ഗ്രൗണ്ട് സീറോയിൽ നിന്നാണ് കേരളത്തിന്റെ കളപ്പുര രൂപപ്പെട്ടതെന്നും പുരാവൃത്തമുണ്ട്. നെല്പാടങ്ങളിൽ ഉടനീളം കാണപ്പെടുന്ന കത്തിയ വിറകുകൾ അതിനെ ശരി വയ്ക്കുന്നു. അടുത്ത കാലം വരെ വയലുകൾക്കു ലഭിച്ചിരുന്ന കരിനിലം എന്ന വിശേഷണവും ‘കരി’യിൽ അവസാനിക്കുന്ന രാമങ്കരി, കൈനകരി തുടങ്ങിയ ദേശപ്പേരുകളുടെ പട്ടികയുമൊക്കെ അതിനെ സെക്കൻഡ് ചെയുന്നു.
കുട്ടനാടിന് ഒരു തേക്കുപാട്ട് ആവട്ടെ എന്ന ഒരു സങ്കല്പത്തിലല്ല ഈ പുലരിക്കുറിപ്പ്. അതേ കുട്ടി വർഷങ്ങൾക്കു ശേഷം, ഇപ്പോൾ വിതയോ കൊയ്ത്തോ ഇല്ലാത്ത പാടവരമ്പത്ത് പല കാരണങ്ങൾ കൊണ്ട് കുനിഞ്ഞ ശിരസ്സുമായി നിൽക്കുമ്പോൾ, ഒരിക്കൽ ജലചക്രം ചവിട്ടിയിരുന്ന ആരോ ഒരാൾ വന്ന് ഉറക്കെ ശകാരിക്കുന്നു: “പകച്ചു നിൽക്കാൻ നേരമില്ല. നെഞ്ചിനു നേരെ വരുന്ന ഇല ആഞ്ഞു ചവിട്ട്… പിന്നെ അടുത്തത്. അങ്ങനെ ഓരോന്നോരോന്ന്.” വർത്തുളമായ ഒരു ജീവിതത്തിൽ ഒന്നും ഒരിക്കലും അവസാനിച്ചെന്ന് കരുതണ്ട.
ഫ്രാൻസിസ് ലിയോയോട് പറയുകയാണ്, “ദൈവം ഒരിക്കൽ എന്റെ അടുക്കൽ വന്നത് ഒരു കൃഷിക്കാരനായിട്ടായിരുന്നു. ചേറിൽ നിന്ന് കയറി എന്നെ ശകാരിച്ച് വീണ്ടും ചേറിലേക്ക് മടങ്ങി.” ഒരു കടപ്പുറത്തിരുന്ന് അയാൾ തന്റെ കേൾവിക്കാരോട് വിളിച്ചു പറയുകയാണ്: “ഓരോ ദിനത്തിനും ആ ദിനത്തിന്റെ ആകുലത മതി…” ചെറിയൊരു നിശബ്ദതയ്ക്കു ശേഷം സമാശ്വാസവചനങ്ങൾ കാതോർത്തിരുന്ന അവരോട് പുഞ്ചിരിയോടെ ഇങ്ങനെ തുടരുന്നു, “നാളേക്കു വേണ്ടി വേറെ ക്ലേശങ്ങൾ വച്ചിട്ടുണ്ടല്ലോ..”
അവന്റെ പുഞ്ചിരി അവരുടെ പൊട്ടിച്ചിരിയായി.
-ബോബി ജോസ് കട്ടികാട്
Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/
Categories: Pularvettom