Pularvettom

പുലർവെട്ടം 326

{പുലർവെട്ടം 326}

One Candle എന്ന ഈവ് ബൺറ്റിങ്ങിന്റെ ചെറിയ പുസ്തകം വായിച്ചു. ജൂതരുടെ ഹാനെക്ക ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണത്. എട്ടുനാൾ നീളുന്ന ദേവാലയാർപ്പണത്തിന്റെ ഒരോർമ്മത്തിരുനാളാണ്. ഒമ്പത് ചില്ലകളുള്ള ഒരു തിരിക്കാൽ; മനോറ എന്നാണതു വിളിക്കപ്പെടുന്നത്. ഓരോരോ രാവുകളിലായി ഓരോരോ നാളങ്ങൾ തെളിച്ച് ഭവനത്തെ ദീപ്തമാക്കുകയാണ് അതിന്റെ രീതി. ഈ തിരിനാളങ്ങൾ എന്തൊരു സമാധാനമാണ്.

യഹൂദരുടെ ഔദ്യോഗിക അടയാളമായ ഏഴു തിരികളുള്ള മനോറയുടെ ഉപയോഗം ദേവാലയത്തിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.

കെടാവിളക്കുകൾ എന്നൊരു സങ്കല്പം യഹൂദപാരമ്പര്യത്തിൽ നിന്നാണ് വരുന്നത്. സദാ കൂടെയുള്ള ഒരു സാന്നിധ്യത്തിന്റെ ഓർമ്മയ്ക്കു വേണ്ടിയായിരുന്നു അത്. എല്ലാ സിനഗോഗുകളിലും അത് പാലിക്കപ്പെട്ടു. വിശുദ്ധഗ്രന്ഥം പ്രതിഷ്ഠിച്ചിരുന്ന പേടകത്തിനരികിൽ സദാ ഒരു നാളം തെളിഞ്ഞുനിന്നു. ക്രിസ്തീയദേവാലയങ്ങളിലെ സക്രാരിക്കരികിലുള്ള വിളക്ക് ഈ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നാണ് കരുതുന്നത്.

ആദ്യനൂറ്റാണ്ടുകളിലെ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും ശവകുടീരങ്ങളിൽ തെളിഞ്ഞുകത്തിയാണ് ക്രിസ്തീയഭാവനയിലേക്ക് മെഴുകുതിരികൾ നിരയായി പ്രവേശിച്ചത്. സെന്റ് ജെറോമിന്റെ കുറിപ്പുകളിലൊക്കെ അതിനെക്കുറിച്ചു പരാമർശമുണ്ട്.

മെഴുകുതിരികൾ അവസാനിക്കാത്ത പ്രാർത്ഥനയാണെന്ന് ഒരു കവിതാപ്പുസ്തകത്തിൽ വായിച്ചു. അതു കൊളുത്തിയ ആൾ തെരുവിലേക്ക് ഇറങ്ങിപ്പോകുമ്പോഴും ദേവാലയത്തിന്റെ സാന്ദ്രനിശബ്ദതയിൽ അയാളുടെ അപരഭാവം ഉരുകിത്തീരുന്നുണ്ട്; വിശേഷിച്ചും ചില മനുഷ്യർ രണ്ടറ്റവും കത്തുന്ന മെഴുകുതിരികളാകുമ്പോൾ.

മെഴുകുതിരിയെ ക്രിസ്തുവുമായി ചേർത്തു വായിക്കുന്നതിൽ വിശുദ്ധഭാവനയ്ക്ക് യാതൊരു സന്ദേഹവുമില്ലായിരുന്നു. ‘എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു’ എന്ന യോഹന്നാന്റെ ആമുഖമൊഴി മതി അതിനെ സാക്ഷ്യപ്പെടുത്താൻ. ഇപ്പോഴും ജ്ഞാനസ്നാനച്ചടങ്ങുകളിൽ ഒരു മെഴുകുതിരി അർത്ഥിയുടെ കൈകളിലേക്കു വച്ചുകൊടുത്ത്, ഈ നാളം ക്രിസ്തുവാണെന്നു പറയുകയും അത് അണയാതെ സൂക്ഷിക്കേണ്ട ബാധ്യതയുണ്ടെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട്:

മധ്യകാല ആത്മീയ എഴുത്തുകൾ ഒരുപടി കൂടി മുന്നോട്ടു കടന്ന് മെഴുകുതിരികളെ അപോദ്ധരിക്കാൻ ശ്രമിച്ചു. തേനീച്ച രൂപപ്പെടുത്തിയ മെഴുക് ക്രിസ്തുവിന്റെ നിഷ്കളങ്കതയായും തിരിനാളം അവന്റെ മനുഷ്യപ്രാണനായും വെളിച്ചം ഈശ്വരീയതയായും ഉരുകുന്ന മെഴുകുതിരി അവന്റെ ആത്മാർപ്പണമായും കരുതപ്പെട്ടു. പെന്തക്കോസ്തയിലെ ശിരസ്സിൽ കത്തുന്ന തീനാളങ്ങളുള്ള യേശുവിന്റെ ശിഷ്യന്മാരെയും മെഴുകുതിരിനാളങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ടാവും. കത്തുന്ന മനുഷ്യർ എന്തൊരു കാവ്യകല്പനയാണ്! വലിയൊരു കത്തീഡ്രൽ പള്ളിയിലെ ചെറുമെഴുതിരിനാളങ്ങൾ പറയാൻ ശ്രമിക്കുന്ന ചില വിനയപാഠങ്ങളുമുണ്ട്. ഒരു അദൃശ്യ കൈക്കുമ്പിൾ തടയാനില്ലെങ്കിൽ ചെറു നിശ്വാസത്തിൽപ്പോലും അണഞ്ഞുപോകുന്ന ചെറുതിരിനാളങ്ങൾ നമ്മൾ.

ജാലകപ്പടിയിലെ മെഴുതിരികൾ കാറ്റിലണയുന്നതിനു മുൻപ് ഇങ്ങനെയൊക്കെയാണ് മന്ത്രിച്ചത്: “ഞാൻ സമാധാനമാണ്. സദാ സംഘർഷഭരിതമായ ലോകത്ത് എന്നേക്കൊണ്ട് ആർക്കാണാവശ്യം?” അതണഞ്ഞു. “ഞാൻ വിശ്വാസമാണ്. എല്ലാ വിശ്വാസങ്ങളും കട പുഴകുന്ന ഈ കാറ്റിൽ ഞാനെങ്ങനെ അണയാതിരിക്കും?” രണ്ടാമത്തേതും അണഞ്ഞു. “ഭൂമിയുടെ സ്നേഹരാഹിത്യത്തേക്കുറിച്ച് പരാതി പറഞ്ഞ് പ്രേമത്തിന്റെ മൂന്നാംനാളവും അണഞ്ഞു. ഇപ്പോഴും ഒരു തിരി മുനിഞ്ഞുകത്തുന്നുണ്ട്. തന്റെ അടുക്കലേക്കു വന്ന കുട്ടിയോട് അതു പറഞ്ഞു: “ഞാൻ പ്രത്യാശയാണ്. നീയെന്നെ ഒന്നു സഹായിക്കുമെങ്കിൽ അണഞ്ഞുപോയ മുഴുവൻ നാളങ്ങളേയും ഇനിയും തെളിക്കാവുന്നതേയുള്ളു.”

-ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Categories: Pularvettom

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s