Pularvettom

പുലർവെട്ടം 327

{പുലർവെട്ടം 327}

1952-ലാണ്; കൊച്ചിയിലുള്ള ഒരെഴുത്തുകാരന് വേമ്പനാട്ടുകായലിൽ വച്ച് സാഹിത്യപ്രവർത്തക സഹകരണസംഘം എടുക്കാമെന്ന് ഉറപ്പുകിട്ടിയ ഒരു നോവലിന്റെ കൈയെഴുത്തുപ്രതി നഷ്ടമാകുന്നു. ആരായാലും ഒന്നു പകച്ചുപോകേണ്ടതാണ്. അയാളാവട്ടെ അതു വീണ്ടും എഴുതിത്തുടങ്ങി. എല്ലാ അർത്ഥത്തിലും ഒരു പോരാളിയായിരുന്നു അയാൾ. അതുകൊണ്ടുതന്നെ പണിയെടുത്ത ഒരിടത്തിലും അയാൾക്ക് അധികകാലം നിൽക്കാൻ കഴിഞ്ഞിട്ടില്ല. ആറു വർഷത്തിനു ശേഷമാണ് അതു വീണ്ടും എഴുതിത്തീർക്കുന്നത്. 1958-ൽ പുസ്തകം പ്രസിദ്ധീകരിച്ചു. ബോധധാരാസാഹിത്യം എന്നൊരു രീതിയുടെ ഭാഷയിലെ ആരംഭമായിരുന്നു അത്. Stream of consciousness എന്ന ആഖ്യാനരീതി ലോകമാദ്യം പരിചയപ്പെടുന്നത് ജയിംസ് ജോയ്‌സിന്റെ യുളീസിസിലൂടെയാണ്. ഓർമയുടെ പല അടരുകളിലൂടെയുള്ള സഞ്ചാരമാണത്. സ്വർഗദൂതൻ എന്നാണ് കൃതിയുടെ പേര്; അതെ, പോഞ്ഞിക്കര റാഫിയുടെ.

സൈമൺ എന്ന ദ്വീപുവാസിയായ കുട്ടിയുടെ ഓർമകളും കിനാക്കളുമാണ് ആ പുസ്തകത്തിന്റെ പ്രമേയം. നമ്മുടെ ഗോശ്രീ പാലമൊക്കെ ആദ്യം സ്വപ്നം കാണുന്നത് ഈ കുട്ടിയാണെന്ന കൗതുകമൊക്കെയുണ്ടെങ്കിലും അതൊന്നുമല്ല പറഞ്ഞുവരുന്നത്. മൂന്നു ഭാഗങ്ങളായി ആ ഗ്രന്ഥത്തെ എഴുത്തുകാരൻ വിന്യസിച്ച രീതിയുടെ ചാരുതയേക്കുറിച്ചാണ്; പറുദീസ പർവം, പ്രളയപർവം, പെട്ടകപർവം എന്നിങ്ങനെ. ഏതൊരാളുടേയും ആത്മകഥയ്ക്കും ഏതൊരു ദേശത്തിന്റെ ചരിത്രത്തിനും ശീർകങ്ങളാകാവുന്ന പദങ്ങളാണവ. ബൈബിളിന്റെ പ്രകാശമുള്ളൊരു നിഴൽ ആ പദങ്ങളിൽ വീണിട്ടുണ്ട്.

യേശുവിന്റെ ചരിത്രം സുവിശേഷകർ സംഗ്രഹിച്ചത് ഇങ്ങനെയാണ്- അബ്രഹാം തൊട്ട് ദാവീദ് വരെ പതിനാലു തലമുറ, ദാവീദ് മുതൽ ബാബിലോൺ പ്രവാസം വരെ പതിനാലു തലമുറ, ബാബിലോൺ പ്രവാസം തൊട്ട് യേശു വരെ പതിനാലു തലമുറ. 42 തലമുറയെ മൂന്നായി വിഭജിക്കുമ്പോൾ മേൽപ്പറഞ്ഞ അതേ സൂചനകൾ തന്നെയാണ് നിലനിർത്തിയിരിക്കുന്നതെന്നു തോന്നുന്നു. അഗാധമായ സമർപ്പണത്തിന്റേയും നിഷ്കളങ്കതയുടേയും മഹത്വമുള്ള ഒരു കാലം. രണ്ടാമത്തേതിൽ ഗ്രാഫ് കുത്തനെ താഴുകയാണ്. അടിമജീവിതത്തിലാണ് അതെത്തിച്ചേരുന്നത്. മൂന്നാമത്തേതിൽ വീണ്ടും ആരോഹണത്തിന്റെ കഥയാണ്- ബാബിലോൺ പ്രവാസം തൊട്ട് യേശു വരെ, അൾട്ടിമേറ്റ് ആണത്. എളുപ്പത്തിൽ glory, lost glory, resumed glory എന്നു സംഗ്രഹിക്കാം.

സ്വകാര്യജീവിതത്തിൽ സംഭവിച്ചതും ഇതുതന്നെയാണ്. നിഷ്കളങ്കതയുടെ ഒരു കാലം നിശ്ചയമായും ഉണ്ടായിരുന്നു. ആ പറുദീസയിൽ നിന്നാണ് പിന്നീടെപ്പോഴോ ഒരാൾ പുറത്തായത്. ‘വളച്ചുകെട്ടിയ തോട്ടം’ എന്നാണ് ആ പേർഷ്യൻ പദത്തിന്റെ അർത്ഥം. അമ്‌നിയോട്ടിക് ദ്രവത്തിലെ കുഞ്ഞിനേപ്പോലെ എല്ലാം സുഖദമായിരുന്ന നൈർമല്യത്തിന്റെ ഗർഭപാത്രത്തിൽ നിന്നാണ് നാം പുറന്തള്ളപ്പെട്ടത്. പുറത്ത് പ്രളയമായിരുന്നു. ആ പ്രളയത്തിൽ കാലാകാലങ്ങളോളം നിൽക്കുമെന്നു കരുതിയ പലതിനും വേരറ്റു. പേമാരിയിലെ പക്ഷിക്കുഞ്ഞുങ്ങളേപ്പോലെ കൂനിപ്പിടിച്ചു നിൽക്കേണ്ടിവരുന്ന ആത്മനിന്ദയുടേയും ലജ്ജയുടേയും നിമിഷങ്ങൾ. വീണ്ടുവിചാരങ്ങളുടേയും ഖേദത്തിന്റേയും ‘വേണ്ടായിരുന്നു’ എന്ന ലുത്തിനിയകൾ. എല്ലാ സംസ്കാരങ്ങളിലും ഈ പ്രളയമിത്തുകളുണ്ട്. ഗിൽഗമേഷിന്റെ കാലമൊക്കെ ഓർമിക്കാം.

എന്നിട്ടും അതിലല്ല ഒരാളുടേയും ചരിത്രം ഒടുങ്ങേണ്ടത്. ഒരു പെട്ടകപർവമുണ്ട്. കഥകളൊക്കെ അവസാനിക്കേണ്ടത് അങ്ങനെയാണ്. ശിഷ്ടകാലം അവർ സുഖമായി ജീവിച്ചു.

റാഫി സബീനയുമായി ചേർന്ന് പിന്നീടൊരു വീട് പണിതു. ആ വീടിന് അവർ Ark എന്നു പേരിട്ടു.

-ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Categories: Pularvettom

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s