പുലർവെട്ടം 328

{പുലർവെട്ടം 328}

The Dance of Hope: Finding Ourselves in the Rhythm of God’s Great Story എന്ന പുസ്തകത്തിൽ വില്യം ഫ്രെ പങ്കുവയ്ക്കുന്ന ഒരു ഓർമ വളരെ പ്രചോദനാത്മകമായിത്തോന്നി. യൂണിവേഴ്സിറ്റിയിലെ ഒരു സഹപാഠിയേക്കുറിച്ചാണ്. അന്ധനായിരുന്ന അയാൾക്കു വേണ്ടി പുസ്തകങ്ങൾ വായിച്ചുകൊടുക്കുക എന്നൊരു ഉത്തരവാദിത്വം വില്യം ഫ്രെയ്ക്കുണ്ടായിരുന്നു. ഒരു ദിവസം അയാൾ തന്റെ മനസു തുറന്നു.

ഒരു അപകടത്തിൽ കുട്ടിക്കാലത്താണ് അയാളുടെ കാഴ്ച നഷ്ടമായത്. ആ നിമിഷം ജീവിതം നിലച്ചതായി അനുഭവപ്പെട്ടു. എല്ലാത്തിനോടും എല്ലാവരോടും അയാൾ ക്ഷോഭിച്ചുകൊണ്ടേയിരുന്നു. സദാ കൊട്ടിയടച്ച വാതിലിനുള്ളിൽ സ്വയം തഴുതിട്ട് മരിച്ചുപോകാതിരിക്കാൻ വേണ്ടി മാത്രം ചിലപ്പോളെന്തെങ്കിലും ഭക്ഷിക്കാൻ തയാറായി.

എന്നിട്ടോ?

ഒരു ദിവസം അച്ഛൻ അയാളുടെ മുറിയിലേക്കു വന്നു. സ്വയം ദുഃഖിച്ചും അടച്ചിട്ടുമുള്ള അവന്റെ ജീവിതം കണ്ട് അയാൾക്കു മടുത്തുതുടങ്ങിയെന്നു കലഹിച്ചു. “ശൈത്യം വരികയാണ്. സ്റ്റോം വിൻഡോകൾ ഉയർത്തിവയ്ക്കേണ്ടത് നിന്റെ കടമയാണ്. അത്താഴത്തിനുമുൻപ് നീയതു ചെയ്തില്ലെങ്കിൽ..” അയാൾ ക്ഷുഭിതനായിക്കൊണ്ടേയിരുന്നു. പിന്നെ വാതിൽ വലിച്ചടച്ച് പുറത്തേക്കുപോയി. (ശീതക്കാറ്റിനെ പ്രതിരോധിക്കാനായി ജാലകത്തോടു ചേർത്തുറപ്പിക്കുന്ന അധികപാളിയാണ് സ്റ്റോം വിൻഡോ.)

അപമാനിതനായ ചങ്ങാതി പക വീട്ടാൻ തന്നെ തീരുമാനിച്ചു. തപ്പിത്തടഞ്ഞ് ഗാരേജിലേക്കെത്തി. ജാലകങ്ങൾ പരിശോധിച്ചു. ഗോവണി കണ്ടെത്തി. പണിയായുധങ്ങൾ ശേഖരിച്ചു. അതിൽ കയറിനിന്ന് ജോലി ആരംഭിക്കുമ്പോൾ താൻ കാലിടറി വീഴുമെന്നും തന്നൊടു കഠിനമായി വർത്തിച്ചതിന്റെ പേരിൽ അച്ഛൻ നിത്യകാലം ഖേദിക്കുമെന്നും അയാൾ കരുതി. എന്നാൽ പതുക്കെപ്പതുക്കെ കാര്യങ്ങൾ കൈപ്പിടിയിലൊതുങ്ങി. തിർകെ മുറിയിലേക്ക് നടക്കുമ്പോൾ ഒരു ആത്മവിശ്വാസമൊക്കെ രൂപപ്പെട്ടിരുന്നു.

കഥ പറഞ്ഞ് അയാൾ നിറുത്തി. കാഴ്ചയില്ലാത്ത കണ്ണു നിറഞ്ഞൊഴുകി. പിന്നെ, ഒരു നിശബ്ദതയ്ക്കു ശേഷം ആ രഹസ്യം പറഞ്ഞു. “എന്റെ മുഴുവൻ അദ്ധ്വാനത്തിന്റേയും നേരത്ത് കൈയെത്താവുന്ന അകലത്തിൽ അച്ഛൻ ജാഗരൂകനായി നിന്നിരുന്നു. പിന്നീടാണ് ഞാനത് അറിഞ്ഞത്.”

കാര്യങ്ങൾ അങ്ങനെയാണ്. നിങ്ങൾക്കു പിടുത്തം കിട്ടിയാലും ഇല്ലെങ്കിലും കാണാവുന്ന ദൂരത്തിൽ ആരോ ഒരാൾ ഉറ്റുനോക്കുന്നുണ്ട്. കാലങ്ങളെല്ലാം ഒരുപോലെയായിരിക്കുമെന്ന് ആ ഒരാൾ ആർക്കും വാക്കു കൊടുത്തിട്ടില്ല. എന്നാൽ എല്ലാ കാലത്തിലും ഉണ്ടാവുമെന്ന് അടക്കം പറഞ്ഞിട്ടുണ്ട്.

ദൈവം മനുഷ്യരെ രൂപപ്പെടുത്തുന്നത് കടൽ കരയെ രൂപപ്പെടുത്തുന്നതുപോലെയാണെന്ന് പറഞ്ഞതാരാണ്? ഓരോ നിമിഷവും പിൻവാങ്ങി, ഓരോ പിൻവാങ്ങലിലും ദൃഢപ്പെടുത്തി. എത്ര പിന്മാറിയിട്ടും സദാ വലം വച്ച്.

-ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment