Pularvettom

പുലർവെട്ടം 329

{പുലർവെട്ടം 329}

ഒരു മരണം സംഭവിക്കുമ്പോൾ എത്ര പെട്ടെന്നായിരുന്നു നമ്മുടെ ദേശങ്ങൾ പണ്ടു നിശബ്ദമായിരുന്നത്! നാട്ടുമാവിൽ വീഴുന്ന കോടാലിയുടെ ശബ്ദം കേൾക്കാനാവുന്ന വിധത്തിൽ, അല്ലെങ്കിൽ കൊമ്പിരിക്കാർ കൊണ്ടുവരുന്ന വെള്ളിക്കുരിശിന്റെ അലുക്കുകളുടെ കിലുക്കം കേൾക്കാവുന്ന വിധത്തിൽ ഗ്രാമത്തെ ഒരു വിഷാദമൗനം പൊതിയുന്നു. ലാവോത്‌സെ പറയുന്നതുപോലെ, ഒരു ചെറിയ ചില്ല ഒടിയുമ്പോൾപ്പോലും പ്രപഞ്ചവൃക്ഷം കൂടുതൽ ദുർബലവും ദരിദ്രവുമാകുന്നു എന്നൊരു സഹജബോധം ഉണ്ടായിരുന്ന കാലമായിരുന്നു അത്. കാര്യങ്ങൾ ഇന്നങ്ങനെയല്ല.

ബുദ്ധിയുടെ സ്ഫുലിംഗങ്ങൾ ധാരാളമായി ഉണ്ടായിരുന്ന ഒരു ചലച്ചിത്രകാരൻ കടന്നുപോയി. അയാളുമായി ബന്ധമുള്ള കുറച്ചുപേർ ചാനലിന്റെ സ്റ്റുഡിയോയിലുണ്ട്. അദ്ദേഹത്തിന്റെ ഒടുവിലെ ചിത്രത്തിൽ ഒരു ഫോക് സോങ് പാടിയ ഗ്രാമവിളുമ്പിലുള്ള സ്ത്രീയോട് ആ പാട്ട് പാടാൻ പറയുന്നു. അവരതിന് അതീവദുഃഖത്തോടെ വിസമ്മതിക്കുന്നു. മനുഷ്യരിലുള്ള നമ്മുടെ വിശ്വാസത്തിന് അടിവരയിട്ട ആ അമ്മയുടെ പേര് നാഞ്ചിയമ്മ എന്നാണ്.

ദുഃഖകരമായ മറ്റൊന്നിനുകൂടി സാക്ഷ്യം വഹിച്ചു. സ്വയഹത്യയെന്ന് അനുമാനിക്കാവുന്ന ഒരു സഹോദരവൈദികന്റെ മരണം. മുഖാവരണം താഴ്ത്തി അംഗവിക്ഷേപങ്ങളോടെ ഒരാൾ ഏതോ കാലത്തെ പടലപ്പിണക്കങ്ങളേക്കുറിച്ച് വാചാലനാവുന്നു. മരിച്ചവർക്കു മീതെ തീർപ്പുകൾ രൂപപ്പെടുത്താൻ നമ്മളെ ആരാണു നിശ്ചയിച്ചത്? സ്മാരകശിലകളിൽ ചവിട്ടുകയോ കുറുകെ കടക്കുകയോ ചെയ്യരുതെന്ന് സെമിറ്റിക് ആചരണങ്ങളിൽ ശക്തമായ താക്കീതുണ്ട്. യേശുവിന്റെ സംസ്കാരത്തിൽ അതു കൊടിയ അപരാധമായിട്ടാണ് എണ്ണിയിരുന്നത്. അബദ്ധത്തിൽപ്പോലും ചവിട്ടാതിരിക്കാൻ ശവകുടീരങ്ങൾക്ക് വെള്ള പൂശണമെന്ന് ചട്ടവുമുണ്ടായിരുന്നു. വലിയ ആൾക്കൂട്ടം വരുന്ന പെരുന്നാളുകൾക്ക് അതൊരു മുന്നൊരുക്കമായി. ശവകുടീരങ്ങൾക്കു മീതെ ഇപ്പോൾ ആരൊക്കെയാണ് ശ്രദ്ധയോ സ്നേഹമോ ഇല്ലാതെ നടക്കുന്നതെന്നു നോക്കൂ.

എത്ര കഠിനസമ്മർദ്ദങ്ങളിലാവണം ആടിത്തുടങ്ങിയ നൃത്തം പാതിവഴിയിൽ അവസാനിപ്പിച്ച് ചിലങ്കകളഴിച്ച് ഗുരുമുഖത്തുനിന്ന് ഒരാൾ മറഞ്ഞിട്ടുണ്ടാവുക. ‘മരിച്ചിരുന്നെങ്കിൽ’ എന്ന് ഒരാവർത്തിയെങ്കിലും ആഗ്രഹിക്കാത്ത എത്ര പേർ വായനക്കാരുടെ കൂട്ടത്തിലുണ്ടാവും? സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത് അമേരിക്കയിൽ എല്ലാ പന്ത്രണ്ടു മിനിറ്റിലും ഒരാൾ വാതിലടച്ച് ഇറങ്ങിപ്പോകുന്നുവെന്നാണ്; അതിന്റെ അർത്ഥം ഏകദേശം 45,000 പേർ പ്രതിവർഷം മരിക്കുന്നു. അതിന്റെ സർവൈവേഴ്സ് രണ്ടര ലക്ഷം. യേശു ആത്മഹത്യ ചെയ്തേക്കുമെന്നൊരു ഭയം അവന്റെ കേൾവിക്കാർക്കുണ്ടായതായി സുവിശേഷപാരായണത്തിനിടയിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണോ? “ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയുകയില്ല എന്ന് അവൻ പറയുന്നല്ലോ. അവൻ ആത്മഹത്യ ചെയ്‌തേക്കുമോ?” (ജോൺ 8:22)

ഒരാൾ സ്വന്തം ഇച്ഛയാൽ കടന്നുപോകുമ്പോൾ അയാളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവർ ഒരു ഷിവ ആചരണത്തിലൂടെ – week-long mourning period in Judaism – കടന്നുപോകേണ്ടതുണ്ടെന്നു തോന്നുന്നു. ദുഃഖത്തിനു വേണ്ടി മാത്രമല്ല, അനുതാപത്തിനു കൂടിയാണ്. പല രീതിയിൽ അയാൾ സംവേദനം ചെയ്യാൻ ശ്രമിച്ച എസ് ഒ എസ് സന്ദേശങ്ങൾ ഏറ്റുവാങ്ങാനുള്ള വിവേകമോ പ്രകാശമോ നേരമോ നമുക്കില്ലാതെ പോയി.

There’s a cure for everything except death – എല്ലാത്തിനും പരിഹാരമുണ്ട്, മരണത്തിനൊഴികെ. ബൈസിക്കിൾ തീവ്സിലെ അന്റോണിയോയിലൂടെ മുഴങ്ങിയ ആത്മഗതം കുറേയധികം പേരെ ജീവനിലേക്ക് തിരിച്ചുവിളിച്ചു എന്നൊരു സാക്ഷ്യമുണ്ട്. അതെ, അതാണതിന്റെ ശരി.

വല്ലാതെ തണുത്തുപോയ ആ കരങ്ങളിൽ ചുംബിച്ചുകൊണ്ട്…

-ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Categories: Pularvettom

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s