Pularvettom

പുലർവെട്ടം 331

{പുലർവെട്ടം 331}

1980 ജൂണിലെ ഒരു ബോറൻ അധ്യയനദിനം. ‘ജനഗണമന’യ്ക്കു വേണ്ടി പുസ്തകം അടുക്കി ഇരിക്കുമ്പോൾ കോളാമ്പി മുരടനക്കി. സ്കൂൾ ലീഡർ ഇലക്ഷന്റെ റിസൽട്ട് ഹെഡ് മിസ്ട്രസ് അനൗൺസ് ചെയ്യുകയാണ്. സണ്ണി ഏഴ് വോട്ടിന് സെൻ കെ. ജോസിനെ തോല്പിച്ചിരിക്കുന്നു. പോർക്കളത്തിൽ വീണുകിടക്കുന്നത് ചേട്ടനാണ്. ഇവിടെ നിന്നു നോക്കിയാൽ ഇട്ടിയുടെ ക്ലാസ് കാണാം. പുള്ളി കണ്ണു തുടച്ച് പുറത്തേക്കിറങ്ങുന്നു. ഇതിനകം ഒരു ജാഥ രൂപപ്പെട്ടിട്ടുണ്ട്… “അയ്യോ പൊട്ടി, ആരു പൊട്ടി?” ഇട്ടിയുടെ പുറകേ ഓടി. കരച്ചിലടക്കാൻ പറ്റുന്നില്ല. റ്റാസി ചെറിയ ക്ലാസിലാണ്. അവനും കൂടി. മൂന്നു കൂടപ്പിറപ്പുകൾ ഏങ്ങലടിച്ച് കണ്ടം വഴി ഓടുകയാണ്.

പുലരിപ്രാർത്ഥനയിൽ നൂറ്റിമുപ്പത്തിമൂന്നാം സങ്കീർത്തനം ചാന്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ അതെല്ലാമോർത്തു. വേദപുസ്തകത്തിലെ ഏറ്റവും ചെറിയ സങ്കീർത്തനങ്ങളിൽ ഒന്നാണിത്. ഇതിനേക്കാൾ ചെറിയ ഒരു സങ്കീർത്തനം കൂടിയേയുള്ളു; നൂറ്റിപ്പതിനേഴ്. ആരോഹണസങ്കീർത്തനം എന്ന ജനുസിൽ പെട്ടതാണത്. ജറുസലേം കുന്നു കയറിയ തീർത്ഥാടകർ ആലപിച്ചത്, ശ്രീകോവിലിലേക്ക് പ്രവേശിച്ചിരുന്ന കാർമികർ ഉരുവിട്ടിരുന്നത് – അങ്ങനെയെന്തോ ഒരു സൂചനയുണ്ടാവണം അതിൽ. മക്കളുടെ പകയ്ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്ന ഒരാളാണ് ദാവീദെന്ന ഒരു ബാക്ഡ്രോപ് ഈ സങ്കീർത്തനത്തെ വിഷാദപൂർവമാക്കുന്നു. സങ്കീർത്തനങ്ങളുടെ പൊതുവായ കർതൃത്വം ദാവീദിനാണു കല്പിച്ചുകൊടുത്തിരിക്കുന്നത്. അബ്സലം അമ്‌നണിനെ കൊല്ലുന്നു, അദോനിയ സോളമനെതിരായി കലാപമുണ്ടാക്കുന്നു.

ബൈബിൾ അഡ്രസ് ചെയ്യുന്ന ആദ്യത്തെ ഗാർഹികപ്രതിസന്ധി സിബ്ലിങ് റൈവൽറിയാണ്; cain complex എന്നുമതു വിളിക്കപ്പെടുന്നുണ്ട്. കുട്ടിക്കാലത്ത് പരിഭവങ്ങളും മത്സരങ്ങളുമൊക്കെ സഹജമാണ്. എന്നാൽ ആ കുട്ടിക്കാലത്തിൽത്തന്നെ നിന്ന് ഉറഞ്ഞുപോവുക എന്തൊരു തലവരയാണ്.

എന്തൊക്കെ ചാരുതകളാണ് ഉടപ്പിറന്നവർക്ക് കല്പിച്ചുകൊടുക്കുന്നത്. അഹറോന്റെ ശിരസിൽ നിന്ന് ഇറ്റുവീണ്, താടിരോമങ്ങളെ നനച്ച്, അങ്കിയിൽ വീണു ചിതറുന്ന അഭിഷേകതൈലം പോലെയെന്ന്. ആത്മപൂരിതം- the most anointed experience – എന്നു സാരം. അതിനേക്കാൾ സ്വർഗം സംപ്രീതമാകുന്ന മറ്റെന്തു കാഴ്ചയുണ്ടാവും? ഹെർമൻ മലമുകളിൽ നിന്നു പെയ്യുന്ന തുഷാരം പോലെ അഴകുള്ളതുപോലെയെന്ന് മറ്റൊന്ന്. പാലസ്തീന്റെ ഉത്തരഭാഗത്തുള്ള 9232 അടി ഉയരമുള്ള ശിഖയാണ് ഹെർമൻ. ജോർദാനിലെ നീർപ്രവാഹത്തെ ഗണ്യമായി സഹായിക്കുന്നത് ഉരുകിമാറുന്ന ഹെർമൻ മഞ്ഞാണ്. ജീവന്റെ സാധ്യതയായിട്ടാണ് ഒരു വരണ്ട ദേശത്ത് മഞ്ഞ് പരിഗണിക്കപ്പെടുക. ജൂൺ‌മഴയിലേക്ക് ജാലകത്തിലൂടെ ഉറ്റുനോക്കുന്ന നമുക്ക് ഊഹിക്കാവുന്നതേയുള്ളു ദൂരെ മലമുകളിൽ പെയ്യുന്ന മഞ്ഞിന്റെ അഴക്. ഹർഷം കൊണ്ട് മനസും മിഴിയും നിറയുന്ന കണിക്കാഴ്ചയാണത്. ചുരുക്കത്തിൽ, ഗാഢാലിംഗനത്തിലായിരിക്കുന്ന സഹോദരന്മാരേക്കാൾ അഴകും ആത്മാവുമുള്ള ധ്യാനക്കാഴ്ചകൾ അധികമൊന്നും ഈ ഗ്രഹത്തിനു മീതെയില്ല.

ആ കുട്ടികളെല്ലാം വലുതായി. വെറുതെ കിടക്കുമ്പോൾ അനുജൻ അടുത്തിരുന്ന് പാദമുഴിയുന്നു. ‘അച്ചായന്റെ കാൽച്ചുവടുകൾ ബോബീ നിനക്കാണു കിട്ടിയതെ’ന്നു പറയുന്നു.

ഞാൻ പുതപ്പുകൊണ്ട് മുഖം മൂടുന്നു. “പോ… ചുമ്മാ!”

-ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Categories: Pularvettom

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s